ഗര്‍ഭകാലത്ത് സ്ത്രീകള്‍ കരുതിയിരിക്കേണ്ട കരള്‍രോഗങ്ങള്‍; ചൊറിച്ചില്‍, വിശപ്പില്ലായ്മ ലക്ഷണങ്ങളാവാം

നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവങ്ങളിലൊന്നാണ് കരള്‍. നമ്മളറിയാതെ അഞ്ഞൂറോളം ശാരീരികപ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നുണ്ട് ഈ അവയവം. നമ്മുടെ ശരീരത്തിലെത്തുന്ന വിഷപദാര്‍ത്ഥങ്ങളെ പുറന്തള്ളുക, ഹോര്‍മോണുകളെ നിയന്ത്രിക്കുക, ദഹനപ്രക്രിയ സുഗമമാക്കുക, ആവശ്യത്തിന് ഊര്‍ജം നല്‍കുക ഇതെല്ലാം കരളിന്റെ ദൗത്യങ്ങളാണ്. ശരീരത്തിന്റെ മറ്റെല്ലാ അവയവങ്ങളെയുമെന്ന പോലെ, കരളിനും പ്രത്യേക കരുതല്‍ ആവശ്യമാണ്. പ്രത്യേകിച്ച് ഗര്‍ഭകാലത്തും വാര്‍ധക്യത്തിലും.
പുരുഷന്മാരില്‍ നിന്ന് വ്യത്യസ്തമായ ചില കരള്‍രോഗങ്ങള്‍ സ്ത്രീകളില്‍ വരാറുണ്ട്. പ്രത്യേകിച്ച് ഗര്‍ഭകാലത്താണ് ഇവ സ്ത്രീകളെ അലട്ടുന്നത്. ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇവയുടെ പ്രധാനകാരണമാകുന്നത്. ആര്‍ത്തവവിരാമത്തിന് ശേഷവും കരള്‍രോഗങ്ങള്‍ വരാം. മാത്രമല്ല, പുരുഷന്മാരേക്കാള്‍ ശരീരത്തില്‍ കൊഴുപ്പ് സൂക്ഷിക്കുന്ന പ്രവണതയുള്ളത് സ്ത്രീകളിലാണ്. കരളിന്റെ പ്രവര്‍ത്തനങ്ങളില്‍ ഈ ഘടകത്തിന് പ്രാധാന്യമുണ്ട്.
ഗര്‍ഭകാലത്ത് അമ്മയുടെ മാത്രമല്ല, കുഞ്ഞിന്റെ ശരീരത്തില്‍ നിന്നുണ്ടാകുന്ന മാലിന്യങ്ങളും പുറന്തള്ളുന്നത് അമ്മയുടെ കരളാണ്. ഈ സമയത്ത് കൂടുതല്‍ പണിയെടുക്കേണ്ടി വരുന്നതിനാല്‍ ഗര്‍ഭിണികളായ അമ്മമാര്‍ എപ്പോള്‍ ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ് നടത്തിയാലും നേരിയ ഏറ്റക്കുറച്ചിലുകള്‍ കാണാറുണ്ട്. സ്വാഭാവികമായ ഈ മാറ്റങ്ങള്‍ കണ്ട് ഭയപ്പെടേണ്ടതില്ല. ഉദാഹരണത്തിന് ഗര്‍ഭകാലത്ത് സ്ത്രീകളില്‍ അല്‍ബുമിന്റെ അളവ് കുറയുകയും ആല്‍ക്കലൈന്‍ ഫോസ്ഫറ്റൈസ്, ആല്‍ഫ ഫീറ്റപ്രോട്ടീന്‍ എന്നിവയുടെ അളവ് കൂടുകയും ചെയ്യാറുണ്ട്. ഇവയ്ക്ക് പ്രത്യേക ചികിത്സയൊന്നും ആവശ്യമായി വരാറില്ല. എങ്കിലും ഗര്‍ഭകാലത്ത് സ്ത്രീകള്‍ കരുതിയിരിക്കേണ്ട ചില കരള്‍ രോഗങ്ങളുണ്ട്.
കോളീസ്റ്റേസിസ് എന്ന രോഗമാണ് അതിലൊന്ന്. 0.2% ഗര്‍ഭിണികളിലാണ് ഈ രോഗം കാണുന്നത്. ഏഴാമത്തെയോ എട്ടാമത്തെയോ മാസത്തിലാണ് സാധാരണ ഈ രോഗം കാണുന്നത്. അപൂര്‍വം ചിലരില്‍ ഗര്‍ഭകാലത്തിന്റെ തുടക്കത്തിലും പ്രത്യക്ഷപ്പെടാറുണ്ട്. പിത്താശയത്തില്‍ നിന്നും പിത്തരസം ഒഴുകുന്നത് തടസപ്പെടുമ്പോള്‍ ഉണ്ടാകുന്ന ഒരു മഞ്ഞപ്പിത്തമാണിത്. കൈയിലും കാലിലും വയറിലുമുള്ള അസഹനീയമായ ചൊറിച്ചിലാണ് ഈ രോഗത്തിന്റെ ലക്ഷണം. രാത്രികാലങ്ങളില്‍ ചൊറിച്ചില്‍ കൂടുതലായിരിക്കും.
ഗര്‍ഭകാലത്ത് വയറിലെ ചര്‍മം വലിഞ്ഞുവലുതാകുമ്പോള്‍ അമ്മമാര്‍ക്ക് സാധാരണ ചൊറിച്ചില്‍ അനുഭവപ്പെടാറുണ്ട്. അതില്‍ നിന്ന് വ്യത്യസ്തമാണ് കോളീസ്റ്റേസിസ് കാരണമുള്ള ചൊറിച്ചില്‍. അതുകൊണ്ട് അസ്വാഭാവികമായ ചൊറിച്ചില്‍ തോന്നിയാല്‍ ഡോക്ടറെ കാണണം-പ്രത്യേകിച്ച് കൈവെള്ളയിലും കാല്‍വെള്ളയിലും. മനംപിരട്ടല്‍, തൊലിയിലെ മഞ്ഞനിറം, രാത്രികാലങ്ങളിലെ അസഹനീയമായ ചൊറിച്ചില്‍, വിശപ്പില്ലായ്മ, കടുംനിറത്തിലുള്ള മലവും മൂത്രവും എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍. ഒരു രക്തപരിശോധനയിലൂടെ മാത്രമേ കോളീസ്റ്റേസിസ് സ്ഥിരീകരിക്കാന്‍ കഴിയൂ. ശ്രദ്ധിച്ചില്ലെങ്കില്‍ കുഞ്ഞിന്റെ ആരോഗ്യത്തെയും ഹാനികരമായി ബാധിക്കുന്ന രോഗമാണിത്.
രക്തത്തില്‍ പിത്തരസത്തിന്റെ അളവ് കൂടുന്നത് കുഞ്ഞിന് നല്ലതല്ല. മാസം തികയാതെയുള്ള പ്രസവം, ശിശുമരണം, അമിതമായ രക്തസ്രാവം എന്നിവയ്ക്ക് കോളീസ്റ്റേസിസ് കാരണമാകാം. ജനിക്കുമ്പോള്‍ കുഞ്ഞിന് ശ്വാസതടസ്സവുമുണ്ടാകാം. എന്നാല്‍ അപൂര്‍വമായി മാത്രമേ ഇത്തരത്തില്‍ ഈ രോഗം ഗുരുതരമായി മാറാറുള്ളൂ. മരുന്നുകള്‍ കഴിച്ച് ഒരു പരിധിവരെ രോഗം പിടിച്ചുനിര്‍ത്താനും കഴിയും. എന്നാല്‍ നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിനായി പ്രസവം നേരത്തേയാക്കാറുണ്ട്. പ്രസവം കഴിയുമ്പോള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഈ രോഗം തനിയെ ഭേദമാകുകയും ചെയ്യും. പാരമ്പര്യം ഈ രോഗത്തിന് പിന്നിലെ വലിയൊരു ഘടകമാണ്. ഗര്‍ഭകാലത്തുണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങളും കോളീസ്റ്റേസിസിന് കാരണമാകുന്നു.
ഗര്‍ഭകാലത്ത് കരള്‍ ഉള്‍പ്പെടെയുള്ള പ്രധാനഅവയവങ്ങളെ ബാധിക്കുന്ന മറ്റൊരു അസുഖമാണ് പ്രീഎക്ലാംസിയ. 3 മുതല്‍ 10% വരെ ഗര്‍ഭിണികളില്‍ കണ്ടുവരുന്ന ഒരു രോഗമാണിത്. ഗര്‍ഭകാലത്ത് രക്തസമ്മര്‍ദ്ദം ഉയര്‍ന്നുനില്‍ക്കുന്ന അവസ്ഥയാണിത്. അമിതമായ രക്തസമ്മര്‍ദ്ദം കരള്‍, വൃക്ക, ശ്വാസകോശം, ഹൃദയം, കണ്ണുകള്‍ എന്നിവയെ ബാധിച്ച് സങ്കീര്‍ണമാകാറുണ്ട്. പ്രീഎക്ലാംസിയ മസ്തിഷ്‌കാഘാതത്തിനും ഇടയാക്കുന്നു. ഇതില്‍ കരളിനെ ഗുരുതരമായി ബാധിക്കുന്ന പ്രീഎക്ലാംസിയയെ ഹെല്‍പ്പ് സിന്‍ഡ്രോം (HELLP-ഹീമോലിസിസ്, എലിവേറ്റഡ് ലിവര്‍ എന്‍സൈംസ് ആന്‍ഡ് ലോ പ്ലേറ്റ്‌ലെറ്റ് കൗണ്ട് സിന്‍ഡ്രോം) എന്നാണ് വിളിക്കുന്നത്. ഗര്‍ഭിണികളില്‍ ഒരു ശതമാനത്തില്‍ താഴെയാണ് രോഗസാധ്യത.
ഗര്‍ഭകാലത്തിന്റെ അവസാനത്തെ മൂന്ന് മാസത്തിനിടയില്‍ തുടങ്ങി പ്രസവത്തിന് ശേഷവും ഈ രോഗം നിലനില്‍ക്കാറുണ്ട്. എന്നാല്‍ ഗര്‍ഭധാരണത്തിന് 20 ആഴ്ചകള്‍ക്ക് ശേഷം എപ്പോള്‍ വേണമെങ്കിലും ഈ രോഗം പ്രത്യക്ഷപ്പെടാം. ഈ രോഗമുണ്ടായാല്‍ എത്രയും വേഗം പ്രസവം നടത്തുക മാത്രമാണ് പ്രതിവിധി. അപൂര്‍വങ്ങളില്‍ അപൂര്‍വം കേസുകളില്‍ പ്രസവശേഷം അമ്മയില്‍ കരള്‍മാറ്റിവെയ്‌ക്കേണ്ടി വരാറുണ്ട്.
കാഴ്ചമങ്ങല്‍, നെഞ്ചുവേദന, ഛര്‍ദി, ഓക്കാനം, തലവേദന, ക്ഷീണം, പെട്ടെന്ന് ശരീരഭാരം കൂടുക, മുഖത്തും കൈകളിലും നീര്, അപസ്മാരം, മൂക്കില്‍ നിന്ന് ചോര വരിക, അസാധാരണമാംവിധം നീണ്ടുനില്‍ക്കുന്ന ബ്ലീഡിങ് എന്നിവ ഹെല്പിന്റെ ലക്ഷണങ്ങളാണ്. ഉടന്‍ അടിയന്തിരചികിത്സ തേടേണ്ട രോഗമാണിത്. മുപ്പത്തിയഞ്ചിന് വയസിന് ശേഷം ഗര്‍ഭം ധരിക്കുന്നവരിലാണ് രോഗസാധ്യത കൂടുതല്‍. അമിതവണ്ണം, പാരമ്പര്യം, പ്രമേഹം, മുന്‍കാല പ്രസവങ്ങള്‍ എന്നിവ റിസ്‌ക് ഫാക്റ്ററുകളാണ്.
ചില പ്രത്യേക ജനിതകകാരണങ്ങളാല്‍ ഗര്‍ഭിണികളില്‍ കാണുന്ന കരള്‍രോഗമാണ് അക്യൂട്ട് ഫാറ്റിലിവര്‍ ഓഫ് പ്രെഗ്‌നന്‍സി അഥവാ എ.എഫ്.എല്‍.പി. ഈ രോഗം വളരെ അപൂര്‍വമാണെങ്കിലും ഗുരുതരസ്വഭാവമുള്ളതാണ്. ആയിരത്തില്‍ ഒന്നോ അതിലും ചുരുക്കമോ മാത്രമാണ് രോഗസാധ്യത. ഗര്‍ഭംധരിച്ച് 37-38 ആഴ്ചകള്‍ പിന്നിട്ട ശേഷമായിരിക്കും ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുന്നത്. വളരെ പെട്ടെന്ന് കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന അവസ്ഥയാണിത്. ഛര്‍ദി, ചൊറിച്ചില്‍, വിശപ്പില്ലായ്മ, ക്ഷീണം, മഞ്ഞപ്പിത്തം, വയറുവേദന, ദഹനക്കേട്, അമിതദാഹം എന്നിവയാണ് രോഗലക്ഷണങ്ങള്‍. ഗുരുതരസ്വഭാവമില്ലാത്ത കേസുകളില്‍ പ്രസവാനന്തരം രോഗം ഭേദമാകാറുണ്ട്. എന്നാല്‍ ഗുരുതരമായാല്‍ കരളിന്റെ പ്രവര്‍ത്തനം നിലച്ചേക്കാം.
മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന ഹെപ്പറ്റൈറ്റിസ് എ, ഇ പോലെയുള്ള രോഗങ്ങളും സ്ത്രീകളുടെ കരളിന്റെ ആരോഗ്യത്തിന് വെല്ലുവിളിയാകാറുണ്ട്. രക്തത്തിലൂടെയും ലൈംഗികബന്ധത്തിലൂടെയും പകരുന്ന ഹെപ്പറ്റൈറ്റിസ് സി, ബി, ഡി എന്നീ അണുബാധകളും ഗര്‍ഭകാലത്ത് പ്രശ്‌നമാകാറുണ്ട്. കൃത്യസമയത്ത് കണ്ടുപിടിച്ചാല്‍ മരുന്നുകളിലൂടെ ഈ രോഗങ്ങള്‍ ചികിത്സിക്കാവുന്നതാണ്. എന്നാല്‍ ഈ രോഗങ്ങള്‍ കാര്യമായ സങ്കീര്‍ണതകള്‍ക്ക് പൊതുവെ ഇടയാകാറില്ല.
(കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഉദരരോഗ-കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയാവിദഗ്ധനാണ് ലേഖകന്‍)
Content Highlights: liver related diseases during pregnancy