ടാറ്റൂവും പിയേഴ്‌സിങ്ങും ചെയ്യുന്നവരാണോ? കരള്‍ പണിമുടക്കാതെ സൂക്ഷിച്ചോ...

ടാറ്റൂ അടിക്കലും ബോഡി പിയേഴ്‌സിങ്ങുമെല്ലാം ഇന്ന് സര്‍വസാധാരണമാണ്. ആളുകള്‍ അവരുടെ ശരീരത്തെയും സ്വത്വത്തെയും കുറിച്ച് കൂടുതല്‍ ബോധവാന്മാരാകുന്ന ഇക്കാലത്ത് ടാറ്റൂകളും പിയേഴ്സിങും വ്യക്തിത്വത്തിന്റെയും അലങ്കാരത്തിന്റെയും പ്രതീകങ്ങളാണ്. എന്നാല്‍ ഇത് നമ്മുടെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നുവെന്ന് ആരും ചിന്തിക്കുന്നില്ല. അശ്രദ്ധമായ രീതിയില്‍ ചെയ്യുന്ന ടാറ്റൂകളും പിയേഴ്സിങ്ങുകളും മൂലം നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
റോഡിനരികിലും മറ്റുമുള്ള വൃത്തിഹീനമായ അന്തരീക്ഷത്തില്‍ നിന്നും ടാറ്റൂചെയ്യുന്ന നിരവധിപ്പേരുണ്ട്. ഇത്തരക്കാരില്‍ അണുബാധകളും മറ്റ് കരള്‍രോഗങ്ങളും പെട്ടെന്ന് തന്നെ പിടിപെടാം. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് , ടാറ്റൂ ചെയ്യുന്നതിലൂടെ എച്ച് സി വി അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് പറയുന്നു.
അണുബാധ മൂലം കരളിന് വീക്കം സംഭവിക്കുന്ന അവസ്ഥയാണ് ഹെപ്പറ്റൈറ്റിസ്. ടാറ്റൂ ചെയ്യുന്ന സമയത്ത് ചെറിയ സൂചി പലപ്രാവശ്യം ചര്‍മ്മത്തില്‍ തുളച്ചുകയറുന്നു. ഇത് ഹെപ്പറ്റൈറ്റിസ് എ മുതല്‍ ഇ വരെ വരാനുള്ള സാധ്യത വര്‍ധിപ്പിക്കും. ഇതില്‍, ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ കൂടുതല്‍ അപകടകരമാണ്. എച്ച്.ഐ.വി പോലുള്ള മാരകമായ അണുബാധകള്‍ പോലും ഇതില്‍ നിന്ന് പിടിപെടാമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.
ഇവിടെ പ്രധാന അപകടസാധ്യത സൂചികളാണ്. ഹെപ്പറ്റൈറ്റിസ് വൈറസുകള്‍ രക്തത്തിലൂടെ പകരുന്നവയാണ്. അണുവിമുക്തമാക്കാത്ത സൂചികളും ഗ്ലൗസുകള്‍ ധരിക്കാതെയും ഒന്നിലധികം ഉപയോക്താക്കളുമായി ഒരേ മഷി പങ്കിട്ടാലും, ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് അണുബാധ പകരാന്‍ സാധ്യതയുണ്ട്.
ജേണല്‍ ഓഫ് ഇന്‍ഫെക്ഷന്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനം പറയുന്നത്, ഇരുപതാം നൂറ്റാണ്ടില്‍ ടാറ്റൂകള്‍ വഴി പകരുന്ന അണുബാധ ഹെപ്പറ്റൈറ്റിസ് ആണെന്നാണ്. മിക്ക റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അണുബാധ കേസുകളിലും, നിയന്ത്രണമില്ലാതെ ഒന്നിലധികം ഉപഭോക്താക്കളില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റ് ഒരേ സൂചി ഉപയോഗിച്ചു. ഹെപ്പറ്റൈറ്റിസ് ബി വൈറസ് ബാധിച്ച മുതിര്‍ന്നവരില്‍ അഞ്ച് ശതമാനവും ഹെപ്പറ്റൈറ്റിസ് സി വൈറസ് ബാധിച്ചവരില്‍ എൺപത് ശതമാനവും രോഗം ഒരിക്കലും പൂർണമായും വിട്ടുമാറാത്തവരാണ്. അവരില്‍ 205 പേര്‍ കരള്‍രോഗം മൂലം മരണപ്പെട്ടു. കൂടാതെ ഹെപ്പറ്റൈറ്റിസ് സി രോഗബാധിതരായ ആളുകള്‍ കുറച്ച് സമയത്തേക്ക് രോഗത്തിന്റേതായ യാതൊരു ലക്ഷണവും കാണിക്കുന്നില്ല എന്നതാണ്.
മുന്‍കരുതലുകള്‍
- സര്‍ട്ടിഫൈഡ് സ്റ്റുഡിയോകളില്‍ നിന്ന് മാത്രം ടാറ്റൂവും പിയേഴ്സിങ്ങും ചെയ്യുക.
- കരള്‍ പ്രശ്‌നങ്ങളും രോഗപ്രതിരോധശേഷി കുറവുള്ളവരും ടാറ്റൂ ചെയ്യുന്നതിന് മുമ്പ് ഹെപ്പറ്റോളജിസ്റ്റുകളെ സമീപിക്കണം.
- ടാറ്റൂ ചെയ്യുമ്പോള്‍ സൂചികള്‍ വൃത്തിയുള്ളതാണെന്നും ടാറ്റൂ ചെയ്ത് കഴിയുന്നതുവരെ ടാറ്റൂ ആര്‍ട്ടിസ്റ്റ് കൈയുറകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഉറപ്പാക്കുക.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Tattoos and piercings can pose hepatitis risks