ചില വിചിത്ര പ്രണയജോഡികള്‍: അരിയുണ്ടയും മത്തിക്കറിയും മുതൽ ഉപ്പിട്ട തണ്ണിമത്തൻ വരെ

ഷാരൂഖ് ഖാനും കജോളും, മോഹന്‍ലാലും ശോഭനയും, മമ്മൂട്ടിയും സീമയും... കണ്ടും കേട്ടും പഴകിയിട്ടും പുതുമ നഷ്ടപ്പെടാത്ത പ്രണയജോഡികള്‍. എന്നാൽ പെട്ടെന്ന് കോമ്പിനേഷൻ മാറി വില്ലനായ ബാലൻ കെ.നായർ സീമയ്ക്ക് നായകനായാലോ? ദഹിക്കാന്‍ കുറച്ചു പ്രയാസമാണ്. അതുതന്നെയാണ് ഭക്ഷണത്തിന്റെ കാര്യവും.
അരിയുണ്ടയും മത്തിക്കറിയും
അരി പൊടിച്ചുവറുത്ത് ശര്‍ക്കരയും കൂട്ടിയുണ്ടാക്കുന്ന അരിയുണ്ടയില്‍ മത്തിക്കറി ഒഴിച്ച് കഴിച്ചുനോക്കാന്‍ പറഞ്ഞപ്പോള്‍ കൂട്ടുകാരന് ഓക്കാനം വന്നെന്നപോലത്തെ അഭിനയം. എന്നാല്‍ കഴിപ്പിച്ചിട്ടുതന്നെ കാര്യമെന്ന് കരുതി. നിര്‍ബന്ധിച്ച് കഴിപ്പിച്ചപ്പോള്‍ പിന്നെ ഒരു അരിയുണ്ട കൂടി തരുമോ എന്നായി ചോദ്യം. വിചിത്രമെന്നു തോന്നുന്ന, വിജാതീയ ധ്രുവങ്ങള്‍ പോലുള്ള ഈ താരങ്ങളെ ആദ്യമായി പ്രണയിപ്പിച്ചത് മലബാറുകാര്‍ ആണെന്ന് ഉറപ്പാണ്.
പഴംപൊരിയും ബീഫും
പഴകിപ്പതിഞ്ഞ പ്രണയമാണ് പഴംപൊരിയും ബീഫും തമ്മിലുള്ളത്. മലയാളിയുടെ ഭക്ഷണശീലത്തിൻറെ ഭാഗമായ കോമ്പിനേഷൻ. കേരളത്തിലങ്ങോളമിങ്ങോളം പഴംപൊരി-ബീഫ് കൂട്ടുകെട്ടുള്ള ഹോട്ടലുകളുണ്ട്. എന്നാല്‍ തൃപ്പൂണിത്തുറയിലെ ശ്രീമുരുഗ കഫേയിയിലാണ് ബീഫ് പഴംപൊരി പ്രണയത്തിന് തുടക്കമിട്ടതെന്നാണ് കരുതപ്പെടുന്നത്. രണ്ടുദശകങ്ങള്ക്കുമുമ്പേതന്നെ പിറന്ന പ്രണയം. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ 'ഒരു അഡാര്‍ ലവ് സ്റ്റോറി'. രുചി നാക്കിന്‍തുമ്പില്‍ തട്ടിയവരെല്ലാം വീണ്ടും വീണ്ടും കഴിക്കാനോടുന്ന കോമ്പിനേഷന്‍. സൂപ്പര്‍ ഹിറ്റ് കോമ്പോ.
പുട്ടും മിക്സ്ചറും
ദുബായിലുള്ള ഒരു സുഹൃത്ത് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് ഇട്ടു. പുട്ടും മിക്സ്ചറും കഴിക്കുന്ന ഫോട്ടോ. കൂടെ ഇത്തിരി അച്ചാറും! ഒപ്പം ഒരു ക്യാപ്ഷനുമുണ്ട്... 'ഓ, എന്റെ മിക്സ്ചറെ.. ഇത്ര കാലം നീ എവിടെയായിരുന്നു?'
ഏറെ പഴക്കമുള്ള ഹിറ്റ് ജോഡിയാണ് പുട്ടും മിക്സ്ചറും. പുട്ടിനൊപ്പം മിക്സ്ചര്‍ ചേര്‍ത്ത് ഒറ്റ പിടി. കൂടെ നല്ല ചൂട് കട്ടന്‍ ചായയും കൂടിയായാല്‍ പറയാനുമില്ല. കിടിലന്‍ സ്വാദാണ്.
പണ്ടൊക്കെ പുട്ടിന് കൂട്ടാന്‍ കറിയോ പഴമോ ഇല്ലാതിരുന്നപ്പോള്‍ ആരോ ഉണ്ടാക്കിയ കൂട്ടുകെട്ടാണ്. പുട്ടും പപ്പടവും എന്ന ജോഡിയുടെ കൂടെ ചേര്‍ക്കാവുന്നത്. എങ്കിലും സ്വാദ് ഒന്നുവേറെത്തന്നെ!
വാനില ഐസ്ക്രീമും ഒലീവ് ഓയിലും
എന്ത് വൃത്തികെട്ട കോമ്പിനേഷന്‍ എന്നാവും ആദ്യം മനസ്സില്‍ വരുന്നത്. പരീക്ഷിച്ചിട്ടില്ലെങ്കില്‍ ഒന്ന് പരീക്ഷിച്ചശേഷം അഭിപ്രായം പറയൂ.. നിങ്ങളുടെ മുന്‍വിധി മാറിക്കിട്ടും. രണ്ട് സ്കൂപ്പ് വാനില ഐസ്ക്രീം എടുത്ത് അതില്‍ കാല് സ്പൂണ്‍ ഒലീവ് ഓയിലും ഒരു പൊടി ഉപ്പും ചേര്‍ത്ത് കഴിച്ചുനോക്കൂ. ഇതുവരെ കിട്ടാത്ത ഒരു സ്വാദ് ആസ്വദിക്കാം. നിങ്ങള്‍ അതില്‍ ഖേദിക്കേണ്ടിവരില്ലെന്നുറപ്പ്.
ചിപ്സും ചോക്ലേറ്റും
ഉപ്പും മധുരവും എന്നും മികച്ച കോമ്പിനേഷനാണ്. ചോക്ലേറ്റ് കലര്‍ത്തിയ പോപ്കോണ്‍ പോലുള്ള ഭക്ഷണങ്ങള്‍ ഹിറ്റാവാന്‍ കാരണവും അതുതന്നെയാണ്. ചിപ്സ് കഴിക്കുന്നതിനിടയില്‍ ഒരു കഷ്ണം ചോക്ലേറ്റും രുചിച്ചുനോക്കൂ. സൂപ്പര്‍ രുചിയില്‍ വീണ്ടും വീണ്ടും നമ്മള് കഴിച്ചുകൊണ്ടേയിരിക്കും. ഒന്ന് പ്രയോഗിച്ചുനോക്കൂ.
തണ്ണിമത്തനില്‍ ഉപ്പിടാമോ?
നിങ്ങള്‍ ഈ കോമ്പിനേഷന്‍ പരീക്ഷിച്ചിട്ടില്ലെങ്കില്‍, ഉടന്‍ കഴിച്ചുനോക്കണം. ഉപ്പു ചേര്‍ത്താല്‍ തണ്ണിമത്തന്റെ വെള്ളവും മധുരവും കുറയുമെന്ന് ചിന്തിക്കുന്നുവെങ്കില്‍ അത് ശരിയല്ല. ഒരു നുള്ള് ഉപ്പ് തണ്ണിമത്തന്റെ സ്വാഭാവിക മധുരത്തിന്റെ രുചി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. തണ്ണിമത്തന് ജ്യൂസ് ആക്കുമ്പോള്‍ ഒരു തരി ഉപ്പ് ചേര്‍ത്ത് കഴിച്ചു നോക്കൂ ഇനി.
തേനും ഫ്രഞ്ച് ഫ്രൈസും
വൈറ്റ് ക്രീം, മയോണൈസ്, ടൊമാറ്റോ സോസ്... ഫ്രഞ്ച് ഫ്രൈസിനൊപ്പം ഇതെല്ലാം പരീക്ഷിക്കുന്നവരാണ് നമ്മള്. എന്നാല്‍ തേനില്‍മുക്കി ഫ്രഞ്ച് ഫ്രൈസ് കഴിച്ചിട്ടുണ്ടോ? കിടിലന്‍ രുചിയാണ്. പേരിന് അല്പം ചില്ലി ഫ്ളേക്സ് കൂടി മേമ്പൊടിയായി ചേര്‍ത്താല്‍ പറയാനുമില്ല.
ഇനിയുമുണ്ട് ഒരുപിടി പ്രണയജോഡികള്‍. നമുക്ക് പ്രിയപ്പെട്ട മാങ്ങയും ഉപ്പും മുളകും പോലെ, തൈരും അച്ചാറും പോലെ.. ഒപ്പം ഒരു മുന്നറിയിപ്പുമുണ്ടേ! ഇതെല്ലാം വല്ലപ്പോഴും മാത്രം പരീക്ഷിച്ചുനോക്കേണ്ടവയാണ്. ശീലമാക്കിയാല്‍ ആരോഗ്യത്തിന് ഹാനികരം!
Content Highlights: food combinations, wired food combinations, food and travel, beef and pazhampori