അല്‍ക്ക യാഗ്നിക്കിന് സംഭവിച്ചതുപോലെ പെട്ടെന്നൊരുനാള്‍ കേള്‍വി നഷ്ടപ്പെട്ടാല്‍...

വളരെ ടെന്‍ഷനോടുകൂടി എന്റെ ഒ.പി. റൂമിലേക്ക് വന്ന 28 വയസ്സുള്ള ഐ.ടി. പ്രൊഫഷണല്‍. രാവിലെ എണീക്കുമ്പോള്‍ കേള്‍വി തീരെയില്ല. കാരണമെന്തെന്നറിയാതെ വിഷമിച്ചിരിക്കുന്ന രോഗിയിലേക്ക് എന്റെ ശ്രദ്ധപോയി. പ്രാഥമിക പരിശോധനക്കുശേഷം കേള്‍വി പരിശോധിക്കാന്‍ (PTA) വിട്ടു. ഒരാഴ്ച മുന്‍പുകേട്ട വേറൊരു സംഭവമാണ് എനിക്ക് ഓര്‍മവന്നത്. നാലുപതിറ്റാണ്ടോളം ബോളിവുഡില്‍ 2,0000-ലേറെ ഗാനങ്ങള്‍ പാടി ആരാധകരെ ആവേശം കൊള്ളിച്ച പ്രമുഖ ഗായിക അല്‍ക്ക യാഗ്നിക്കിന് പെട്ടെന്ന് കേള്‍വി നഷ്ടപ്പെട്ടു എന്ന വാര്‍ത്ത. ഒരു വിമാനയാത്ര കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് തനിക്ക് കേള്‍വി നഷ്ടപ്പെട്ടതായി അല്‍ക്ക യാഗ്നിക്ക് അറിയുന്നത്. വിമാനയാത്രയില്‍ പ്രഷര്‍ വേരിയേഷന്‍ മൂലം ചെവി അടയുന്നത് സ്വാഭാവികമാണ്. പക്ഷേ പൂര്‍ണമായും കേള്‍വി നഷ്ടപ്പെടില്ല.
ഇങ്ങനെ പെട്ടെന്ന് കേള്‍വി നഷ്ടപ്പെടുന്നതാണ് സഡന്‍ സെന്‍സറി ന്യൂറല്‍ ഹിയറിങ് ലോസ് (SSNHL). നമ്മുടെ കേള്‍വിയെ സഹായിക്കുന്നത് ആന്തരിക കര്‍ണത്തില്‍ കോക്‌ളിയയിലുള്ള ഹെയര്‍ സെല്‍സ് ആണ്. ശബ്ദതരംഗങ്ങള്‍ ഹെയര്‍സെല്‍സ് വഴി കോക്‌ളിയയില്‍ നിന്ന് ഓഡിറ്ററി നെര്‍വിലേക്കും അതുവഴി തലച്ചോറിലേക്കും എത്തിച്ചാണ് നമുക്ക് കേള്‍വി ഉണ്ടാകുന്നത്. ഇതില്‍ ഏതെങ്കിലും ഭാഗത്ത് തകരാറ് സംഭവിച്ചാല്‍ കേള്‍വി നഷ്ടപ്പെടും.
പെട്ടെന്ന് കേള്‍വി നഷ്ടപ്പെട്ടാല്‍ കാരണം കണ്ടുപിടിക്കാന്‍ കേള്‍വി പരിശോധനയും, ഓഡിയോളജി പരിശോധനകളും, എം.ആര്‍.ഐ സ്‌കാനും, രക്തപരിശോധനകളും ചെയ്യേണ്ടതുണ്ട്. ബാക്കി എല്ലാ പരിശോധനകളും നോര്‍മല്‍ ആണ്, കേള്‍വിമാത്രം നഷ്ടപ്പെടുകയാണ് ചെയ്തതെങ്കില്‍ അത് സഡന്‍ സെന്‍സറി ന്യൂറല്‍ ഹിയറിങ് ലോസ് ആണ്.
പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നുംതന്നെ ഇല്ലാതെയാണ് 80% രോഗികളിലും പെട്ടെന്ന് കേള്‍വി നഷ്ടപ്പെടുന്നത്. ഒരു ചെറിയ ജലദോഷമോ തൊണ്ടവേദനയോ വന്നതിനുശേഷവും ഈ അസുഖം കാണാറുണ്ട്. പെട്ടെന്ന് വളരെ വലിയ ശബ്ദം കേള്‍ക്കുമ്പോഴും (ഉദാഹരണത്തിന് വെടിക്കെട്ട്) SSNHL കാണപ്പെടുന്നു. വലിയശബ്ദം, പുകവലി, മദ്യപാനം, പ്രമേഹം, ഓട്ടോ ഇമ്യൂണ്‍ രോഗങ്ങള്‍, കാന്‍സര്‍ ചികിത്സയ്ക്കുള്ള ചില മരുന്നുകള്‍, തലച്ചോറിലുള്ള ട്യൂമറുകള്‍, തലയോട്ടിക്കുള്ള ഫ്രാക്‌ചേഴ്‌സ് ഇവയെല്ലാം പെട്ടെന്നുള്ള കേള്‍വിക്കുറവിന് കാരണങ്ങളാണ്.
സഡന്‍ സെന്‍സറി ന്യൂറല്‍ ഹിയറിങ് ലോസ് രണ്ടുതരത്തിലുണ്ട്. പെട്ടെന്നുണ്ടാകുന്ന കേള്‍വിക്കുറവും പിന്നെ സാവധാനം മാസങ്ങളും വര്‍ഷങ്ങളും എടുത്ത് കേള്‍വി നഷ്ടപ്പെട്ട് വരുന്ന അവസ്ഥയും. രണ്ടാമത്തേത് പ്രായമായവരില്‍ കാണാറുണ്ട്.
പെട്ടെന്നുള്ള കേള്‍വിക്കുറവിന് ആദ്യത്തെ 48 മുതല്‍ 72 മണിക്കൂറിനുള്ളില്‍ ചികിത്സ എടുക്കേണ്ടത് നിര്‍ണായകമാണ്. വലിയ അളവില്‍ സ്റ്റിറോയ്ഡ് ഇന്‍ജെക്ഷനും തുടര്‍ന്ന് സ്റ്റീറോയ്ഡ് ഗുളികകളുമാണ് ഇപ്പോള്‍ അവലംബിക്കുന്ന ചികിത്സാരീതി. അതിന്റെ കൂടെ സപ്പോര്‍ട്ടീവ് ചികിത്സയും നല്‍കും. 80 മുതല്‍ 90 ശതമാനം വരെ ആളുകളിലും പൂര്‍ണമായും കേള്‍വി തിരിച്ചുകിട്ടാറുണ്ട്. 10 ശതമാനം പേരില്‍ ഭാഗികമായോ പൂര്‍ണമായോ കേള്‍വി നഷ്ടപ്പെട്ടും കാണാറുണ്ട്.
വളരെ ഉച്ചത്തിലുള്ള ശബ്ദം, അതായത് 80db-യില്‍ അധികമുള്ള ശബ്ദം തുടര്‍ച്ചയായി കേള്‍ക്കുന്നത് ആന്തരിക കര്‍ണത്തിലെ ഹെയര്‍സെല്ലുകളുടെ പ്രവര്‍ത്തനം നശിപ്പിക്കും. ഇത് കാരണമാണ്. ശബ്ദവീചികള്‍ 85db-യില്‍ തുടര്‍ച്ചയായി കേള്‍ക്കുന്ന ഗായകര്‍ക്കും, സ്റ്റേജ് ആര്‍ട്ടിസ്റ്റുകള്‍ക്കും റിസ്‌ക് കൂടുതലാണ്.
ഇതെങ്ങനെ തടയാം?
ഇത്തരത്തില്‍ ഉയര്‍ന്ന ശബ്ദവീചികള്‍ ചെവിയില്‍ എത്താതിരിക്കാന്‍ ഇയര്‍പ്ലഗുകള്‍ ഉപയോഗിക്കാം. അവരവരുടെ പെര്‍ഫോമന്‍സിന്റെ സമയത്തുമാത്രം സ്റ്റേജിലെത്താം. ബാക്കിസമയം അധികം ശബ്ദം കേള്‍ക്കാന്‍ സാധ്യതയില്ലാത്തത്ര ദൂരത്തില്‍ മാറിനില്‍ക്കാം. ഉയര്‍ന്ന ശബ്ദവീചികളില്‍ കൂടുതല്‍ സമയം ചിലവിടുന്നവര്‍ നിശ്ചിത ഇടവേളകളില്‍ കേള്‍വിപരിശോധന നടത്തുന്നത് നല്ലതാണ്.
ഇയര്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ 50 ശതമാനത്തില്‍ കൂടുതല്‍ ശബ്ദത്തിലും ഒരുപാടുനേരം തുടര്‍ച്ചയായും ഉപയോഗിക്കാതിരിക്കുക. ഇയര്‍ബഡിനേക്കാളും ഓവര്‍ ഹെഡ് ഫോണ്‍ ഉപയോഗിക്കുക. 60/60 rule പിന്തുടരാം. 60 ശതമാനത്തില്‍ താഴെ ശബ്ദത്തില്‍ 60 മിനിറ്റില്‍ കൂടുതല്‍ തുടര്‍ച്ചയായി ഹെഡ്‌ഫോണ്‍ ഉപയോഗിക്കാതിരിക്കുക.
ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ അധികസമയം ചിലവഴിക്കാതിരിക്കുക. ഉദാഹരണമായി ഉത്സവങ്ങളില്‍ ചെണ്ടമേളം, വലിയ വെടിക്കെട്ട് എന്നിവ നടക്കുമ്പോള്‍ അതിന്റെ അടുത്തുനില്‍ക്കാതെ അകലെനിന്നും ആസ്വദിക്കുക. ഒരുപാടുസമയം വലിയ ശബ്ദത്തില്‍ പാട്ടുകള്‍ കേള്‍ക്കാതിരിക്കുക.
ഫ്‌ളൈറ്റില്‍ യാത്രചെയ്യുമ്പോള്‍ വലിയ ശബ്ദം ഒഴിവാക്കാന്‍ ഇയര്‍പ്ലഗ് ഉപയോഗിക്കുക. പ്രായമാകുമ്പോള്‍ കാഴ്ചശക്തി കുറയുന്നതുപോലെ കേള്‍വിശക്തിയും കുറയും. ഈ അസുഖം തന്നെ കാരണം. വലിയ ശബ്ദം ഉപയോഗിക്കുന്നത് കുറയ്ക്കുന്നതിലൂടെയും ഞരമ്പുകളെ ഉത്തേജിപ്പിക്കുന്ന ചില വൈറ്റമിന്‍ ഗുളികകളുടെ ഉപയോഗത്തിലൂടെയും ഒരു പരിധിവരെ നമുക്കിത് പരിഹരിക്കാം. കേള്‍വിക്കുറവ് ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു ഇ.എന്‍.ടി. ഡോക്ടറുടെ അടുത്തെത്തി ഉടനെത്തന്നെ വേണ്ട പരിശോധനയും ചികിത്സയും നടത്തുക.
(കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ഇ.എന്‍.ടി വിഭാഗത്തില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റാണ് ലേഖിക)
Content Highlights: reasons behind sudden hearing loss