മൈഗ്രോഗ്രീന്‍സ് കൊളസ്‌ട്രോളും രക്തസമ്മര്‍ദ്ദവും കുറയ്ക്കും, വൃക്കരോഗങ്ങളുള്ളവര്‍ ഒഴിവാക്കണം

മുളപ്പിച്ച ചെറുപയറും മറ്റ് ധാന്യങ്ങളും മലയാളികള്‍ ഇപ്പോള്‍ സാധാരണയായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവയാണ്. ഇവയെ നാലോ അഞ്ചോ ദിവസം കൂടി വളരാനനുവദിച്ചാല്‍ രണ്ട് കുഞ്ഞിലകള്‍ കൂടിവളര്‍ന്ന് അതൊരു തൈയാവും. രണ്ട് ബീജപത്രങ്ങളും രണ്ടിലകളും കൂടിയ കുഞ്ഞിത്തൈ ഈ പരുവത്തില്‍ തന്നെ പറിച്ചെടുത്ത് ഭക്ഷണത്തിന് ഉപയോഗിക്കാം. ഇവയാണ് മൈക്രോഗ്രീനുകള്‍. പറഞ്ഞാല്‍ തീരാത്ത അത്രയും ഗുണങ്ങളുണ്ട് ഇതിന്.
വീട്ടില്‍ വളര്‍ത്താം
നെല്ല്, ചോളം, തിന, പയര്‍വര്‍ഗങ്ങള്‍, കടുക്, ഉലുവ, ചീര എന്നിവയെല്ലാം മൈക്രോഗ്രീനായി വളര്‍ത്താം. 60 ല്‍ അധികം മൈക്രോഗ്രീന്‍ വര്‍ഗ്ഗങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. പത്തു മുതല്‍ 15 ദിവസം വരെയാണ് മൈക്രോഗ്രീനുകളുടെ വളര്‍ച്ചാ കാലഘട്ടം. ട്രേയില്‍ ഇഴയകലമുള്ള തുണിയോ ചകിരിച്ചോറോ ടിഷ്യുപേപ്പര്‍ ലെയറായി വെച്ചോ വിത്തുകള്‍ പാകാം. വിത്തുകള്‍ കുതിര്‍ത്ത് മുളവന്ന ശേഷം നടുന്നതും നല്ലതാണ്. സൂര്യപ്രകാശം നേരിട്ട് തട്ടാതെ എന്നാല്‍ വെളിച്ചമുള്ളിടത്തു വേണം ഇവ വളര്‍ത്താന്‍. എപ്പോഴും ഈര്‍പ്പമുണ്ടാകണം.
ഗുണങ്ങള്‍
1. പോഷകാംശത്തിന്റെ അളവ് സാധാരണ പച്ചക്കറികളിലുള്ളതിനേക്കാള്‍ നാലിരട്ടിയുണ്ട്
2. നാരുകളാല്‍ സമ്പന്നമാണ് മൈക്രോഗ്രീനുകള്‍. മലബന്ധം, മറ്റ് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കാന്‍ മൈക്രോഗ്രീന്‍ ശീലമാക്കാം.
3. വിറ്റമിന്‍ കെ ധാരാളമുള്ളതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
4. ആന്റിഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയതിനാല്‍ മോശം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
5. ഇതിലടങ്ങിയ ആന്റി ഓക്‌സിഡന്റുകളായ പോളിഫിനോള്‍സ് ഹൃദയ രോഗങ്ങളെ തടയാന്‍ സഹായിക്കും. ഒപ്പം അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങളെയും തടയും. കാന്‍സര്‍ സാധ്യതകുറയ്ക്കാനും മൈക്രോഗ്രീന്‍സ് ശീലമാക്കാം.
6. ഇതിലെ പ്രോട്ടീന്‍ ശരീരത്തിന് വേഗത്തില്‍ ആഗിരണം ചെയ്യാന്‍ കഴിയുന്ന രൂപത്തിലായിരിക്കും. അതിനാല്‍ കുട്ടികള്‍ക്ക് മികച്ച ഭക്ഷണമാണ്.
7. പോട്ടാസ്യം, കാല്‍സ്യം എന്നിവയാല്‍ സമൃദ്ധമാണ് മൈക്രോഗ്രീനുകള്‍.
8. ഇതിന്റെ പ്രോബയോട്ടിക്ക് ഗുണങ്ങള്‍ മനുഷ്യശരീരത്തിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ സഹായിക്കുന്നു.
9. വിത്തുകള്‍ക്കനുസരിച്ച് പോഷകഗുണങ്ങളിലും വ്യത്യാസമുണ്ട്. റെഡ്കാബേജില്‍ വിറ്റമിന്‍ സി ധാരാളമുണ്ട്. സണ്‍ഫ്‌ളവര്‍ സീഡില്‍ മാംഗനീസും ബി വിറ്റമിനുകളും ധാരാളം.
എങ്ങനെ ഉപയോഗിക്കാം
- ഇലക്കറി വിഭവങ്ങളായും ജൂസ്, സ്മൂത്തി, സാന്‍ഡ്‌വിച്ച് എന്നിങ്ങനെയും സാലഡുകളായുമെല്ലാം മൈക്രോ ഗ്രീന്‍ ഉപയോഗിക്കാം.
- ദിവസേന 25-50 ഗ്രാം മൈക്രോഗ്രീന്‍ ഒരാള്‍ക്ക് കഴിക്കാം
- പച്ചക്കറികള്‍ കഴിക്കാന്‍ വിമുഖതയുള്ള കുട്ടികള്‍ക്ക് ഇവ സാലഡായും ദോശ, ഓംലെറ്റ് എന്നിവയില്‍ മിക്‌സ് ചെയ്തും മറ്റും നല്‍കാം.
- കോസ്‌മെറ്റിക്ക് രംഗത്തും മൈക്രോഗ്രീനുകളുണ്ട്. മൈക്രോഗ്രീന്‍ പൗഡറും ലഭ്യമാണ്.
ശ്രദ്ധിക്കാന്‍
- വൃക്കസംബന്ധമായ അസുഖങ്ങളുള്ളവര്‍ മൈക്രോഗ്രീന്‍സ് ഒഴിവാക്കുന്നതാണ് നല്ലത്.
- വിളവെടുത്ത് പത്ത് ദിവസത്തിനുള്ളില്‍ ഇവ ഉപയോഗിക്കണം. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ് നല്ലത്.
- ബാക്ടീരിയ പോലുള്ള അണുബാധകള്‍ക്ക് സാധ്യതയുള്ളതിനാല്‍ വൃത്തിയുള്ള പഴകാത്ത മൈക്രോഗ്രീന്‍സ് മാത്രം ഭക്ഷിക്കാനായി ഉപയോഗിക്കാം.
തയ്യാറാക്കിയത്:
രഹ്ന രാജന്‍
സീനിയര്‍ ക്ലിനിക്കല്‍ ഡയറ്റീഷന്‍
ആസ്റ്റര്‍ മെഡ്‌സിറ്റി, കൊച്ചി
Content Highlights: health benefits of microgreens and how to use it