മഞ്ഞിന്റെ കുളിരും പച്ചപ്പിന്റെ പുതപ്പുമൊരുക്കി നീലഗിരിയുടെ തോഴി

കോടയും തണുപ്പും പച്ചപ്പും എടുത്തണിഞ്ഞൊരുങ്ങിയ തമിഴ്ഗ്രാമം. തന്നിലേക്കെത്തുന്നവരെ കാഴ്ചയുടെ വിരുന്നൊരുക്കി സത്കരിക്കുന്ന നാട്, കിണ്ണക്കോരൈ. അധികമാരുമറിയാത്ത ഭൂമിയിലെ ഒരു മനോഹരസ്വകാര്യം. ഊട്ടിയില്‍നിന്ന് അന്‍പത്തഞ്ചുകിലോമീറ്റര്‍ ദൂരം താണ്ടിയാല്‍ നീലഗിരി ജില്ലയിലെ കിണ്ണക്കോരൈയിലെത്താം. വലിയൊരു ടൂറിസ്റ്റ് ഡെസ്റ്റിനേഷഷന്‍ പ്രതീക്ഷിച്ചുചെന്നാല്‍, ചിലപ്പോള്‍ നിരാശരാകേണ്ടിവരും. കിണ്ണക്കോരൈയിലേക്കെത്താനുള്ള വഴികളിലാണ് ആ ഗ്രാമത്തിന്റെ മുഴുവന്‍ സൗന്ദര്യവും. പോകുംവഴി ചില മരങ്ങള്‍ക്കരികില്‍ ദൈവങ്ങളുടെ പ്രതിഷ്ഠകളും കുഞ്ഞുകുഞ്ഞമ്പലങ്ങളും കാണാം. പ്രാര്‍ഥിക്കുന്നതും കാണിക്കയിടുന്നതും അമ്പലത്തിന്റെ ചുറ്റുപാടുകള്‍ വൃത്തിയാക്കുന്നതുമെല്ലാം യാത്രക്കാര്‍തന്നെ.
കിണ്ണക്കോരൈയിലെത്തുന്നതിന് മുന്നേയുള്ള ചെറുപട്ടണമാണ് മഞ്ചൂര്‍. 'മഞ്ഞൂര്‍' എന്നും വിളിക്കാറുണ്ട്. മഞ്ഞുനിറഞ്ഞ ഊര്, അതാണ് മഞ്ഞൂര്‍'എന്നറിയപ്പെടാന്‍ കാരണം. മഞ്ഞൂരിലേക്ക് പോകുംവഴി അവലാഞ്ചെ തടാകം കണ്ടു. റോഡില്‍നിന്ന് നോക്കിയാല്‍ ചുറ്റും പച്ചപ്പണിഞ്ഞ ഒരു കുഞ്ഞുപ്രദേശം. ചിലരവിടെ വണ്ടിനിര്‍ത്തി ഫോട്ടോയെടുക്കുന്നുണ്ടായിരുന്നു. മഞ്ഞൂരില്‍നിന്ന് മേല്‍ കുന്ദെ, തായ്സോളൈ വഴി രണ്ടുമണിക്കൂറോളം യാത്രയുണ്ട് കിണ്ണക്കോരൈയിലേക്ക്. ഇരുവശങ്ങളിലും കോടനിറഞ്ഞ മലനിരകള്‍. കുറച്ചുകൂടി മുന്നോട്ട് നീങ്ങിയാല്‍ വള്ളിപ്പടര്‍പ്പുകളും മരങ്ങളും ഇടതിങ്ങിയ ഇരുണ്ട കാട്.
മഞ്ഞ് പുതച്ചുനില്‍ക്കുന്ന ഈ ഇരുണ്ട വഴികള്‍ പിന്നിടുമ്പോള്‍ രണ്ടിടങ്ങളിലേക്കായി തിരിയുന്നത് കാണാം. ഒന്ന് കിണ്ണക്കോരൈയിലേക്കും മറ്റൊന്ന് ടീ ഫാക്ടറിയിലേക്കും. ഫാക്ടറി കോമ്പൗണ്ടിനകത്ത് പാസുള്ളവര്‍ക്കുമാത്രമേ, പ്രവേശനമുള്ളൂ. അതിനാല്‍, അവിടെ കയറാന്‍ നില്‍ക്കാതെ നേരേ കിണ്ണക്കോരൈയിലേക്ക് വെച്ചുപിടിച്ചു. ഇരുവശങ്ങളിലും തേയിലത്തോട്ടങ്ങള്‍ നിറഞ്ഞതാണ് കിണ്ണക്കോരൈ. കൃഷിയിടങ്ങളും തേയിലത്തോട്ടങ്ങളും ടീ ഫാക്ടറികളുമാണ് ഈ നീലഗിരി ഗ്രാമത്തിന്റെ പ്രധാന സാമ്പത്തികസ്രോതസ്സ്.
നീലഗിരിയിലെ മനോന്‍മണി
പേരിന്റെ ഭംഗി കാരണമാകാം പ്രായം നോക്കിയില്ല, വിശേഷണങ്ങളൊന്നും ചേര്‍ക്കാതെ മനോന്‍മണി എന്നുതന്നെ വിളിച്ചു. കിണ്ണക്കോരയിലെ ഏറ്റവുമൊടുവിലത്തെ ഗ്രാമമായ ഹിരിയാസീഗെയിലെ താമസക്കാരി. മഞ്ഞയും പച്ചയും നിറങ്ങള്‍ പൂശിയ ചെറുവീടുകളാണ് ഹിരിയാസീഗെയുടെ പ്രത്യേകത. തോട്ടംതൊഴിലാളികളായ ബഡകരുടെ വീടുകള്‍. ഞങ്ങളെ കണ്ടതും അന്ന് നുള്ളിയെടുത്ത കൊളുന്തുകളുടെ കെട്ടുകള്‍ ശരിയാക്കി വയ്ക്കുകയായിരുന്ന തൊഴിലാളികള്‍ സംശയത്തോടെ നോക്കി. കൂട്ടത്തില്‍നിന്ന് തലയിലിട്ടിരുന്ന തുണി എടുത്ത് മുഖം തുടച്ചുകൊണ്ട് മനോന്‍മണി മുന്നോട്ടുവന്നു. ഞങ്ങളോട് കാര്യം തിരക്കി. സ്വന്തം പേരുപറഞ്ഞ് അവര്‍ ഞങ്ങള്‍ക്കിടയിലെ ഒരാളായി. കിണ്ണക്കോരൈയിലെ കാഴ്ചകള്‍ പറഞ്ഞുതന്നു. ഒപ്പം അതൊന്നും ആസ്വദിക്കാനാവാത്ത കഠിനമായ തന്റെ ജീവിതവും.
മനോന്‍മണി ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചു. ബഡകര്‍ക്ക് അതിഥികള്‍ ഏറെ പ്രിയപ്പെട്ടവരാണെന്ന് എവിടെയോ വായിച്ചതോര്‍ത്തു. തീരെ ചെറിയ ആ ഒറ്റമുറിവീട്ടിനുള്ളില്‍ ഒരുഭാഗത്ത് ചെറിയ കട്ടിലിട്ടിരിക്കുന്നു. അതിലിരിക്കാന്‍ ഞങ്ങളോട് പറഞ്ഞ അവര്‍ കഴിക്കാന്‍ പഴവും പലഹാരങ്ങളും തന്നു. ഒപ്പം സ്വയം പൊടിച്ചെടുത്ത കാപ്പിപ്പൊടിയിട്ട ചൂടുകാപ്പിയും. മുറിയുടെ ഒരുഭാഗത്ത്, പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനായി ചെറിയൊരു ഭാഗം ഓവുപോലെ കെട്ടിയുയര്‍ത്തിയിരിക്കുന്നു.
ദിവസം 200 രൂപ കൂലി ലഭിക്കുന്ന അവര്‍ക്ക്, അതില്‍ കൂടുതല്‍ സ്വപ്‌നം കാണാനാവുമായിരുന്നില്ല. ചുമരിലെ സ്വാമിയാരുടെ ചിത്രത്തില്‍ ആ പകലിലും തിരി കത്തിക്കൊണ്ടിരിക്കുന്നന്നുണ്ടായിരുന്നു. മനോന്‍മണി തന്റെ സങ്കടങ്ങള്‍ കെട്ടഴിക്കുന്നിടമായിരിക്കുമതെന്ന് ഊഹിച്ചു. ഭര്‍ത്താവ് ഉപേക്ഷിച്ച അവര്‍ ഒറ്റയ്ക്കാണ്. പറഞ്ഞുതീരാത്തത്രയും ആവലാതികള്‍, വിശേഷങ്ങള്‍. ആ ഗ്രാമത്തിനപ്പുറത്തേക്ക് പോകാത്ത ചിന്തകളില്‍ വളരെ വിശാലമായിക്കിടക്കുന്ന സ്‌നേഹമയിയെ കാണാനായി. ഇനി വരുമോ? വന്നാല്‍ത്തന്നെ എന്നെ കാണുമോ? ആ വെള്ളാരങ്കണ്ണുകളില്‍ നീര്‍ പൊടിയുന്നത് കണ്ടു. ഇനിയും വരും, മനോന്‍മണിയെ കാണും. ഉറപ്പ്. കൊളുന്തുനുള്ളി വിണ്ടുകീറിത്തുടങ്ങിയ അവരുടെ കൈയില്‍ അമര്‍ത്തിപ്പിടിച്ച് പറഞ്ഞു. കലര്‍പ്പില്ലാത്ത സ്‌നേഹമാണല്ലോ ഏതിടങ്ങളേയും മനോഹരമാക്കുന്നത്.
Content Highlights: travel to kinnakorai