ഏഷ്യയിലെ വാഹനങ്ങളുടെ സാന്നിധ്യമില്ലാത്ത ഏക ഹിൽ സ്റ്റേഷൻ; മഴയിൽ മാഥേരാനിൽ

മാഥേരാന്‍
മാഥേരാന്‍

പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ മേഘങ്ങൾ വന്നിറങ്ങുന്ന ഭൂമിയാണ് മാഥേരാൻ. മഴയും മഞ്ഞും പച്ചപ്പും ഒളിച്ചുകളിക്കുന്നു ഈ ഹിൽസ്‌റ്റേഷനിൽ. വരൂ, നിമിഷങ്ങൾക്ക് വേഗം കുറയുന്ന, ഓർമ്മകളെ ഗൃഹാതുരമാക്കുന്ന, ഈ സുന്ദരഭൂമിയിലേക്ക്...

മഞ്ഞും മഴയും പെയ്യുന്ന, കാറ്റിന്റെ മർമരങ്ങൾ സംഗീതമാകുന്ന മാഥേരാൻ. മേഘങ്ങളിറങ്ങിവന്ന് മരങ്ങളിൽ ചായുന്ന ഈ ഹിൽ സ്റ്റേഷനിൽ, യാത്രികരെത്തുന്നത് പ്രകൃതിയുടെ വിസ്മയം തേടിയാണ്. കോടമൂടിയ കുന്നിൽചരിവുകളിലൂടെ, മരങ്ങൾക്കിടയിലൂടെ, അവർ കാഴ്ചയുടെ അനന്തമായ സീമയിലേക്ക് കണ്ണയക്കുന്നു.

ഏഷ്യയിലെ വാഹനങ്ങളുടെ സാന്നിധ്യമില്ലാത്ത ഏക ഹിൽ സ്റ്റേഷനാണ് മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയിൽ സ്ഥിതിചെയ്യുന്ന മാഥേരാൻ. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 2600 അടി ഉയരം. കയറിത്തുടങ്ങുമ്പോൾ യാത്ര ചെയ്യുന്നത് ഭൂതകാലത്തിലേക്കാണെന്ന് തോന്നിപ്പോകും.

'ദസ്തൂരി നാകാ'യാണ് മാഥേരാന്റെ ഔദ്യോഗിക എൻട്രി പോയിന്റ്. നേരൽ റെയിൽവേ സ്റ്റേഷനിൽനിന്ന് ഏകദേശം പത്തുകിലോമീറ്റർ അകലെ. മഴ പെയ്യുന്നുണ്ടായിരുന്നു. നേരലിൽനിന്ന് ഷെയേർഡ് ടാക്‌സിയിൽ ഹെയർപിൻ വളവുകൾ നിറഞ്ഞ റോഡുകളിലൂടെ മുകളിലേക്ക്. ഇടയ്ക്കിടെ തെളിയുന്ന ചെറിയ വെള്ളച്ചാട്ടങ്ങൾ. കുഞ്ഞു റെയിൽവേ ട്രാക്കുകൾ-അത് മലമുകളിലേക്ക് നീണ്ടുപോകുന്നു.

എൻട്രി പോയിന്റ്

ദസ്തൂരി പോയിന്റിനപ്പുറത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ല. ആളുകളെ കൊണ്ടുവിട്ട് മടങ്ങുന്ന ടാക്‌സിഡ്രൈവർമാർ, മഴക്കോട്ടുകൾ വിൽക്കുന്നവർ, ഗൈഡുകൾ, എൻട്രി പാസെടുക്കാൻ ക്യൂ നിൽക്കുന്നവർ, ഭക്ഷണസാധനങ്ങൾ തട്ടിപ്പറിച്ചെടുക്കാൻ തക്കംനോക്കുന്ന കുരങ്ങന്മാർ… ബഹളങ്ങൾക്കിടയിലൂടെ മഴക്കോട്ടണിഞ്ഞ് ഉള്ളിലേക്ക് നടന്നു.

നടക്കാൻ പ്രയാസമുള്ളവർക്ക് കൈകൊണ്ട് വലിക്കുന്ന റിക്ഷകളുണ്ട്, കുതിരകളും. കുറച്ച് വർഷങ്ങൾക്കുമുൻപാണ് പരിസ്ഥിതിസൗഹാർദപരമായ ഇലക്ട്രിക് റിക്ഷകൾക്ക് ഇവിടെ അനുമതി ലഭിച്ചത്. ഒട്ടും മലിനീകരിക്കപ്പെടാത്ത അന്തരീക്ഷം. ചുറ്റും മലനിരകളും കാടും. ആഞ്ഞുശ്വസിച്ചാൽ ശുദ്ധവായു എമ്പാടും ഉള്ളിലേക്കെടുക്കാം.

ഹിൽ റെയിൽവേ

എൻട്രി പോയിന്റിൽനിന്ന് അരക്കിലോമീറ്റർ നടന്നാൽ അമൻ ലോഡ്ജ് റെയിൽവേ സ്റ്റേഷനിലെത്താം. അവിടെയാണ് പ്രസിദ്ധമായ 'മാഥേരാൻ ഹിൽ റെയിൽവേ'! മരങ്ങൾക്കിടയിലൂടെ ചൂളം വിളിച്ചെത്തുന്ന ടോയ് ട്രെയ്ൻ. വനാന്തരങ്ങൾക്കുള്ളിലെ ചെറിയ റെയിൽപ്പാളത്തിലൂടെ, പച്ചപ്പിലേക്ക് ചൂളംവിളിച്ചെത്തുന്ന കൊച്ചുട്രെയ്ൻ. അതൊരു കാഴ്ചതന്നെയാണ്! 1907-ലാണ് സർവീസാരംഭിച്ചത്. നേരൽ സ്റ്റേഷൻമുതൽ മാഥേരാൻവരെ ഏകദേശം ഇരുപത്തൊന്നുകിലോമീറ്റർ ദൂരം ട്രെയ്ൻ ഓടുന്നു. മഴക്കാലത്ത് അമൻ ലോഡ്ജ് സ്റ്റേഷനിൽനിന്ന് മാഥേരാൻ സ്റ്റേഷനിലേക്കുമാത്രമാണ് സർവീസുള്ളത്. നേരൽ സ്റ്റേഷൻവരെ ട്രാക്കുണ്ടെങ്കിലും കുന്നിൻചരിവുകളിലൂടെയുള്ള യാത്ര മഴക്കാലത്ത് സുരക്ഷിതമല്ല.

1907-ൽ വ്യവസായിയായ അബ്ദുൽ ഹുസൈൻ ആദംജീ പീർഭോയ് തുടക്കമിട്ട മാഥേരാൻ ഹിൽ റെയിൽവേ, യുനെസ്‌കോയുടെ വേൾഡ് ഹെറിറ്റേജ് പട്ടികയിലുള്ളതാണ്. മണിക്കൂറിൽ പന്ത്രണ്ടുകിലോമീറ്റർമാത്രം വേഗത്തിൽ കാട്ടിനുള്ളിലെ നാരോ-ഗെയ്ജ് പാതയിലൂടെ നീങ്ങുന്ന ട്രെയ്ൻ, ബ്രിട്ടീഷ് കാലഘട്ടത്തെ ഓർമ്മിപ്പിക്കും. കുളിർമഴയും കാടിന്റെ മണവും പേറിയെത്തുന്ന ട്രെയ്‌നിലിരുന്ന് ജനലിലൂടെ പുറത്തെ കാഴ്ചകൾ ആവോളം ആസ്വദിക്കാം. തൊണ്ണൂറ് സീറ്റുമാത്രമാണ് ഉള്ളത്. ടിക്കറ്റ് കിട്ടുക പ്രയാസമാണ്. പുറപ്പെടുന്നതിന് തൊട്ടുമുൻപുമാത്രമാണ് ടിക്കറ്റ് വിതരണം.

ഷാർലെറ്റ് തടാകവും റിവേഴ്സ് വാട്ടർഫോൾസും

മാഥേരാൻ സ്റ്റേഷനിലിറങ്ങിയപ്പോൾ മഴ കലികൊണ്ടതുപോലെ പെയ്യുകയാണ്. മാഥേരാൻ സ്റ്റേഷനിൽനിന്നാണ് വ്യൂപോയിന്റുകളിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. ആദ്യം ഷാർലെറ്റ് തടാകത്തിലേക്കാണ് പോയത്. മാഥേരാനിലെ പ്രധാന ജലസ്രോതസ്സാണിത്. ബണ്ടുപോലെ കെട്ടിനിർത്തിയിരിക്കുന്ന ഭാഗത്തുനിന്ന് വെള്ളം താഴേക്ക് പതിക്കുന്നു. തടാകവും ചുറ്റുമുള്ള കാടും പഴക്കം ചെന്ന ബ്രിട്ടീഷ് ബംഗ്ലാവുകളും ചേർന്ന് ശാന്തമായ അന്തരീക്ഷം. നോക്കിനിൽക്കേ തടാകത്തിന് ചുറ്റും പരന്നുകിടക്കുന്ന കാടിനെ, വെളുത്ത കോടമഞ്ഞ് മൂടിക്കളഞ്ഞു. തടാകക്കരയിൽനിന്ന് മുന്നോട്ട് നടന്നാൽ 'ലോർഡ്സ് പോയിന്റ്' ആയി. മഞ്ഞുമൂടിയ താഴ്വാരവും അതിനിടയിലൂടെ ഒഴുകുന്ന ചെറുപുഴകളും അവിടെനിന്ന് കാണാം.

അലക്സാണ്ടർ പോയിന്റ്

ചെറുതും വലുതുമായി ധാരാളം വ്യൂപോയിന്റുകളുണ്ട് മാഥേരാനിൽ. എല്ലാം നടന്നുകാണാൻ മൂന്നുദിവസമെങ്കിലും വേണം. പച്ചപ്പ് നിറഞ്ഞ കുന്നുകൾക്ക് അഭിമുഖമായി സൂര്യാസ്തമയം കാണാൻ അനുയോജ്യമായ ഇടമാണ് 'മായ്‌റാ പോയിന്റ്'. ജനനിബിഡമായ കേന്ദ്രങ്ങളിൽനിന്ന് അല്പം മാറി, പ്രഭാതസൂര്യന്റെ കാഴ്ചകൾ സമ്മാനിക്കുന്നു 'ഗാർബെട്ട് പോയിന്റ്'. മാഥേരാനിലെ മികച്ച സൺറൈസ് പോയിന്റാണ് 'പനോരമാ പോയിന്റ്'. ശബ്ദത്തിന്റെ പ്രതിധ്വനി വ്യക്തമായി കേൾക്കാൻ കഴിയുന്ന വ്യൂപോയിന്റാണ് 'എക്കോ പോയിന്റ്'.

കുന്നിൻചരിവിലൂടെ താഴേക്ക് നോക്കിയാൽ പേടി തോന്നുംവിധമുള്ള, ഇടുങ്ങിയ വഴിത്താരയിലൂടെ വേണം ഓരോ പോയിന്റിലേക്കും പോകാൻ. വഴികളിലെല്ലാം ചെളിയായിരിക്കും. താഴേ വലിയ കൊക്കയും. എങ്കിലും ഓരോയിടത്തും എത്തുമ്പോഴുള്ള കാഴ്ചകൾ പ്രയത്‌നത്തെ സാർഥകമാക്കുന്നു.

സൂര്യോദയം കാണാൻ പിറ്റേന്ന് നേരത്തേ എഴുന്നേറ്റു. അലക്‌സാണ്ടർ പോയിന്റും പോർക്യുപൈൻ പോയിന്റും ഉദയം കാണാൻ മികച്ചയിടങ്ങൾ. എന്നാൽ, കോടമഞ്ഞ് പ്രതീക്ഷ തെറ്റിച്ചു. പ്രഭാതകിരണങ്ങൾ താഴ്വരയെ തൊട്ടുണർത്തുന്നതും വെളിച്ചം വിതയ്ക്കുന്നതും കണ്ട് ആശ്വസിച്ചു. വൺ ട്രീ ഹിൽ പോയിന്റിലേക്കാണ് പിന്നീട് പോയത്. ഒറ്റപ്പെട്ട കുന്നിൻമുകളിൽ ഒരു മരംമാത്രം തലയുയർത്തിനിൽക്കുന്നു എന്നതാണ് ഇവിടത്തെ പ്രത്യേകത.

ഈ നിശ്ശബ്ദസ്വർഗത്തിൽ ഏറ്റവും കൂടുതൽ അദ്ഭുതപ്പെടുത്തിയത് 'റിവേഴ്സ് വാട്ടർഫോൾസ്' ആയിരുന്നു. ശക്തമായ കാറ്റിൽ വെള്ളച്ചാട്ടം താഴേക്ക് പതിക്കാതെ മുകളിലേക്ക് തെറിച്ചുയരുന്ന പ്രതിഭാസമാണത്. സാഹസികമായിരുന്നു അങ്ങോട്ടുള്ള യാത്ര. കാടിനുള്ളിൽ വൈവിധ്യമാർന്ന പക്ഷികളെയും മരങ്ങളെയും കണ്ടു. ചെളിനിറഞ്ഞ പാതയിലൂടെ മരച്ചില്ലകൾ താങ്ങാക്കി നടന്നു. കിലോമീറ്ററുകൾ പിന്നിട്ടിട്ടും ക്ഷീണമില്ല. അവിടെയെത്തിയതും വെള്ളം ശക്തിയായി മേലേക്ക് പതിക്കാൻ തുടങ്ങി. മണ്ണ് വാരി താഴേക്കിട്ടാൽപ്പോലും അത് തിരിച്ച് മേലേക്കയക്കും കാറ്റ്. പുല്ലും മരക്കഷണങ്ങളും തുടങ്ങി കൈയിൽ കിട്ടിയതെല്ലാമെടുത്ത് പലരും കാറ്റിന്റെ കരുത്ത് പരീക്ഷിച്ചുകൊണ്ടിരുന്നു.

ടാറിട്ട റോഡുകൾ ഇവിടെയില്ല. ചുവന്ന മൺപാതകളും കല്ലുപാകിയ വഴികളും മാത്രം. കൊളോണിയൽ കാലഘട്ടത്തിന്റെ ശേഷിപ്പുകളായി ചില പഴയ കെട്ടിടങ്ങളുണ്ട്. പൊളിഞ്ഞുവീണവയും കാണാം. 'മലകളുടെ നെറ്റിയിലെ കാട്' (Forest on the forehead of the mountains) എന്നാണ് 'മാഥേരാൻ' എന്ന വാക്കിന്റെ അർഥം. 1850-കളിൽ കടുത്ത ചൂടിൽനിന്ന് രക്ഷനേടാനായി ബ്രിട്ടീഷുകാരാണ് ഈ കുന്ന് കണ്ടെത്തിയത്. അതുകൊണ്ടാകണം ഇവിടത്തെ ഒട്ടുമിക്ക വ്യൂപോയിന്റുകൾക്കും ഇംഗ്ലീഷുകാരുടെ പേര് വന്നത്.

വാഹനങ്ങളില്ലെങ്കിലും സൗകര്യങ്ങൾക്ക് കുറവില്ല. മാഥേരാൻ റെയിൽവേ സ്റ്റേഷനടുത്തുള്ള കപാഡിയ മാർക്കറ്റിൽ വൈകുന്നേരങ്ങളിൽ വലിയ തിരക്കാണ്. 1850-കളിൽത്തന്നെയാണ് ഇവിടത്തെ പോസ്റ്റോഫീസ് സ്ഥാപിതമായത്. എഴുത്തുകൾ കാലഹരണപ്പെടുന്നുണ്ടെങ്കിലും ഒരു കാലഘട്ടത്തെ ഓർമ്മപ്പെടുത്തുന്ന ഈ പോസ്റ്റോഫീസ് ഇന്നും പ്രവർത്തിക്കുന്നുണ്ട്. സഞ്ചാരികൾക്കിടയിൽ ഇവിടെനിന്ന് പോസ്റ്റ്കാർഡ് വാങ്ങി നാട്ടിലേക്കയക്കുന്നതും ഒരു ട്രെൻഡാണ്.

ഉള്ളൊന്ന് ചൂടാക്കണമെങ്കിൽ ചൂടുചായയും ചുട്ട ചോളവും മാഗിയുമൊക്കെ കഴിക്കാം. ചെറുകടകൾ വ്യൂപോയിന്റിൽ ധാരാളമുണ്ട്. വഴിയോരങ്ങളിൽ ഉപ്പും മുളകും പുരട്ടിയ മാങ്ങയും പേരയ്ക്കയും ലഭിക്കും. ചുമട് താങ്ങി മേലേക്ക് പോകുന്ന കഴുതക്കൂട്ടം. റെയിൽപ്പാളങ്ങളും മഴയും താണ്ടി ക്ഷീണിതരായി അവ മല കയറുന്നു. പരിസ്ഥിതിലോല പ്രദേശമാണ്. പുതിയ കെട്ടിടങ്ങൾ നിർമിക്കാൻ അനുമതിയില്ല. അതുകൊണ്ടുതന്നെ, പഴയ കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്തി മെച്ചപ്പെടുത്തുന്നു. മഴക്കാലത്താണ് മാഥേരാനിൽ ടൂറിസം സീസൺ ആരംഭിക്കുന്നത്. മാഥേരാന്റെ സൗന്ദര്യമനുഭവിക്കാൻ കാൽനടയായിത്തന്നെ കുന്ന് കയറണം. കൂട്ടിന് മഴയുണ്ടെങ്കിൽ അതിമനോഹരം.

ശിവാജിയുടെ ഗോവണി

ഛത്രപതി ശിവാജി മഹാരാജ് വേട്ടയാടലിനും മാഥേരാൻ മലകളിലേക്കുള്ള സന്ദർശനത്തിനും ഉപയോഗിച്ചുവെന്ന് കരുതപ്പെടുന്ന പാത. വൺ ട്രീ ഹിൽ പോയിന്റിൽനിന്ന് താഴേയുള്ള താഴ്വരയെ ബന്ധിപ്പിക്കുന്നു. പശ്ചിമഘട്ടത്തിന്റെ വിശാലമായ കാഴ്ചകളുള്ള ഇടതൂർന്ന വനങ്ങളിലൂടെ പാത കടന്നുപോകുന്നു. നൂറ്റാണ്ടുകളായി ഇവിടത്തെ ആദിവാസിസമൂഹം ഈ വഴി ഉപയോഗിക്കുന്നുണ്ട്. ഇന്ന് മാഥേരാനിലെ ഏറ്റവും പ്രചാരമുള്ള ട്രെക്കിങ് പാതകളിൽ ഒന്നാണിവിടം.

HOW TO REACH

ഏറ്റവും അടുത്തുള്ള വിമാനത്താവളം മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളമാണ് (ഏകദേശം 90 കി.മീ അകലെ). അവിടെ നിന്ന് റോഡ് മാർഗ്ഗം നേരാലിൽ (Neral) എത്തിയ ശേഷം മാഥേരാനിലേക്ക് പോകാം.

ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ നേരാൽ ആണ്. അവിടെ നിന്ന് ദസ്തൂരി നാക്കയിലേക്ക് (Dasturi Naka) ഷെയർ ടാക്സി ലഭിക്കും. അവിടെ നിന്ന് നടക്കുകയോ, കുതിരപ്പുറത്ത് സവാരി ചെയ്യുകയോ, ടോയ് ട്രെയിനിൽ (സീസൺ അനുസരിച്ച്) കയറുകയോ ചെയ്യാം.

ഒക്ടോബർ - ഫെബ്രുവരി വരെ തണുപ്പുള്ളതും മനോഹരവുമായ കാലാവസ്ഥയായതിനാൽ കാഴ്ചകൾ കാണാനും, നടക്കാനും, ചിത്രങ്ങളെടുക്കാനും, വ്യൂപോയിന്റുകൾ സന്ദർശിക്കാനും ഏറ്റവും അനുയോജ്യമായ സമയമാണിത്. ജൂൺ - സെപ്റ്റംബർ മാസങ്ങളിൽ മഞ്ഞുമൂടിയ കാടുകൾ, പച്ചപ്പ്, നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങൾ, മേഘങ്ങൾ നിറഞ്ഞ താഴ്‌വരകൾ എന്നിവയാൽ മഴക്കാലത്താണ് മാഥേരാൻ ഏറ്റവും മനോഹരമായി കാണപ്പെടുന്നത്. എന്നാൽ നടപ്പാതകളിൽ വഴുക്കലുണ്ടാകാൻ സാധ്യതയുള്ളതിനാൽ നടക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Asia's only automobile-free hill station located in Maharashtra's Raigad district., Famous UNESCO heritage Matheran Hill Railway (toy train) operating since 1907., Breathtaking monsoon experiences including mist-covered valleys and reverse waterfalls., Numerous scenic viewpoints like Charlotte Lake, Panorama Point, and Echo Point., Rich colonial history dating back to the 1850s when British discovered the hill.