ഓര്‍മകള്‍ക്ക് വീര്യം പകര്‍ന്ന മള്‍ബെറികളേ നന്ദി...

ഒരു മാങ്കോസ്റ്റീന്‍ കഥ പറയാം, ശരിക്കും ഇതൊരു മാങ്കോസ്റ്റീന്‍ കഥയല്ല, കുടംപുളി കഥയാണ്. ആദ്യമായി ഞാന്‍ മാങ്കോസ്റ്റീന്‍ എന്ന പഴം കഴിക്കുന്നത് പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്, എന്റെ അച്ഛന്റെ ഒരു സുഹൃത്ത് തിരുവല്ലയില്‍ നിന്നും ഒരു ചാക്ക് നിറയെ മാങ്കോസ്റ്റീന്‍ പഴം വീട്ടില്‍ കൊണ്ട് തന്നു, അന്ന് അതിന്റെ ഔഷധഗുണം വല്ലാതെ പ്രചരിക്കുന്ന ഒരു സമയം ആയിരുന്നു. ഞങ്ങള്‍ക്ക് മൃതസഞ്ജീവനി കിട്ടിയ പ്രതീതിയായിരുന്നു അന്ന്, അതിനു കാരണമുണ്ട്, അച്ഛന്റെ ഇളയ സഹോദരന്‍ ബ്ലഡ് ക്യാന്‍സര്‍ ബാധിതനായി വീട്ടില്‍ കഴിയുകയാണ്, അപ്പോഴാണ് ഈ ദിവ്യ ഔഷധം കിട്ടുന്നത്. ഏതു വിധേനെയും അച്ചാച്ചനെ രക്ഷിക്കുവാനായി അച്ഛന്‍ കിണഞ്ഞു പരിശ്രമിക്കുന്ന സമയം ആയിരുന്നു അത്. അച്ചാച്ചന്‍ മരിച്ചുപോയി. പക്ഷെ ആദ്യമായി ഞാനന്ന് മാങ്കോസ്റ്റീന്‍ കഴിച്ചപ്പോള്‍ ഓര്‍മ്മ വന്ന രുചി കുടംപുളിയുടേതാണ്.
കുടംപുളിയുടെ രുചി എന്റെ നാവില്‍ ഉറപ്പിച്ചു തന്നത് എന്റെ അമ്മയുടെ നാടാണ്. എന്റെ കുട്ടിക്കാലത്തു ഞാന്‍ ഏറ്റവുമധികം ആസ്വദിച്ചത് പുളിരസം നിറഞ്ഞ പഴങ്ങളാണ്. പൊതുവെ നാട്ടിന്‍പുറത്തെ പഴങ്ങള്‍ക്കൊക്കെ ഒരു പുളിമധുരം ഉള്ളതാണല്ലോ. ലോലോലിക്ക, ശീമനെല്ലിക്ക, നെല്ലിക്ക, വാളന്‍പുളി, മാങ്ങ, ഇലിമ്പിപ്പുളി, കമ്പിളിനാരങ്ങ, അങ്ങനെ എന്തെല്ലാമെന്തെല്ലാം പുളിപ്പഴങ്ങള്‍.
കല്ലടയിലുള്ള എന്റെ അമ്മവീടിന്റെ തൊട്ടടുത്തുള്ള വീട്ടിലാണ് വൈദ്യരപ്പൂപ്പനും കുടുംബവും താമസിച്ചിരുന്നത്. കാണാനൊരു തക്കുടു മനുഷ്യന്‍. അധികം പൊക്കമില്ല അത്യാവശ്യം വണ്ണമൊക്കെയുള്ള ഒരു അപ്പൂപ്പന്‍. നമ്മുടെ കഥാനായകന്‍ ഈ അപ്പൂപ്പന്റെ വീടിന്റെ മുന്നിലാണ് നില്‍ക്കുന്നത്, അതെ നമ്മുടെ നാട്ടുഭാഷയില്‍ അതിഭീകരനായ ഒരു പെണറുമ്പുളി. പുളിമരം വൈദ്യരപ്പൂപ്പന്റെയാണോ എന്ന് ചോദിച്ചാല്‍ ആണെന്നും, സര്‍ക്കാരിന്റെയാണോ എന്ന് ചോദിച്ചാല്‍ ആല്ലേ എന്നും പറയേണ്ടി വരും. നല്ല കായ്ഫലമുള്ള ഒരു പുളിമരം, ഒരു അമ്മച്ചിപുളിമരം, പുളി പിടിക്കുന്ന കാലമാകുമ്പോള്‍ പച്ച ഇലകള്‍ക്കിടയിലൂടെ സ്വര്‍ണഗോളങ്ങള്‍ കാണാന്‍ തന്നെ നല്ല ശേലാണ്.
റോഡിലൂടെ പോകുന്നവരെല്ലാം താഴെ പുളി വീണു കിടപ്പുണ്ടെങ്കില്‍ പെറുക്കിയെടുക്കും, പക്ഷെ സീസണ്‍ തുടങ്ങി കഴിഞ്ഞാല്‍ ഒരു മനുഷ്യനും ഒറ്റ പുളിപ്പഴം പോലും കിട്ടില്ല, വൈദ്യരപ്പൂപ്പന്‍ ഒരു കസേരയും പിടിച്ചിട്ടു പുളിമരത്തിന്റെ ചുവട്ടില്‍ സ്ഥിരപ്രതിഷ്ഠയാണ്. പിന്നീട് കുറെ നാളത്തേക്ക് അപ്പൂപ്പന് ഉറക്കം കാണില്ല. മരത്തിന്റെ ചുവട്ടില്‍ കിടക്കുന്ന പുളി പറക്കിയെടുക്കുന്നവരെയൊക്കെ അപ്പൂപ്പന്‍ ശകാരിക്കുമായിരുന്നു. പക്ഷെ എനിക്ക് ചില സൗജന്യങ്ങള്‍ കിട്ടിയിരുന്നു. എനിക്ക് കഴിക്കുവാന്‍ ഏറ്റവും ഇഷ്ടം പുളിയുടെ ദശയായിരുന്നു. കുടംപുളിയുടെ സാമ്പത്തികശാസ്ത്രത്തെ കുറിച്ച് വലിയ ഗ്രാഹ്യമില്ലാതിരുന്നതിനാലും അതിന്റെ പുറന്തോട് അല്‍പ്പം കൂടെ കട്ടിയുള്ളതിനാലും അതിന്റെ ഉള്ളിലുള്ള മാംസളമായ ഭാഗം കഴിക്കുന്നതിനായിരുന്നു കൂടുതല്‍ താല്പര്യം. അത് കഴിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം രുചിയേറിയ ദശയോട് ചേര്‍ന്ന് കറയുള്ള കായുണ്ട്. അല്‍പ്പം കരുതലോടെ മാത്രമേ ഈ ദശ കഴിക്കാന്‍ പാടുള്ളു. അല്ലെങ്കില്‍ പല്ലൊക്കെ മഞ്ഞ നിറമായി ആകെ മൊത്തം ശോകമയം ആകും.
അതൊക്കെ കഴിച്ച് അനുഭവസമ്പത്തു ഒരുപാട് ലഭിച്ചതിനു ശേഷമാണു ഞാന്‍ മാങ്കോസ്റ്റീന്‍ കഴിക്കുന്നത്. കുടംപുളിക്കു പക്ഷേ പാവങ്ങളുടെ മാങ്കോസ്റ്റീന്‍ എന്നൊരു വിശേഷണം കൊടുക്കാം, പക്ഷെ രണ്ടിനും നല്ല വിലയാണ്. വര്‍ഷങ്ങള്‍ക്കു ശേഷം വൈദ്യരപ്പൂപ്പന്‍ മരിച്ചു. കല്ലടയില്‍ നിന്നും ഞങ്ങള്‍ താമസം മാറ്റിയതിനു ശേഷം പിന്നീടൊരിക്കലും കുടംപുളിയുടെ ദശ ഞാന്‍ കഴിച്ചിട്ടില്ല, എന്നാലും മരത്തിലൊക്കെ പഴുത്തു തുടുത്തു നില്‍ക്കുന്ന ആ മഞ്ഞ ഗോളങ്ങളെ ഓര്‍ക്കുമ്പോള്‍ അറിയാതെ വായില്‍ ഒരു പുളിരസം വരും; പക്ഷെ അപ്പോഴും ഓര്‍മ്മയില്‍ തെളിയുന്നത് വൈദ്യരപ്പൂപ്പന്റെ മുഖമായിരിക്കും.
എല്‍ കെ ജി മുതല്‍ അഞ്ചാം ക്ലാസ് വരെ കുണ്ടറ ലിറ്റില്‍ഫ്ളവര്‍ സ്‌കൂളിലാണ് പഠിച്ചത്. ഒത്തിരി നല്ല ടീച്ചേഴ്‌സും സുഹൃത്തുക്കളും ഉണ്ടായിരുന്ന ലിറ്റില്‍ഫ്ളവര്‍. സ്‌കൂളിന്റെ മുറ്റത്തു തന്നെ വലിയൊരു ഞാവല്‍ മരം നിന്നിരുന്നു. ഒരു മുത്തശ്ശി ഞാവല്‍. അതില്‍ നിറയെ ഞാവല്‍ പഴങ്ങള്‍ നിറയും, പച്ച ഇലകള്‍ക്കിടയിലൂടെ എണ്ണമില്ലാതവണ്ണം മെറൂണ്‍ കളറില്‍ ഞാവല്‍ പഴങ്ങള്‍, നല്ല തിളക്കമുള്ള പഴങ്ങള്‍, രാവിലെ സ്‌കൂള്‍മുറ്റത്ത് അവ നിരന്നു കിടക്കും, ക്ലാസ്സില്‍ കയറുന്നതിനു മുന്‍പ് തന്നെ കുറെയേറെ എടുത്തു തിന്ന് വായൊക്കെ ചുമപ്പിച്ചാണ് ഇരിക്കുന്നത്. സ്‌കൂള്‍ വിട്ടുകഴിഞ്ഞും ഇതേ കലാപരിപാടി തുടരും. അഞ്ചാം ക്ളാസ് വരെയേ ലിറ്റില്‍ ഫ്‌ളവറില്‍ പഠിച്ചുള്ളൂ, അതിനു ശേഷം ഞാവല്‍പ്പഴം കുറെ നാളത്തേക്കേ കണ്ടിട്ടില്ലായിരുന്നു, പിന്നെ വര്‍ഷങ്ങള്‍ക്കു ശേഷം കല്യാണം കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ചാണ് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും വലിയ വില കൊടുത്തു വാങ്ങിയ ഞാവല്പഴം കാണുന്നത്, കാലം പോയ പോക്കേ, അന്നത് കഴിക്കാന്‍ അല്‍പ്പം ശങ്ക തോന്നി. പക്ഷേ പിന്നീട് തിരുവനന്തപുരത്തു വന്നപ്പോള്‍ അത് വഴിയോരത്തൊക്കെ വെച്ചിരുന്നു വില്‍ക്കുന്നത് കണ്ടു, അപ്പോഴും നല്ല വിലയുണ്ടായിരുന്നു, എന്താണെന്നറിയില്ല ഞാവല്പഴം എന്നെ സംബന്ധിച്ചിടത്തോളം ലിറ്റില്‍ഫ്‌ളവറിന്റെ സൂചനയാണ്. തുടുത്തു തിളങ്ങുന്ന ആ വയലറ്റ് പഴങ്ങള്‍ കാണുമ്പോള്‍ എന്റെ സ്മൃതിപഥത്തില്‍ സ്‌കൂളും, വിശാലമായ കളിസ്ഥലവും, ടിഫ്ഫിന്‍ ബോക്സും, മുട്ട റോസ്റ്റിന്റെയും, ചമ്മന്തിപൊടിയുടെയും മണവും ജീരകവെള്ളത്തിന്റെ രുചിയും എല്ലാം ഓട്ടപ്രദക്ഷിണം നടത്തും. ഇന്നലെ ഒരു കുട്ട ഞാവല്പഴം വാങ്ങി കുറെയേറെ കഴിച്ചു, ബാക്കി വന്നത് വൈനിട്ടു. ഒരു മാസം കഴിഞ്ഞോട്ടെ, വൈന്‍ കുടിച്ചിട്ട് നെരൂദയെ പോലെ എനിക്കും പാടണം , പ്രിയപ്പെട്ട ഞാവല്‍പ്പഴമേ 'Sometimes/ you feed on our memories/ of fatalistic melancholy.'
ഞാവല്പഴം എനിക്ക് സ്‌കൂളാണെങ്കില്‍ മള്‍ബെറി എനിക്ക് വീട്ടോര്‍മ്മയാണ്. പണ്ട് അപ്പച്ചനും അമ്മച്ചിയും ഒക്കെ ഉള്ളപ്പോഴത്തെ വീട്ടില്‍, ഓടിട്ട ചെറിയ വീട്ടില്‍, അടുക്കളയുടെ ഒരു വശത്തായിട്ട് വലിയ ഒരു അമ്പഴങ്ങ മരമുണ്ടായിരുന്നു. അതിന്റെ അടുത്തു തന്നെ കുറെയേറെ മള്‍ബെറി മരങ്ങളും ഉണ്ടായിരുന്നു. ഞാനതിനു പുഴുമരം എന്ന് വിളിക്കും, ആട്ടാമ്പുഴു ചിലപ്പോഴൊക്കെ അതില്‍ കാണാം, അത് കൊണ്ടാണോ എന്തോ മള്‍ബെറിക്കും ഒരു ആട്ടാമ്പുഴു രൂപമാണ്. നല്ല പഴുത്ത ആട്ടാമ്പുഴു, അയ്യോ ക്ഷമിക്കണം മള്‍ബെറി നല്ല വയലറ്റും ചുമപ്പും നിറങ്ങളില്‍ രാവിലെ തന്നെ ഇങ്ങനെ എത്തി പറിച്ചു ചവച്ചു നടക്കാന്‍ നല്ല രസമാണ്. അതിന്റെ ചുകചുകന്ന ചാറൊക്കെ വായ്ക്ക് ചുറ്റും ആക്കി നടക്കും, ഓര്‍മയില്‍ അതിന്റെ രുചി മായാതെ കിടക്കും, വലുതായപ്പോഴും ഏതെങ്കിലും വീട്ടിലൊക്കെ ചെന്നാല്‍ മള്‍ബെറി മരം കണ്ടാല്‍ കായുണ്ടോ എന്ന് പരിശോധിക്കുമായിരുന്നു. അടുത്തിടെ ഒരു സുഹൃത്ത് ടിഫിന്‍ ബോക്‌സ് നിറയെ മള്‍ബെറി പഴങ്ങള്‍ കൊണ്ടുത്തന്നു, എനിക്കെന്റെ കണ്ണുകളെ ആദ്യം വിശ്വസിക്കാനായില്ല, എന്റെ കുട്ടിക്കാലവും, വീട്ടോര്‍മകളും ഒരു ചോറ്റുപാത്രത്തിനുള്ളില്‍ ഒളിച്ചിരിക്കുന്ന പോലെ തോന്നി. മരത്തില്‍ പിടിച്ചുനില്‍ക്കുന്ന മള്‍ബെറികള്‍ കയ്യെത്തി പറിച്ചു കഴിച്ചിട്ടുണ്ടെങ്കിലും ചോറ്റുപാത്രത്തില്‍ ആദ്യമായാണ് മള്‍ബെറി കാണുന്നത്. എന്തൊരു കാഴ്ചയായിരുന്നു, രുചിയുടെയും, നിറത്തിന്റെയും കെട്ടുകാഴ്ച. കണ്ണു നിറഞ്ഞു പോയി. പിന്നീട് പലപ്പോഴും ആ സുഹൃത്ത് കൊണ്ടുത്തരുന്ന മള്‍ബെറി പഴങ്ങള്‍ വല്ലാതെ പ്രലോഭിപ്പിച്ചിരുന്നു. അത്രയ്ക്ക് മധുരമനോഹരമാണ് മള്‍ബെറി. പിന്നീട് ഒരുപാടു തവണ എന്റെ സുഹൃത്ത് ആ മധുര സമ്മാനം ഞങ്ങള്‍ക്ക് തരുമായിരുന്നു, കുട്ടിക്കാല ഓര്‍മകളിലേക്ക് ഊളിയിടാന്‍ വീര്യം പകര്‍ന്നു തന്ന മള്‍ബെറികള്‍ക്കു നന്ദി.
Content Highlights: childhood sour fruit memories ruchiorma