ആ വെള്ളപ്പൊക്കം തടാകത്തെ നശിപ്പിച്ചു; 30 വർഷത്തിനുശേഷം പിങ്ക് താമരപ്പൂക്കൾ തിരിച്ചുവന്നു

കശ്മീരിലെ വുളാർ തടാകം പിങ്ക് പരവതാനി വിരിച്ചപോലെ മനോഹരമാണിപ്പോൾ. നോക്കെത്താദൂരത്തോളം പിങ്ക് പൂക്കൾ മാത്രം. ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്കും പ്രദേശവാസികൾക്കും കണ്ണിന് കുളിർമയേകുന്ന കാഴ്ചയാണിത്. 30 വർഷങ്ങൾക്കുശേഷമാണ് താമരപ്പൂക്കൾ വിരിയുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ശുദ്ധജലതടാകങ്ങളിലൊന്നാണ് വുളാർ തടാകം. കശ്മീരിലെ ബാണ്ഡിപ്പൂർ ജില്ലയിൽ, 200 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലായി വ്യാപിച്ചുകിടക്കുകയാണിത്. ജൈവവൈവിധ്യത്തിന് പേരുകേട്ട തടാകമാണിത്. ദേശാടനപ്പക്ഷികളുടെ പ്രിയപ്പെട്ട ഇടം. അതിനൊപ്പം സഞ്ചാരികൾക്ക് സന്തോഷം നൽകി, കൂട്ടമായി വിരിഞ്ഞുനിൽക്കുന്ന താമരപ്പൂക്കളും. എന്നാൽ, 1992-ലുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കം സ്ഥിതിയെല്ലാം മാറ്റി. തടാകത്തിന്റെ ആവാസവ്യവസ്ഥയെ തന്നെ അത് പ്രതികൂലമായി ബാധിച്ചു. തടാകത്തിൽ കട്ടിയിൽ ചെളിയടിഞ്ഞ്, താമരപ്പൂക്കളും ചെടികളുമെല്ലാം അതിനുള്ളിലാവുകയും ചെയ്തു. അതിനൊപ്പം മലിനീകരണവും കൈയേറ്റങ്ങളും പ്രശ്‌നം രൂക്ഷമാക്കി. പിന്നീടൊരിക്കലും ഇവിടെ പിങ്ക് താമരപ്പൂക്കൾ വിരിഞ്ഞില്ല.
ഒടുവിൽ തടാകത്തിലെ താമരപ്പൂക്കൾക്ക് പുതുജന്മം നൽകാനായി അധികൃതരും പ്രദേശവാസികളും തുനിഞ്ഞിറങ്ങി. വുളാർ കൺസർവേഷൻ ആന്റ് മാനേജ്‌മെന്റ് അതോറിറ്റി അതിന് നേതൃത്വം കൊടുത്തു. 2020 മുതൽ തടാകത്തിലെ ചെളിനീക്കാനുള്ള പരിപാടിയാരംഭിച്ചു. അന്നുമുതൽ 8 ദശലക്ഷം ക്യുബിക് മീറ്റർ ചെളിയാണ് തടാകത്തിന്റെ അടിത്തട്ടിൽനിന്ന് നീക്കിയത്. അതോടെ തടാകത്തിന്റെ ജലസംഭരണശേഷി പഴയതുപോലെ വർധിച്ചു. അതോടെ ദേശാടനപ്പക്ഷികളും തിരിച്ചെത്തി.
താമര തിരിച്ചുവരാനുള്ള ചെറിയ സൂചനകൾ കഴിഞ്ഞവർഷങ്ങളിലുണ്ടായിരുന്നു. വൃത്തിയാക്കിയ സ്ഥലങ്ങളിലെല്ലാം താമരച്ചെടികൾ മുളച്ചുപൊങ്ങാൻ തുടങ്ങി. കഴിഞ്ഞ വർഷം ഒന്നുരണ്ട് താമരകൾ വിരിയുകയും ചെയ്തു. പ്രദേശവാസികൾ കൂടുതൽ താമരവിത്തുകൾ വിതറി. അങ്ങനെ കാത്തിരിപ്പിനറുതി വരുത്തിക്കൊണ്ട് താമരപ്പൂക്കൾ വിരിഞ്ഞു.
ഈ താമരയുടെ തണ്ടിനെ നദ്രു എന്നാണ് വിളിക്കുന്നത്. ഇത് ഭക്ഷ്യയോഗ്യമാണ്. ഇതിന് വിലയും കൂടുതലാണ്. അതുകൊണ്ടുതന്നെ താമര വിരിഞ്ഞുകഴിഞ്ഞാൽ, അത് പ്രദേശവാസികൾക്ക് വരുമാനത്തിനുള്ള മാർഗം കൂടിയായി മാറുന്നു. ഒരു കെട്ട് നദ്രുവിന് 300 രൂപ വരെ കിട്ടും.
വിനോദസഞ്ചാരികൾക്ക് മനോഹരമായ കാഴ്ചയാണിത് നൽകുന്നത്. ഒപ്പം ഷിക്കാരയിലെ പൂപ്പാടങ്ങൾക്കരികിലൂടെ ഒരു യാത്ര പോകാം. പക്ഷിനിരീക്ഷണത്തിനുള്ള അവസരവുമുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: After 30 years, pink lotuses have returned to kashmirs wular lake, creating a breathtaking spectacle