കന്യാകുമാരിയിൽ ഒരു സായാഹ്നം

#ആതിര കെ
കന്യാകുമാരി
കന്യാകുമാരി

വളരെ യാദൃശ്ചികവും എന്നാല്‍ ഏറെ കാലത്തെ ആഗ്രഹ സാഫല്യം കൂടിയായിരുന്നു കന്യാകുമാരിയിലോട്ടുള്ള യാത്ര. തമിഴ്‌നാട്ടിലാണെങ്കിലും  കേരളത്തോട് ഏറെ ആത്മബന്ധമുള്ള ഒരു അതിമനോഹര കടലും, കാറ്റും കുറെ കാഴ്ചകളും. തൃശൂരില്‍ നിന്നും തീവണ്ടി കയറി തിരുവനന്തപുരത്തിറങ്ങുമ്പോള്‍ കന്യാകുമാരി എനിക്ക് ഒരു വിദൂര സ്വപ്‌നം മാത്രമായിരുന്നു. എന്റെ ആഗ്രഹങ്ങള്‍ക്ക് മുന്നില്‍ നിരുപാധികം വഴങ്ങി, ഞാനും കുടുംബവും റോഡുമാര്‍ഗം അങ്ങോട്ടേക്ക് തിരിച്ചു. വൈകുന്നേരത്തോടെ ഞങ്ങള്‍ കന്യാകുമാരിയില്‍ എത്തി.

ആദ്യത്തെ എന്‍ട്രി ഗേറ്റില്‍ നിന്നും ബീച്ചുവരെക്കും നടന്നുപോകുന്നത് ഒരു പ്രത്യേക അനുഭവം തന്നെയാണ്. ഇരുവശവും വിവിധതരം കടകള്‍, കണ്ണടകള്‍, തൊപ്പികള്‍, ശംഖു മാലകള്‍.. അങ്ങനെ.. പലതരം ഭാഷകളില്‍ കടക്കാരോട് വിലപേശുന്ന യാത്രകാര്‍. കന്യാകുമാരിയിലെ ആദ്യ ആകര്‍ഷണം വിവേകാനന്ദ പാറയാണ്. തീരത്തു നിന്ന് കുറച്ചകലെ മാറി കടലില്‍ സ്ഥിതി ചെയ്യുന്ന രണ്ട് പാറകളില്‍ ഒന്ന്. അവിടെയാണ് വിവേകാനന്ദന്റെ പ്രതിമ സ്ഥിതി ചെയുന്നത്. ആ മണ്ഡപത്തിലേക്ക് ആഞ്ഞടിക്കുന്ന തിരമാലകളാല്‍ കലിപൂണ്ട കടലിലൂടെ ബോട്ടില്‍ ഞങ്ങള്‍ യാത്ര തിരിച്ചു. ഒരിത്തിരി ഭയം ഉളവാക്കുന്ന എന്നാല്‍ അതിനപ്പുറം ആകാംഷ പടര്‍ത്തുന്ന യാത്ര. ആ ധ്യാന മണ്ഡപത്തില്‍ നമ്മള്‍ക്കും ധ്യാനത്തില്‍ മുഴുകാം. ഇതിനു തൊട്ടടുത്ത പാറയിലാണ് തിരുവള്ളൂരിന്റെ പ്രതിമയുള്ളത്. 

കന്യാകുമാരിയിലെ ഉദയവും, അസ്തമയവും ഏറെ പ്രസിദ്ധമാണല്ലോ. എല്ലാവരും അസ്തമയ സൂര്യന്റെ ചേലുകാണാന്‍ തീരത്തെ കല്‍ത്തിട്ടയില്‍ സ്ഥാനം ഉറപ്പിക്കാനുള്ള വ്യഗ്രതയിലായിരുന്നു. ഞങ്ങളും വളരെ പണിപെട്ടു സ്ഥാനം കണ്ടത്തി. ആവിപാറുന്ന ചോളങ്ങളും, പുളിയൂറുന്ന മാങ്ങ പൂളുകളും ഇടവേളകളില്‍ നാവില്‍ സ്വാദുപടര്‍ത്തി. നല്ല ദിവസത്തിന്, സായാഹ്നത്തിന് അന്ത്യം കുറിച്ചുകൊണ്ടു കുങ്കുമനിറ സൂര്യന്‍ ഒരു പൊട്ടു പോലെ കടലിന്റെ ചക്രവാളത്തിലേക്ക് താഴ്ന്നു പോയി.
കടല്‍ ശാന്തമല്ലാത്തതിനാല്‍, മൂന്ന് കടലുകള്‍ ഒന്നിക്കുന്ന ത്രിവേണി സംഗമത്തില്‍ കാലുകള്‍ മാത്രം നനച്ച് കന്യാകുമാരി ദേവിക്ഷേത്രത്തില്‍ കൂടി കയറി തൊഴുതു. സമയം ഏറെ ഇരുട്ടിയിരിക്കുന്നു. അവിടുത്തെ കാറ്റിനെയും, തിരകളെയും ബാക്കിയാക്കി നല്ല ഓര്‍മകളെ മനസ്സിലേറ്റി ചെറിയ ഒരു നോവോടെ അവിടെ നിന്നും യാത്ര തിരിച്ചു.

Content Highlights: trip to kanyakumari