നൂറ്റാണ്ടുകൾ പഴക്കമുള്ള റെയിൽപ്പാത; മരംമുറിച്ച് കൊണ്ടുപോകുന്നതിനാണ് ഈ പാതയുണ്ടാക്കിയത്, ഭൂകമ്പങ്ങളും അപകടങ്ങളും നാശമുണ്ടാക്കി

അലിഷാൻ റെയിൽവേ / Shutterstock
അലിഷാൻ റെയിൽവേ / Shutterstock

തായ്‌വാനിലെ ഏറ്റവും ജനപ്രീതിയേറിയ റെയിൽവേ ലൈനാണ് അലിഷാൻ ഫോറസ്റ്റ് റെയിൽവേ. ചുവന്ന നിറത്തിലുള്ള ഡീസൽ എഞ്ചിൻ തീവണ്ടി ഈ പാതയിലൂടെ കൂകിപ്പായാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. അലിഷാൻ ഫോറസ്റ്റ് റെയിൽവേ ആന്റ് കൾച്ചറൽ ഹെറിറ്റേജ് ഓഫീസാണ് ഈ റെയിൽ ഗതാഗതം നിയന്ത്രിക്കുന്നത്.

ചിയായി നഗരത്തിൽനിന്നാണ് തീവണ്ടി യാത്ര തുടങ്ങുന്നത്. അവസാനിക്കുന്നത് അലിഷാൻ ഫോറസ്റ്റ് റിക്രിയേഷൻ ഏരിയയിലും. സമുദ്രനിരപ്പിൽനിന്ന് 2451 മീറ്റർ ഉയരത്തിലാണിത്. ഒരുകാലത്ത് നിറയെ സൈപ്രസ് മരങ്ങൾ തിങ്ങിനിറഞ്ഞിരുന്ന സ്ഥലമാണ്.

തായ്വാനിലെ ജപ്പാന്റെ കൊളോണിയൽ അധിനിവേശകാലത്താണ്, ഈ സൈപ്രസ് മരങ്ങളുടെ പ്രാധാന്യം അവർ മനസ്സിലാക്കുന്നത്. ഈ മരങ്ങൾ മുറിച്ചെടുത്ത് ഏഷ്യയുടെ പല ഭാഗത്തേക്കും കയറ്റി അയച്ചാൽ, അതിന് വളരെയധികം വിൽപനസാധ്യതയുണ്ടെന്നും അവർ തിരിച്ചറിഞ്ഞു. അങ്ങനെയാണ് ഈ പാതയുണ്ടാക്കാൻ തീരുമാനിക്കുന്നത്. ആദ്യത്തെ ഘട്ടം പൂർത്തിയാവുന്നത് 1907-ലാണ്, 1913-ൽ ഒരു ലൈൻ പൂർത്തിയായി. അങ്ങനെ പാതയിലൂടെ വലിയ തടികളും വലിച്ച് തീവണ്ടി യാത്ര ചെയ്തുതുടങ്ങി. പാസഞ്ചർ തീവണ്ടി പ്രവർത്തനം തുടങ്ങുന്നത് 1920-ലാണ്. എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം തായ്വാനിൽ തടിവ്യവസായം നാശത്തിന്റെ പാതയിലെത്തി. മരംമുറിയും നിന്നു. അതോടെയാണ് ഇങ്ങോട്ടേക്ക് കൂടുതലായി വിനോദസഞ്ചാരികൾ എത്തിത്തുടങ്ങിയത്. 1982-ൽ അലിഷാൻ പാർക്കിലേക്ക് ഹൈവേ നിർമിക്കുന്നതുവരെ, ഇങ്ങോട്ടേക്കെത്താൻ ആളുകൾ ആശ്രയിച്ചിരുന്നതും ഈ തീവണ്ടിയെത്തന്നെ.

മലമുകളിലേക്ക് 'Z' ആകൃതിയിലാണ് തീവണ്ടി കയറിപ്പോവുന്നത്. പലയിടത്തും തിങ്ങിനിറഞ്ഞ കാടാണ്. അതിമനോഹരമായ കാഴ്ചകളാണ് ഈ വഴിയിലെങ്ങും യാത്രക്കാരെ കാത്തിരിക്കുന്നത്. കോണിഫറുകളും ചെറിമരങ്ങളും ആൽപൈൻ മരങ്ങളും തിങ്ങിനിറഞ്ഞുനിൽക്കുന്ന പാതയോരങ്ങൾ. സീസൺ അനുസരിച്ച് ഹൈഡ്രേഞ്ചിയ, കാമെലിയ, ബെഗോണിയ തുടങ്ങിയ പൂക്കളും നിങ്ങളെ സ്വാഗതം ചെയ്യും. 50 ടണലുകളുണ്ട് ഈ പാതയിൽ. അതിനൊപ്പം 77 ഇരുമ്പ് പാലങ്ങളും മരപ്പാലങ്ങളും. സമുദ്രനിരപ്പിൽനിന്ന് 2274 മീറ്റർ ഉയരത്തിലുള്ള സാവോപ്പിങ് സ്റ്റേഷനിലിറങ്ങിയാൽ, മൗണ്ട് അലി പർവതം മനോഹരമായി കാണാൻ പറ്റും. മരംമുറി വ്യാപകമായിരുന്ന സമയത്ത് തൊഴിലാളികൾക്ക് താമസിക്കാനായി സ്ഥാപിച്ചിരുന്ന ഗ്രാമമാണിത്. പിന്നീട് വിനോദസഞ്ചാരികൾ കൂടുതലായി എത്തിത്തുടങ്ങിയതോടെ, ഗ്രാമവും വലുതായി. ചെറിമരങ്ങളാണ് ഇവിടുത്തെ പ്രത്യേകത.

പല കാലത്തായി ഈ പാത പല ദുരന്തങ്ങൾക്കും മൂകസാക്ഷിയായി. ചിലതിനെയെല്ലാം അതിജീവിക്കുകയും ചെയ്തു. 1976-ൽ സാവോപ്പിങ് സ്റ്റേഷനോട് ചേർന്നുള്ള ഗ്രാമത്തിൽ തീപടർന്നു. കാട്ടുതീ പതുക്കെ ഗ്രാമത്തെയും വിഴുങ്ങുകയായിരുന്നു. അന്ന് 100-ലേറെ വീടുകളും റെയിൽപ്പാതയുടെ ഒരു ചെറിയ ഭാഗവും നശിച്ചു. കുറച്ചുകാലത്തേക്ക് തീവണ്ടി ഗതാഗതം നിർത്തിവെക്കേണ്ടിവന്നു.

1981-ൽ ഒരു ടണൽ തകർന്ന്, ഒമ്പതുപേർ മരിച്ചു. 1999-ലുണ്ടായ ഭൂകമ്പമാണ് പിന്നീട് അലിഷാൻ മേഖലയിൽ നാശനഷ്ടമുണ്ടാക്കിയത്. അന്നും തീവണ്ടിയാത്ര മുടങ്ങി. 2003-ൽ തീവണ്ടി പാളംതെറ്റിയതിനെത്തുടർന്ന് 17 പേരാണ് മരിച്ചത്. 156 പേർക്ക് പരിക്ക് പറ്റുകയും ചെയ്തു. 2011-ൽ വീണ്ടും പാളംതെറ്റി. അന്ന് മരിച്ചത് അഞ്ചുപേരാണ്. എന്നാൽ, ഏറ്റവും സാരമായ നാശംവിതച്ചത് 2009 ഓഗസ്റ്റിലുണ്ടായ റെക്കോഡ് മഴയാണ്. അന്ന് നിരവധി തവണ ഇവിടെ മണ്ണിടിച്ചിലുണ്ടായി. അത് റെയിൽപ്പാതയെയും സാരമായി ബാധിച്ചു. പലയിടത്തും പാത തകർന്നു. അതിനുശേഷം ഫെൻകിഹുവിനും അലിഷാനുമിടയ്ക്കുള്ള പാത വർഷങ്ങളോളം അടച്ചിട്ടു. പകുതിദൂരം തീവണ്ടിയിൽ സഞ്ചരിച്ച്, അവിടുന്ന് മറ്റൊരു ബസിൽ കയറിയായിരുന്നു അന്ന് ആളുകൾ മുകളിലേക്ക് പോയിരുന്നത്. ഒടുവിൽ 15 വർഷത്തിനുശേഷം, 2024-ലാണ് അത് വീണ്ടും തുറന്നത്.

Content Highlights: exploring taiwans alishan forest railway, a historic mountain railway offering breathtaking views and cultural heritage