ചൈന വൻമതിൽ തുടങ്ങുന്നതെവിടെ, അവസാനിക്കുന്നതോ?

ചൈനീസ് വന്മതിൽ (Wikipedia)
ചൈനീസ് വന്മതിൽ (Wikipedia)

ലോകത്തെ അദ്ഭുതങ്ങളിലൊന്നാണ് ചൈനയിലെ വന്മതില്‍. രണ്ടായിരം വര്‍ഷം കൊണ്ടും പല തലമുറകളുടെ അധ്വാനം കൊണ്ടും പണിതുയര്‍ത്തിയ അതിശയക്കാഴ്ച. മനുഷ്യനിര്‍മിതികളില്‍ ഏറ്റവും നീളമേറിയ സൃഷ്ടി എന്ന പ്രശസ്തിയുമുണ്ട് 21196.18 കിലോമീറ്റര്‍ നീളമുള്ള ഈ വന്മതിലിന്. സമതലങ്ങളിലൂടെയും പര്‍വതത്തലപ്പുകളിലൂടെയും മിത്തിക്കല്‍ ഡ്രാഗണെപ്പോലെ ചുരുണ്ടുപിണഞ്ഞും നീണ്ടുനിവര്‍ന്നു കിടക്കുകയാണ് ഗ്രേറ്റ് വാള്‍.
ഒറ്റ വരിയുള്ള നീളന്‍ സാധാരണ മതിലല്ല ഇത്. ബീക്കണ്‍ ടവറുകള്‍, ബാരിയറുകള്‍, ബാരക്കുകള്‍, ഗാരിസണ്‍ സ്റ്റേഷനുകള്‍, കോട്ടകള്‍ എന്നിവ സംയോജിക്കുന്ന ഒന്നാന്തരം പ്രതിരോധസംവിധാനം തന്നെയാണ്. യൂറേഷ്യന്‍ മേഖലയില്‍ നിന്നുള്ള നൊമാഡുകളെയും അധിനിവേശശക്തികളെയും ചെറുക്കാനായാണ് വന്മതില്‍ പണികഴിപ്പിച്ചത്. പതിനഞ്ചോളം തന്ത്രപ്രധാനമായ ചുരങ്ങളും കൂടി ചേരുന്നതാണ് വന്മതില്‍. കരിങ്കല്ലും ചുണ്ണാമ്പും മരക്കട്ടകളും മണ്ണും എല്ലാം ചേര്‍ത്തുള്ള നിര്‍മിതിയാണ് ഇന്നും കാലത്തെ അതിജീവിച്ചു നിലകൊള്ളുന്നത്.

കിഴക്കേ അറ്റമായ ഷാൻഹായി (Wikipedia)

ചൈനയുടെ സമ്പന്നമായ പാരമ്പര്യത്തിന്റെയും സാംസ്‌കാരിക വൈവിധ്യത്തിന്റെയും പ്രതീകമായി വന്മതില്‍ കണക്കാക്കപ്പെടുന്നു. ബിസി മൂന്നാം നൂറ്റാണ്ട് മുതല്‍ എഡി പതിനേഴാം നൂറ്റാണ്ട് വരെയാണ് വന്‍മതിലിന്റെ നിര്‍മാണം നീണ്ടുനിന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ കൂടുതലും നടന്നത് മിങ് രാജവംശത്തിന്റെ ഭരണത്തിന് കീഴിലാണ്.
കിഴക്ക് ബൊഹായി കടലിലേക്കാണ് വന്മതില്‍ നീളുന്നത്. കരയില്‍ മാത്രമല്ല കടലിലും സുരക്ഷ ഒരുക്കാന്‍ വന്മതില്‍ സഹായിച്ചു എന്നര്‍ത്ഥം. കടലിനോട് ചേര്‍ന്ന ഷാന്‍ഹായി ചുരത്തിലാണ് വന്മതില്‍ അവസാനിക്കുന്നത്. ലാവോലോങ്ടോ എന്നാണ് ഈ എന്‍ഡ് പോയിന്റ് അറിയപ്പെടുന്നത്. ഡ്രാഗണ്‍ തല എന്നാണ് ഈ വാക്കിന്റെയര്‍ഥം. ഒരു കൂറ്റന്‍ ഡ്രാഗണ്‍ കടലില്‍ തലതാഴ്ത്തി വെള്ളം കുടിക്കുന്ന പോലെയുള്ള വന്‍മതിലിന്റെ കിടപ്പ് കൊണ്ടാണ് ഈ പേര്. മിങ് രാജവംശത്തില്‍ പെട്ട ഷി ജിഗ്വാങ് രാജാവിന്റെ ഭരണകാലത്താണ് ഇത് പണികഴിപ്പിച്ചത്.

പടിഞ്ഞാറൻ അറ്റത്തെ ജിയായുഗ്വാൻ കോട്ട (Wikipedia)

പടിഞ്ഞാറ് ജിയായു ചുരം ആണ് മതിലിന്റെ മറ്റേയറ്റം. ഇവിടെയുള്ള 800 കിലോമീറ്ററോളം വിശാലമായ ഗോബി മരുഭൂമിയിലേക്ക് വന്മതില്‍ കടന്നെത്തുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഉത്തരചൈനയുടെ മണ്ണിലൂടെ മരുഭൂമി മുതല്‍ കടല്‍ വരെ വന്മതില്‍ താണ്ടുന്നു.

പത്ത് ദശലക്ഷം സഞ്ചാരികളാണ് വർഷംതോറും ചൈനയിൽ വന്മതിൽ കാണാനെത്തുന്നത്. ശരത്കാലവും വസന്തകാലവുമാണ് വന്മതിൽ കാണാൻ ഏറ്റവും ഭംഗിയുള്ള കാലം. 2019-ലെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വിരുന്നെത്തിയ ഏഷ്യൻ രാജ്യം ചൈനയാണ്. 2024 -ലെ കണക്കുകൾ വന്നപ്പോൾ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകളെത്തിയ നാലാമത്തെ രാജ്യമാണ് ചൈന. 65.7 ദശലക്ഷം സന്ദർശകരാണ് ചൈനയിലെത്തിയത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Explore the Great Wall of China, a marvel of human engineering. Discover its history, construction, and significance as a symbol of Chinese culture.