ബെക്കാമും ബെര്‍ഗ്മാനും പക്ഷികളെ പേടിച്ചതെന്തിന്?

പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

പ്രശാന്തമായ അന്തരീക്ഷത്തില്‍ പക്ഷികളുടെ പാട്ട് കേട്ട് ഉറക്കമുണരാന്‍ ആഗ്രഹിക്കാത്തവരുണ്ടോ. കുയിലിന്റെ പാട്ടും കരിയിലക്കിളികളുടെ കലപിലയും മൈനയുടെ കലമ്പലും എന്നുവേണ്ട പക്ഷികളോരോന്നിന്റെയും ശബ്ദത്തിന് അതിന്റേതായ ഇമ്പമുണ്ട്. ഗ്രാമജീവിതത്തിന്റെ ചേരുവകളില്‍ തോട്ടുവെള്ളത്തിന്റെ ശബ്ദമെന്നപോലെ പ്രധാനമാണ് പക്ഷികളുടെ കരച്ചിലും. പക്ഷേ, പക്ഷികളെയും അവയുടെ ശബ്ദത്തെയും പേടിയുള്ളവരുമുണ്ട്. പക്ഷികളെ പ്രതിയുള്ള ഈ പേടിക്ക് ഒരു പേരുമുണ്ട്- ഓര്‍ണിത്തോ ഫോബിയ.

ഈ ഫോബിയ ഉള്ളവര്‍ ഭൂതപ്രേതങ്ങളെയെന്നപോലെ പക്ഷികളെയും പേടിക്കും. കിളികളെ കാണുന്നതും അവയെപ്പറ്റി ചിന്തിക്കുന്നതുപോലും ഇക്കൂട്ടരെ ഭയപ്പെടുത്തും. ഏതെങ്കിലുമൊരു പക്ഷിയെങ്ങാനും മുന്നില്‍ വന്നാല്‍ ഇവരുടെ ചങ്കിടിപ്പുയരും ശരീരം വിയര്‍ക്കും കൈകാലുകള്‍ വിറയ്ക്കും. നിന്നനില്‍പ്പില്‍ കുഴഞ്ഞ് താഴെവീഴുമെന്നുപോലും തോന്നും. നിയന്ത്രിക്കാനാകാത്ത വിധത്തില്‍ ഈ ഫോബിയയുള്ളവര്‍ പക്ഷികളെ പേടിച്ച് പുറത്തിറങ്ങാനും മടിക്കും.

കുട്ടിക്കാലത്ത് പക്ഷികളില്‍ നിന്നുണ്ടായ ആക്രമണങ്ങളോ, ചില സ്വപ്‌നങ്ങളോ, പക്ഷികളെ പറ്റി കേട്ട ഭയപ്പെടുത്തുന്ന കഥകളോ ഒക്കെ ഈ പക്ഷിപ്പേടിക്ക് കാരണമായേക്കാം. ഹോളിവുഡ് നടി സ്‌കാര്‍ലെറ്റ് ജോണ്‍സണ്‍ ഉള്‍പ്പെടെ നിരവധി പ്രശസ്തര്‍ ഓര്‍ണിത്തോഫോബിയ ഉള്ളവരാണ്. “പക്ഷികളെ എനിക്ക് ഭയമാണ്. അവരുടെ ചിറകടിയും കൂര്‍ത്ത കൊക്കും എന്റെ സ്വാസ്ഥ്യംകെടുത്തും. ചില സിനിമകളില്‍ കഥാപാത്രങ്ങള്‍ക്ക് പക്ഷികളുമായി ഇടപഴകേണ്ടി വരാറുണ്ട്. പക്ഷികള്‍ അടുത്തെങ്ങാനും വന്നാല്‍ത്തന്നെ എന്റെ സമാധാനം നഷ്ടപ്പെടും. കൂട്ടത്തില്‍ മയിലിനെയാണ് എനിക്കേറ്റവും പേടി.’’ ഈ പക്ഷിപ്പേടി തന്റെ അമ്മാവനില്‍ നിന്ന് പാരമ്പര്യമായി പകര്‍ന്നുകിട്ടിയതാണെന്നും അവര്‍ പറയുന്നു.

അമേരിക്കന്‍ ഗായിക ഒലീവിയ റൊഡ്‌റിഗോയുടെ പക്ഷിപ്പേടിയും പ്രശസ്തമാണ്. “നിങ്ങള്‍ക്ക് പക്ഷികളെ പേടിയില്ലെങ്കില്‍ അന്യഗ്രഹ ജീവികളെയും പേടിയുണ്ടാകില്ല.’’ ഒലീവിയ പറയുന്നു. നടി ലുസീല്‍ ബോളിനും പക്ഷികളോട് കഠിനമായ അകല്‍ച്ചയുണ്ടായിരുന്നു. പക്ഷേ, അവരുടെ പേടിക്ക് വ്യക്തമായൊരു കാരണമുണ്ട്. ഒരു ദിവസം ഉറക്കമുണര്‍ന്നപ്പോള്‍ ബാല്‍ക്കണിയില്‍ അവര്‍ ഒരുപറ്റം കിളികളെ കണ്ടു. അതേ പുലരിയില്‍ത്തന്നെയാണ് അവരുടെ അച്ഛന്‍ മരിച്ചതും. പിന്നേക്കുള്ള ജീവിതത്തില്‍ അവര്‍ പക്ഷികളില്‍ നിന്ന് അകലംപാലിച്ചു.

വിഖ്യാത ചലച്ചിത്രകാരന്‍ ഇഗ്മര്‍ ബെര്‍ഗ്മാന്റെ പക്ഷിപ്പേടിയും പ്രശസ്തമാണ്. പതിവായി സ്വപ്‌നത്തില്‍ പച്ച നിറമുള്ള കൂറ്റന്‍ പക്ഷിയെ കണ്ടിരുന്നതായി ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. തന്റെ മരിച്ചുപോയ ഭാര്യ സ്വപ്‌നത്തിലൂടെ കൈമാറിയ സന്ദേശമായാണ് അദ്ദേഹം അതിനെ വ്യാഖ്യാനിച്ചത്. ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമിനും ഈ ഫോബിയയുണ്ട്.

ഈ ഫോബിയ പരിധിവിടുകയും നിത്യജീവിതത്തെ ബാധിക്കുകയും ചെയ്താല്‍ ചികിത്സ തേടേണ്ടതുണ്ട്. ഏത് ഭയത്തെയും മറികടക്കാനുള്ള വഴി അതേ ഭയത്തെ അഭിമുഖീകരിക്കുക എന്നതാണെന്ന് പറയാറുണ്ട്. ഇത് ഓര്‍ണിത്തോഫോബിയയുടെ കാര്യത്തിലും ഒരു പരിധിവരെ ശരിയാണ്. പക്ഷികളുടെ ചിത്രങ്ങള്‍ പതിവായി നിരീക്ഷിച്ചും അവയുടെ വീഡിയോകള്‍ കണ്ടും പക്ഷിനിരീക്ഷണം ഹോബിയാക്കിയുമൊക്കെ ഈ ഭയത്തെ അകറ്റിനിര്‍ത്താം.

Content Highlights: Ornithophobia, the fear of birds, affects many. Learn about its causes, symptoms, and how to manage it.