കുട്ടി നടക്കാനും സംസാരിക്കാനും വൈകുന്നത്, സെറിബ്രല്‍ പാള്‍സിയുടെ ലക്ഷണമോ?

സെറിബ്രല്‍ പാള്‍സി എന്നാല്‍ എന്താണ്?
വളരുന്ന കുട്ടിയുടെ തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിന് തടസ്സം വരുമ്പോള്‍ അതിന്റെ സെല്ലുകള്‍ക്ക് കേടുപറ്റുന്നു. കേടുപറ്റിയ സെല്ലുകള്‍ക്ക് കൈ, കാല്‍, മുഖം, കാഴ്ച, കേള്‍വി എന്നിവയുടെ നിയന്ത്രണം പറ്റാതെ വരുന്നു. സെല്ലുകള്‍ക്ക് പറ്റിയിട്ടുള്ള കേടുപാടുകളുടെ കാഠിന്യം അനുസരിച്ചും, സന്തുലിതാവസ്ഥ നഷ്ടപ്പെട്ടിട്ടുള്ള അവയവങ്ങളുടെ ബുദ്ധിമുട്ടുകള്‍ അനുസരിച്ചും, ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ ഓരോ കുട്ടിയിലും വ്യത്യസ്തമായിരിക്കും. അതുകൊണ്ടുതന്നെ സെറിബ്രല്‍ പാള്‍സിയുടെ ചികിത്സ, പരിശോധനയ്ക്കുശേഷം മാത്രമേ നിര്‍ണ്ണയിക്കാനാവൂ.
മുഖ്യ കാരണങ്ങളെന്തൊക്കെ?
- ഗര്‍ഭാവസ്ഥയില്‍ വരുന്ന അസുഖം (പഴുപ്പ്, പനി)
- മാസം തികയാതെ ജനിച്ച കുട്ടി
- കുട്ടി മഷി വിഴുങ്ങുക / ശ്വാസതടസ്സം നേരിടുക
- ജനനത്തിനുശേഷം കുട്ടി കരയാന്‍ വൈകുക
- നവജാതശിശുവിനു അപസ്മാരം / പഴുപ്പുണ്ടാകുക
- കുട്ടിയെ ഐ.സി.യു.വില്‍ പ്രാണവായുകൊടുത്ത് (വെന്റിലേറ്റര്‍) ചികിത്സിക്കേണ്ടി വരിക
രോഗലക്ഷണങ്ങള്‍
- ശരിയായ പ്രായത്തില്‍ കുട്ടിയുടെ കഴുത്തുറയ്ക്കുക, കമഴ്ന്നുവീഴുക, മുട്ടുകുത്തുക, നടക്കുക എന്നിവ ചെയ്യാതിരിക്കുക.
- കാഴ്ച / കേള്‍വിശക്തി കുറയുക
- സംസാരം വൈകുക
- അപസ്മാരം
- കൈ / കാലുകളിലെ പേശികളില്‍ മുറുക്കം കൂടുക
- ബുദ്ധിമാന്ദ്യം
- സന്ധികളില്‍ ചുരുക്കമുണ്ടാകുക (Joint Contracture)
- ഇടുപ്പിലെ സന്ധി തെറ്റുക (Hip Dislocation)
- നട്ടെല്ലില്‍ വളവ് (Scoliosis)
മുഖ്യമായുള്ള ചികിത്സകള്‍
സാധാരണയായി കാണുന്ന രോഗങ്ങളെ പോലെയല്ലാതെ, ഇതിന്റെ ചികിത്സയില്‍ മാതാപിതാക്കളുടെ സാന്നിധ്യവും, അവരുടെ ക്ഷമയും, ചികിത്സാവിധികളെ കുറിച്ച് അവരുടെ ധാരണയും ചികിത്സയുടെ വിജയത്തിന് സുപ്രധാനമാണ്.
- ഫിസിയോതെറാപ്പി / ഒക്കുപ്പേഷനല്‍ തെറാപ്പി
- പ്ലാസ്റ്റര്‍
- Alcohol / Botox (ബോടോക്‌സ്) ഇന്‍ജെക്ഷന്‍
- സ്പ്ലിന്റ് (ഷൂ)
- ഓപ്പറേഷന്‍
മേല്‍പ്പറഞ്ഞ ചികിത്സാരീതികളെല്ലാംതന്നെ കുട്ടികളുടെ നടത്തം, കൈയുടെ ഉപയോഗം എന്നിവയുടെ ബുദ്ധിമുട്ടുകള്‍ അകറ്റുവാന്‍ വേണ്ടിയുള്ളവയാണ്. ഇതല്ലാതെ സെറിബ്രല്‍ പാള്‍സിയുള്ള കുട്ടികള്‍ക്ക് മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടാകുവാനിടയുണ്ട്. അപസ്മാരം, കാഴ്ച, സംസാരം-കേള്‍വി, ഓട്ടിസം ആണ് ഇവയില്‍ ചിലത്. ഡോക്ടറുടെ നിര്‍ദേശംപോലെ അതിനുവേണ്ട ചികിത്സയും കൂടെ നടത്തിവരേണ്ടതാണ്.
മാതാപിതാക്കളെ അലട്ടുന്ന ചോദ്യങ്ങള്‍
എന്റെ കുട്ടി നടക്കാനും സംസാരിക്കാനും വൈകി. ഇതു സെറിബ്രല്‍ പാള്‍സിയാണോ?
ഒരു കുട്ടിക്ക് സെറിബ്രല്‍ പാള്‍സിയുണ്ടോ എന്ന് നിര്‍ണയിക്കുന്നത് വിശദമായ പരിശോധന നടത്തിയതിനുശേഷം മാത്രമാണ്. പരിശോധനയ്ക്കുശേഷം എക്‌സ്‌റേ, രക്തപരിശോധന, സ്‌കാന്‍ എന്നിവ വേണ്ടിവന്നേക്കാം. ചില കുട്ടികള്‍ നടക്കാനും, സംസാരിക്കാനും ചെറിയ ബുദ്ധിമുട്ടുകള്‍ നേരിടുമെങ്കിലും, അത് സെറിബ്രല്‍ പാല്‍സി ആവണമെന്നില്ല. ഒരു വിദഗ്ധപരിശോധന മൂലം മാത്രമേ ഇത് നിര്‍ണയിക്കാന്‍ കഴിയൂ.
എന്റെ കുട്ടിക്കു ബുദ്ധിമാന്ദ്യമാണോ?
നേരത്തെ സൂചിപ്പിച്ചതുപോലെ, പരിശോധന അനിവാര്യമാണ്. ഇത്തരം ബുദ്ധിമുട്ടുകള്‍ കുട്ടികള്‍ക്കുണ്ടെങ്കില്‍ പീഡിയാട്രിക് ഓര്‍ത്തോ അല്ലെങ്കില്‍ പീഡിയാട്രിക് ന്യൂറോ പരിശോധനയ്ക്ക് കുട്ടിയെ വിധേയമാക്കുന്നതു നന്നായിരിക്കും.
കേള്‍വിശക്തിയെയും കാഴ്ചശക്തിയെയും സെറിബ്രല്‍ പാള്‍സി ബാധിക്കുമോ?
സെറിബ്രല്‍ പാള്‍സി തലച്ചോറിനെ ബാധിക്കുന്ന ഒരു അസുഖമാണ്. തലച്ചോറിന്റെ നിയന്ത്രണത്തിലുള്ള എല്ലാ അവയവങ്ങളിലും സെറിബ്രല്‍ പാല്‍സി കാരണം ബുദ്ധിമുട്ടുണ്ടായേക്കാം. ചില കുട്ടികളില്‍ കോങ്കണ്ണ്, റെറ്റിനയുടെ ശേഷിക്കുറവ്, തലച്ചോറിലെ കാഴ്ച നിയന്ത്രിക്കുന്ന സെല്ലുകളുടെ കേട് എന്നിവ ഉണ്ടായേക്കാം. ഇതുപോലെ തന്നെ കേള്‍വിയെയും സെറിബ്രല്‍ പാള്‍സി പല തലങ്ങളില്‍ ബാധിക്കാനിടയുണ്ട്.
സെറിബ്രല്‍ പാള്‍സി ഒരു മാറാരോഗമാണോ?
മരുന്നുകൊണ്ട് പൂര്‍ണ്ണമായും മാറ്റുവാന്‍ കഴിയുകയില്ല. കുട്ടി വളരുമ്പോള്‍ എല്ല്, പേശികള്‍, ഞരമ്പുകള്‍ എന്നിവ നീളംവയ്ക്കുന്നു. ശരിയായ ചികിത്സ, തെറാപ്പി എന്നിവയില്ലെങ്കില്‍ കുട്ടിയുടെ കൈകാലുകളില്‍ വൈകല്യങ്ങളുണ്ടാകാന്‍ സാധ്യത ഏറെയാണ്. ഇക്കാരണം കൊണ്ടുതന്നെ സെറിബ്രല്‍ പാള്‍സിയുടെ ചികിത്സ കുട്ടിക്ക് പ്രായപൂര്‍ത്തിയാകുന്നതുവരെ തുടരണം. ഒരുതരത്തില്‍ പറഞ്ഞാല്‍ സെറിബ്രല്‍ പാള്‍സിയുടെ മൂലകാരണം മാറ്റാന്‍ പറ്റില്ലെങ്കിലും, പിന്നീടുണ്ടാകുന്ന വൈകല്യങ്ങള്‍ തീര്‍ച്ചയായും നിയന്ത്രിക്കാവുന്നതാണ്.
എത്ര കാലം കുട്ടിയുടെ ചികിത്സ നീണ്ടുനില്‍ക്കും?
ഈ അസുഖം ബാധിച്ച ഓരോ കുട്ടിക്കും ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ വേറിട്ടതാണ്. ചികിത്സാരീതികളും, ദൈര്‍ഘ്യവും, ഫലവും ഇതനുസരിച്ചിരിക്കും. പീഡിയാട്രിക് ഓര്‍ത്തോ, ന്യൂറോ, പീഡിയാട്രിക് മെഡിസിന്‍, ഡെന്റല്‍, കണ്ണ്, ഇ.എന്‍.ടി, ഫിസിയോതെറാപ്പി, ഒക്കുപ്പേഷണല്‍ തെറാപ്പി, സ്പീച്ച് തെറാപ്പി എന്നീ വിഭാഗത്തിലെ വിദഗ്ധരുടെ സംഘടിതമായ ചികിത്സ മാത്രമേ സെറിബ്രല്‍ പാള്‍സിയില്‍ ഉപയോഗപ്രദമാവുകയുള്ളൂ.
കുട്ടിക്ക് സെറിബ്രല്‍ പാള്‍സിക്കൊപ്പം അപസ്മാരമുണ്ട്. അതിന്റെ ചികിത്സ തുടരണോ?
തലച്ചോറിന്റെ സെല്ലുകള്‍ക്കേറ്റ ക്ഷതം മൂലം അതില്‍ ഉണ്ടായിട്ടുള്ള തഴമ്പില്‍ നിന്നുമാണ് അപസ്മാരം ഉണ്ടാകുന്നത്. അപസ്മാരം സെറിബ്രല്‍ പാള്‍സിയുടെ ചികിത്സയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു തടസ്സമാണ്. സെറിബ്രല്‍ പാള്‍സിയുടെ ചികിത്സയ്ക്കിടയില്‍ അപസ്മാരം ഉണ്ടാകുന്നത് മൂലം ചികിത്സയുടെ ഫലം കുറയുകയാണ്. മാത്രമല്ല, ഓരോ പ്രാവശ്യവും അപസ്മാരം ഉണ്ടാകുമ്പോള്‍ തലച്ചോറിന്റെ ക്ഷതം വര്‍ധിക്കുകയും സെറിബ്രല്‍ പാള്‍സിയുടെ ചികിത്സ സങ്കീര്‍ണമാവുകയും ചെയുന്നു.
അപസ്മാരം ഇല്ലെങ്കിലും അതിനു മരുന്നുകഴിക്കണോ?
ചിലപ്പോള്‍ അപസ്മാരം ഉണ്ടാകുന്ന തലച്ചോറിലെ കറന്റ് തരംഗങ്ങള്‍ ഇ.ഇ.ജി.യില്‍ മാത്രം കണ്ടുപിടിക്കാന്‍ പറ്റുന്നവയാണ്. പ്രത്യക്ഷമായി അപസ്മാരം ഇല്ലാത്ത കുട്ടികള്‍ക്ക് പോലും ഇത്തരത്തിലുള്ള ഇ.ഇ.ജി മാറ്റങ്ങള്‍ ഉള്ളിലുണ്ടായിരിക്കാം. ഇത് ന്യൂറോ ഡോക്ടറുടെ പരിശോധയില്‍ മാത്രമേ കണ്ടുപിടിക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ അപസ്മാരത്തിന്റെ മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം തുടരേണ്ടതാണ്.
ഡോക്ടര്‍ എന്റെ കുട്ടിക്ക് സ്പ്ലിന്റ് (ഷൂ) തന്നു. ഇതെത്ര നേരം ഉപയോഗിക്കണം?
സ്പ്ലിന്റുകള്‍ സെറിബ്രല്‍ പാള്‍സിയില്‍ അമിതമായ മുറുക്കം കാരണം സന്ധികള്‍ക്കുണ്ടായേക്കാവുന്ന വൈകല്യങ്ങളെ തടയാന്‍ സഹായിക്കുന്നു. തെറാപ്പി ചെയ്യുന്ന സമയമല്ലാതെ സ്പ്ലിന്റുകള്‍ കാല്‍ / കൈയില്‍ ഡോക്ടറുടെ നിര്‍ദേശം പോലെ അണിയുന്നത് നല്ലതാണ്. രാത്രി സമയത്താണ് സ്പ്ലിന്റ് സുപ്രധാനം. ഉറങ്ങുമ്പോള്‍ പേശികള്‍ ഏറ്റവും അയഞ്ഞ അവസ്ഥയിലാണുണ്ടാകുക. അതുകൊണ്ടുതന്നെ സന്ധികളില്‍ വൈകല്യങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യതയും രാത്രിയില്‍ കൂടുതലാണ്. കുട്ടിയുടെ പേശികളിലുള്ള മുറുക്കം അനുസരിച്ച് സ്പ്ലിന്റ് ഉപയോഗിക്കുന്നതിന്റെ സമയം, ദൈര്‍ഘ്യം എന്നിവ ഡോക്ടര്‍ നിര്‍ണയിക്കുന്നു. ചികിത്സയിലുണ്ടാകുന്ന പുരോഗതിയനുസരിച്ച് ഇതില്‍ മാറ്റങ്ങളുമുണ്ടാകും. ചിലപ്പോള്‍ സ്പ്ലിന്റിന്റെ ഉപയോഗം തീര്‍ത്തും കുറയ്ക്കാന്‍ പറ്റി എന്ന് വരും.
സ്പ്ലിന്റ് ഉപയോഗിച്ചില്ലെങ്കില്‍ കുഴപ്പമുണ്ടോ?
പകല്‍സമയങ്ങളില്‍ തെറാപ്പി അല്ലെങ്കില്‍ മറ്റു വ്യായാമങ്ങളുള്ളതുകൊണ്ട് പേശികള്‍ ചുരുങ്ങാന്‍ സാധ്യത കുറവാണ്. പക്ഷേ രാത്രിയില്‍ ശരീരത്തിലെ പേശികള്‍ അയഞ്ഞിരിക്കുന്നതിനാല്‍ സന്ധികള്‍ക്ക് ചുരുക്കം ഉണ്ടാകാന്‍ സാധ്യതയുണ്ട്. രാവിലെ തെറാപ്പിയില്‍നിന്നും കിട്ടുന്ന ഗുണങ്ങള്‍ ഇതില്‍ നഷ്ടമാകും.
ഭാവിയില്‍ സ്പ്ലിന്റില്ലാതെ എന്റെ കുട്ടിക്ക് നടക്കാന്‍ പറ്റുമോ?
കുട്ടിയുടെ ചികിത്സയിലുള്ള പുരോഗതിയനുസരിച്ച് മാത്രമേ ഇത് നിശ്ചയിക്കാന്‍ പറ്റുകയുള്ളൂ. കുട്ടിക്ക് ശരീരഭാരം വൈകല്യങ്ങളില്ലാതെയും, സന്ധികളുടെ സ്ഥാനം തെറ്റാതെയും താങ്ങാനാവുന്ന ഒരു അവസ്ഥയിലേക്ക് ചികിത്സ പുരോഗമിക്കുമ്പോള്‍ സ്പ്ലിന്റില്ലാതെ കുട്ടിക്ക് നടക്കാന്‍ പറ്റും. നിര്‍ഭാഗ്യവശാല്‍ എല്ലാ കുട്ടികളും ഈ അവസ്ഥയില്‍ എത്തണമെന്നില്ല.
ബോടോക്‌സ് ഇഞ്ചെക്ഷന്‍ എന്നാലെന്ത്?
കുട്ടികളുടെ മുറുകിയ പേശികള്‍ക്ക് അയവ് വരുത്തുന്നതിന് ഉപയോഗിക്കുന്ന മരുന്നാണ് ബോടോക്‌സ്. സന്ധി ചുരുക്കം സംഭവിക്കുന്നതിനു മുന്നേ ഇതുപയോഗിക്കണം. ഇതു മൂലം ഫിസിയോതെറാപ്പി എളുപ്പമാകുന്നു.
ബോടോക്‌സ് കുട്ടിക്ക് ദോഷം ചെയ്യുമോ?
ഇല്ല, ഇതുകാരണം പാര്‍ശ്വഫലങ്ങള്‍ ഒന്നുംതന്നെ സാധാരണയായി ഉണ്ടാകാറില്ല. ഒരു ബോട്ടോക്‌സ് ഇഞ്ചെക്ഷന്‍ കൊണ്ട് കിട്ടുന്ന ഗുണം ഏകദേശം ആറുമാസം നീണ്ടുനില്‍ക്കും. ഈ ഇടവേളയില്‍ തെറാപ്പി സുഗമമായി ചെയ്യാന്‍ പറ്റും. തെറാപ്പി സമയത്ത് പേശിവലിവ് കാരണം കുട്ടിക്കുണ്ടാകുന്ന വേദന കുറയും. നടത്തം സുഗമമാകും. കൈയില്‍ പേശികളുടെ അയവുകാരണം സ്വാധീനം വര്‍ധിക്കുന്നു. കൈ ഉപയോഗിച്ചുള്ള സാധാരണപ്രവര്‍ത്തികളിലും, കൈ അക്ഷരത്തിലും പ്രത്യേകം പുരോഗതി കാണാന്‍ കഴിയും.
ആറുമാസത്തിനുശേഷം വീണ്ടും ആവശ്യം ഉണ്ടാകുമ്പോള്‍ ബോട്ടോക്‌സ് ഉപയോഗിക്കാവുന്നതാണ്. നിര്‍ഭാഗ്യവശാല്‍ ഓരോ തവണ ബോട്ടോക്‌സ് ഉപയോഗിക്കുമ്പോഴും അതില്‍നിന്ന് കിട്ടുന്ന ഗുണങ്ങള്‍ കുറയുന്നു. അതുകൊണ്ട് ആദ്യത്തെ പ്രാവശ്യം ബോട്ടോക്‌സ് കൊടുക്കുന്ന അവസരത്തില്‍ തെറാപ്പിയില്‍ വിട്ടുവീഴ്ച വരാതെ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
എന്റെ കുട്ടിക്ക് ഓപ്പറേഷന്‍ വേണ്ടിവരുമോ? ഓപ്പറേഷനുശേഷം കുട്ടികള്‍ നടക്കുന്നത് ഇല്ലാതാകും എന്ന് കേള്‍ക്കുന്നു. ഇതു ശരിയാണോ?
ഇത് തികച്ചും തെറ്റായ ധാരണയാണ്. കുട്ടിയുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി, പരിശോധനയ്ക്കു വിധേയമാക്കി, എക്‌സ്‌റേ, സ്‌കാന്‍, gait-analysis അഥവാ നടത്തത്തിന്റെ വീഡിയോ റെക്കോര്‍ഡിങ്ങ് എന്നിവ ചെയ്തതിനുശേഷം മാത്രമാണ് കുട്ടിയുടെ ഓപ്പറേഷന്‍ നിര്‍ണയിക്കുന്നത്.
അതിനുശേഷം കുട്ടിക്ക് മറ്റ് കുട്ടികളെ പോലെ നടക്കാന്‍ പറ്റുമോ?
നിര്‍ഭാഗ്യവശാല്‍, തലച്ചോറിലെ സെല്ലുകള്‍ക്കുണ്ടായ കേട് മാറ്റാനുള്ള സാങ്കേതികവിദ്യ ഇപ്പോള്‍ ലഭ്യമല്ല. ഓപ്പറേഷന്‍ ചെയ്യുമ്പോള്‍ കാലിലെ അല്ലെങ്കില്‍ കൈയിലെ പേശികളുടെയും, സന്ധികളുടെയും മുറുക്കം കുറയ്ക്കുക എന്ന ലക്ഷ്യമാണ് മുന്നില്‍ കാണുന്നത്. ഇതുവഴി തെറാപ്പി സുഗമമാക്കാനും, കുട്ടിക്ക് നടക്കുമ്പോള്‍ അല്ലെങ്കില്‍ കൈ ഉപയോഗിക്കുമ്പോള്‍ സന്ധികള്‍ സന്തുലിതമായ അവസ്ഥയില്‍ സ്ഥിരമായി ഉറപ്പിക്കാനും സാധിക്കുന്നു.
സാധാരണയായി ഓപ്പറേഷനുശേഷം കുട്ടിക്ക് മറ്റു കുട്ടികളെ പോലെ അല്ലെങ്കിലും തന്റെ പൂര്‍വസ്ഥിതിയില്‍ നിന്ന് കാര്യമായ മെച്ചം ലഭിക്കുന്നു. ഓരോ കുട്ടിക്കും കിട്ടുന്ന മെച്ചം ആ കുട്ടിയുടെ തലച്ചോറിലെ ക്ഷതത്തിന്റെ ആഴം അനുസരിച്ചിരിക്കും.
ഓപ്പറേഷന്‍ ചെയ്തതുകൊണ്ട് കുട്ടിക്ക് ഫിസിയൊതെറപ്പി, സ്പ്ലിന്റ് എന്നിവ ഇല്ലാതിരിക്കാന്‍ പറ്റുമോ?
നേരത്തെ സൂചിപ്പിച്ചപോലെ, ഓപ്പറേഷന്‍ സന്ധികളെ സന്തുലിതമായ അവസ്ഥയില്‍ കൊണ്ടുവരാനും, പേശികള്‍ക്ക് അയവുണ്ടാക്കാനും വേണ്ടിയാണ് ചെയ്യുന്നത്. വളരുന്ന കുട്ടികളില്‍, എല്ലുകള്‍ക്ക് നീളം വയ്ക്കുമ്പോള്‍ പേശിമുറുക്കം വീണ്ടും വരാന്‍ സാധ്യതയുണ്ട്. ഇത് തടയാന്‍ തെറാപ്പിയും സ്പ്ലിന്റും അത്യാവശ്യമാണ്. കൂടാതെ ഓപ്പറേഷന് തൊട്ടുപിന്നാലെ തെറാപ്പി സുപ്രധാനമാണ്. തെറാപ്പി ഇല്ലാതെ ഓപ്പറേഷന്‍കൊണ്ടു ഉദ്ദേശിച്ചിട്ടുള്ള ഫലങ്ങള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. തെറാപ്പിയിലൂടെ മാത്രമേ കുട്ടികളുടെ പേശികള്‍ക്ക് ബലം വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളൂ.
ഓപ്പറേഷന്‍ ചെയ്യാതിരുന്നാല്‍ കുട്ടിക്ക് കുഴപ്പം ഉണ്ടാകുമോ?
രോഗത്തിന്റെ ഓരോ അവസ്ഥയില്‍ വേണ്ടിവരുന്ന ചികിത്സയുടെ സങ്കീര്‍ണ്ണത കൂടുന്നു. തെറാപ്പിയില്‍ പുരോഗതിയില്ലാതെ വരുന്ന ഒരു അവസ്ഥയിലാണ് ഓപ്പറേഷന്‍ നിര്‍ണ്ണയിക്കപ്പെടുന്നത്. കുട്ടിക്ക് ഓപ്പറേഷന്‍ ഒഴിവാക്കാന്‍ മാതാപിതാക്കളുടെ തിടുക്കം മനസ്സിലാക്കാവുന്നതാണെങ്കിലും, ഡോക്ടര്‍ സൂചിപ്പിക്കുന്ന ഘട്ടത്തില്‍ അത് ചെയ്യുന്നത് സുപ്രധാനമാണ്. ഓപ്പറേഷന്‍ വൈകുമ്പോള്‍ കുട്ടിയുടെ പേശികളുടെ മുറുക്കം, വൈകല്യം, നടക്കാനുണ്ടാകുന്ന ബുദ്ധിമുട്ട് എന്നിവ കൂടിവരികയും പിന്നീട് വേണ്ടിവരുന്ന ഓപ്പറേഷന്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയും ചെയ്യുന്നു. അകാരണമായി ഓപ്പറേഷന്‍ ഇല്ലാതെ തെറാപ്പി മാത്രം ചെയ്യുന്നത് കുട്ടിയുടെ പുരോഗതിക്ക് ദോഷം ചെയ്യും. ഓപ്പറേഷനുമായി ബന്ധപ്പെട്ടുള്ള മാതാപിതാക്കളുടെ സംശയങ്ങളും, അതില്‍നിന്നു പ്രതീക്ഷിക്കാവുന്ന ഫലങ്ങളും, ചെയ്യാതെ വിടുന്ന പക്ഷം ഉണ്ടായേക്കാവുന്ന കേടും ഡോക്ടറുമായി സംസാരിച്ചു മനസ്സിലാക്കുന്നത് സുപ്രധാനമാണ്.
കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ സെറിബ്രല്‍ പാള്‍സി ക്ലിനിക്കില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് (പീഡിയാട്രിക് ഓര്‍ത്തോപീഡിക്‌സ് ആന്റ് സ്‌പൈന്‍ സര്‍ജന്‍) ആണ് ലേഖകന്‍.
Content Highlights: cerebral palsy and its treatment