അമ്മയ്ക്കുള്ള സര്‍പ്രൈസ് ലഞ്ചില്‍ ചൂടോടെ വിളമ്പാം ചിക്കന്‍ പുലാവ്

#ഫാത്തിമ ഇക്ബാല്‍
പ്രതീകാത്മകചിത്രം/Photo: Shutterstock
പ്രതീകാത്മകചിത്രം/Photo: Shutterstock

അമ്മമാരുടെ പവര്‍, അതൊന്നു വേറെ തന്നെയാണ്. ജോലിക്കൊപ്പം വീട്ടുകാര്യങ്ങളും കൃത്യമായി കൊണ്ടുപോകാന്‍ അമ്മമാര്‍ക്ക് പ്രത്യേക കഴിവാണ്. വയ്യാതിരിക്കുമ്പോഴും മക്കളെ കരുതലോടെ ഊട്ടുന്നവര്‍. പുറത്തുനിന്ന് ഭക്ഷണം കഴിച്ചോളാമെന്നു പറഞ്ഞാലും ആ ജോലി കുറഞ്ഞല്ലോ എന്ന് സമാധാനിക്കാതെ, വഴക്ക് പറഞ്ഞ് വീട്ടില്‍ നിന്നും കഴിക്കാന്‍ നിര്‍ബന്ധിക്കുന്ന അമ്മമാരുണ്ട്. അവര്‍ രാവിലെ ഉണരുന്നത് തന്നെ വീട്ടിലുള്ളവരുടെ രുചിതാത്പര്യങ്ങള്‍ക്കനുസരിച്ചുള്ള മെനു തയ്യാറാക്കിക്കൊണ്ടാണ്. എന്നാല്‍ ചിലപ്പോഴൊക്കെ അവരുടെ ഇഷ്ടങ്ങള്‍ തീര്‍ത്തും അവഗണിക്കപ്പെട്ടുപോകാറുമുണ്ട്. എല്ലാ ദിവസവും അമ്മമാരുടെതാണ്. എല്ലായ്‌പ്പോഴും അവരുടെ ഇഷ്ടങ്ങളും പരിഗണിക്കേണ്ടതാണ്. അങ്ങനെയാണെങ്കില്‍ ഇത്തവണ അമ്മമാരുടെ ദിനത്തില്‍ അവര്‍ക്കുവേണ്ടി നമുക്ക് അടുക്കളയില്‍ കയറാം. സഹായത്തിന് അച്ഛനെയും മറ്റുള്ളവരെയും കൂടെകൂട്ടാം. അമ്മയ്ക്കുള്ള സര്‍പ്രൈസ് ലഞ്ചിന്റെ മെനു തയ്യാറാക്കിയോ? അവരുടെ ഇഷ്ടവിഭവങ്ങള്‍ ഒരുക്കുന്നതിനൊപ്പം തന്നെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ചിക്കന്‍ പുലാവും മെനുവില്‍ ഉള്‍പ്പെടുത്താം. വെജിറ്റേറിയന്‍ ആണെങ്കില്‍ ചിക്കനു പകരം പനീര്‍ ചേര്‍ക്കാം.

വണ്‍ പോട്ട് ചിക്കന്‍ പുലാവ് 
ചേരുവകള്‍
:
ചിക്കന്‍ - അര കിലോ 
ജീരകശാല അരി - മൂന്ന് കപ്പ് 
തൈര് - രണ്ട് ടേബിള്‍ സ്പൂണ്‍ 
സവാള - ഒന്ന് 
ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് പേസ്റ്റ് - രണ്ട് ടേബിള്‍ സ്പൂണ്‍ 
മഞ്ഞള്‍പൊടി - അര ടീ സ്പൂണ്‍ 
മുളകുപൊടി - ഒരു ടേബിള്‍ സ്പൂണ്‍ 
മല്ലിപ്പൊടി - രണ്ട് ടേബിള്‍ സ്പൂണ്‍
ഗരം മസാല - ഒരു ടീസ്പൂണ്‍ 
തേങ്ങാപ്പാല്‍ - മൂന്ന് കപ്പ് 
വെള്ളം - ഒന്നര കപ്പ് 
പട്ട, ഗ്രാമ്പു, ഏലക്ക, തക്കോലം - ഒന്നു വീതം 
നെയ്യ് - ഒരു ടേബിള്‍ സ്പൂണ്‍ 
ഉപ്പ്, എണ്ണ, മല്ലിയില- ആവശ്യത്തിന് 

തയ്യാറാക്കുന്നവിധം: ചിക്കനില്‍ തൈര്, ഒരു ടേബിള്‍ സ്പൂണ്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മഞ്ഞള്‍, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല, ഉപ്പ്, മല്ലിയില എന്നിവ ചേര്‍ത്തരച്ചതും ചേര്‍ത്ത് ഒരു മണിക്കൂര്‍ മാരിനേറ്റ് ചെയ്തു വയ്ക്കുക. പാനില്‍ അല്പം എണ്ണയൊഴിച്ച്, ചൂടാകുമ്പോള്‍ മാരിനേറ്റ് ചെയ്തുവെച്ച ചിക്കന്‍ ചേര്‍ക്കുക. ഗോള്‍ഡന്‍ ബ്രൗണ്‍ നിറം ആവുന്നത് വരെ തിരിച്ചും മറിച്ചുമിട്ട് ഷാലോ ഫ്രൈ ചെയ്ത് ചിക്കന്‍ മാറ്റിവയ്ക്കണം. ഇതേ എണ്ണയിലേക്ക് പട്ട, ഗ്രാമ്പു, ഏലക്ക, തക്കോലം എന്നിവയും നീളത്തില്‍ അരിഞ്ഞ സവാളയും ചേര്‍ത്ത് വഴറ്റുക. സവാള ബ്രൗണ്‍ നിറം ആകുമ്പോള്‍ ബാക്കിയുള്ള ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. ഇതിലേക്ക് തേങ്ങാപ്പാലും വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് തിളച്ചു തുടങ്ങുമ്പോള്‍ അരി ചേര്‍ക്കാം. ചെറുതീയില്‍ മൂടി വെച്ച് വേവിക്കണം. അരി പകുതി വേവാകുമ്പോള്‍ ഫ്രൈ ചെയ്തുവെച്ച ചിക്കന്‍ അരിയുടെ മുകളില്‍ നിരത്തി വീണ്ടും മൂടിവെച്ച് ചെറുതീയില്‍ തന്നെ വെള്ളം വറ്റുന്നതുവരെ വേവിക്കുക. തീ അണച്ചതിനുശേഷം നെയ്യും മല്ലിയിലയും തൂവി വിളമ്പാം. 

Content Highlights: Special chicken pulao treat for mom