മുംബൈയിലെ ഈ റോഡ് ഇനി പാട്ടും പാടും, 'ജയ്‌ഹോ....'

മുംബൈയിലെ ഈ വഴിയിലൂടെ ഇനി വണ്ടിയിൽ പോകുമ്പോൾ, റോഡ് പാടുന്നതും കേൾക്കാം. നരിമാൻ പോയിന്റിൽനിന്ന് വർളിയിലേക്കുള്ള പാതയിലാണ് മ്യൂസിക്കൽ സ്ട്രിപ്പ് സ്ഥാപിച്ചിരിക്കുന്നത്. 'സ്ലംഡോഗ് മില്യണയർ' എന്ന സിനിമയിലെ 'ജയ് ഹോ' എന്ന പാട്ടാണ് കേൾക്കാനാവുക. എ.ആർ.റഹ്മാൻ സംഗീതം കൊടുത്ത ഈ പാട്ട്, ഓസ്‌കാർ പുരസ്‌കാരവും നേടിയിട്ടുണ്ട്.

വർളിയിലെ അണ്ടർഗ്രൗണ്ട് ടണൽ കഴിഞ്ഞുള്ള, 500 മീറ്റർ ദൂരത്തിൽ പ്രത്യേക ഗ്രൂവുകൾ (വരകൾ) സ്ഥാപിച്ചിട്ടുണ്ട്. ഈ വരകൾക്കുമുകളിലൂടെ വാഹനങ്ങൾ 70 മുതൽ 80 കിലോമീറ്റർ വരെ വേഗതയിൽ പോകുമ്പോഴാണ് പാട്ടുകൾ കേൾക്കാൻ കഴിയുന്നത്.  
 

ടയറും റോഡിന്റെ പ്രതലവും തമ്മിലുള്ള ഘർഷണത്തിലൂടെയാണ് സംഗീതം സൃഷ്ടിക്കപ്പെടുന്നത്. യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി 500 മീറ്റർ, 100 മീറ്റർ, 60 മീറ്റർ എന്നിങ്ങനെ മുൻകൂട്ടി സൈൻബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. സംഗീതം കേൾക്കാനാവശ്യമായ വേഗത എത്രയാണെന്നും അറിയിപ്പ് നൽകുന്നു. സംഗീതാനുഭവം ആസ്വദിക്കുന്നതിനായി, ഡ്രൈവർമാർക്ക് വണ്ടിയുടെ വേഗത നിയന്ത്രിക്കാനും കഴിയും.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് പാത ഉദ്ഘാടനം ചെയ്തിരിക്കുന്നത്. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിലാണ് തുടങ്ങിയതെന്നും ഇനിയും വ്യാപിപ്പിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ പറയുന്നു.

വിദേശരാജ്യങ്ങളായ യു.എ.ഇ, ഹംഗറി, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ ഇത്തരം മ്യൂസിക്കൽ റോഡുകൾ നേരത്തെ തന്നെ നിലവിലുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Experience Mumbai`s new musical road near Nariman Point! Drive over special grooves and hear AR Rahman`s Oscar-winning `Jai Ho` as you pass