ഷിഗെല്ല അണുബാധയുടെ കാരണങ്ങളും തടയാനുള്ള വഴികളും

സുഖജീവനം
സുഖജീവനം

മഴക്കാലം പതുക്കെ നമ്മളെ നനച്ചു തുടങ്ങിയിട്ടുണ്ട്; ഒപ്പം മഴക്കാല പകർച്ചവ്യാധികളും. മുൻവർഷങ്ങളെ അപേക്ഷിച്ച് പകർച്ചവ്യാധികളും അവയുടെ വ്യാപനവും ഉയർന്ന തോതിലാണ്. നമ്മൾ കുടിക്കുന്ന വെള്ളം മുതൽ ശ്വസിക്കുന്ന വായു വരെ മഴക്കാലത്ത് പകർച്ചവ്യാധികൾക്ക് കാരണമാകുന്നുണ്ട്.
വെസ്റ്റ് നൈൽ പനി (West Nile Fever), ഡെങ്കിപ്പനി, ഷിഗെല്ല, നിപ, വൈറൽ പനി തുടങ്ങി പകർച്ചവ്യാധികളുടെ ഒരു കൂട്ടം തന്നെയുണ്ട്. അതിൽ തന്നെ ഷിഗെല്ലയുടെ വ്യാപനം എടുത്തുപറയേണ്ടതാണ്.
എന്താണ് ഷിഗെല്ല?
ഷിഗെല്ല ബാക്ടീരിയ ഉണ്ടാക്കുന്ന, കുടലിലെ ഗുരുതരമായ അണുബാധയാണ് ഷിഗെല്ലോസിസ്. അതിശക്തമായ വയറിളക്കം, പനി, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. വെള്ളംപോലെ മലം പോകുന്ന അവസ്ഥയും മലത്തോടൊപ്പം രക്തം കലർന്നു പോകുന്ന അവസ്ഥയുമുണ്ടാകാം.
1897-ൽ ജപ്പാനിലെ ഗുരുതരമായ ഡിസന്ററി പകർച്ചവ്യാധിയെക്കുറിച്ച് അന്വേഷിക്കുന്നതിനിടയിൽ ജാപ്പനീസ് ബാക്ടീരിയോളജിസ്റ്റ് കിയോഷി ഷിഗയാണ് ഈ ബാക്ടീരിയയെ ആദ്യമായി കണ്ടെത്തിയത്. അതിനാലാണ് ഇതിന് 'ഷിഗെല്ല ഡിസന്റീരിയ' എന്ന പേര് വന്നത്.
അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും ഇതിന്റെ അപകടസാധ്യത കൂടുതലാണ്. ഭൂരിപക്ഷം കേസുകളിലും മരുന്നുകളും ഒ.ആർ.എസും (ORS) കൊണ്ട് ഇത് ചികിത്സിച്ചു മാറ്റാം.
പ്രധാന ലക്ഷണങ്ങൾ:
ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്കുശേഷമാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ഇത് ഒരാഴ്ചയോളം നീണ്ടുനിന്നേക്കാം. ചില ആളുകളിൽ ലക്ഷണങ്ങൾ പ്രകടമാകില്ലെങ്കിലും അവരുടെ മലത്തിലൂടെ അണുബാധ മറ്റുള്ളവരിലേക്ക് പകരാം.

  • കഠിനമായ വയറുവേദന അല്ലെങ്കിൽ മലബന്ധം.
  • അതിസാരം (Diarrhea) മലത്തിൽ രക്തത്തിന്റെ അംശം കാണുക.
  • വിറയലോടു കൂടിയ ഉയർന്ന പനി.
  • ഓക്കാനം, ഛർദ്ദി.
  • നിർജലീകരണം (Dehydration).

കാരണങ്ങൾ:

  • രോഗബാധിതനായ വ്യക്തിയുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നത് വഴി.
  • ഷിഗെല്ല ബാക്ടീരിയ ബാധിച്ചവർ വൃത്തിഹീനമായി തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുന്നതുവഴി.
  • മലവിസർജ്ജനത്തിന് ശേഷം കൈകൾ സോപ്പിട്ട് കഴുകാതിരിക്കുക, വൃത്തിഹീനമായ സാഹചര്യങ്ങളിൽ നിന്ന് വെള്ളം കുടിക്കുക, ഭക്ഷണം കഴിക്കുക തുടങ്ങിയ സ്വയം ശുചിത്വമില്ലായ്മ വഴി.

ചികിത്സ വൈകിയാൽ
കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ലാർജ് ഇന്റസ്‌റ്റൈനിൽ (വൻകുടൽ) വീക്കം, കഠിനമായ നിർജലീകരണം, ഹെമോലിറ്റിക് യുറീമിക് സിൻഡ്രോം, റിയാക്ടീവ് ആർത്രൈറ്റിസ് തുടങ്ങിയ സങ്കീർണ്ണതകൾ ഉണ്ടായേക്കാം. അതിനാൽ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക.
ഷിഗെല്ല എങ്ങനെ തടയാം

  • പതിവായി കൈകൾ സോപ്പിട്ട് കഴുകുക.
  • രോഗബാധിതനായ വ്യക്തിയിൽ നിന്ന് അകലം പാലിക്കുക.
  • തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
  • തെരുവ് ഭക്ഷണങ്ങളും തുറന്നുവെച്ച പാനീയങ്ങളും കഴിക്കുന്നത് ഒഴിവാക്കുക.

ആയുർവേദ പരിഹാരങ്ങൾ?
ആയുർവേദത്തിൽ വളരെ പണ്ടേ മഴക്കാല പരിചരണത്തെക്കുറിച്ചും (ഋതുചര്യ) 'മഴക്കാല ചര്യ'യെക്കുറിച്ചും പ്രതിപാദിച്ചിട്ടുണ്ട്. നമ്മുടെ പൂർവികർ രോഗപ്രതിരോധശേഷി കൂട്ടാനായി ശീലിച്ചുപോന്നതാണ് കർക്കിടക ചികിത്സകൾ.
മഴക്കാല ചര്യകൾ:
ദഹനത്തിന്:
മഴക്കാലം തുടങ്ങുമ്പോൾത്തന്നെ അഷ്ടചൂർണം, തൃകടു ചൂർണം, ഹിങ്കുവചാദി ചൂർണം എന്നിവയിലൊന്ന് ദിവസവും ഉച്ചഭക്ഷണത്തിന് ശേഷം ശീലമാക്കുക. ഇത് ദഹനം സുഗമമാക്കാനും ഗ്യാസ് ട്രബിൾ ഒഴിവാക്കാനും സഹായിക്കും.
പ്രതിരോധശേഷിക്ക്: ദശമൂലകഷായ ചൂർണം രണ്ടുനേരം വീതം കഷായം വെച്ച് കഴിക്കുന്നത് വൈറൽ പനികൾക്കെതിരെ പ്രതിരോധശേഷി കൂട്ടാനും കഫക്കെട്ട്, ചുമ, ജലദോഷം എന്നിവ അകറ്റാനും നല്ലതാണ്.
പരിസര ശുദ്ധിക്ക്: വീടിന്റെ ഉള്ളിലും പരിസരത്തും 'അപരാജിത ധൂമചൂർണം' പുകയ്ക്കുന്നത് രോഗകാരികളായ കൊതുകുകളെയും ജീവികളെയും അകറ്റാൻ സഹായിക്കും.
ത്വക്ക് രോഗങ്ങൾക്ക്: തുണികൾ ശരിയായി ഉണങ്ങാത്തത് മൂലം ഗുഹ്യഭാഗങ്ങളിൽ ഉണ്ടാകുന്ന ഫംഗൽ ഇൻഫെക്ഷൻ മാറാൻ 20 ഗ്രാം ത്രിഫല ചൂർണം വെള്ളത്തിൽ തിളപ്പിച്ചു അരിച്ചെടുത്ത് ആ ഭാഗം കഴുകുക. ഒപ്പം മരീചാദി ലേപം പോലുള്ള ഓയിന്റ്‌മെന്റുകൾ പുരട്ടാം. കുളിക്കുന്ന വെള്ളത്തിൽ തുളസി, പനികൂർക്ക, വേപ്പില എന്നിവ ഇടുന്നതും നല്ലതാണ്.
സൈനസൈറ്റിസിന്: മഞ്ഞൾപുക ശ്വസിക്കുന്നത് കഫം പുറത്തുകളയാനും തലവേദന കുറയ്ക്കാനും സഹായിക്കും. കുളി കഴിഞ്ഞ് നെറുകയിൽ രാസ്‌നാദി ചൂർണം തിരുമ്മുന്നത് ജലദോഷം ഒഴിവാക്കാൻ ഉത്തമമാണ്.
ഭക്ഷണക്രമം:
കുടിക്കാൻ ചുക്ക്, ജീരകം എന്നിവയിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിക്കുക. പരിപ്പ്, പയറുവർഗ്ഗങ്ങൾ തയ്യാറാക്കുമ്പോൾ വെളുത്തുള്ളി, കായം, ഇഞ്ചി എന്നിവ കൂടുതൽ ഉൾപ്പെടുത്തിയാൽ ഗ്യാസ് വരുന്നത് ഒഴിവാക്കാം.
വ്യായാമം:
മഴയത്ത് പുറത്തുപോകാൻ ബുദ്ധിമുട്ടാണെങ്കിലും വീടിനുള്ളിൽ യോഗ, പ്രാണായാമം, ലഘു വ്യായാമങ്ങൾ എന്നിവ ശീലമാക്കുന്നത് മെറ്റബോളിസം ഉയർത്താൻ സഹായിക്കും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Understanding Shigellosis: Symptoms and transmission risks., Critical hygiene practices to prevent bacterial infections., Ayurvedic approaches for digestive health and immunity., Managing monsoon-specific ailments like skin infections and respiratory issues., Actionable advice on water safety and dietary habits.