കുട്ടികളെ യോഗ ശീലിപ്പിച്ചാല്‍ ജീവിതശൈലീരോഗങ്ങൾ കുറയ്ക്കാം

ഇന്ന് അന്താരാഷ്ട്ര യോഗാദിനം. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴമയുണ്ട് യോഗയ്ക്ക്. ശാരീരിക-മാനസിക ആരോഗ്യം കൈവരിക്കാനുള്ള ആഗോള മാര്‍ഗമായി യോഗ പരിഗണിക്കപ്പെടുന്നു. യോഗ ശരീരത്തിന്റെ വഴക്കവും ശക്തിയും വര്‍ധിപ്പിക്കുന്നു. കൂടാതെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുകയും സന്തുലിതമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
കുട്ടികള്‍ക്കും യോഗ
ചെറുപ്പം മുതല്‍ കുട്ടികളെ യോഗ പരിശീലിപ്പിക്കുന്നത് അവരുടെ കായികക്ഷമത വര്‍ധിപ്പിക്കുന്നു. യോഗ ശീലമാക്കിയ കുട്ടികളില്‍ ജീവിതശൈലീരോഗങ്ങൾ വരാനുള്ള സാധ്യത കുറവാണ്. മെയ്‌വഴക്കം കുട്ടികളില്‍ കൂടുതലായതു കൊണ്ടുതന്നെ എല്ലാ യോഗാസനങ്ങളും അനായാസം അവര്‍ക്കു ചെയ്യാന്‍ സാധിക്കും.
എന്നിരുന്നാലും ചില യോഗാസനങ്ങള്‍ അവര്‍ ചെയ്യുമ്പോള്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. ഹൃദ്രോഗം ഉള്ള കുട്ടികള്‍ ഒരു കാരണവശാലും കുനിഞ്ഞു കൊണ്ടുള്ള യോഗാസനങ്ങള്‍ ചെയ്യരുത്. നട്ടെല്ലിന് പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ധനുരാസനം, സേതുബന്ധാസനം, സര്‍വാംഗാസനം തുടങ്ങിയവ ചെയ്യാന്‍ പാടുള്ളതല്ല.
അധോമുഖ ശ്വാനാസനം, മാര്‍ജാരി ആസനം, വൃക്ഷാസനം, പാവനമുക്താസനം, അര്‍ദ്ധചക്രാസനം, ത്രികോണാസനം, പാദഹസ്താസനം തുടങ്ങിയവ കുട്ടികളില്‍ ശരീരശക്തി വര്‍ധിപ്പിക്കാന്‍ ഉതകുന്നവയാണ്.
ശ്വാസം പിടിച്ചുനിര്‍ത്തുന്ന പ്രാണായാമങ്ങള്‍ സാമാന്യേന കുട്ടികള്‍ ചെയ്യുന്നത് നല്ലതല്ല. അതിനു പകരമായി ശ്വസനവ്യായാമങ്ങളോ, അവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കളികളോ ചെയ്യിപ്പിക്കാം. ആഴത്തിലുള്ള ധ്യാനം എല്ലാ കുട്ടികള്‍ക്കും ചെയ്യാന്‍ സാധിച്ചെന്നു വരില്ല, അതിനാല്‍ അല്പദൈര്‍ഘ്യം ഉള്ള ലഘു ധ്യാനമുറകള്‍ അവരെ പരിശീലിപ്പിക്കുക. അവര്‍ വളരുംതോറും ധ്യാനത്തിന്റെ ദൈര്‍ഘ്യം കൂട്ടാം.
യോഗയുടെ ഗുണങ്ങള്‍
- യോഗ പരിശീലിക്കുന്നവര്‍ ശരിയായ ഭക്ഷണ ക്രമം ശീലിക്കാനും നിര്‍ബന്ധിതരാവും. യോഗാസനങ്ങള്‍ അഭ്യസിക്കുന്നതിലൂടെ ശരീരത്തിന് വ്യായാമത്തിന്റേതായ ഗുണങ്ങളും ലഭിക്കുന്നു. പ്രാണായാമം പോലുള്ള ശ്വാസനിയന്ത്രണങ്ങളിലൂടെ ആന്തരിക ഊര്‍ജം ബലപ്പെടുന്നു. ജ്ഞാന യോഗ, കര്‍മ്മ യോഗ എന്നിവ ആരോഗ്യപരമായ ചിന്താഗതി വളര്‍ത്താന്‍ സഹായിക്കും.
- പ്രമേഹരോഗികള്‍ക്ക്, യോഗാഭ്യാസത്തിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു. കൂടാതെ ഇന്‍സുലിന്‍ ഉത്പാദനത്തെ കൂട്ടുകയും, ഇന്‍സുലിന്‍ പ്രതിരോധത്തെ കുറയ്ക്കുകയും ചെയ്യുന്നതായി പഠനങ്ങളുണ്ട്. വയറ്റിലെ കൊഴുപ്പു കുറയ്ക്കാനും യോഗ സഹായിക്കും.
- യോഗ വഴി ലഭിക്കുന്ന സ്വാസ്ഥ്യം രക്തസമ്മര്‍ദം കുറയ്ക്കുന്നു. ഇതിലൂടെ ഹൃദയ പേശികള്‍ക്കും ധമനികള്‍ക്കും സ്ഥൈര്യം നല്‍കുന്നു. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും, രക്തക്കുഴലുകളില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയാനും യോഗശീലമാക്കുന്നത് നല്ലതാണെന്ന് കരുതപ്പെടുന്നു..
- യോഗാഭ്യാസം, പ്രാണായാമം, ധ്യാനം ഇവ ഒന്നിച്ച് പരിശീലിക്കുന്നത് ഹോര്‍മോണ്‍ വ്യതിയാനങ്ങളെയും ശരീരത്തിലെ ഉപാപചയ പ്രക്രിയകളെയും സ്വാധീനിക്കും. ഇതിലൂടെ ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാനും ആകാര വടിവ് നിലനിര്‍ത്താനും സാധിക്കും.
- നിരന്തര യോഗാപരിശീലനം കൊണ്ട് മാംസപേശികള്‍ക്ക് വ്യായാമത്തിന്റെ തുല്യഫലങ്ങളായ ദാര്‍ഢ്യം, സ്ഥൈര്യം, ക്ഷമത എന്നിവ ലഭിക്കുന്നു. യോഗ പരിശീലനം ശരീരത്തിലെ പ്രതിരോധശക്തി വര്‍ധിപ്പിച്ച് സ്‌ട്രെസ് മെക്കാനിസത്തില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതായി നിരീക്ഷണങ്ങളുണ്ട്.
- യോഗാഭ്യാസം ഉറക്കം മെച്ചപ്പെടുത്തുന്നതായി പല പഠനങ്ങളും സാക്ഷ്യപെടുത്തുന്നു. സുദീര്‍ഘമായ നല്ല ഉറക്കം, ശരീരത്തിന്റെ സന്തുലനം എന്നിവ യെ സ്വാധീനിക്കുകയും കോശങ്ങളുടെ കേടുപാടുകള്‍ തടയുകയും ചെയ്യുന്നു.
- കാന്‍സര്‍ രോഗികളില്‍, കോര്‍ട്ടിസോളിന്റെ അളവ് കുറച്ച്, പ്രതിരോധശേഷി കൂട്ടി, തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തി ശരീരത്തിന് സംരക്ഷണം നല്‍കാനും യോഗ ഫലപ്രദമാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover the amazing health benefits of yoga for children and adults. Learn about yoga poses, breathing exercises, and meditation techniques.