മുത്താഴവെടിയും പാനൂസവിളക്കും; പൊന്നാനിയിലെ റംസാന്‍ നാളുകള്‍

വിശുദ്ധിയുടെയും സ്‌നേഹത്തിന്റെയും പുണ്യമാസമാണ് റംസാന്‍. ഭക്തിസാന്ദ്രമായ റംസാന്‍ നാളുകളെ പൊന്നാനിയിലെ പൂര്‍വികര്‍ വരവേറ്റിരുന്നത് വീടകങ്ങളില്‍ വെളിച്ചം നിറച്ചും പ്രത്യേക രുചികളൊരുക്കിയും പലതരം കളികളില്‍ മുഴുകിയുമാണ്. സമ്പന്നമായ പൊന്നാനിയുടെ സാംസ്‌കാരികപാരമ്പര്യത്തിലെ ശ്രദ്ധേയമായ ഏടാണ് റംസാന്‍ ആഘോഷങ്ങള്‍. അതില്‍ പ്രത്യേകപരാമര്‍ശം അര്‍ഹിക്കുന്നുണ്ട്, മുത്താഴവെടിയും പാനൂസവിളക്കും.
റംസാന്‍ കാലത്ത് പൊന്നാനിയിലെ വീടുകളില്‍ തൂക്കിയിട്ടിരുന്ന അലങ്കാര വിളക്കുകളാണ് പാനൂസ വിളക്കുകള്‍. മുളംചീളുകള്‍ കൊണ്ടുണ്ടാക്കിയ ഫ്രെയിമിന് മുകളില്‍ വര്‍ണ്ണക്കടലാസുകള്‍ ഒട്ടിച്ചാണ് ഇത് ഉണ്ടാക്കുന്നത്. പ്രകാശത്തിനായി ഉള്ളില്‍ വിളക്കുകളോ മെഴുകുതിരികളോ കത്തിക്കും. ഇന്ന് വൈദ്യുതവിളക്കുകള്‍ ആ സ്ഥാനം ഏറ്റെടുത്തിരിക്കുന്നു. ബോട്ടിന്റെയും വിമാനത്തിന്റെയും ആകൃതിയിലുള്ള പാനൂസവിളക്കുകളുണ്ട്. ആവശ്യക്കാര്‍ കുറഞ്ഞെങ്കിലും കാലങ്ങള്‍ക്കിപ്പുറം ഒരു ധ്യാനം പോലെ കോയ എന്നറിയപ്പെടുന്ന ഇബ്രാഹിം കുട്ടി ഇപ്പോഴും റംസാന്‍ കാലത്ത് പാനൂസവിളക്കുകള്‍ ഉണ്ടാക്കുന്നു.
(വര- ശ്രീലാൽ എ.ജി.)
റംസാന്‍ രാത്രികളില്‍ പൊന്നാനിയിലെങ്ങും മുഴങ്ങിയിരുന്ന മുത്താഴവെടികള്‍ പഴയതലമുറക്കാര്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. രാത്രി നമസ്‌ക്കാരമായ തറാവീഹ് മുതല്‍ അത്താഴം വരെയുളള സമയം തള്ളി നീക്കാന്‍ കുട്ടികള്‍ ഏര്‍പ്പെടുന്ന വിനോദമാണ് മുത്താഴവെടി പൊട്ടിക്കല്‍.
(വര- ശ്രീലാൽ എ.ജി.)
മുത്താഴവെടിയെ പീരങ്കിയുടെ ഒരു മിനിയേച്ചര്‍ രൂപമായി പരിഗണിക്കാം. ഒരു മീറ്ററോളം നീളമുള്ള ഒരു വശം അടഞ്ഞ അകം പൊള്ളയായ മുളംകുറ്റിയാണ് ഇത്. വെടിപൊട്ടുമ്പോള്‍ മുളപൊട്ടി പോവാതെയിരിക്കാന്‍ അറ്റത്ത് കയര്‍ ചുറ്റിയിട്ടുണ്ടാവും. മുളംകുറ്റിയുടെ ഒരറ്റത്ത് ചെറിയ ഒരുദ്വാരമുണ്ടാക്കും അതിലൂടെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ചൂടാക്കും. അല്പസമയത്തിനുശേഷം ദ്വാരത്തിലൂടെ ഊതി തീ കൊളുത്തുമ്പോള്‍ തീപ്പൊരിയോടു കൂടി വെടി മുഴങ്ങും.
Content Highlights: ramzan festivities in ponnani