ന്യുമോണിയ പകര്‍ച്ചവ്യാധിയല്ല, പക്ഷേ കാരണമാകുന്ന സൂക്ഷ്മാണു പകരാനിടയുണ്ട്

ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധയാണ് ന്യുമോണിയ (Pneumonia). ബാക്ടീരിയ, വൈറസ്, ഫംഗസ്, മൈക്കോപ്ലാസ്മ പോലുള്ള സൂക്ഷ്മജീവികളാണ് ന്യുമോണിയയ്ക്ക് കാരണമാകുന്നത്. ഇത്തരം സൂക്ഷ്മാണുക്കള്‍ ശ്വാസകോശത്തിലെത്തിച്ചേര്‍ന്നാല്‍ അണുബാധയ്ക്ക് ഇടയാകും. ശ്വാസകോശത്തിലെ കുമിളകള്‍ പോലുള്ള വായു അറകളെയാണ് (Alveoli) പ്രധാനമായും ഇത് ബാധിക്കുക. തുടര്‍ന്ന് ഈ ഭാഗത്ത് നീര്‍ക്കെട്ടോ പഴുപ്പോ ഉണ്ടാവുന്നു. ഇത് ശ്വസനത്തിനും ഓക്സിജന്‍ സ്വീകരിക്കുന്നതിനും തടസ്സം സൃഷ്ടിക്കുകയും ചെയ്യും.
ലക്ഷണങ്ങള്‍ അറിയാം
ശക്തമായ പനി, കുളിരും വിറയലും , ചുമ, പ്രത്യേകിച്ച് കഫത്തോടുകൂടിയുള്ള ചുമ, നെഞ്ചുവേദന, ശ്വാസംമുട്ടല്‍, കഫത്തോടൊപ്പം രക്തം കാണപ്പെടുക, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പ്രായമായവരിലും പ്രതിരോധശേഷി കുറഞ്ഞവരിലും ചിലപ്പോള്‍ ക്ഷീണം, ഭക്ഷണത്തോടുള്ള താത്പര്യക്കുറവ് എന്നീ ലക്ഷണങ്ങള്‍ മാത്രമായും കാണാറുണ്ട്.
ന്യുമോണിയ പലതരം
ബാക്ടീരിയല്‍ ന്യുമോണിയ: ശ്വാസകോശത്തിലെ അറകളെ ബാക്ടീരിയകള്‍ ബാധിക്കുകയും ന്യുമോണിയയായി പരിണമിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്.
വൈറല്‍ ന്യുമോണിയ: വൈറസ്ബാധ മൂലമുണ്ടാകുന്ന ന്യുമോണിയയാണിത്. ഇന്‍ഫ്‌ളുവന്‍സ വൈറസ്, റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ്, കൊറോണാവൈറസ്, അഡിനോവൈറസ്, പാരഇന്‍ഫ്‌ളുവന്‍സ വൈറസ്, ഹെര്‍പെസ് സിംപ്ലക്സ് വൈറസ്, വരിസെല്ല സോസ്റ്റര്‍ വൈറസ് എന്നിവയാണ് ഇതിന് കാരണമാകുന്നത്
ഫംഗല്‍ ന്യുമോണിയ: പ്രതിരോധശേഷി കുറഞ്ഞ രോഗികളിലാണ് പൊതുവെ ഫംഗല്‍ ന്യുമോണിയ കണ്ടുവരുന്നത്. പലപ്പോഴും രോഗ സ്ഥിരീകരണം വൈകാനും സാധ്യതയുണ്ട്. ബാക്ടീരിയ, വൈറസ് എന്നിവയെ അപേക്ഷിച്ച് കൂടുതല്‍ അപകടകാരിയാകാന്‍ സാധ്യതയുള്ളതാണ് ഇത്.
മൈക്കോപ്ലാസ്മ ന്യുമോണിയ: ബാക്ടീരിയ അനുബന്ധമായ ന്യുമോണിയയില്‍ ഉള്‍പ്പെടുന്ന ഒന്നാണിത്. വാക്കിങ് ന്യുമോണിയ എന്നും ഇത് അറിയപ്പെടുന്നു. പലപ്പോഴും സങ്കീര്‍ണമായ ലക്ഷണങ്ങള്‍ കാണിക്കുകയും ആശുപത്രിവാസം ഉള്‍പ്പെടെ ആവശ്യമായിവരികയും ചെയ്യുന്ന അവസ്ഥയാണിത്. അടുത്ത കാലത്തായി മൈക്കോപ്ലാസ്മ ന്യുമോണിയയും സങ്കീര്‍ണതകളും ചെറുപ്പക്കാരിലും കുട്ടികളിലും കൂടുതലായി കണ്ടുവരുന്നുണ്ട്.
ആരെയൊക്കെ ബാധിക്കാം
ന്യുമോണിയ ഏത് പ്രായത്തിലുള്ളവരെയും ബാധിക്കാം. എങ്കിലും ഇനി പറയുന്നവര്‍ക്ക് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.
- അഞ്ചുവയസ്സില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍
- 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍
- ആസ്ത്മ, സി.ഒ.പി.ഡി., പ്രമേഹം തുടങ്ങിയ രോഗാവസ്ഥകളുള്ളവര്‍
- പ്രതിരോധശേഷി കുറഞ്ഞവര്‍
- സ്ഥിരമായി പുകവലിക്കുന്നവര്‍
- ദീര്‍ഘനാളായി ജലദോഷമുള്ളവര്‍
- മദ്യപാനികള്‍
- സ്റ്റിറോയിഡ് ഉള്‍പ്പെടെ രോഗപ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകള്‍ ദീര്‍ഘകാലം ഉപയോഗിക്കുന്നവര്‍
- മറവി, പക്ഷാഘാതം തുടങ്ങിയ രോഗമുള്ളവര്‍
- ന്യുമോണിയയ്ക്ക് കാരണമാകുന്ന സൂക്ഷ്മാണുക്കളുടെ വ്യാപനമുള്ള മേഖലകളിലേക്ക് യാത്രചെയ്യുന്നവര്‍
- ചില പക്ഷികളും മൃഗങ്ങളുമായി സ്ഥിരമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍.
വാക്‌സിന്‍ മറക്കല്ലേ
ന്യുമോണിയയുടെ നിയന്ത്രണത്തില്‍ വാക്സിനുകള്‍ക്ക് നിര്‍ണായകമായ പങ്കുണ്ട്.
- ന്യുമോകോക്കല്‍ വാക്‌സിനുകള്‍: സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയയെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.
- ഇന്‍ഫ്‌ളുവന്‍സ വാക്സിന്‍: ഫ്‌ളൂവുമായി ബന്ധപ്പെട്ടുള്ള ന്യുമോണിയയെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.
- കുട്ടികളും 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരും പ്രമേഹം, ശ്വാസകോശ രോഗങ്ങള്‍, മറ്റ് പ്രതിരോധശേഷി കുറയ്ക്കുന്ന രോഗങ്ങള്‍ എന്നിവയുള്ളവരും ഈ രണ്ടുവാക്‌സിനുകളും നിര്‍ബന്ധമായി എടുക്കണം.
- കോവിഡ് 19 വാക്‌സിന്‍: കോവിഡ് സംബന്ധമായുണ്ടാകുന്ന ന്യുമോണിയയെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.
- ഹിബ് വാക്സിന്‍ (Hib vaccine): കുട്ടികളിലെ ന്യുമോണിയയ്ക്ക് കാരണമാകുന്ന ഹീമോഫീലിസ ഇന്‍ഫ്‌ളുവന്‍സയുടെ ടൈപ്പ് ബി യെ പ്രതിരോധിക്കാന്‍ സഹായകരമാകുന്നു.
പകരുമോ?
ന്യുമോണിയ എന്ന രോഗാവസ്ഥ പകര്‍ച്ചവ്യാധിയല്ല, പക്ഷേ, ന്യുമോണിയയ്ക്ക് കാരണമാകുന്ന സൂക്ഷ്മാണുക്കള്‍ പകരാന്‍ സാധ്യതയുള്ളവയാണ്. അവ എത്തിച്ചേരുന്ന വ്യക്തിയുടെ ശാരീരികാരോഗ്യവും രോഗപ്രതിരോധശേഷിയും അനുസരിച്ചാണ് വ്യാപനത്തിന്റെ സാധ്യതയും ന്യുമോണിയയായി മാറാനുള്ള സാധ്യതയും നിലനില്‍ക്കുന്നത്.
കുട്ടികള്‍ക്കുവേണം ശ്രദ്ധ
- ന്യൂമോകോക്കല്‍ വാക്‌സിന്‍, ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍ എന്നിവ ഉള്‍പ്പടെയുള്ളവ നിര്‍ബന്ധമായും കുട്ടികള്‍ക്ക് നല്‍കണം.
- ശുചിത്വം, പ്രത്യേകിച്ച് കൈകളുടെ ശുചിത്വം ഉറപ്പാക്കണം ഉറപ്പുവരുത്തുക.
- സിഗരറ്റിന്റെ പുകയും മലിനമായ വായുവുമായുള്ള സമ്പര്‍ക്കങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക.
- വ്യായാമം ചെറുപ്പത്തിലേ ശീലിപ്പിക്കുക.
- ശ്വാസകോശസംബന്ധമായ രോഗങ്ങളുള്ളവര്‍ ആരോഗ്യസംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുക.
- പോഷകാഹാരം ശീലമാക്കുക.
നല്ല ഭക്ഷണം, നല്ല വിശ്രമം
- ന്യുമോണിയ ബാധിച്ചവര്‍ ആവശ്യമായ വിശ്രമമെടുക്കണം. .
- ശ്വസനവ്യായാമങ്ങള്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ചെയ്യുന്നത് നല്ലതാണ്.
- പുകവലിയും മദ്യപാനവും പരോക്ഷ പുകവലിക്കുള്ള സാധ്യതകളും ഒഴിവാക്കുക.
- ആവശ്യത്തിന് വെള്ളം കുടിക്കുക, ശരീരത്തില്‍ ജലാംശം എപ്പോഴും നിലനിര്‍ത്തുക.
- പഴങ്ങള്‍, പച്ചക്കറികള്‍, പ്രോട്ടീന്‍ തുടങ്ങിയവ അടങ്ങിയ സന്തുലിതമായ ഭക്ഷണക്രമം സ്വീകരിക്കുക.
പരിശോധനകള്‍
- ലക്ഷണങ്ങള്‍ നേരത്തേ തിരിച്ചറിഞ്ഞ്ചികിത്സ ആരംഭിക്കുന്നത് രോഗം നിയന്ത്രിക്കുന്നതില്‍ പ്രധാനമാണ്.
- ശരീരപരിശോധന: സ്റ്റെതസ്‌കോപ്പിന്റെ സഹായത്താല്‍ ശ്വാസകോശത്തില്‍ അസ്വാഭാവികമായ ശബ്ദങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കും.
- രക്തപരിശോധനകള്‍: അണുബാധയുണ്ടോ എന്നറിയാനും അവയുടെ തീവ്രത മനസ്സിലാക്കാനും രക്തപരിശോധനകള്‍ സഹായകരമാകും.
- നെഞ്ചിന്റെ എക്സ്‌റേ: അണുബാധയുടെ വ്യാപ്തിയും ബാധിച്ച മേഖലയും തിരിച്ചറിയാന്‍ സഹായകരമാകുന്നു.
- കഫ പരിശോധന: കഫം കള്‍ച്ചര്‍ ചെയ്യുന്നതിലൂടെ, രോഗകാരിയായ സൂക്ഷ്മാണു ഏതാണെന്നറിയാനും കൃത്യമായ ചികിത്സ നിര്‍ണയിക്കാനും സാധിക്കുന്നു.
- ബ്രോങ്കോസ്‌കോപി: തീവ്രമായ ന്യുമോണിയ കേസുകളില്‍ ശ്വാസകോശത്തിലേക്ക് കുഴലിറക്കി കഫമെടുത്ത് പരിശോധിക്കേണ്ടിവരും.
- ചികിത്സയോട് പ്രതികരിക്കാത്ത സാഹചര്യങ്ങളില്‍ ചിലപ്പോള്‍ സി.ടി. തൊറാസിക്‌സ് ആവശ്യമായിവരാറുണ്ട്. ഇതിലൂടെ അണുബാധയുടെ വിശദമായ ചിത്രം ലഭിക്കും.
- രണ്ടാഴ്ചയ്ക്കുമുകളില്‍ നില്‍ക്കുന്ന ചുമ, കഫക്കെട്ട് , മാറാതെയുള്ള ന്യുമോണിയ എന്നീ അവസ്ഥകളില്‍ ക്ഷയരോഗ പരിശോധനയും നടത്താറുണ്ട്.
ചികിത്സ ഇങ്ങനെ
രോഗകാരണം, തീവ്രത, ബാധിച്ചിരിക്കുന്ന സൂക്ഷ്മാണു, രോഗിയുടെ ശാരീരികാരോഗ്യം, മറ്റ് രോഗാവസ്ഥകള്‍ തുടങ്ങിയവയെല്ലാം പരിഗണിച്ചാണ് ചികിത്സ നിര്‍ണയിക്കുന്നത്.
- ബാക്ടീരിയല്‍ ന്യൂമോണിയ: ആന്റിബയോട്ടിക്കുകളാണ് പ്രധാനമായും ചികിത്സയ്ക്കായി സ്വീകരിക്കുന്നത്.
- വൈറല്‍ ന്യുമോണിയ: ആന്റിവൈറല്‍ മരുന്നുകളാണ് ചികിത്സയില്‍ പ്രധാനം. ജലാംശം നിലനിര്‍ത്തുന്നതിനും വിശ്രമത്തിനും പ്രാധാന്യം നല്‍കാറുണ്ട്.
- ഫംഗല്‍ ന്യുമോണിയ: ആന്റിഫംഗല്‍ മരുന്നുകളും, ഓക്സിജന്‍ തെറാപ്പിയും, പനി കുറയ്ക്കാനുള്ള ചികിത്സയുമാണ് പ്രധാനം. ആശുപത്രിവാസം ആവശ്യമായി വരികയാണെങ്കില്‍ ധമനികളിലൂടെ നല്‍കുന്ന ദ്രാവകരൂപത്തിലുള്ള മരുന്നുകളും, ശ്വസിക്കാനുള്ള പിന്തുണയും ആവശ്യമായിവരാറുണ്ട്.
- രോഗം മൂര്‍ച്ഛിക്കുന്ന അവസ്ഥയില്‍ ഓക്‌സിജന്‍ ചികിത്സ, എന്‍.ഐ.വി. മുതല്‍ വെന്റിലേറ്റര്‍ സഹായംവരെ ആവശ്യമായിവന്നേക്കാം.
കടപ്പാട്: ഡോ. പ്രിയ ജയരാജന്‍
അസോസിയേറ്റ് കണ്‍സല്‍ട്ടന്റ്
പള്‍മനറി മെഡിസിന്‍, ആസ്റ്റര്‍ മിംസ്, കണ്ണൂര്‍
Content Highlights: pneumonia lung infection caused by bacteria viruses fungi