കാരണമില്ലാതെ അതിശക്തമായ തലവേദനയുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

പ്രതീകാത്മകചിത്രം | AI
പ്രതീകാത്മകചിത്രം | AI

സ്ട്രോക്ക് എന്ന് കേൾക്കുമ്പോൾ തന്നെ പലരുടെയും മനസ്സിൽ ഭയമാണ്. ജീവിതം പെട്ടെന്ന് മാറ്റിമറിക്കാവുന്ന ഈ അവസ്ഥയെക്കുറിച്ച് ഭയപ്പെടുന്നതിനൊപ്പം, അതിന്റെ ലക്ഷണങ്ങളെക്കുറിച്ചും സമയബന്ധിത ചികിത്സയുടെ പ്രാധാന്യത്തെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടതുണ്ട്. മസ്തിഷ്‌കത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയോ മസ്തിഷ്‌കത്തിലെ രക്തക്കുഴൽ പൊട്ടുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന ഗുരുതരമായ ആരോഗ്യാവസ്ഥയാണ് സ്‌ട്രോക്ക് അഥവാ മസ്തിഷ്‌കാഘാതം. കൃത്യസമയത്ത് ചികിത്സ ലഭിച്ചാൽ ജീവൻ രക്ഷിക്കാനും സ്ഥിരമായ വൈകല്യങ്ങൾ കുറയ്ക്കാനും സാധിക്കും. 

സ്‌ട്രോക്കിന്റെ പ്രധാന ലക്ഷണങ്ങൾ

  • മുഖത്തിന്റെ ഒരു വശം കോടിപ്പോകുക.
  • കൈകാലുകളിൽ പെട്ടെന്നുള്ള ബലക്കുറവോ മരവിപ്പോ അനുഭവപ്പെടുക.
  • സംസാരിക്കാൻ ബുദ്ധിമുട്ട് അല്ലെങ്കിൽ അവ്യക്തമായ സംസാരം.
  • പെട്ടെന്ന് കാഴ്ച മങ്ങുകയോ നഷ്ടപ്പെടുകയോ ചെയ്യുക.
  • തലകറക്കം, നടക്കാനുള്ള ബുദ്ധിമുട്ട്, ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടൽ.
  • വ്യക്തമായ കാരണമില്ലാതെ പെട്ടെന്നുള്ള അതിശക്തമായ തലവേദന.

BE FAST - സ്‌ട്രോക്ക് തിരിച്ചറിയാം

  • Balance: ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുക.
  • Eyes: കാഴ്ചയിൽ പെട്ടെന്നുള്ള മാറ്റങ്ങൾ.
  • Face: മുഖം ഒരു വശത്തേക്ക് കോടുക.
  • Arms: കൈകൾക്ക് ബലക്കുറവ് അനുഭവപ്പെടുക.
  • Speech: സംസാരത്തിന് തടസ്സം നേരിടുക.
  • Time: ഉടൻ അടിയന്തര ചികിത്സ തേടുക.

സ്‌ട്രോക്ക് വന്നാൽ എന്തുചെയ്യണം?

  • ഉടൻ ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിക്കുക.
  • ലക്ഷണങ്ങൾ ആരംഭിച്ച സമയം രേഖപ്പെടുത്തുക.
  • ലക്ഷണങ്ങൾ മാറുമെന്ന് കരുതി കാത്തിരിക്കരുത്.
  • ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നുകളോ ഭക്ഷണമോ വെള്ളമോ നൽകരുത്.

ഓർക്കുക: സ്‌ട്രോക്കിന്റെ ചില ചികിത്സകൾക്ക് സമയപരിധിയുണ്ട്. അതിനാൽ ഓരോ മിനിറ്റും വിലപ്പെട്ടതാണ്. 

സ്‌ട്രോക്ക് തടയാൻ ശ്രദ്ധിക്കാം
രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കുക.
പുകവലിയും പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗവും ഒഴിവാക്കുക.
ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പിന്തുടരുക.
പതിവായി വ്യായാമം ചെയ്യുക.
ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക.
ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ കൃത്യമായി കഴിക്കുക.

സ്‌ട്രോക്കിനുശേഷവും പ്രതീക്ഷയുണ്ട്
സ്‌ട്രോക്കിനുശേഷം ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, മറ്റ് പുനരധിവാസ ചികിത്സകൾ എന്നിവ രോഗിയുടെ അവസ്ഥയനുസരിച്ച് വീണ്ടെടുപ്പിന് സഹായിക്കും. അതുകൊണ്ടുതന്നെ സമയം കളയാതെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് വേഗം ചികിത്സ ലഭ്യമാക്കുകയാണ് വേണ്ടത്. സമയബന്ധിത ചികിത്സയാണ് സ്‌ട്രോക്കിനെ അതിജീവിക്കാനുള്ള ആദ്യപടി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi