കോവില്‍ നഗരം കുംഭകോണം, ചോളസാമ്രാജ്യത്തിന്റെ പ്രതാപകാലത്ത് പണിതുയര്‍ത്തിയ ക്ഷേത്രങ്ങളാല്‍ സമൃദ്ധം

ആടി കുംഭേശ്വര ക്ഷേത്രം | Photo: പി. ജയേഷ്‌
ആടി കുംഭേശ്വര ക്ഷേത്രം | Photo: പി. ജയേഷ്‌

പുഷ്പഗന്ധം തൂവുന്ന തഞ്ചാവൂരില്‍നിന്ന് പുലര്‍ച്ചെയാണ് പുറപ്പെട്ടത്. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന വയലേലകള്‍ പി
ന്നിട്ട് പോക്കുവെയിലിലൂടെ മയിലാടുതുറൈ എക്സ്പ്രസ് കൂകിപ്പാഞ്ഞു. ചോളസാമ്രാജ്യത്തെ ഫലഭൂയിഷ്ഠമാക്കിയ കാവേരി എന്ന പൊന്നി നദി, ഇടയ്ക്കെപ്പോഴോ മുന്നില്‍ത്തെളിഞ്ഞും അകന്നും ഒഴുകുന്നു. പൊന്നിയുടെ പ്രതാപം എന്നേ അപ്രത്യക്ഷമായിട്ടുണ്ട്. ഇന്നത്, ചപ്പുചവറുകളുടെ വീപ്പയാണ്. വടക്ക് കാവേരിനദിയാലും തെക്ക് അരസലാറിനാലും ചുറ്റപ്പെട്ട ക്ഷേത്രനഗരമായ കുംഭകോണത്ത് ഇറങ്ങുമ്പോള്‍ മനസ്സില്‍ നിറയുന്ന വാക്യമുണ്ട്. ''കുംഭകോണെ കൃതം പാപം കുംഭകോണെ വിനശ്യതി''; സര്‍വ പാപങ്ങളില്‍നിന്നും മോചനം നല്‍കുന്ന ഇടമാണത്രേ കുംഭകോണം.

നഗരഭാഗമെത്തിയതിന്റെ സൂചന നല്‍കിക്കൊണ്ട് ക്ഷേത്രഗോപുരങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഓട്ടോയിലിരിക്കുമ്പോള്‍ വെളുപ്പില്‍ ചുവന്ന ചായം പൂശിയ വലിയ ക്ഷേത്ര മതില്‍ക്കെട്ടുകള്‍ എല്ലായിടത്തും കാണാം. അവയ്ക്ക് മുകളിലായി കൊത്തുപണികളാല്‍ അലംകൃതമായ ദേവീദേവന്മാര്‍. കിഴക്കെന്നോ തെക്കെന്നോ വടക്കെന്നോ പടിഞ്ഞാറെന്നോ വ്യത്യാസമില്ലാതെ ഏത് ദിക്കിലും ക്ഷേത്രഗോപുരങ്ങള്‍ മാത്രം. ക്ഷേത്രങ്ങളുടെ നഗരമെന്ന് കേള്‍വികൊണ്ട നാടാണ് കുംഭകോണം. ഇളംകാറ്റിനുപോലും പൂക്കളുടെയും ഭസ്മങ്ങളുടെയും ഗന്ധമാണ്. 

കുംഭകോണത്തെ പ്രധാന ക്ഷേത്രമായ അരുള്‍മിഗു ആദികുംഭേശ്വരര്‍ ക്ഷേത്രത്തിലേക്കാണ് ആദ്യമെത്തിയത്. തെക്കും കിഴക്കും വടക്കും പടിഞ്ഞാറുമായി നാല് ഗോപുരങ്ങള്‍. ക്ഷേത്രകവാടങ്ങളാണ് അവ. ഗോപുരകവാടങ്ങള്‍ക്ക് മുന്നിലായി മുല്ലയും അരളിയും ജമന്തിയും മല്ലികയും കൊരുത്ത പൂമാലകള്‍ വില്‍ക്കുന്നവര്‍. ക്ഷേത്രത്തിനുള്ളിലേക്കെത്തുമ്പോള്‍ കൈനീട്ടി ഓടിയെത്തുന്നത് ഭിക്ഷയാചിക്കുന്നവരാണ്. ക്ഷേത്രത്തിനുള്ളിലെല്ലാം ഭിക്ഷാടകര്‍ ധാരാളമായുണ്ട്. ഓര്‍മയിലേക്കെത്തിയത് 'നൂറുസിംഹാസനങ്ങളി'ലെ ധര്‍മപാലന്റെ അമ്മയെയാണ്. വിശക്കുന്നുണ്ടെന്ന രീതിയില്‍ ആംഗ്യം കാണിച്ച് അവര്‍ ഓരോരുത്തരും ക്ഷേത്രത്തിലെത്തുന്നവരുടെ പിറകെ കൂടുന്നു. പത്തോ ഇരുപതോ രൂപ കൈയില്‍ കൊടുക്കുമ്പോള്‍ അനുഗ്രഹിക്കുന്നതുപോലെ ആംഗ്യം കാണിച്ച് വീണ്ടും അടുത്തയാള്‍ക്കരികിലേക്ക്... 

ദേവി-ദേവന്മാരുടെ ശില്പങ്ങള്‍കൊണ്ടും കൊത്തുപണികളാല്‍ സമ്പന്നമായ തൂണുകള്‍കൊണ്ടും ആദികുംഭേശ്വര ക്ഷേത്രം പ്രൗഢിയോടെ തലയുയര്‍ത്തിനില്‍ക്കുന്നു. കോവിലിലെ പ്രധാന ആകര്‍ഷണം തലയെടുപ്പോടെ നില്‍ക്കുന്ന രാജഗോപുരമാണ്. 128 അടി ഉയരത്തില്‍ 11 നിലകളിലായി അത് ചോളകാലത്തിന്റെ പ്രതാപം വിളിച്ചോതുന്നു. 
ചോളരാജാക്കന്മാരുടെ ഭരണകാലത്ത് ഏഴ്, എട്ട് നൂറ്റാണ്ടുകളിലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്നാണ് കരുതപ്പെടുന്നത്. ആദികുംഭേശ്വരനാണ് പ്രതിഷ്ഠ. സ്വയംഭൂവാണ് ഈ പ്രതിഷ്ഠയെന്നാണ് സങ്കല്പം. തമിഴില്‍ തിരുകുടന്തൈ, തിരുകുടംമൂക്ക് എന്നീ പേരുകളിലും പ്രതിഷ്ഠ അറിയപ്പെടുന്നു. ക്ഷേത്രനഗരമായ കുംഭകോണത്ത് 12 ശൈവാലയങ്ങളും ആറ് വൈഷ്ണവ ക്ഷേത്രങ്ങളുമാണുള്ളത്.

ചക്രപാണി ക്ഷേത്രം

വിനായക ക്ഷേത്രങ്ങളുടെയും മാരിയമ്മന്‍ കോവിലുകളുടെയും ചെറിയ ക്ഷേത്രങ്ങളുടെയുമെല്ലാം എണ്ണമെടുത്താല്‍ 575-ല്‍പരം വരുമത്രേ! ആദികുംഭേശ്വര ക്ഷേത്രത്തിലെ പ്രധാന പുരോഹിതന്‍ കാമേശ്വര ഗുരുക്കള്‍ കുംഭകോണത്തിന്റെ പെരുമയെക്കുറിച്ച് വാചാലനായി. ''ഓരോ യുഗാവസാനത്തിലും മഹാപ്രളയമുണ്ടാവും. അങ്ങനെ ദ്വാപരയുഗാവസാനത്തില്‍ പരമശിവന്‍ ഒരു കുംഭകലശത്തില്‍ അമൃത്, മണല്‍, ജലം, വേദങ്ങള്‍, പുരാണങ്ങള്‍, ശാസ്ത്രങ്ങള്‍ എന്നിവയ്‌ക്കൊപ്പം സര്‍വ സൃഷ്ടിബീജങ്ങളെയും ആവാഹിച്ച് പൂജചെയ്ത് ബ്രഹ്മാവിന് നല്‍കി. ബ്രഹ്മാവ് ഈ കുംഭം മേരുപര്‍വതത്തിന്റെ ഉച്ചിയില്‍വെച്ച് പൂജിച്ചു. 

കലിയുഗ ഉത്പത്തിക്കായുള്ള മഹാപ്രളയത്തില്‍ കുംഭം ഒഴുകിവന്ന് ഈ ക്ഷേത്രസ്ഥാനത്ത് തങ്ങിനിന്നു. പരമശിവന്‍ വേടന്റെ രൂപത്തിലുള്ള കിരാടേശ്വരനായി വന്ന് അമൃതകുംഭകലശത്തെ അമ്പെയ്ത് ഉടച്ചു. അതിലെ ജീവാത്മാക്കളാല്‍ സ്വയംഭൂവായ ശിവലിംഗത്തെ പൂജ ചെയ്തു. അങ്ങനെയാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നത്''. പ്രപഞ്ച ആരംഭത്തിലെ ഈശ്വരന്‍ ഇവിടെയുള്ളതിനാലും കുംഭത്തില്‍നിന്ന് ഉരുത്തിരിഞ്ഞ് വന്നതിനാലുമാണ് ആദി കുംഭേശ്വരര്‍ എന്ന് പേര് വന്നതത്രേ! എഴുപത്തിരണ്ടായിരം കോടി മന്ത്രങ്ങള്‍ ചേര്‍ന്ന പീഠത്തിനുമേല്‍ പ്രതിഷ്ഠിച്ച മന്ത്രപീഠേശ്വരി മംഗളാംബികയും ഇവിടത്തെ പ്രധാന പ്രതിഷ്ഠയാണ്. 51 ശക്തിപീഠങ്ങള്‍ ആവാഹിച്ചിട്ടുണ്ടതില്‍. 
മാസി മാസത്തിലെ മകം നക്ഷത്രത്തിലാണത്രേ ഇത് നടന്നത്. അതുകൊണ്ട് മാസി മാസം ഇവര്‍ക്ക് ആഘോഷങ്ങളുടെയും ആചാരങ്ങളുടെതുമാണ്. 12 വര്‍ഷത്തിലൊരിക്കല്‍ കൊണ്ടാടുന്ന മഹാമഹം ഏപ്രിലിലാണ്. 

ഓരോ വ്യാഴവട്ടം കൂടുമ്പോള്‍ ഋഷികള്‍, മുനിമാര്‍, നദിദേവതമാര്‍ തുടങ്ങിയവര്‍ മഹാമഹം കുളത്തിലെത്തി സ്‌നാനം ചെയ്തിരുന്നുവെന്നാണ് വിശ്വാസം. കുളത്തില്‍ മുങ്ങി പ്രാര്‍ഥിച്ചാല്‍ സര്‍വപാപങ്ങളും കഴുകിക്കളഞ്ഞ് മുക്തി ലഭിക്കുമെന്നാണ് സങ്കല്പം. നഗരമധ്യേയാണ് ചുറ്റും കല്‍പ്പടവുകളില്‍ തീര്‍ത്ത വിശാലമായ കുളം. 16 മണ്ഡപങ്ങളും ഉള്ളില്‍ 21 തീര്‍ഥക്കിണറുകളുമുണ്ടിവിടെ. ഗംഗ, യമുന, സരസ്വതി, നര്‍മദ, ഗോദാവരി, കൃഷ്ണ, തുംഗഭദ്ര, കാവേരി, സരയു നദീദേവതമാരുടെ സംഗമസ്ഥാനമായാണ് മഹാമഹം കുളം പറയപ്പെടുന്നത്. കുളക്കരയിലേക്ക് ഞങ്ങളെത്തുമ്പോള്‍ പ്രവേശനമുണ്ടായിരുന്നില്ല. എങ്കിലും ഒരു സ്ത്രീ കുളത്തിന്റെ പടവുകളില്‍ തുണി അലക്കുന്നത് കാണാമായിരുന്നു. പ്രായമായ ചിലര്‍ കുളിക്കുന്നുമുണ്ട്. 

കൊട്ടും കുരവയും വാദ്യഘോഷങ്ങളുമായി ആടിത്തിമര്‍ത്തുകൊണ്ടാണ് കാളിയുടെ വരവ്. കുംഭകോണത്തിലെ 
പ്രാദേശികോത്സവമാണ് കാളിയാട്ടം. പച്ചക്കാളിയും പവലക്കാളിയും എട്ടുകൈകളുള്ള പച്ചയും ചുവപ്പും നിറത്തിലുള്ള ദേവീരൂപങ്ങളാണ്. വാളും കപാലവും ചോരവാര്‍ന്നൊലിക്കുന്ന ശിരസ്സുമേന്തിയാണ് കാളിയുടെ വരവ്. പച്ചയും ചുവപ്പും നിറത്തില്‍ കാളീവേഷം ധരിച്ച് നൃത്തച്ചുവടുകള്‍വെച്ചുകൊണ്ട് ക്ഷേത്രങ്ങളിലൂടെ പ്രദക്ഷിണം ചെയ്യുന്നു. അസുരനിഗ്രഹത്തിനായി കാളീരൂപമെടുത്ത ദേവിയെ സൂചിപ്പിച്ചുകൊണ്ടാണ് കാളിയാട്ടം എന്ന ആചാരം. ദേവന്മാരെ നിരന്തരം ഉപദ്രവിച്ചിരുന്ന അസുരന്മാര്‍ക്കെതിരേ യുദ്ധം ചെയ്യാനായി ദേവി പച്ചനിറത്തിലുള്ള കാളീരൂപം പൂണ്ടു. ഉഗ്രരൂപിണിയായ കാളിക്ക് ചുവപ്പുനിറമാണുള്ളത്. 'പവലക്കാളി' എന്നാണ് ആ കാളീരൂപത്തിന് പേര്. ഏറെക്കാലത്തെ വ്രതാനുഷ്ഠാനത്തോടെയാണ് കാളീവേഷത്തിനായി ആളുകള്‍ തയ്യാറെടുക്കുക. പച്ചക്കാളിയും പവലക്കാളിയും തിന്മയുടെ മേല്‍ നന്മ വിജയിക്കുന്നതിന്റെ പ്രതീകമാണെന്നാണ് വിശ്വാസം. 

കാളിവരവ്‌

കാശി വിശ്വനാഥ ക്ഷേത്രം, ആദി കുംഭേശ്വരര്‍ ക്ഷേത്രം, സോമേശ്വരര്‍ ക്ഷേത്രം, നാഗേശ്വരക്ഷേത്രം, കമ്പട്ട വിശ്വനാഥര്‍ ക്ഷേത്രം, അഭിമുഖേശ്വര ക്ഷേത്രം, തുടങ്ങിയ ശൈവക്ഷേത്രങ്ങളും സാരംഗപാണി, ചക്രപാണി, രാമസ്വാമി തുടങ്ങിയ വൈഷ്ണവ ക്ഷേത്രങ്ങളുമാണ് മഹാമഹവുമായി ബന്ധപ്പെട്ടുള്ളത്. ഇവയെല്ലാം കുംഭകോണ നഗരത്തില്‍ ഏകദേശം ഒന്നോ രണ്ടോ കിലോമീറ്റര്‍ അകലത്തിലുള്ളവയാണ്. മഹാമഹം കുളത്തിനരികിലാണ് കാശി വിശ്വനാഥ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വിശാലാക്ഷി എന്ന നാമത്തിലാണ് അവിടത്തെ പാര്‍വതിദേവീയുടെ പ്രതിഷ്ഠ. 72 അടി ഉയരമുള്ള ഗോപുരവും നവകന്യകമാരുടെ പ്രതിഷ്ഠയുമാണ് ഈ ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം. അവിടെനിന്ന് ഏകദേശം 500 മീറ്റര്‍ ദൂരമേയുള്ളൂ നാഗരാജാവിന്റെ രൂപത്തില്‍ ശിവപ്രതിഷ്ഠയുള്ള അരുള്‍മിഗു നാഗേശ്വര സ്വാമി ക്ഷേത്രത്തിലേക്ക്.
ചോളസാമ്രാജ്യത്തിന്റെ വാസ്തുവിദ്യാവൈഭവം വെളിപ്പെടുന്നതാണ് ഇവിടെ രഥാകൃതിയില്‍ നിര്‍മിച്ച നടരാജമണ്ഡപം. സാരംഗപാണി ക്ഷേത്രമാണ് കുംഭകോണത്തെ ഏറ്റവും വലിയ വൈഷ്ണവക്ഷേത്രം. പല വര്‍ണങ്ങളില്‍ ദേവീദേവന്മാരുടെ ശില്പങ്ങളുള്ളതാണ് ആകാശത്തെ എത്തിപ്പിടിക്കുന്ന സാരംഗപാണീ ക്ഷേത്രഗോപുരം. 
കുംഭകോണത്തെ ഓരോ ക്ഷേത്രത്തിലെയും വാസ്തുവിദ്യകള്‍ ഓരോ നോക്കിലും അമ്പരപ്പിക്കുന്നുണ്ട്. കാലചക്രം പലയാവൃത്തി തിരിഞ്ഞെങ്കിലും ഈ മായാലോകത്തെ കാഴ്ചകള്‍ക്ക് പോറലേല്‍ക്കുന്നില്ല. തമിഴ് പാരമ്പര്യങ്ങള്‍ വിളിച്ചോതാനായി കുംഭകോണക്ഷേത്രങ്ങളും ശില്പങ്ങളും ഇന്നും അതേ പ്രൗഢിയോടെ നിലനില്‍ക്കുകയാണ്.

Content Highlights: travel through kumbakonam temples 188 hindu temples within the municipal limits