പേടിക്കേണ്ട; ഈ പരിശോധന ഇനി വേദനിപ്പിക്കുന്ന അനുഭവമാവില്ല

വജൈനല്‍ സ്‌പെക്യുലം (നിലവിലുള്ളതും പുതുതായി നിര്‍മിച്ച ലിലിയവും)/ Photo: AFP
വജൈനല്‍ സ്‌പെക്യുലം (നിലവിലുള്ളതും പുതുതായി നിര്‍മിച്ച ലിലിയവും)/ Photo: AFP

ശുപത്രിയില്‍ ഗൈനക്കോളജി വിഭാഗത്തിലേക്ക് പരിശോധനകള്‍ക്കായി പോകുന്ന സ്ത്രീകളുടെ മനസ്സില്‍ പേടി നിറക്കുന്ന ഒരനുഭവമുണ്ട്. തണുത്ത, ലോഹം കൊണ്ടുള്ള വേദനിപ്പിക്കുന്ന ഒന്നിന്റെ ഓര്‍മ. ഗൈനക്കോളജി പരിശോധനകളില്‍ ഒഴിവാക്കാനാവാത്ത ഒരു ഉപകരണം. പെല്‍വിക് എക്‌സാമിനേഷന്‍, പാപ് സ്മിയര്‍ ടെസ്റ്റ് തുടങ്ങിയ വജൈന, സെര്‍വിക്‌സ് എന്നീ ഭാഗങ്ങളിലെ പരിശോധനകള്‍ക്കായി ഉപയോഗിക്കുന്ന ഉപകരണമാണ് വജൈനല്‍ സ്‌പെക്യുലം. എന്നാല്‍ പലര്‍ക്കുമത് പേടിപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതുമായ അനുഭവമാണ്. ഇനി ആ പരിശോധനകള്‍ അങ്ങനെയാവില്ലെന്നാണ് പുതിയ കണ്ടെത്തല്‍ തരുന്ന പ്രതീക്ഷ. നെതര്‍ലാന്‍ഡിലെ ഡെല്‍ഫ്റ്റ് (Delft University of Technology) യൂണിവേഴ്‌സിറ്റിയിലെ രണ്ട് എഞ്ചിനീയര്‍മാര്‍ പഴയ സ്‌പെക്യുലത്തിന്റെ രൂപത്തെയാകെ മാറ്റിമറിച്ചു കഴിഞ്ഞു. തമാരാ ഹോവെലിങ്, അരിയാന്‍ഡ ഇസ്‌ക്കാരാ ഗൗള്‍ എന്നിവർ ലോകമെങ്ങുമുള്ള വനിതകള്‍ക്ക് ആശ്വാസമാകുകയാണ്.

‘180 വര്‍ഷമായി നിലവിലുള്ള സ്‌പെക്യുലത്തിന്റെ പഴയ മോഡലിനോടാണ് വൈദ്യശസ്ത്രരംഗം വിടപറയാന്‍ ഒരുങ്ങുന്നത്. ' അസ്വസ്ഥതയും വേദനയുമുണ്ടാക്കുന്ന പഴയ സ്‌പെക്യുലത്തിന് പകരം അവ കുറയ്ക്കുന്ന മോഡല്‍ രൂപപ്പെടുത്താനാണ് ഞങ്ങള്‍ ശ്രമിച്ചത്. ഇപ്പോഴുള്ള വജൈനല്‍ സ്‌പെക്യുലത്തിന് എന്താണ് ഇത്രയും കാലമായി ഒരുമാറ്റവും വരാതിരുന്നതെന്ന് ഞങ്ങള്‍ അത്ഭുതപ്പെട്ടിട്ടുണ്ട്.'

1845-ല്‍ അമേരിക്കന്‍ ഡോക്ടറായ ജെയിംസ് മാരിസണ്‍ സിംസാണ് വജൈനല്‍ സ്‌പെക്യുലം എന്ന ഉപകരണം കണ്ടത്തിയത്. അയാള്‍ അത് ആദ്യമായി പരീക്ഷിച്ചത് ഒരു അടിമയായ സ്ത്രീയിലാണ്, അവരുടെ അനുവാദമില്ലാതെ, വേണ്ടത്ര സുരക്ഷയോ എന്തിനേറെ അനസ്‌തേഷ്യ പോലും നല്‍കാതെയായിരുന്നു ആ പരിശോധന. അന്നു കണ്ടെത്തിയ ഉപകരണത്തിന്റെ രൂപത്തിലോ ഉപയോഗരീതിയിലോ ഇന്നും മാറ്റമൊന്നുമില്ല. സ്ത്രീകള്‍ക്കുവേണ്ടി നിരവധിമാറ്റങ്ങള്‍ ലോകത്തിലുണ്ടാകുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു പരിശോധനയുടെ ഭാഗമായ ഉപകരണത്തിനും മാറ്റം വരേണ്ടതില്ലേ? ഈ ചിന്തയില്‍ നിന്നാണ് ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തരബിരുദം ചെയ്യുന്ന ഈ യുവഗവേഷകര്‍ തങ്ങളുടെ കണ്ടെത്തലിലേക്ക് എത്തിയത്.

തമാരാ ഹോവെലിങ്, അരിയാന്‍ഡ ഇസ്‌ക്കാരാ ഗൗള്‍ എന്നിവര്‍

നിരവധി സ്ത്രീകളോട് സംസാരിച്ച്, അവരുടെ അഭിപ്രായങ്ങളും പ്രശ്‌നങ്ങളുമറിഞ്ഞ ശേഷമാണ് പുതിയ മോഡല്‍ ഇവര്‍ വികസിപ്പിച്ചെടുത്തത്. ക്യുസ്‌കോ സ്‌പെക്യുലം ആണ് ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നത്. ഒരു മെറ്റല്‍ ഉപകരണം.ഇതിന്റെ മുന്‍ഭാഗം പക്ഷികളുടെ കൊക്ക് പോലെ, അവയുടെ വിടവ് ആവശ്യാനുസരണം ക്രമീകരിക്കാനുള്ള സ്‌ക്രൂവും ഇതിനുള്ളിലുണ്ടാവും. പലപ്പോഴും തുടയിലെയും ഇടുപ്പിലെയും യോനീഭാഗത്തെയും മസിലുകള്‍ റിലാക്‌സ് ചെയ്യാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടാലും ടെന്‍ഷന്‍മൂലം പലര്‍ക്കും അതിന് കഴിയില്ല. അതോടെ സ്‌പെക്യുലം കടത്തിയുള്ള പരിശോധന വേദനാജനകമാവുകയും ചെയ്യും. പുതിയ സ്‌പെക്യുലം ഇത്തരം ബുദ്ധിമുട്ടുകളെയെല്ലാം ഒഴിവാക്കുന്നതാണ്.

ലില്ലിപ്പൂവില്‍ നിന്ന് കടമെടുത്ത് ലിലിയം എന്ന പേരാണ് പുതിയ ഉപകരണത്തിന് ഇവര്‍ നല്‍കിയിരിക്കുന്നത്. ടാംപൂണിന്റെ രൂപത്തിലുള്ള ഈ ഉപകരണം സോഫ്റ്റ് പ്ലാസ്റ്റിക്കും ആപ്ലിക്കേറ്ററുമുപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. മൂന്നുവശങ്ങളും തുറന്നുവരുന്ന രീതിയിലായതിനാല്‍ യോനീ ഭിത്തികളെ വേദനയോ അസ്വസ്ഥതയോ ഇല്ലാതെ തുറക്കാനും ഡോക്ടര്‍ക്ക് കൃത്യമായ പരിശോധന നടത്താനും കഴിയും. സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം ഇതുപയോഗിച്ച് മനുഷ്യരിലുള്ള പരീക്ഷണങ്ങള്‍ ഇനി ആരംഭിക്കാന്‍ പോകുന്നതേയുള്ളൂ. അതുകൂടി വിജയിച്ചാല്‍ സ്ത്രീകള്‍ക്ക് ഒരു പേടിസ്വപ്നത്തെ മറികടക്കാം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: A new speculum design promises to make pelvic exams less painful and uncomfortable