ഗണേശവിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നത് ഈ കടൽത്തീരത്ത്; കളിമൺ വിഗ്രഹങ്ങൾ മതിയെന്ന് പിന്നീട് ഉത്തരവിറക്കി

വടക്കേ ഇന്ത്യയിൽ ഗണേശചതുർഥി ആഘോഷങ്ങൾ അവസാനിച്ചത് ഇക്കഴിഞ്ഞദിവസമാണ്. ഗണേശവിഗ്രഹത്തെ വീടുകളിലേക്ക് കൊണ്ടുവരുന്നതോടെ, ഇവിടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. പിന്നീട് ആഘോഷപൂർവ്വം ഗണപതി ബപ്പയെ കടലിലോ വെള്ളത്തിലോ നിമജ്ജനം ചെയ്യുന്നതോടുകൂടി ചടങ്ങുകൾ അവസാനിക്കും.
പലരും വീടുകളിൽ ഒരു വലിയ പാത്രത്തിൽ വെള്ളം നിറച്ചാണ് വിഗ്രഹം നിമജ്ജനം ചെയ്യുന്നത്. എന്നാൽ, മറ്റുചിലർ കടലാണ് അതിനായി തിരഞ്ഞെടുക്കുന്നത്. മുംബൈയിൽ ഇതിന് വളരെ പ്രശസ്തമായ ഒരു സ്ഥലമുണ്ട്, മറൈൻ ഡ്രൈവിനടുത്തുള്ള ഗിർഗാവ് ചൗപഠി.
വർഷവും ആയിരക്കണക്കിനാളുകളാണ് വിഗ്രഹം നിമജ്ജനം ചെയ്യാനായി ഇവിടെയെത്തുന്നത്. മുംബൈയിൽനിന്ന് മാത്രമല്ല, പുണെയിൽനിന്നും ആളുകൾ ഇങ്ങോട്ടൊഴുകും. നവരാത്രിയോടനുബന്ധിച്ചും ഈ കടൽത്തീരത്ത് വലിയ ആഘോഷങ്ങൾ നടക്കാറുണ്ട്.
ബീച്ചിനു ചുറ്റുമുള്ള വെള്ളം മലിനമായതിനാൽ, ബീച്ചിൽ കുളിക്കുകയോ നീന്തുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്ന് കർശനനിർദേശമുണ്ട്. 2015-ൽ ഇവിടെ നിമജ്ജനം ചെയ്ത ഗണേശവിഗ്രഹങ്ങൾ തീരത്തേക്ക് ഒഴുകിയെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അന്ന് കണ്ടെത്തിയ വിഗ്രഹങ്ങളിലേറെയും പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമിച്ചവയായിരുന്നു.
ഇത് കടലിലെ ജീവജാലങ്ങൾക്ക് ഭീഷണിയാകുന്നുവെന്നതിനാൽ അധികൃതർ പിന്നാലെ മറ്റൊരു ഉത്തരവുമായെത്തി. കളിമണ്ണിൽ നിർമിച്ചക്കുന്ന ഗണേശവിഗ്രഹങ്ങൾ മാത്രമേ കടലിൽ നിമജ്ജനം ചെയ്യാവൂ എന്നതായിരുന്നു ആ ഉത്തരവ്. അതിനുശേഷം ഇപ്പോൾ മുംബൈയിൽ ഗണേശചതുർഥിയോടനുബന്ധിച്ച് നിർമിക്കുന്നതെല്ലാം കളിമൺ വിഗ്രഹങ്ങളാണ്.
പോലീസിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ട, മുംബൈ ഭീകരാക്രമണത്തിലെ പ്രതി അജ്മൽ കസബിനെ പോലീസ് അറസ്റ്റുചെയ്തത് ഇവിടെ വെച്ചാണ്. കസബുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പോലീസ് കോൺസ്റ്റബിൾ തുക്കാറാം ഓംബ്ലെയുടെ ഒരു വെങ്കലപ്രതിമ ഈ കടൽത്തീരത്ത് സ്ഥാപിച്ചിട്ടുണ്ട്. ശിവജിയുടെ 690 അടി ഉയരമുള്ള പ്രതിമയാണ് ഇവിടുത്തെ പ്രധാന ആകർഷണം.
ബീച്ചിൽനിന്നാൽ മനോഹരമായ സൂര്യാസ്തമനം കാണാം. ബീച്ചിൽനിന്നുള്ള രാത്രിക്കാഴ്ചകളും മനോഹരമാണ്. ഇവിടുന്ന് മുംബൈയിലെ പ്രശസ്തമായ മറൈൻ ഡ്രൈവിലേക്ക് ഒന്നര കിലോമീറ്റർ ദൂരമേയുള്ളൂ. ഗേറ്റ് വേ ഓഫ് ഇന്ത്യ മൂന്നുകിലോമീറ്റർ അകലത്തിലാണുള്ളത്. പ്രശസ്തമായ ഇസ്‌കോൺ ക്ഷേത്രത്തിലേക്ക് ഗിർഗാവ് ചൗപഠിയിൽനിന്ന് ഒന്നര കിലോമീറ്റർ ദൂരമാണ്. ചർണി റോഡാണ് ഇതിനടുത്തുള്ള റെയിൽവേ സ്‌റ്റേഷൻ.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Witness Ganesh Chaturthi immersions at Girgaon Chowpatty, Mumbai. Learn about its history, significance and nearby attractions