ജലദോഷവും തുമ്മലും കൊണ്ട് സഹികെട്ടോ? ആയുര്‍വേദത്തില്‍ മരുന്നുണ്ട്

മഴക്കാലമായതോടെ പതിവുപോലെ പകര്‍ച്ചപ്പനികള്‍ വ്യാപകമായിട്ടുണ്ട്. അതിനൊപ്പം തന്നെയാണ് ചുമയും ജലദോഷവും മൂക്കടപ്പും തുമ്മലുമെല്ലാം വന്നെത്തിയിട്ടുള്ളത്. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഈ പ്രയാസങ്ങള്‍ നേരിടുന്നു. ഈ പ്രശ്‌നങ്ങല്‍ അകറ്റാനും ആരോഗ്യത്തോടെയിരിക്കാനും വീട്ടില്‍തയ്യാറാക്കുന്ന മരുന്നുകള്‍ സഹായിക്കും.

  •  പുതിനയിട്ട വെളളംകൊണ്ട് ചായയുണ്ടാക്കി കുടിക്കാം. ഈ ചായയില്‍ രണ്ടുടീസ്പൂണ്‍ തേന്‍ചേര്‍ക്കുന്നത് തൊണ്ടയടപ്പ്, ജലദോഷം എന്നിവ അകറ്റും.
  • ജീരകം, ചുക്ക്, കൂവനൂറ് എന്നിവ പൊടിച്ച് നെയ്യില്‍ ചേര്‍ത്ത് കഴിക്കുന്നത് പഴകിയ ചുമ മാറ്റും. അമുക്കുരം, തിപ്പലി എന്നിവ തേന്‍ചേര്‍ത്ത് കഴിക്കുന്നതും ഫലം ചെയ്യും.
  • ചൂടുവെള്ളത്തില്‍ കുളിക്കുന്നതും ഇടയ്ക്കിടെ ആവിപിടിക്കുന്നതും മൂക്കൊലിപ്പും കഫക്കെട്ടും അകറ്റാന്‍ നല്ലതാണ്.
  • ആടലോടകത്തിന്റെ നീര് രണ്ട് സ്പൂണ്‍ എടുത്ത് അത്രയും തന്നെ തേനും ചേര്‍ത്ത് ഉപയോഗിക്കുന്നത് ചുമ തടയും.

അലര്‍ജി തടയാന്‍

  •  കല്ലുപ്പും ബേക്കിങ് സോഡയും ചേര്‍ത്ത ലായനി കൊണ്ട്  വായ കഴുകുന്നത് അലര്‍ജി തടയാന്‍ നല്ലതാണ്.
  • മുത്തിള്‍ വേരോടെയെത്ത് പച്ചമഞ്ഞള്‍ ചേര്‍ത്തരച്ച് അഞ്ചുഗ്രാം വീതം രണ്ടുനേരം ഉപയോഗിക്കാം.

ആഹാരത്തില്‍ ശ്രദ്ധിക്കാം

  • മഴക്കാലത്ത് തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാം.
  • തണുത്തതും ചൂടുള്ളതുമായ വെള്ളം ഇടകലര്‍ത്തി ഉപയോഗിക്കരുത്.
  • ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ നാരങ്ങ, പൈനാപ്പിള്‍, ഓറഞ്ച് എന്നിവ ആഹാരത്തിന്റെ ഭാഗമാക്കാം.
  • വെളുത്തുള്ളി, ഇഞ്ചി, ജീരകം, മഞ്ഞള്‍ എന്നിവ നിത്യവും കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
  • മോര്, പച്ചക്കറി സൂപ്പ്, കരിക്കിന്‍ വെള്ളം തുടങ്ങിയവ ദാഹവും ക്ഷീണവും അകറ്റും.

Content Highlights: Ayurvedic treatment for fever and cold