വീടുകളിലെ പ്രസവം എത്രത്തോളം സുരക്ഷിതമാണ്?

മാതൃഭൂമി ആർക്കൈവ്‌സ്‌
മാതൃഭൂമി ആർക്കൈവ്‌സ്‌

വീട്ടിൽ നടക്കുന്ന പ്രസവങ്ങൾ ഒറ്റപ്പെട്ട സംഭവമല്ല. മലപ്പുറം ജില്ലയിൽ വീട്ടിൽ നടന്ന ഒരു പ്രസവത്തിൽ അമ്മ മരിച്ച സംഭവം വാർത്താപ്രാധാന്യം നേടിയിരുന്നു. സമാനമായ രീതിയിൽ തിരുവനന്തപുരത്തും സംഭവിച്ചിരുന്നു. ഇതിന്റെയൊക്കെ പ്രധാനകാരണം വീട്ടിലെ പ്രസവം കൂടിക്കൂടി വരുന്നതാണ്. ഒരാൾ എവിടെ പ്രസവിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഒരു വ്യക്തിക്കുണ്ട്. പക്ഷേ ആ തീരുമാനം അഭികാമ്യം ആണോ എന്നുള്ളത് ഒന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.

ഒരു സമൂഹത്തിന്റെ ആരോഗ്യം കണക്കാക്കുന്നത് ഒരുലക്ഷം കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ എത്ര അമ്മമാർ മരിക്കുന്നു (Maternal Mortality Ratio) എന്നതിനെ ആശ്രയിച്ചാണ്. പണ്ടുകാലത്ത് അമ്മമാർ വീടുകളിൽ പ്രസവിച്ചിരുന്നു എന്നത് നാം മറക്കുന്നില്ല. 1947 കാലഘട്ടത്തിൽ ഒരു ലക്ഷം കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ 2000 അമ്മമാർക്കാണ് മരണം സംഭവിച്ചിരുന്നത്. പക്ഷേ ഇന്ന് ആ നിരക്ക് ഒരു ലക്ഷത്തിൽ 19 ആയി ചുരുങ്ങിയിരിക്കുന്നു. പ്രസവത്തെ തുടർന്ന് ഒരു അമ്മ പോലും മരിക്കാൻ പാടില്ല എന്നതാണ് വസ്തുത. കേരളത്തിന്റെ കാര്യത്തിൽ പ്രസവത്തെ തുടർന്നുള്ള അമ്മമാരുടെ മരണനിരക്കിൽ ഗണ്യമായ കുറവ് ഉണ്ടാകാനുള്ള ഒരു പ്രധാനകാരണം ഇവിടെ പ്രസവം ആശുപത്രിയിൽ നടക്കുന്നു എന്നതുകൊണ്ടാണ്

ഗർഭം, പ്രസവം എന്നൊക്കെയുള്ളത് ഒരു സ്വാഭാവികമായ ശാരീരികപ്രക്രിയയാണ്. എന്നാൽ അത് അത്രത്തോളം ലളിതമായി കണക്കാക്കാൻ സാധിക്കില്ല. പ്രസവസമയത്ത് എപ്പോൾ വേണമെങ്കിലും ഏതു തരത്തിലുള്ള സങ്കീർണ്ണതകളും ഉണ്ടാകാം. അത് മുൻകൂട്ടി പ്രവചിക്കാൻ സാധിക്കില്ല. അമിതമായ രക്തസ്രാവം, കുഞ്ഞിന് ഉണ്ടാകുന്ന ഹൃദയമിടിപ്പിലെ വ്യതിയാനം, പ്രസവത്തിൽ ഉണ്ടാകുന്ന അമിതമായ കാലവിളംബം... ഇതൊക്കെ സാധാരണയായി കണ്ടുവരുന്ന സങ്കീർണ്ണതകളാണ്. ഇവയൊക്കെ കണ്ടുപിടിക്കാനുള്ള സംവിധാനങ്ങളും ഉപകരണങ്ങളും ഇത്തരത്തിലുള്ള സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ നൈപുണ്യം നേടിയ ആരോഗ്യപ്രവർത്തകരും ഉണ്ടെങ്കിൽ മാത്രമേ അമ്മയ്ക്കും കുഞ്ഞിനും അപകടഘട്ടം തരണം ചെയ്യാൻ സാധിക്കുകയുള്ളൂ.

വീട്ടിൽ പ്രസവിക്കുന്ന ഒരു സ്ത്രീയ്ക്ക് ഇത്തരത്തിലുള്ള ഒരു ശുശ്രൂഷ ലഭിക്കില്ല എന്നത് നമുക്ക് ഊഹിക്കാവുന്ന കാര്യമാണല്ലോ. തികച്ചും അപ്രതീക്ഷമായിട്ടാവും രക്തസ്രാവം തുടങ്ങുന്നത്. വീട്ടിൽനിന്ന് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും അമ്മയുടെ രക്തമെല്ലാം വാർന്നൊഴുകി ജീവനുതന്നെ അപകടം സംഭവിക്കാം. പ്രസവവേദന തുടങ്ങിയാൽ, കുഞ്ഞിന്റെ ഹൃദയമിടിപ്പിന് പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. പ്രസവം നീണ്ടുപോയാൽ കുഞ്ഞിന്റെ തലയിലേക്കുള്ള രക്തയോട്ടത്തിന് കുറവുവന്ന് ബുദ്ധിമാന്ദ്യം സംഭവിക്കാം. ഇത് യഥാസമയം കണ്ടുപിടിച്ചു ഉടനടി പരിഹാരം നിർദേശിക്കാൻ ഈ ശാസ്ത്രം അറിയുന്നവരും, അതിനുവേണ്ട ഉപകരണങ്ങളും ഉണ്ടാവണം.

കേരളത്തിലെ ആരോഗ്യപ്രവർത്തകരുടെ കൂട്ടായ പരിശ്രമത്താലാണ് മാതൃ-നവജാതശിശു മരണനിരക്ക് വളരെയധികം കുറയ്ക്കാൻ സാധിക്കുന്നത്. ഇത്തരത്തിലൊക്കെ ആരോഗ്യപ്രവർത്തകരുടെയും സർക്കാരിന്റെയും ഭാഗത്തുനിന്നും മികച്ച രീതിയിലുള്ള പ്രവർത്തനം നടക്കുമ്പോൾ അതിനു വിപരീതമായിട്ടാണ് അനാരോഗ്യപരമായി വീടുകളിൽ പ്രസവം നടത്തുന്നത്. അതുകൊണ്ട് ഇത്തരത്തിലുള്ള അശാസ്ത്രീയരീതികളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ മനസ്സിലാക്കാതെ പ്രവർത്തിക്കുകയാണെങ്കിൽ ജീവന് തന്നെ ഭീഷണിയാകും എന്ന് മനസ്സിലാക്കുക.

പ്രസവം വളരെ ലളിതമാണെന്ന് നമ്മൾ വിചാരിക്കുന്നതിലാണ് തെറ്റ്. പ്രസവങ്ങൾ സുരക്ഷിതമായി നടക്കുകയും അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അത് പ്രസവങ്ങൾ ആശുപത്രിയിൽ നടക്കുന്നതുകൊണ്ട് മാത്രമാണ്. പ്രസവം എന്നത് ഏതുസമയത്തും പ്രശ്‌നങ്ങൾ ഉണ്ടാകാവുന്ന ഒരു പ്രക്രിയയാണ്. യഥാസമയം അത് വേണ്ടപോലെ നേരിടാനുള്ള സംവിധാനമില്ലെങ്കിൽ അമ്മയേയോ കുഞ്ഞിനെയോ രണ്ടുപേരെയുമോ നമുക്ക് നഷ്ടപ്പെടാം. വീട്ടിൽ പ്രസവിക്കുന്ന മാർഗം തിരഞ്ഞെടുക്കുന്നതുവഴി ഈ അപകടം നാം വിളിച്ചുവരുത്തുകയാണ്.

(പട്ടം എസ്.യു.ടി ആസ്പത്രിയിലെ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റാണ് ലേഖിക)

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: the risks behind home deliveries and why hospital deliveries are crucial for maternal and newborn health