ലോഡഡ് വാട്ടറിന് പ്രചാരമേറുന്നു; എളുപ്പത്തില്‍ വീട്ടിലുണ്ടാക്കാം

പ്രതീകാത്മക ചിത്രം / freepik
പ്രതീകാത്മക ചിത്രം / freepik

വെള്ളംകുടിയിലെ പുതിയ ട്രെൻഡായ ലോഡഡ് വാട്ടറിന് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ പ്രചാരമേറുകയാണ്. പഴങ്ങള്‍, ഔഷധസസ്യങ്ങള്‍, ഇളനീര്‍, മിനറലുകള്‍, പ്രീബയോട്ടിക്കുകള്‍ തുടങ്ങിയ പ്രകൃതിദത്തമായ രുചികളും പോഷകങ്ങളും ചേര്‍ത്ത സാധാരണ വെള്ളമാണ് ലോഡഡ് വാട്ടര്‍. വെള്ളം കുടിക്കുന്നത് കൂടുതല്‍ രുചികരവും ആകര്‍ഷകവുമാക്കി ആളുകളെ കൂടുതല്‍ വെള്ളം കുടിക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

നിര്‍ജ്ജലീകരണം ക്ഷീണം, മെറ്റബോളിസം കുറയുക, മധുരത്തോടുള്ള ആസക്തി വര്‍ധിക്കുക എന്നിവയ്ക്ക് കാരണമാകും. സോഡകളെയും ജ്യൂസുകളെയും അപേക്ഷിച്ച് ലോഡഡ് വാട്ടറില്‍ കലോറിയും പഞ്ചസാരയും കുറവാണ്. വ്യായാമത്തിന് ശേഷം നഷ്ടപ്പെട്ട മിനറലുകള്‍ വീണ്ടെടുത്ത് ശരീരത്തിന് ഉന്മേഷം നല്‍കാനും ഇത് സഹായിക്കും.

നാരങ്ങ-പുതിന മിശ്രിതം മുതല്‍ പഴച്ചാറുകള്‍ ചേര്‍ത്ത മിശ്രിതങ്ങള്‍ വരെ ഇതിന്റെ പാചകക്കുറിപ്പുകളിലുണ്ട്. ഉന്മേഷത്തോടെയിരിക്കാനും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന രുചികരവും കലോറി കുറഞ്ഞതുമായ ഒരു മാര്‍ഗ്ഗമാണിത്. വാണിജ്യ ഉല്‍പ്പന്നങ്ങളുടെ അധികച്ചെലവില്ലാതെ, നിര്‍ജ്ജലീകരണത്തെ ചെറുക്കാന്‍ വീട്ടിലുണ്ടാക്കുന്ന ലോഡഡ് വാട്ടറിന് സാധിക്കും.

ലോഡഡ് വാട്ടര്‍ വീട്ടിലുണ്ടാക്കാം

ഒരു ജഗ്ഗില്‍ തണുത്ത കുടിവെള്ളം എടുക്കുക. ഒരു പഴം തിരഞ്ഞെടുക്കുക. തണ്ണിമത്തന്‍, നാരകവര്‍ഗ്ഗത്തില്‍പ്പെട്ട പഴങ്ങള്‍, ചെറുനാരങ്ങ, ഓറഞ്ച് തുടങ്ങിയ മിനറലുകള്‍ ധാരാളം അടങ്ങിയവയാണ് നല്ലത്. പഴങ്ങളും ഔഷധസസ്യങ്ങളും നന്നായി കഴുകി മുറിക്കുക. ഇത് അവയുടെ സുഗന്ധം പുറത്തുവരാനും വെള്ളത്തില്‍ നന്നായി ചേരാനും സഹായിക്കും. രണ്ടോ നാലോ മണിക്കൂര്‍ അല്ലെങ്കില്‍ ഒരു രാത്രി മുഴുവന്‍ ഇവ വെള്ളത്തിൽ കുതിര്‍ത്ത്  ഫ്രിഡ്ജില്‍ വെക്കുക. ശേഷം കഷ്ണങ്ങൾ അരിച്ചെടുക്കുക. ചേരുവകള്‍ കൂടുതല്‍ നേരം വെള്ളത്തില്‍ ഇട്ടുവെച്ചാല്‍ വെള്ളത്തിന് കയ്പ്പുരുചി വരാനും ബാക്ടീരിയ വളര്‍ച്ചയ്ക്കും കാരണമാകും. വെള്ളം വായു കടക്കാത്ത പാത്രത്തില്‍ അടച്ച് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഉപയോഗിക്കാം. ലോഡഡ് വാട്ടര്‍ മറ്റു പഴങ്ങൾ ഉപയോഗിച്ച് ഫ്ളേവർ ചേര്‍ത്തും നിര്‍മിക്കാം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: loaded water is a flavorful and healthy alternative to plain water. learn how to make your own infused water at home.