ഇതിഹാസ ചിത്രത്തിനായി, ശരീരത്തെ പാകപ്പെടുത്തി; ഫിറ്റ്‌നെസ്സ് രഹസ്യം പങ്കുവെച്ച് റാണ ദഗ്ഗുബട്ടി

ബാഹുബലിയെന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് റാണ ദഗ്ഗുബട്ടി.തെലുങ്കിലും തമിഴിലും ഹിന്ദിയിലുമായി സിനിമാ തിരക്കുകളിലുളള താരം, ഇന്ന് 41-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. അദ്ദേഹത്തിന്റെ ശരീരവും,ഫിറ്റ്‌നെസ്സും എന്നും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ബാഹുബലി എന്ന ഇതിഹാസ ചിത്രത്തിനായി തന്റെ ശരീരത്തെ പാകപ്പെടുത്തിയെടുത്ത, ഭക്ഷണക്രമവും കഠിനമായ പരിശീലന രീതികളും താരം, ജിക്യു ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. അത്തരമൊരു അതിശയിപ്പിക്കുന്ന മാറ്റം ശരീരത്തിന് ഉണ്ടാകാന്‍, ജീവിതശൈലിയും വ്യായാമവും ശ്രദ്ധിക്കുക എന്നത് മാത്രമാണ് വഴിയെന്ന് റാണ പറയുന്നു.
പല അഭിനേതാക്കളും കര്‍ശനമായ ഭക്ഷണക്രമം പാലിക്കുമ്പോള്‍, റാണാ ദഗ്ഗുബാട്ടി കൂടുതല്‍ സന്തുലിതവും അച്ചടക്കമുള്ളതുമായ സമീപനമാണ് എടുത്തത്. ഭക്ഷണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഹൈദരാബാദ് പോലുള്ള ഒരു നഗരത്തില്‍ ഭക്ഷണത്തോടുള്ള ഇഷ്ടം പൂര്‍ണ്ണമായും ഒഴിവാക്കുന്നത് കഷ്ടമാണ് എന്ന് അദ്ദേഹം സമ്മതിച്ചു. എന്നിരുന്നാലും, അദ്ദേഹം മധുരം കഴിക്കുന്നത് പൂര്‍ണ്ണമായി ഒഴിവാക്കിയിരുന്നു.
തന്റെ ഭക്ഷണക്രമത്തെയും ജീവിതശൈലിയെയും കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ: ''മടിപിടിച്ചിരിക്കാതെ ആ സോഫയില്‍ നിന്ന് എഴുന്നേല്‍ക്കുക. ആദ്യം വേണ്ടത് കൃത്യമായ ഒരു ജീവിതശൈലിയാണ്. ഞാന്‍ ഒരു നടനായതുകൊണ്ട് എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കണം. ചീറ്റ് ഫുഡ്? അതെന്താണ്? ഞാന്‍ കഴിക്കുന്നതെല്ലാം ഒരു തരത്തില്‍ ചീറ്റ് ഫുഡ് ആണ്. ഹൈദരാബാദ് പോലുള്ള ഒരു നഗരത്തില്‍ ജീവിച്ചുകൊണ്ട് ഭക്ഷണം ആസ്വദിക്കാതിരിക്കുന്നത് എങ്ങനെയാണ്. പക്ഷേ ഞാന്‍ ഒഴിവാക്കുന്ന ഒന്നുണ്ട്, മധുരം.എനിക്ക് മധുരത്തോട് താല്‍പര്യമില്ല, അതുകൊണ്ട് അത് എളുപ്പമാണ്.''
നടന്റെ അഭിപ്രായത്തില്‍,ഒരു കാര്യം ഒഴിവാക്കുക എന്നതല്ല,മറിച്ച് പരിഹാരമാണ് കണ്ടെത്തേണ്ടത്. ''ഞാന്‍ എന്ത് കഴിച്ചാലും, അതിനനുസരിച്ച് കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കും. വ്യായാമം ചെയ്യുന്നതിന് പകരമായി മറ്റൊന്നില്ല. നിങ്ങള്‍ കഠിനമായി വ്യായാമം ചെയ്യാതെ, ഒരു ഡയറ്റിനും നിങ്ങള്‍ ആഗ്രഹിക്കുന്ന ശരീരം നല്‍കാന്‍ കഴിയില്ല.''
6.3 അടി ഉയരമുള്ള റാണയുടെ ശരീരത്തിന്റെ പേശീകൾക്ക് ശക്തി വര്‍ദ്ധിപ്പിക്കുന്നതിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നൃത്തമോ മറ്റ് ഫിറ്റ്‌നസ് രീതികളോ ഇഷ്ടപ്പെടുന്നവരില്‍ നിന്നും വ്യത്യസ്തമായി,തന്റെ പ്രിയപ്പെട്ട വ്യായാമം വെയിറ്റ് ലിഫ്റ്റിങ് ആണെന്നും, തന്റെ വലിയ ശരീരത്തിന് ഹെവി ലിഫ്റ്റിംഗ് ആവശ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു. നൃത്തം പോലുള്ള വ്യായാമങ്ങള്‍ ചെറിയ ശരീരപ്രകൃതിയുള്ള അഭിനേതാക്കള്‍ക്ക് കൂടുതല്‍ അനുയോജ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തന്റെ കൃത്യമായ വര്‍ക്കൗട്ട് രീതികളും അദ്ദേഹം പങ്കുവെച്ചു. ''രാവിലെ കാര്‍ഡിയോയ്ക്ക് വേണ്ടിയുള്ളതാണ്. ഒരു മണിക്കൂര്‍ ജിമ്മില്‍ നല്ലൊരു കാര്‍ഡിയോ വര്‍ക്കൗട്ട് ചെയ്യും. സാധാരണയായി പകല്‍ ഷൂട്ടിംഗ് ഉണ്ടാകും. രാത്രി 7 മണിക്ക് പാക്കപ്പ് ആയ ശേഷം, 7 വര്‍ഷമായി എന്നോടൊപ്പമുള്ള എന്റെ പരിശീലകന്‍ കുനാല്‍ ഗിറിനൊപ്പം ഞാന്‍ രണ്ട് മണിക്കൂര്‍ വര്‍ക്കൗട്ട് തുടങ്ങും. സാധാരണ വര്‍ക്കൗട്ടില്‍ കൂടുതലും ഹാര്‍ഡ്കോര്‍ വെയിറ്റ്‌സാണ് എടുക്കുന്നത്. ഞാന്‍ ഹൈസ്‌കൂളിലും കോളേജിലും ബോക്‌സര്‍ ആയിരുന്നു, അതിനാല്‍ എന്റെ വര്‍ക്കൗട്ടില്‍ ബോക്‌സിങ് ഉൾപ്പെടുത്തും.''
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover Rana Daggubati`s intense workout routine and balanced diet that transformed him for the epic Baahubali. Learn his fitness secrets!