സ്ഥിരമായി ഇയര്‍ഫോണുകള്‍ ഉപയോഗിക്കുന്നവരാണോ? അറിഞ്ഞിരിക്കണം 60/60 റൂള്‍

പ്രതീകാത്മക ചിത്രം / ഫോട്ടോ; shutterstock
പ്രതീകാത്മക ചിത്രം / ഫോട്ടോ; shutterstock

ഇയര്‍ഫോണുകളും, ഇയര്‍ബഡ്ഡുകളും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. അതില്ലാതെ ഒരു ദിവസം പോലും കടന്നു പോവില്ല എന്ന അവസ്ഥ വന്നെത്തിയിരിക്കുന്നു. പൊതുസ്ഥലങ്ങള്‍, ഓഫീസുകള്‍, വീടുകള്‍ അങ്ങനെ എല്ലായിടത്തും ഹെഡ്‌ഫോണുകൾ, ഇയര്‍പ്ലഗുകള്‍, ഇയര്‍പോഡുകള്‍ എന്നിവയുടെ ഉപയോഗം ഗണ്യമായി വര്‍ധിച്ചു. ഇയര്‍ഫോണുകള്‍ കാതില്‍ തിരുകി കമ്പ്യൂട്ടറില്‍ തിരക്കുപിടിച്ച ജോലി ചെയ്യുന്നവരാണ് 90 ശതമാനം ആളുകളും. സദാ സമയവും ചെവിക്കുളളിലിരിക്കുന്ന ഇയര്‍ഫോണുകള്‍ ചെവിയിൽ അണുബാധ ഉണ്ടാക്കാനുളള സാധ്യതകള്‍ ഏറെയാണ്.

അടുത്തിടെ ഡല്‍ഹിയില്‍ ഒരു യുവതി എട്ട് മണിക്കൂര്‍ തുടര്‍ച്ചയായി എയര്‍പോഡുകൾ ഉപയോഗിച്ചതിന് ശേഷം ചെറുതായ കേൾവിക്കുറവ്(ഹിയറിങ്ലോസ്) അനുഭവപ്പെട്ടെന്ന് പറയുന്നു.
ദീര്‍ഘസമയത്തേക്ക് ഇയര്‍ഫോണുകൾ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ? ഇവ ഉപയോഗിച്ച് പാട്ടുകേള്‍ക്കുന്നത് ചില സാഹചര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കാമെങ്കിലും ഒരുപാട് നേരം ഉയര്‍ന്ന ശബ്ദത്തില്‍ കേള്‍ക്കുന്നത് നല്ലതല്ല. ചെവിക്കുളളിലെ വാക്‌സ് ചെവിക്ക് സംരക്ഷണം നല്‍കുന്നു. അമിതമായ ഇയര്‍ഫോണ്‍ ഉപയോഗം മൂലം ഈ വാക്‌സ് അകത്തേക്ക് തള്ളപ്പെടുകയും ചെവിയുടെ ഉള്‍ഭാഗം വരണ്ട് പോവുകയും ചെയ്യുന്നു. ഇതിനു പരിഹാരം '60/60 റൂള്‍' ആണ്. ഒരു തവണ 60 മിനിറ്റില്‍ കൂടാതെ 60 ശതമാനം ശബ്ദത്തില്‍ മാത്രം ഇയര്‍ഫോണുകള്‍ ഉപയോഗിക്കാം.

ആഹാരക്രമം പോലെ ഇയര്‍ബഡ് എറ്റിക്കറ്റുകള്‍

  • 30 മുതല്‍ 60 മിനിറ്റ് വരെ കേട്ടശേഷം 5-10 മിനിറ്റ് ഇടവേള എടുക്കുക, ഇയര്‍ഡ്രമ്മിന് വിശ്രമിക്കാന്‍ സമയം നല്‍കാം.
  • ഇയര്‍ബഡ്ഡുകള്‍ വൃത്തിയായി സൂക്ഷിക്കുക. (സോഫ്റ്റ് ബ്രഷുകള്‍ ഉപയോഗിച്ച് ബ്രഷ് ചെയ്യാം, പുറംഭാഗം തുടച്ചു വൃത്തിയാക്കാം)
  • ചെവിക്കുളളിലേക്ക് ഇറക്കി വെയ്ക്കാത്ത ഹെഡ് സെറ്റുകളാണ് ചെവിയുടെ ആരോഗ്യത്തിന് താരതമ്യേന നല്ലത്.
  • ഇയര്‍ബഡ്ഡുകളുടെ ശബ്ദം കുറച്ച് കേള്‍ക്കാന്‍ ശ്രമിക്കുക
  • അവയുടെ ഉപയോഗം കുറയ്ക്കാന്‍ ശീലിക്കാം.

കേള്‍ക്കുമ്പോള്‍ നിസ്സാരമായി തോന്നാമെങ്കിലും ഈ ശീലങ്ങള്‍ നിങ്ങളുടെ ചെവിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. അമിതമായ ഇയര്‍ഫോണ്‍ ഉപയോഗം നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്.

(പൊതുവായ നിർദേശങ്ങൾ മാത്രമാണിവ, ആരോഗ്യവിദഗ്ധന്റെ നിർദേശത്തോടെ മാത്രം മുന്നോട്ടുപോവുക)

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Protect your hearing! Learn how to use earphones safely with the 60/60 rule and other essential tips for healthy listening habits.