ചെയ്യാനുള്ള കാര്യങ്ങളെ നാളത്തേക്ക് നീട്ടിവെക്കുന്നത് ഭാരം ചുമക്കാനാണെന്നോര്‍ക്കുക

മടി മാറ്റാനുള്ള വഴികള്‍
മടി മാറ്റാനുള്ള വഴികള്‍

ഓ നാളെയാവട്ടെ... എന്തു കാര്യം ചെയ്യാന്‍ തുടങ്ങുമ്പോഴും മനസ്സിലേക്ക് മടി ഓടി വന്ന് ഇങ്ങനെ പറയിപ്പിക്കും. ഭാഗ്യക്കുറി വില്‍പ്പനക്കാരുടെ പരസ്യവാചകം പോലെ നാളെയാണ് നാളെയാണ് എന്നും പറഞ്ഞ് ചെയ്യാനുള്ള കാര്യങ്ങളെ നാളത്തേക്ക് നീട്ടിവെക്കുന്നത് ഭാരം ചുമക്കാനാണെന്നോര്‍ക്കുക. മല ചുമക്കുന്ന മടിയന്മാരായി സ്വയം മാറേണ്ടതില്ലെങ്കില്‍ ചെയ്യാനുള്ള കാര്യങ്ങള്‍ അപ്പപ്പോള്‍ത്തന്നെ ചെയ്തുതീര്‍ക്കുന്നതാണ് നല്ലത്. പറയാനെളുപ്പമാണെങ്കിലും മടിയെ മാറ്റിയെടുക്കുക അത്ര എളുപ്പമല്ല. ഉറക്കവും ക്ഷീണവും റീല്‍സും സോഷ്യല്‍മീഡിയയും എല്ലാം ഊര്‍ജം ഊറ്റിയെടുത്ത് ഒരു മൂലയില്‍ തളച്ചിടും. അവിടെനിന്ന് ചാടിയെഴുന്നേറ്റ് ഊര്‍ജസ്വലരാകാന്‍ മനസ്സിനെ സജ്ജമാക്കേണ്ടതുണ്ട്. എന്തും പിന്നത്തേക്ക് മാറ്റിവെക്കല്‍, മടിയുടെ പരമപ്രധാനമായ ലക്ഷണമാണെന്ന് ഓര്‍ത്ത് സടകുടഞ്ഞ് എഴുന്നേറ്റോളൂ. ജീവിതത്തില്‍ വിജയിച്ചവരൊക്കെയും മടിയെ മറികടന്നവരാണ്. മടി ഒഴിവാക്കി മിടുക്കരാകാന്‍ ചില വഴികള്‍ ഇതാ...

  • ചെയ്യേണ്ട കാര്യങ്ങള്‍ പ്രാധാന്യം അനുസരിച്ച് കുറിച്ചുവെക്കുക. ചെയ്തു തീര്‍ക്കുന്ന മുറയ്ക്ക് ഓരോന്നോയി വെട്ടാം.
  • സമയം സെറ്റ് ചെയ്ത് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ശ്രമിക്കുക. ഇന്ന കാര്യം ഞാന്‍ ഇത്ര സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് തീരുമാനമെടുത്ത് ടൈമര്‍ സെറ്റ് ചെയ്ത് പണി തുടങ്ങിക്കോളൂ.
  • ഒരുപാട് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുള്ളപ്പോള്‍ തീര്‍ച്ചയായും ആശയക്കുഴപ്പം ഉണ്ടായേക്കാം. അങ്ങനെയുള്ളപ്പോള്‍ പല ഘട്ടങ്ങളായി അവ ചെയ്തുതീര്‍ക്കുക.
  • പതിവായി ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി മുറിയില്‍ ഒട്ടിക്കുക. ഇതിനൊരു ടൈംടേബിളും തയ്യാറാക്കിക്കോളൂ.
  • എഴുതാനിരിക്കുമ്പോഴോ എന്തെങ്കിലും കാര്യം ചെയ്യാന്‍ തുടങ്ങുമ്പോഴോ മൊബൈല്‍ഫോണ്‍ അരികില്‍ നിന്ന് മാറ്റിവെക്കുക. ഫോണ്‍ ഉപയോഗിക്കാനുള്ള പ്രവണത മടിയിലേക്ക് നയിക്കും.
  • മാറ്റിവെക്കാതെ കാര്യങ്ങള്‍ ചെയ്തുതീര്‍ത്താല്‍ സ്വയം അഭിനന്ദിക്കാനും മറക്കരുത്.
  • ഏകാഗ്രതയോടെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ ബഹളങ്ങളില്ലാത്ത ഇടം തിരഞ്ഞെടുക്കുക.
  • മടി വല്ലാതെ അലട്ടുമ്പോള്‍ നല്ല പാട്ട് കേള്‍ക്കുന്നതും പുറത്തിറങ്ങി നടക്കുന്നതും പൂന്തോട്ടത്തിലും മറ്റും അല്പസമയം ചിലവഴിക്കുന്നതും ഗുണം ചെയ്യും.
  • ഇത്ര സമയത്തിനുള്ളില്‍ ചെയ്തു തീര്‍ത്താല്‍ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാമെന്നും പുതിയ വസ്ത്രം  വാങ്ങാമെന്നുമൊക്കെ സ്വയം വാഗ്ദാനം നല്‍കിക്കോളൂ.
  • മടി പിടിമുറുക്കുമ്പോള്‍ സ്വയം ഊര്‍ജം പകരാന്‍ മറക്കരുത്. അസാധ്യമായി ഒന്നുമില്ലെന്ന് ഇടയ്ക്കിടെ ഓര്‍മപ്പെടുത്താം.
  • അലസത ഉണ്ടെന്നതിന്റെ പേരില്‍ ഒരിക്കലും സ്വയം കുറ്റപ്പെടുത്താതിരിക്കുക.
  • എന്തും പൂര്‍ണതയോടെ ചെയ്തുതീര്‍ക്കണമെന്ന പിടിവാശിയേക്കാള്‍ നല്ലതാണ് സമയത്ത് തീര്‍ക്കും എന്ന തീരുമാനം.


 

Content Highlights: tips to avoid procrastination