ടാറ്റൂ ചെയ്തവര്‍ക്കും ബോഡി പിയേഴ്സിങ് ചെയ്‌വര്‍ക്കും വിലക്ക്;ആര്‍ക്കൊക്കെയാകാം രക്തദാതാക്കള്‍

രക്തദാനം /AFP
രക്തദാനം /AFP

മഹാദാനമാണ് രക്തദാനം. ജീവന്റെ വിലയുള്ള ദാനം. എപ്പോഴാകും ഒരാള്‍ക്ക് രക്തം ആവശ്യം വരിക എന്നറിയില്ല. അതുകൊണ്ട് രക്തബാങ്കുകള്‍ സദാ കര്‍മനിരതമാണ്. ആര്‍ക്കൊക്കെയാണ് രക്തദാനം ചെയ്യാന്‍ പറ്റുക എന്ന്‌ ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്. രക്തം നല്കാന്‍ തയ്യാറുള്ളവര്‍ തീര്‍ച്ചയായും ആ നിര്‍ദേശങ്ങള്‍ അറിയണം. 

  • സാധാരണ 18 മുതല്‍ 65 വയസ്സ് വരെയുള്ളവരില്‍ നിന്നാണ് രക്തം സ്വീകരിക്കാറ്. ചില രാജ്യങ്ങളില്‍ 18 വയസ്സില്‍ താഴെയുള്ള, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തവരെ പരിഗണിക്കാറുണ്ട്. ചില രാജ്യങ്ങളില്‍ പരമാവധി പ്രായം 60 ആയാണ് കണക്കാക്കുന്നത്. 50 കിലോ ഭാരമെങ്കിലും ഉണ്ടായിരിക്കണം.
  • രക്തത്തില്‍ ഹീമോഗ്ലോബിന്റെ കുറവ് അഥവാ എന്ന അനീമിയ (വിളര്‍ച്ച) സര്‍വസാധാരണമായി കണ്ടുവരാറുണ്ട്. രക്തദാനത്തിന് മുന്‍പ് ഹീമോഗ്ലോബിന്റെ അളവ് പരിശോധിക്കും. സ്ത്രീകള്‍ക്ക് 12.0 g/dl, പുരുഷന്മാര്‍ക്ക് 13.0 g/dl എന്നിങ്ങനെ ഹീമോഗ്ലോബിന്‍ തോത് ഉള്ളവര്‍ക്ക് മാത്രമേ രക്തദാനം ചെയ്യാനാകൂ. 
  • രക്തദാനം ചെയ്യുന്ന സമയത്ത് പൂര്‍ണ ആരോഗ്യമുണ്ടായിരിക്കണം. പനിയോ ജലദോഷമോ പോലും ഉണ്ടാകരുത്. അണുബാധകളും ഉണ്ടാകാന്‍ പാടില്ല. 
  • ടാറ്റൂ ചെയ്തവര്‍ക്ക് ആറ് മാസത്തേക്ക് താത്കാലിക വിലക്കുണ്ട്. ബോഡി പിയേഴ്സിങ് ചെയ്തവര്‍ക്കും ഈ വിലക്ക് ബാധകമാണ്. രെജിസ്റ്റേര്‍ഡ് ഹെല്‍ത്ത് പ്രൊഫെഷണലിന്റെ മേല്‍നോട്ടത്തിലാണ് പിയേഴ്സിങ് ചെയ്തത്, അണുബാധയോ വീക്കങ്ങളോ കാണുന്നില്ല എങ്കില്‍ 12 മണിക്കൂറിന് ശേഷം രക്തദാനം നടത്താം. 
  • ചെറിയ ഡെന്റല്‍ ട്രീറ്റ്‌മെന്റുകള്‍ ചെയ്തവര്‍ 24 മണിക്കൂറിനു ശേഷമേ രക്തദാനം നടത്താന്‍ പാടുള്ളൂ. എന്നാല്‍ ഡെന്റല്‍ സര്‍ജറി പോലെ വലിയ ട്രീറ്റ്‌മെന്റ് കഴിഞ്ഞവര്‍ക്ക് ഒരു മാസം കാത്തിരിക്കണം.
  • ഒരു വര്‍ഷത്തിനിടെ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടവര്‍ രക്തദാനം നടത്താന്‍ പാടില്ല. ലഹരി ഉപയോഗിക്കുന്നവര്‍ക്കും വിലക്കുണ്ട്.
  • രക്തത്തിലൂടെ പകരുന്ന എച്ച്.ഐ.വി പോലുള്ള രോഗം സ്ഥിരീകരിച്ചവരും രക്തം നല്കാന്‍ പാടില്ല.
  • ഗര്‍ഭിണികള്‍ രക്തദാനം നടത്തരുത്. പ്രസവാനന്തരം 9 മാസം നിര്‍ബന്ധമായും പിന്നിട്ടിരിക്കണം. മുലയൂട്ടുന്നവര്‍ കഴിവതും ചെയ്യാതിരിക്കുന്നതാകും നല്ലത്.
  • കോവിഡിന് ശേഷം ലോകം പകര്‍ച്ചവ്യാധികളെ കൂടുതല്‍ കരുതുന്നുണ്ട്. കൊതുക് പോലുള്ള പാതോജെന്‍സ് കൂടുതലുള്ള, മറ്റ് വൈറസുകളോ ബാക്ടീരിയകളോ ഉണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇടങ്ങളിലേക്ക് യാത്ര ചെയ്യുകയോ അവിടെ താമസിക്കുകയോ ചെയ്തവര്‍ക്ക് രക്തദാനം ചെയ്യാന്‍ താത്കാലിക വിലക്കുണ്ട്. 

Content Highlights: eligibility guidlines to become a blood donar