ഭക്ഷണത്തിന് പിന്നാലെ ചായ കുടിക്കരുതെന്ന് പറയുന്നതിനു പിന്നിലെ അപകടം

ഭക്ഷണത്തിന് ശേഷം ഒരു കപ്പ് ചുട് ചായ കുടിക്കുന്നത് പലര്‍ക്കും ഒരു ശീലമാണ്. നല്ല രുചിയും കടുപ്പവുമുള്ളൊരു ചായ രുചിമുകുളങ്ങളെ ആസ്വാദനത്തിന്റെ കൊടുമുടികളിലേറ്റും. ഇഞ്ചി, ഏലയ്ക്ക പോലുളള സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ത്ത മസാല ചായയ്ക്കും ആരാധകരേറെയാണ്. പ്രാതല്‍, ഉച്ചഭക്ഷണം, അത്താഴം എന്നീ ഭക്ഷണങ്ങള്‍ക്കുശേഷമുളള ഒരു കപ്പ് ചായ ഭക്ഷണത്തിന് പൂര്‍ണത നല്‍കുന്നതായും തോന്നാം. പക്ഷേ, ഈ പ്രിയപ്പെട്ട ശീലം ചിലപ്പോള്‍ നമ്മുടെ ശരീരത്തിന് ഹാനികരമായേക്കാമെന്നാണ്, ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
പോഷകങ്ങള്‍
ഭക്ഷണം കഴിച്ച ഉടനെ ചായ കുടിക്കുന്നത് ആഹാരത്തിലെ ചില പോഷകങ്ങള്‍ ശരീരത്തിലെത്തുന്നതിനെ ബാധിക്കാം. പ്രത്യേകിച്ച് അയേണിന്റെ. ചായയില്‍ ഉള്ള ടാനിന്‍സും പോളിഫീനോളുകളും സസ്യാഹാരങ്ങളിലെ നോണ്‍-ഹീം അയേണുമായി ചേര്‍ന്ന് ശരീരത്തിന് ആ പോഷകം സ്വീകരിക്കാന്‍ തടസ്സം സൃഷ്ടിക്കുന്നു.
പ്രത്യേകിച്ച് ഗര്‍ഭിണികള്‍ക്കും, കൗമാരക്കാര്‍ക്കും, സസ്യാഹാരം കഴിക്കുന്നവരിലുമാണ് കൂടുതല്‍ ബാധിക്കുന്നത്. പതിവായി ഭക്ഷണത്തിന് പിന്നാലെ ചായ കുടിക്കുന്നത്, സമയം കഴിയുന്തോറും, ശരീരത്തിലെ അയൺ നില കുറയാന്‍ കാരണമാകാം.
ഏത് ചായയാണ് കൂടുതല്‍ ബാധിക്കുന്നത്?
ഓരോ ചായകളിലെയും ടാനിന്‍ അളവുകള്‍ വ്യത്യസ്തമാണ്. കട്ടന്‍ ചായകളിലും ഗ്രീന്‍ ടീയിലും കൂടുതലായി ടാനിന്‍ ഉള്ളതിനാല്‍ ഇവ ഇരുമ്പിന്റെ ആഗിരണം കുറയ്ക്കും. നമ്മുടെ പ്രിയപ്പെട്ട മസാല ചായയും അയൺ ആഗിരണത്തെ ബാധിക്കുമെങ്കിലും, അതിലെ ഇഞ്ചി, കറുവപട്ട, ഗ്രാമ്പു തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ ദഹനത്തിന് ഗുണം ചെയ്യും.
അതേസമയം, ഹെര്‍ബല്‍ ചായകള്‍ സാധാരണയായി കുറഞ്ഞ ടാനിന്‍ ഉള്ളതിനാല്‍ ശരീരത്തിലെ പോഷകശോഷണം കുറയ്ക്കും. എങ്കിലും, ഏത് ചെടികളാണ് ചേര്‍ക്കുന്നതെന്നും വ്യക്തിയുടെ ശരീരത്തിന് അനിയോജ്യമാണോ എന്നതാണ് ഫലത്തെ നിര്‍ണയിക്കുന്നത്.
എപ്പോഴാണ് ചായ കുടിക്കേണ്ടത്?
ഭക്ഷണം കഴിച്ചതിന് ശേഷം കുറഞ്ഞത് 30 മുതല്‍ 60 മിനിറ്റ് വരെ ഇടവിട്ട് ചായ കുടിക്കുന്നതാണ് ഉചിതം. ആ സമയത്ത് ശരീരം ഭക്ഷണത്തിലെ പോഷകങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങും; അതിന് ശേഷമുള്ള ചായ പോഷകശോഷണത്തെ ബാധിക്കാന്‍ സാധ്യത കുറവാണ്.
അനീമിയ ബാധിച്ചവര്‍, ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിക്കുന്നവര്‍, എന്നിവരെല്ലാം ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. അതുപോലെ ദഹനസംബന്ധമായ പ്രശ്‌നങ്ങളുള്ളവരും ഭക്ഷണത്തിന് പിന്നാലെ ചായ ഒഴിവാക്കുന്നതാണ് നല്ലത്.
പരിഹാരമാര്‍ഗ്ഗങ്ങള്‍
ചായയ്ക്ക് പകരം ഹെര്‍ബല്‍ ഇന്‍ഫ്യൂഷന്‍ കഴിക്കാം. അല്ലെങ്കില്‍ ഭക്ഷണത്തില്‍ വിറ്റാമിന്‍ സി ധാരാളമുള്ള ഭക്ഷണങ്ങള്‍ (ഓറഞ്ച്, പപ്പായ, കിവി) ഉള്‍പ്പെടുത്തുന്നതിലൂടെ ടാനിന്‍ മൂലം ഉണ്ടാകുന്ന ഇരുമ്പിന്റെ കുറവ് കുറയ്ക്കാന്‍ കഴിയും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Discover why drinking tea right after meals can hinder nutrient absorption, especially iron. Learn the risks and the optimal times to enjoy your tea for better health.