മഞ്ഞുപെയ്യുന്ന മീശപ്പുലിമലയിലേക്ക്...

#ജെ. ആര്‍. അനി
മീശപ്പുലിമലയിൽനിന്നുള്ള ദൃശ്യം
മീശപ്പുലിമലയിൽനിന്നുള്ള ദൃശ്യം

''ഇത്തവണ മാറ്റരുത്, വന്നേ തീരൂ... ഭയങ്കര തിരക്കാണ്. എന്നാലും ഞാന്‍ മുറി ബുക്ക് ചെയ്തിട്ടുണ്ട്.'' കിരണിന്റെ വാക്കുകളാണ്. കിരണ്‍ കേരള വനം വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരാണ്. മുമ്പ് അദ്ദേഹം അവിടെ ഡിവിഷണല്‍ മാനേജര്‍ ആയിരുന്നപ്പോഴും എന്നെ ക്ഷണിച്ചതാണ്. പോകാനായില്ല. അതുകൊണ്ടുതന്നെ ഇത്തവണ എന്ത് വില കൊടുത്തും പോകണമെന്ന് മനസ്സില്‍ നിശ്ചയിച്ചുറപ്പിച്ചു. കാലം തെറ്റിയെത്തിയ നിലയ്ക്കാത്ത മഴ വെല്ലുവിളിയാവുന്നുണ്ട്. തിരുവനന്തപുരത്തുനിന്നും മൂന്നാര്‍വരെ എട്ടോ ഒന്‍പതോ മണിക്കൂര്‍ മഴയത്ത് വണ്ടിയോടിക്കുക അത്ര നിസ്സാരമല്ല. പോരാത്തതിന് മഹാനവമി അവധിക്കാലവും. ആഭ്യന്തര ടൂറിസം (domestic tourism) എത്രമേല്‍ വര്‍ധിച്ചിരിക്കുന്നുവെന്ന് അറിയുകയും ചെയ്യാം. ഈ അവസരത്തില്‍ ഒരു പിന്മാറ്റത്തെക്കുറിച്ച് ചിന്തിക്കാനേ വയ്യ. അങ്ങനെയാണ് അവസാനം സാധാരണക്കാരന്റെ വാഹനമായ കെ.എസ.ആര്‍.ടി.സി. യെത്തന്നെ ആശ്രയിക്കാം എന്ന തീരുമാനത്തിലെത്തുന്നത്. 

എന്നാല്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് സംഭവത്തിന്റെ ആഴം മനസ്സിലാകുന്നത്. പണ്ട് റേഞ്ച് ഓഫീസര്‍ പ്രൊബേഷണറായി കാന്തല്ലൂര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ (ഇന്ന് കാന്തല്ലൂര്‍ റേഞ്ച്) ജോലി ചെയ്യുമ്പോള്‍ തിരുവനന്തപുരത്തുനിന്നും സ്ഥിരം പോകാറുണ്ടായിരുന്ന രാത്രി പത്തരയുടെ മാട്ടുപ്പെട്ടി എക്‌സ്പ്രസ്സായിരുന്നു മനസ്സില്‍. എന്നാല്‍ ഒരു ബസ്സിലും മൂന്നാറിലേയ്ക്ക് അന്ന് ടിക്കറ്റില്ല. പിറ്റേന്ന് മീശപ്പുലിമലയില്‍ റൂം ബുക്ക് ചെയ്തിട്ടുണ്ടുതാനും. ആകെ ആശയക്കുഴപ്പത്തിലായപ്പോള്‍ നല്ലപാതിയാണ് ബുദ്ധി ഉപദേശിച്ചത്. അതിരാവിലെ നാലേമുക്കാലിന് ഒരു ബസ്സുണ്ട്. അങ്ങനെയാണ് കെ.എസ്.ആര്‍.ടി.സി.യുടെ സ്വിഫ്റ്റ് സര്‍വ്വീസില്‍ ഞങ്ങള്‍ സീറ്റുകള്‍ ബുക്ക് ചെയ്യുന്നത്. 

അതിരാവിലെ ചന്നം പിന്നം ചാറിയ മഴ വിഘ്‌നമാകുമോ എന്ന പേടിയുണ്ടായിരുന്നു. കട്ടന്‍ ചായയും മൊത്തി ബസ് സ്റ്റാന്‍ഡില്‍ കാത്തിരുന്നപ്പോള്‍ പതിനെട്ടാം നമ്പര്‍ പ്‌ളാറ്റ്‌ഫോമിലേയ്ക്ക് നാലരയോടുകൂടിത്തന്നെ വണ്ടിയെത്തി. അകത്തേയ്ക്ക് കടക്കുന്നതിനുമുമ്പ് വാതില്‍ക്കലിരുന്ന കണ്ടക്ടര്‍ തെല്ലുച്ചത്തില്‍ പറഞ്ഞു. 
''സീറ്റൊന്നും ഒഴിവില്ല. എല്ലാം ഫുള്ളാണ്.'' അദ്ദേഹത്തെ റിസര്‍വ്വേഷന്‍ മെസ്സേജ് കാട്ടി തെല്ല് അഹംഭാവത്തോടെ കുടുംബസമേതം നിര്‍ദ്ദിഷ്ട സീറ്റുകളില്‍ ഉപവിഷ്ടരായി. 
ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞു മൂന്നാറിലെത്താന്‍. മുന്നില്‍ അവധിക്കാലമാഘോഷിക്കാന്‍ പോകുന്ന വാഹനങ്ങളുടെ വല്ലാത്ത തിരക്കാണ്. അതുകൊണ്ടുതന്നെ ചിലയിടങ്ങളിലെങ്കിലും വല്ലാത്ത ട്രാഫിക്ക് ബ്‌ളോക്കും.

മൂന്നാറില്‍ ഉച്ചയ്ക്കും വല്ലാതെ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഇറങ്ങിയപാടെ നേരെ മൂന്നാര്‍ ടൗണിലെ വനം വകുപ്പിന്റെ ഇന്‍സ്‌പെക്ഷന്‍ ബംഗ്‌ളാവിലേയ്ക്ക് പോയി. മുന്‍കൂര്‍ അറിയിച്ചതുപ്രകാരം അവിടെ ഞങ്ങള്‍ക്കായി ഉച്ച ഭക്ഷണമൊരുക്കിയിരുന്നു. ഊണിനും വിശ്രമത്തിനും ശേഷം അധികം കഴിയുന്നതിനുമുമ്പ് വനവികസന കോര്‍പ്പറേഷന്റെ വണ്ടിയെത്തി. മീശപ്പുലി മലയിലേയ്ക്ക് താമസക്കാര്‍ക്കുള്ള പലവ്യജ്ഞനങ്ങളും മറ്റ് സാധനങ്ങളുമായി പോകുന്നതാണ് ആ വണ്ടി. കിരണ്‍ പറഞ്ഞതനുസരിച്ച് ഞങ്ങള്‍ക്കുകൂടി സഞ്ചരിക്കാന്‍ അതില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ആദ്യമെത്തിയത് മാട്ടുപ്പെട്ടി റോഡിലുള്ള വനവികസന കോര്‍പ്പറേഷന്റെ മൂന്നാര്‍ ഡിവിഷനുകീഴിലുള്ള മനോഹരമായ പൂന്തോട്ടത്തിലായിരുന്നു. ഇത്രയും നന്നായി പരിപാലിച്ച് പോരുന്ന കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണങ്ങളിലെ പുഷ്പങ്ങള്‍ നിറഞ്ഞ പൂന്തോട്ടം സര്‍ക്കാര്‍ സംവിധാനത്തിന്‍കീഴില്‍ പ്രവര്‍ത്തിക്കുന്നുവെന്നോര്‍ത്തപ്പോള്‍ അഭിമാനം തോന്നി. 

റോഡോ മാന്‍ഷനിലേക്ക്....
സാധാരണ മീശപ്പുലി മലയിലേക്കുള്ള വിനോദസഞ്ചാരികള്‍ കൂട്ടം ചേര്‍ന്ന് ജീപ്പ് പിടിച്ചാണ് യാത്ര. അതിനായി കെ.എഫ്.ഡി.സി. തന്നെ തദ്ദേശീയരായ പതിനഞ്ച് ജീപ്പുകളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. മുന്‍ഗണനാക്രമം അനുസരിച്ചാണ് അതില്‍നിന്നും ജീപ്പുകള്‍ യാത്രയ്ക്കായി വിളിക്കുക പതിവ്. മൂന്നാറുനിന്നും ഏതാണ്ട് മുപ്പത് കിലോമീറ്ററോളം വരും മീശപ്പുലിമലയിലേക്കുള്ള 'റോഡോ മാന്‍ഷന്‍' (Rhodo Mansion) എന്ന പേരിലറിയപ്പെടുന്ന കോട്ടേജുകളിലേയ്ക്ക്. താരതമ്യേന താഴ്ന്ന അന്തരീക്ഷോഷ്മാവ് ഉള്ള ഉയര്‍ന്ന ഭൂപ്രദേശങ്ങളില്‍ കാണപ്പെടുന്ന 'റോഡോ ഡ്രെന്‍ഡ്രോണ്‍' (Rhododendron) വൃക്ഷങ്ങള്‍ പരക്കെയുള്ളതുകൊണ്ടാണ് ആ പേര് സിദ്ധിച്ചതെന്ന് യാത്രയ്ക്ക് മുന്നേ കിരണ്‍ പറഞ്ഞിരുന്നു. 

ടാറിളകിക്കിടക്കുന്ന റോഡിലൂടെയുള്ള ദുര്‍ഘടം പിടിച്ച യാത്ര ഏതാണ്ട് രണ്ട് മണിക്കൂറിലേറെയുണ്ട്. മൂന്നാറിലെ ടാറ്റയുടെ കണ്ണന്‍ ദേവന്‍ തേയിലത്തോട്ടങ്ങളുടെ ചാരുത വിളിച്ചറിയിക്കുന്ന ദൃശ്യങ്ങളാണ് യാത്രയിലുടനീളം കാണാനാകുക. ഓരോയിടത്തും ഇറങ്ങി ചിത്രങ്ങള്‍ പകര്‍ത്താന്‍ തോന്നും. വല്ലാതെ കുലുങ്ങിയാടിക്കൊണ്ടിരുന്ന വണ്ടിയിലിരുന്ന് ഒന്ന് മയങ്ങിപ്പോയോ എന്ന് സംശയം. കണ്ണുതുറന്നപ്പോള്‍ ഭംഗിയുള്ള ഒരു വലിയ പുല്‍പ്പരപ്പാണ് വലതുവശത്തായി കാണുന്നത്. പുല്‍മേട്ടിന് വശത്തായി ടാറ്റയുടെ തന്നെ യൂക്കാലിപ്റ്റസ് മരങ്ങളുടെ നയനമനോഹരമായ തോട്ടമാണ്. മീശപ്പുലി മലയിലേയ്ക്കുള്ള യാത്രക്കാരുടെ ഒരിടത്താവളമാണത്. തമിഴ് ഉള്‍പ്പടെ പല ചലച്ചിത്രങ്ങളും അവിടെ വച്ച് ചിത്രീകരിച്ചിട്ടുണ്ടെന്ന് അവിടെ ചായപ്പീടിക നടത്തുന്ന ദൊരൈ പറഞ്ഞു. പലരും സൈലന്റ് വാലിയെന്നറിയപ്പെടുന്ന അവിടത്തെ പുല്‍മേട്ടില്‍ കൂട്ടം കൂടിയും തനിച്ചുനിന്നും മൊബൈലിലും ക്യാമറകളിലും മറ്റുമായി ചിത്രങ്ങള്‍ പകര്‍ത്തുന്ന തിരക്കിലാണ്. 

ബേസ് ക്യാമ്പിലെ ടെൻറുകൾ

ബേസ് ക്യാമ്പില്‍ ഏതാണ്ട് അമ്പതോളം പേര്‍ക്ക് താമസിക്കാനുള്ള ടെന്റുകള്‍ ഉണ്ട്. ക്യാമ്പിങ് സ്ഥലത്തിനുചുറ്റും വന്യമൃഗങ്ങള്‍ പ്രവേശിക്കാതിരിക്കാനായി സൌരോര്‍ജ്ജ കമ്പിവേലികള്‍ സ്ഥാപിച്ചിട്ടുണ്ട്. ബഹുവര്‍ണ്ണങ്ങളിലുള്ള കൂടാരങ്ങളുടെ സമുച്ചയം ആ പച്ചവിതാനിച്ച ഭൂമിയില്‍ ഒരു നല്ല ദൃശ്യ വിരുന്നാണ്. അവിടെത്തന്നെ കാഴ്ചയക്ക് വിരുന്നൊരുക്കുന്ന ചെടികളുമായി ഒരു പൂന്തോട്ടവും ഉണ്ട്.  

അവിടെ നിന്നും സുമാര്‍ അര മണിക്കൂറെങ്കിലും എടുക്കും ജീപ്പില്‍ ദുര്‍ഘടമായ പാതയിലൂടെ അഞ്ച് കിലോമീറ്ററോളം സഞ്ചരിച്ച് റോഡോ മാന്‍ഷന്‍ (Rhodo Mansion) എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പിങ് സമുച്ചയത്തിലേയ്ക്ക് എത്തുവാന്‍. ഡ്രൈവിങ്ങില്‍ പ്രഗത്ഭനായ അസിസ്റ്റന്റ് മാനേജര്‍ പ്രബീണ്‍ വണ്ടിയുടെ സാരഥ്യം അതിനകം ഏറ്റെടുത്ത് കഴിഞ്ഞിരുന്നു. ഇടയക്ക് ഒരു വ്യൂ പോയിന്റില്‍ നിറുത്തി പ്രകൃതിയുടെ വശ്യത നുകരാനും അടരുകളായി വീശിപ്പടരുന്ന മഞ്ഞിന്റെ നേരീയ പാളികളെ കാണാനും അനുഭവിക്കാനും അവസരം നല്‍കിക്കൊണ്ടുതന്നെ അവിടത്തെ വിശേഷങ്ങള്‍ പങ്കുവച്ച് അദ്ദേഹം യാത്ര തുടർന്നു. 

അഞ്ച് മണിയോടുകൂടി റോഡോ മാന്‍ഷന്‍ എന്ന പാര്‍പ്പിട സമുച്ചയത്തിലേയ്ക്ക് എത്തുമ്പോള്‍ തണുപ്പ് നന്നെ അധികരിച്ചിരുന്നു. കൂടെയുണ്ടായിരുന്ന നല്ലപാതിയും മകനും തണുത്ത് വിറയ്ക്കുന്നത് അറിഞ്ഞിട്ടും കാണാത്ത ഭാവത്തില്‍ നിന്നു. കിഴക്കേയറ്റത്തുള്ള മൂന്ന് കിടക്കകളുള്ള ഒരു മുറിയിലേയ്ക്ക് ഞങ്ങളെ നയിച്ചതും ഇതുവരെ കാണാത്ത ആവേശത്തില്‍ അവരിരുവരും മുറിയുടെ അടച്ചുറപ്പിലേയ്ക്ക് കുതിക്കുന്നതും തുടര്‍ന്ന് കണ്ടു. അന്ന് വിശിഷ്യ പരിപാടികള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല. വൈകിട്ട് കട്ടന്‍ ചായയും അടയും കഴിച്ച് തിരികെ മുറികളിലേയ്ക്കുതന്നെ.

മലമുകളിലേക്ക്...

അപ്പോഴേയ്ക്കും തൃശൂര്‍ വെള്ളാനിക്കര ഫോറസ്ട്രി കോളേജില്‍ നിന്ന്, ചോലക്കാടുകളിലെ (Shola forests) തിരഞ്ഞെടുത്തയിനം പക്ഷികളുടെ രക്തസാമ്പിളുകളിലുണ്ടായേക്കാവുന്ന, നിപ്പയുള്‍പ്പടെയുള്ള സാംക്രമിക രോഗങ്ങളുടെ അണുക്കളുടെ സാന്നിധ്യത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന നാല് പെണ്‍കുട്ടികളുടെ ഒരു സംഘം കൂടിയെത്തി. അവരും സഹായികളും ചേര്‍ന്ന് താമസിക്കാനായി കൊടും തണുപ്പിനേയും വീശിയടിക്കുന്ന കാറ്റിനേയും വകവയ്ക്കാതെ പുറത്ത് ടെന്റുകള്‍ അടിച്ചുറപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. കുറച്ചുനേരം അവരോട് റിസര്‍ച്ചിന്റെ വിവരങ്ങള്‍ തിരക്കിയും കുശലങ്ങള്‍ പറഞ്ഞും നിന്നു. അപ്പോഴേയ്ക്കും തണുപ്പിന്റെ ആധിക്യം ഏറെയാല്‍ ഞാനും താമസംവിനാ മുറിയുടെ നാലുചുവരുകള്‍ക്കുള്ളിലേയ്ക്ക് നിഷ്‌ക്രമിച്ചു. വൈകിട്ട് ഏഴുമണികഴിഞ്ഞപ്പോള്‍ മെസ്സ് ഹാളിനടുത്ത് ആഴികൂട്ടി ക്യാമ്പ് ഫയര്‍ ആരംഭിച്ചെന്നും അതുകഴിഞ്ഞാല്‍ അത്താഴമായെന്നും തൊട്ടപ്പുറത്തെ മുറിയിലുണ്ടായിരുന്നവര്‍ പറഞ്ഞു. അവര്‍ മലപ്പുറം ജില്ലയില്‍ നിന്നും എത്തിയ തപാല്‍ വകുപ്പിലെ അഞ്ച് സ്ത്രീകളായിരുന്നു. ഇത്തരത്തിലെ ട്രെക്കിംഗുകള്‍ക്ക് അവരൊന്നിച്ച് സ്ഥിരം പോകുക പതിവാണെന്നും ലീഡറായ രജിത പറഞ്ഞു.   

ബേസ് ക്യാമ്പിലെ ടെൻറുകളുടെ രാത്രി ദൃശ്യം

അതിരാവിലെ ഉണര്‍ന്ന് പ്രഭാതകര്‍മ്മങ്ങള്‍ക്കുശേഷം പുറത്തിറങ്ങുമ്പോഴേയ്ക്കും പുറത്ത് അസ്ഥികള്‍ തുളയ്ക്കുന്ന തണുപ്പോടുകൂടിയ ശീതക്കാറ്റായിരുന്നു. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ടെന്റുകളില്‍ തമ്പടിച്ചിരുന്ന കുട്ടികള്‍ അതിനകംതന്നെ റെഡിയായി സഹായികള്‍ക്കൊപ്പം ഗവേഷണ സാമഗ്രികളുമായി പഠനത്തിനായി ഫീല്‍ഡിലേയ്ക്ക് പോകാന്‍ തയ്യാറെടുത്തുകഴിഞ്ഞിരുന്നു. 

ആറുമണി കഴിഞ്ഞപ്പോള്‍ത്തന്നെ താഴെ ടെന്റുകളില്‍ താമസിച്ചിരുന്നവരും അല്ലാതെ ഒരു ദിവസത്തെ നടത്തത്തിനായി വന്നവരും അവരെ കൊണ്ടുവന്ന ജീപ്പുകളില്‍ മീശപ്പുലി മലയിലേയ്ക്ക് ട്രക്കിംഗിനായി എത്തിത്തുടങ്ങി. ക്രമേണ തണത്തുറഞ്ഞ അന്തരീക്ഷത്തിന് പുതുജീവന്‍ വച്ചുകൊണ്ടിരുന്നു. ഞങ്ങളും മെസ്സിലേയ്ക്ക് പോയി കട്ടന്‍ ചായയും രണ്ട് കഷണം ബ്രഡ്ഡും കഴിച്ച് യാത്രയ്ക്കായി മുറിയിലേയ്ക്ക് തിരികെയെത്തി. 
തണുപ്പ് വിട്ടുമാറിയിരുന്നില്ലെങ്കിലും ആറരയോടുകൂടി സന്ദര്‍ശകര്‍ ഗൈഡുകളോടൊപ്പം വരികളായി കയറ്റം കയറാന്‍ തുടങ്ങിയിരുന്നു. അവര്‍ക്കൊപ്പം ആദ്യത്തെ കുന്നിന്റെ നെറുകയിലേയ്ക്കുള്ള ഒറ്റയടിപ്പാതയിലൂടെ ഞങ്ങളും നടന്നു. നന്നെ തണുത്ത ചുറ്റുപാടില്‍ നിന്നും പെട്ടെന്ന് ആയാസപ്പെട്ട് ഒരു കയറ്റം കയറേണ്ടി വന്നതിനാലാകാം വഴിയില്‍ ചിലരെങ്കിലും (പ്രത്യേകിച്ച് സ്ത്രീകള്‍) നിന്നും ഇരുന്നും കിതപ്പാറ്റുന്നത് കാണാമായിരുന്നു. ആദ്യത്തെ കുന്നിന്റെ നെറുകയിലെത്തുമ്പോള്‍ സൂചിപ്പിച്ചിരുന്നതുപോലെ തന്നെ കൃത്യം സൂര്യോദയം! പത്ത് മിനിട്ടോളം അവിടെ ചിലവഴിച്ചതിനു ശേഷം ഇറക്കമിറങ്ങിയാണ് തുടര്‍യാത്ര. 

നയന മനോഹരങ്ങളായ പുല്‍മേടുകളും ചോലക്കാടുകളും നിറഞ്ഞ കുന്നുകള്‍ കയറിയിറങ്ങി യാത്ര തുടര്‍ന്നുകൊണ്ടിരുന്നു. ചിലയിടങ്ങളില്‍ കളകളാരവും മുഴക്കിയൊഴുകുന്ന കാട്ടുചോലകള്‍ കാണാം. വഴിയില്‍ കാണുന്ന പുല്‍മേടുകള്‍ നിറഞ്ഞ കുന്നിന്‍ മുകളിലാകെ കൃത്യമായ അകലം പാലിച്ച് നട്ടിരിക്കുന്ന സ്തൂപികാഗ്ര വൃക്ഷങ്ങളില്‍പ്പെട്ട (Conifers) പൈന്‍ മരങ്ങളുടെ കാഴ്ച നയനാഭമാണ്. 'ട്രോപ്പിക്കല്‍ പൈനുകളെന്ന' (Tropical Pine) പേരില്‍ അറിയപ്പെടുന്ന 'പൈനസ് പാറ്റുല' (Pinus patula) ഇനത്തില്‍പ്പെട്ട വൃക്ഷങ്ങളാണ്. 

എട്ട് കുന്നുകള്‍ കയറിയിറങ്ങി തിരിച്ചെത്തുന്ന തരത്തിലാണ് നാല് കിലോമീറ്ററോളം വരുന്ന ട്രെക്കിംഗ് പാത തയ്യാറാക്കിയിരിക്കുന്നത്. രണ്ട് മണിക്കൂറെങ്കിലും എടുക്കും അവസാനത്തെ കുന്നായ മീശപ്പുലി മലയിലെത്താന്‍. സാമാന്യം വലിയ ഒരു കയറ്റമാണത്. എന്നാല്‍ തണുത്ത കാലാവസ്ഥയിലും മനസ്സില്‍ നിറയുന്ന അനുഭൂതിയിലും അത് കയറുന്നത് തുലോം ആയാസരഹിതവും. മീശപ്പുല്ല് എന്നറിയപ്പെടുന്ന നീളം കുറഞ്ഞ ഒരിനം പുല്ല് സമൃദ്ധമായി അവിടെങ്ങും വളരുന്നതുകൊണ്ടാണ് ആ പേര് കിട്ടിയെതെന്നന്ന് നടത്തത്ടതിനിടയില്‍ ആരോ പറയുന്നത് കേട്ടിരുന്നു. ഏറ്റവും മുകളിലെ നിരപ്പിലിരിക്കുമ്പോള്‍ മറുവശത്ത് താഴെയായി വിണ്ണിറങ്ങി വന്ന സ്വര്‍ഗ്ഗം മാതിരി ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ച സഞ്ചാരികളുടെ മുന്നില്‍ത്തെളിയുകയായി! മലഞ്ചെരിവുകള്‍ക്ക് താഴെത്തെളിയുന്ന മരതകപ്പട്ടണിഞ്ഞ കാഴ്ചവട്ടങ്ങളിലൂടെ തെന്നി നീങ്ങുന്ന മഞ്ഞിന്റെ വെണ്മയാര്‍ന്ന ഉടയാടകള്‍ കണ്ട് മതിമറന്നിരിക്കുന്ന സഞ്ചാരികളെയാണ് നമുക്ക് പിന്നെ കാണാനാകുക.  

അപ്പോഴേയ്ക്കും ഗൈഡുകളിലൊരാളായ പനീര്‍ശെല്‍വം അരികിലേയ്ക്ക് വന്ന് രഹസ്യമെന്നോണം എന്നെ പ്രത്യേകം ക്ഷണിച്ചു. 

നീലക്കുറിഞ്ഞിക്കാഴ്ചകള്‍

അദ്ദേഹത്തോടൊപ്പം അഗാധമായ കുന്നിന്‍ ചെരിവിന്റെ വശത്തേയ്ക്ക് ഏറെ സൂക്ഷിച്ച് ഇറങ്ങി നിന്നപ്പോഴാണ് അത് കണ്ടത്. കാലം തെറ്റി വിരിഞ്ഞുനില്‍ക്കുന്ന കുറച്ച് നീലക്കുറിഞ്ഞിപ്പുക്കള്‍! ഇരവികുളത്തിന്റേയും മൂന്നാറിന്റെ തന്നെയും ഏറ്റവും വലിയ ആകര്‍ഷണം പന്ത്രണ്ട് കൊല്ലത്തിലൊരിക്കല്‍ മാത്രം കാടടച്ച് പൂത്തുലയുന്ന നീലക്കുറിഞ്ഞിച്ചെടികളാണല്ലോ. അതിനും താഴെയായി കുറച്ചപ്പുറത്ത് നിറയെ ചുവപ്പ് നിറത്തിലെ പൂക്കളുമായി നില്‍ക്കുന്ന റോഡോ ഡെന്‍ട്രോണ്‍ ചെടികളേയും അയാള്‍ കാട്ടിത്തന്നു. ചിത്രങ്ങള്‍ പകര്‍ത്തിയും കൂടെക്കൊണ്ടുന്ന ലഘുഭക്ഷണങ്ങള്‍ കഴിച്ചും തണുത്ത കാറ്റേറ്റും സൊറ പറഞ്ഞിരിക്കുന്ന യാത്രക്കാരോടൊപ്പം പ്രകൃതി ദൃശ്യങ്ങള്‍ ആസ്വദിച്ചുകൊണ്ട് അര മണിക്കൂറോളം അവിടെ ചിലവഴിച്ചു. 

ഇനി മടക്കയാത്രയാണ്. പൈന്‍ മരങ്ങളും 'വാറ്റില്‍' (wattle) വൃക്ഷങ്ങളും നിറഞ്ഞ പുല്‍മേടുകള്‍ തന്നെയാണ് മടക്കയാത്രയിലുടനീളവും കാണാനാകുക. (Acacia mearnsii) എന്ന ശാസ്ത്ര നാമമുള്ള വാറ്റില്‍ പള്‍പ്പിനും 'ഗ്രാസ്സ് ലാന്റ് അഫോറസ്റ്റേഷനുമായി' (Grassland Afforestation) പുല്‍മേടുകളിലെ വനവത്കരണം) വനം വകുപ്പ് തന്നെ പരിചയപ്പെടുത്തിയതാണ്. എന്നാലിപ്പോളത് മൂന്നാറിലാകെത്തന്നെ ഒരു അധിനിവേശ സസ്യത്തിന്റെ പരിവേഷമാര്‍ജ്ജിച്ചിരിക്കുന്നുവെന്നത് കയ്‌പേറിയ സത്യവും. (Brackens Pteridium) എന്നറിയപ്പെടുന്ന പന്നല്‍ച്ചെടികളുടെ കടന്നുകയറ്റം മുന്‍പ് ആനമുടിയിലേയ്ക്കുള്ള യാത്രയില്‍ കണ്ടതുമാതിരി ഇവിടേയുമുണ്ട്. അവയൊക്കെ അപ്പാടെ ഉണങ്ങി നില്‍ക്കുകയാണിപ്പോള്‍. വേനല്‍ക്കാലാരംഭത്തിനുമുമ്പ് നീക്കം ചെയ്തില്ലെങ്കില്‍ കാട്ടുതീ ഉണ്ടാകുന്ന പക്ഷം ഉണങ്ങുന്ന പുല്ലിനോടൊപ്പം അവയും കത്തിപ്പടരാനുള്ള ഇന്ധനമായി വര്‍ത്തിച്ച് തീ നിയന്ത്രണാതീതമാകാനും മതി എന്ന് മനസ്സ് പറഞ്ഞു. മുന്‍പ് അനധികൃമായി കുളുക്കുമലയില്‍ നിന്നും മീശപ്പുലി മലയിലേയ്ക്ക് സഞ്ചരിച്ച നിര്‍ഭാഗ്യവാന്മാരായ 24 മനുഷ്യര്‍ കാട്ടുതീയില്‍പെട്ട് മരിച്ചതാവാം ഞാനോര്‍ത്തുപോയത്. 

റോഡോ വാലി (Rhodo valley) എന്നറിയപ്പെടുന്ന താഴ്വാരത്തേയ്ക്ക് നടക്കുമ്പോള്‍ വരയാടുകളുടെ (Nilgiri Tahr) ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനായുള്ള പ്രോജക്ടിന്റെ ഭാഗമായി പത്തോളം ഹെക്ടര്‍ സ്ഥലത്ത് പരദേശി സസ്യങ്ങളായ പൈനുകളും വാറ്റിലുകളും ഒക്കെ വെട്ടിയിട്ടിരിക്കുന്നതും പനീര്‍ ശെല്‍വം കാട്ടിത്തന്നു. വീണ്ടും താഴേയ്ക്ക് വരുമ്പോള്‍ മുന്‍പെപ്പോഴോ പണിത ഒരു തടയണ കാണാം (Check Dam). ചെറിയ അരുവികളില്‍ നിര്‍മ്മിക്കുന്ന തടയണകള്‍ വനാന്തരത്തില്‍ പെയ്ത്തുവെള്ളം കുത്തൊഴുക്കാകാതെ ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്തുന്നതിനും വന്യജീവികള്‍ക്ക് കുടിവെള്ളം ഉറപ്പാക്കുന്നതിനും സഹായിക്കും. ഇവിടെ വെള്ളം തേടിയെത്തുന്ന സസ്യാഹാരികളെ ഇരപിടിയന്മാര്‍ പതിയിരുന്നാക്രമിക്കുന്നതും പതിവത്രേ.  
നേരത്തെ നടന്നെത്തിയവരില്‍ച്ചിലര്‍ അവിടെ  ഇരുന്ന് വര്‍ത്തമാനം പറയുന്നുമുണ്ട്.

ശേഷം ഇടതൂര്‍ന്ന പൈന്‍ തോട്ടങ്ങളുടെ അരികുപറ്റിയാണ് തുടര്‍യാത്ര. വലിയ കയറ്റിറക്കങ്ങള്‍ തിരികെയുള്ള യാത്രയില്‍ കാണാനേയില്ല. അവസാനം റോഡോ മാന്‍ഷന്റെ മെസ്സ് ഹാളിന്റെ പിന്നാമ്പുറത്ത് എത്തിയപ്പോള്‍ ശരിക്കും പോയതിനേക്കാള്‍ വേഗത്തില്‍ തിരിച്ചെത്തിയതിന്റെ ആശ്വാസമായിരുന്നില്ല പകരം ജീവിതത്തില്‍ കരഗതമായ ഒരസുലഭയാത്രയുടെ മിഴിവാര്‍ന്ന ഓര്‍മകളാണ് ഉള്ളകം നിറഞ്ഞിരുന്നത്. 

സമൃദ്ധമായ പ്രഭാത ഭക്ഷണത്തിനുശേഷം പത്തരയോടുകൂടി കോട്ടേജിലേയ്ക്ക് നടക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടുന്ന പതിനഞ്ചോളം വരുന്ന വരയാടിന്‍ പറ്റം ഭയം ലവലേശം തീണ്ടാതെ അവിടമാകെ മേഞ്ഞുനടക്കുന്നതാണ് കണ്ടത്. ആനന്ദത്തിന്റേയും കൗതുകത്തിന്റേയുമൊക്കെ ഉച്ചയസ്ഥായിയില്‍ എത്തിക്കുന്ന ആ ദൃശ്യമാണ് മീശപ്പുലി മലയിലേയ്ക്കുള്ള യാത്രയിലെ ശരിക്കും ക്ലൈമാക്‌സെന്ന് തന്നെ പറയണം! 

വരയാട്ടില്‍ പറ്റത്തെ വകഞ്ഞ് മുറിയിലെത്തി വിശ്രമിച്ച് ലേശം വൈകി വസ്ത്രം മാറി പുറത്തിറങ്ങിയപ്പോള്‍ യാത്രികരും വണ്ടികളും ആഹ്‌ളാദാരവങ്ങളുമൊഴിഞ്ഞ് അനാഥമായിക്കിടക്കുന്ന കോട്ടേജുകളും പരിസരവുമാണ് കണ്ടത്. വല്ലാത്ത മൂകത തളം അവിടെമാകെ കെട്ടിക്കിടക്കുന്നതുപോലെ. സഞ്ചാരികള്‍ എല്ലാപേരും താന്താങ്ങളുടെ ലാവണങ്ങളിലേയ്ക്കുള്ള മടക്കയാത്രയിലാകാം. തെല്ലകലെയായി കളിച്ചുകൊണ്ടിരുന്ന മെസ്സ് നടത്തുന്ന പളനിയുടെ ആറുവയസ്സ് മതിക്കുന്ന ഒരു പെണ്‍കുഞ്ഞുമാത്രം കളി നിറുത്തി കുതൂഹലം മുറ്റുന്ന കണ്ണുകളോടെ ഞങ്ങളെ ഉറ്റുനോക്കി നിന്നിരുന്നു. നിശ്ചയമായും അവള്‍ക്കിത് പുതിയ കാഴ്ചയല്ലതന്നെ. കാലത്ത് വെയിലുറയ്ക്കുന്നതോടെ ആളൊഴിയുന്ന താമസസ്ഥലങ്ങള്‍ വൈകുന്നേരമാകുമ്പോള്‍ വീണ്ടും ഒച്ചകളും ആരവങ്ങളും കൊണ്ട് നിറയുന്നത് അവള്‍ സ്ഥിരം കാണാറുള്ളതാണ്. നിര്‍ന്നിമേഷങ്ങളായ ആ കണ്ണുകളുടെ നിഷ്‌കളങ്കതയിലേയ്ക്ക് കൈയ്യിലിരുന്ന ചോക്‌ളേറ്റ് മിഠായികള്‍ സഹധര്‍മ്മിണി നീട്ടിപ്പിടിച്ചപ്പോഴും നിസ്സംഗയായി നിന്ന അവളുടെ കുഞ്ഞുകൈയ്യുകള്‍ മനഃപൂര്‍വം പിന്നിലേയ്ക്ക് മടക്കിപ്പിടിച്ചിടിച്ച നിലയിലായിരുന്നുവെന്നതും ഞാന്‍ ശ്രദ്ധിച്ചു.

രാത്രി ഒന്‍പത് മണിക്ക് മൂന്നാറില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള കെ എസ് ആര്‍ ടി സിയുടെ സ്വിഫ്റ്റില്‍ കുടുംബ സമേതം ആസനസ്ഥനാകുമ്പോഴും തണുപ്പ് വിട്ടുമാറിയിരുന്നില്ല. എന്നാല്‍ രാവിലേ നാലേ മുക്കാലോടുകൂടി തിരുവനന്തപുരത്ത് ബസ്സിറങ്ങുമ്പോള്‍ കമ്പിളി സ്വറ്ററുകള്‍ അതുവരേയും അഴിച്ചുമാറ്റാത്തത്തില്‍ ചെറിയ ജാള്യമാണ് തോന്നിയത്. 
 

Content Highlights: meeshappuli mala, travel, kerala travel, forest trecking, yathra magazine