കോര്‍പറേറ്റ് ജോലിക്കാരില്‍ ബി12 പോഷകം കുറയുന്നു, തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ പോഷകം

വിറ്റാമിൻ B12 /Getty Images
വിറ്റാമിൻ B12 /Getty Images

ശരീരത്തിൽ ഊര്‍ജം ഉത്പാദിപ്പിക്കാനും തലച്ചോറിന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തേയും സഹായിക്കുന്ന പോഷകഘടകമാണ് വിറ്റാമിന്‍ ബി12. അനിവാര്യമായ ഈ വിറ്റാമിന്റെ അഭാവം മൂലം ഇന്ത്യയില്‍ നിശബ്ദമായ ഒരു ആരോഗ്യ പ്രതിസന്ധി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് പുതിയ സര്‍വേയില്‍ പറയുന്നു. കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന പുരുഷന്‍മാരില്‍ 57 ശതമാനത്തിനും ബി12-ന്റെ അഭാവം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ഡിജിറ്റല്‍ കെയര്‍ പ്ലാറ്റ്ഫോമായ മെഡിബഡിയുടെ സമീപകാല പഠനം സൂചിപ്പിക്കുന്നു. 

നഗരങ്ങള്‍ കേന്ദ്രീകരിച്ച് ജോലിചെയ്യുന്ന 4400-ഓളം കോര്‍പറേറ്റ് ജോലിക്കാരിലാണ് പഠനം നടത്തിയത്. 3338 പുരുഷന്മാരും 1059 സ്ത്രീകളും. സ്ത്രീകളിലും ഏകദേശം 50% പേര്‍ക്ക് ഈ കുറവ് അനുഭവപ്പെടുന്നു. മിക്കവര്‍ക്കും ജോലി മറ്റെല്ലാറ്റിനേക്കാളും പ്രധാനമായിരിക്കുന്ന കാലമാണിത്. തിരക്കേറിയ ഷെഡ്യൂളുകളും ക്രമരഹിതമായ ഭക്ഷണശീലങ്ങളും ഉയര്‍ന്ന സമ്മര്‍ദ്ദനിലകളുമെല്ലാം കോര്‍പ്പറേറ്റ് പ്രൊഫഷണലുകള്‍ പലപ്പോഴും പോഷകാഹാരം അവഗണിക്കാന്‍ കാരണമാകുന്നു. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ആരംഭിക്കുന്നതുവരെ ഇക്കാര്യത്തിന് വേണ്ടത്ര ശ്രദ്ധ നൽകില്ല. പുരുഷന്മാരിലും സ്ത്രീകളിലും വിറ്റാമിന്‍ ബി 12 ന്റെ കുറവ് വര്‍ധിക്കാനുള്ള പ്രധാനകാരണങ്ങളിലൊന്ന് അപര്യാപ്തമായ ഭക്ഷണക്രമം തന്നെയാണ്. 

വിറ്റാമിന്‍ ബി 12 പ്രധാനമായും മൃഗ ഉല്‍പ്പന്നങ്ങളിലാണ് കാണപ്പെടുന്നത് എന്നതുകൊണ്ടുതന്നെ സസ്യാഹാരികളിൽ ഇത്‌ പ്രത്യേകിച്ചും കുറവാണ്. അമിതമായി സംസ്‌കരിച്ച ഭക്ഷണങ്ങള്‍, മദ്യം, അധിക കഫീന്‍ എന്നിവയുടെ പതിവ് ഉപഭോഗം ഉള്‍പ്പെടെയുള്ള ജീവിതശൈലി മാറ്റങ്ങള്‍ ബി12 ആഗിരണം ഗണ്യമായി കുറയ്ക്കുന്നു. കൂടാതെ, കോര്‍പ്പറേറ്റ് ജീവനക്കാരില്‍ സമ്മര്‍ദ്ദത്തിന്റെ അളവ് വര്‍ധിക്കുന്നത് കോര്‍ട്ടിസോള്‍ ഉല്‍പാദനം വര്‍ധിപ്പിക്കുകയും ഇത് ശരീരത്തിലെ ബി12 കുറയ്ക്കുകയും ചെയ്യുന്നു.

ലക്ഷണങ്ങള്‍
നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനത്തിന് വിറ്റാമിന്‍ ബി 12 പ്രധാനമാണ്. അവ കുറയുന്നതിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങള്‍ ഇവയാണ്.

  • വിട്ടുമാറാത്ത ക്ഷീണവും പേശി ബലഹീനതയും
  • കൈകളിലും കാലുകളിലും തരിപ്പ് 
  • ഓര്‍മ്മക്കുറവും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ടും
  • മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, ക്ഷോഭം, വിഷാദം
  • തലകറക്കവും ശ്വാസതടസ്സവും 

ജോലി സംബന്ധമായ ക്ഷീണമായി നമ്മള്‍ പലപ്പോഴും ഈ ലക്ഷണങ്ങളെ തള്ളിക്കളയാറുണ്ട്, എന്നാല്‍ ക്ഷീണവും ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും ആവര്‍ത്തിച്ചുവരുന്നുണ്ടോ എന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. ജീവിതശൈലിയിലും ആഹാരരീതിയിലും മാറ്റം വരുത്തി ആരോഗ്യം തിരിച്ചുപിടിക്കാം

Content Highlights: male corporates in India face vitamin B12 deficiency