രാമപ്പ ക്ഷേത്രം എന്ന് കേള്‍ക്കുമ്പോള്‍ ശ്രീരാമക്ഷേത്രം എന്ന് തെറ്റിദ്ധരിക്കരുത്; ശില്പിയുടെ പേരാണത്

തെലങ്കാനയിലെ വാറങ്കലില്‍നിന്നും മുളക് ജില്ലയിലെ പാലംപെട്ടിലേക്കുള്ള പാത. മെയ് മാസത്തിലെ കൊടും ചൂടില്‍ ദാഹിച്ചു തൊണ്ട വരണ്ടുള്ള യാത്ര അത്രയേറെ സുഖകരമായിരുന്നില്ല. ചിലപ്പോഴൊക്കെ വിജനമായ പാതയിലൂടെ പൊടിയും പറത്തി പാഞ്ഞുപോകുന്ന വണ്ടിയില്‍ എങ്ങോട്ട് നോക്കിയാലും ഒരേ കാഴ്ചകള്‍. അടുത്തിരുന്ന ആന്ധ്രാ സ്വദേശിയോട് അറിയാവുന്ന ഭാഷയില്‍ സംസാരിച്ചു. അദ്ദേഹത്തിന് തമിഴ് അറിയാവുന്നതിനാല്‍ എളുപ്പമായി. അമ്പലം കാണാന്‍ വേണ്ടി മാത്രമാണോ കേരളത്തില്‍നിന്നും ഇത്രയും ദൂരം വന്നതെന്ന് ചോദിച്ച് അയാള്‍ അദ്ഭുതപ്പെട്ടു. രാമപ്പ ക്ഷേത്രം എന്ന് കേള്‍ക്കുമ്പോള്‍ ശ്രീരാമ ക്ഷേത്രം എന്ന് തെറ്റിദ്ധരിക്കരുത്. ആ ക്ഷേത്രം പണിതുയര്‍ത്തിയ ശില്പിയുടെ പേരാണ് രാമപ്പ. എ.ഡി. 1213-ല്‍ കാകതീയ രാജാവായ ഗണപതി ദേവയുടെ ഭരണകാലത്ത് അദ്ദേഹത്തിന്റെ ജനറലായിരുന്ന രേചര്‍ല രുദ്രനെ ക്ഷേത്രം പണികഴിപ്പിക്കാന്‍ ചുമതലപ്പെടുത്തുകയായിരുന്നു. അദ്ദേഹം രാമപ്പ സ്ഥാപതി എന്ന് പേരുള്ള ശില്പിയെ കൊണ്ടുവന്ന് ക്ഷേത്രം നിര്‍മ്മിക്കുകയുമായിരുന്നു. നാല്‍പതു വര്‍ഷം കൊണ്ട് നിര്‍മിച്ച ആ ക്ഷേത്രത്തിന്റെ ഭംഗിയില്‍ ആകൃഷ്ടരായ കാകതീയ രാജവംശം രാമപ്പയുടെ പേര് തന്നെ ക്ഷേത്രത്തിനും നല്‍കുകയായിരുന്നു.
വാറങ്കലില്‍നിന്നും ആരംഭിച്ച യാത്ര എഴുപത് കി.മി പിന്നിട്ടപ്പോള്‍ പാലംപെട്ടില്‍ എത്തിച്ചേര്‍ന്നു. ബസ് സ്‌റ്റോപ്പില്‍ ഇറങ്ങി കണ്ടക്ടര്‍ പറഞ്ഞുതന്ന വഴിയിലൂടെ നടന്നു. ഇരുവശങ്ങളിലും കൊയ്തു മെതിച്ച നെല്‍പ്പാടങ്ങള്‍ക്കിടയിലൂടെ നീളുന്ന ചെമ്മണ്‍ പാത. അല്പദൂരം നടന്നുകഴിയുമ്പോള്‍ അകലെയായി രാമപ്പക്ഷേത്രത്തിന്റെ ഗോപുരം കാണാം. വഴിനീളെ കര്‍ഷകര്‍ പൊരിവെയിലിനെ വകവെക്കാതെ കൊയ്‌തെടുത്ത കറ്റകളില്‍ നിന്ന് നെല്‍ക്കതിരുകള്‍ വേര്‍തിരിക്കുന്നു. ചിലയിടത്ത് ഒരാള്‍പ്പൊക്കത്തില്‍ നെല്ല് കൂട്ടിയിട്ടിട്ടുണ്ട്. നമ്മുടെ നാട്ടില്‍ അന്യം നിന്നുപോകുന്ന ഗ്രാമജീവിതങ്ങളാണ് എങ്ങും കാണാനാവുക.
ചെമ്മണ്‍പാത അവസാനിക്കുന്നത് ക്ഷേത്രത്തിന്റെ പിറക് വശത്തുള്ള കവാടത്തിലാണ്. തെലങ്കാനയില്‍ ഉടനീളം കണ്ട കാകതീയ വാസ്തുവിദ്യയുടെ ക്രോഡീകരണം ഈ ക്ഷേത്രത്തില്‍ ദര്‍ശിക്കാനാകും. ഇളം ചുവപ്പ് നിറത്തിലുള്ള ബസാള്‍ട്ട് കല്ലുകളാണ് ക്ഷേത്രനിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഭൂകമ്പത്തെ അതിജീവിക്കാന്‍ മണല്‍ത്തിട്ട ഉയര്‍ത്തി (സാന്‍ഡ് ബോക്‌സ് സാങ്കേതിക വിദ്യ) അതില്‍ ഭാരംകുറഞ്ഞ സുഷിരമുള്ള കട്ടകള്‍ കൊണ്ടായിരുന്നു ക്ഷേത്രനിര്‍മ്മാണം. ഒരിയ്ക്കലുണ്ടായ ഭൂകമ്പത്തില്‍ പരിസര പ്രദേശങ്ങള്‍ മുഴുവന്‍ തകര്‍ന്നപ്പോഴും ക്ഷേത്രത്തിനു കേടുപാടും സംഭവിച്ചിരുന്നില്ലത്രെ! കാകതീയ വാസ്തുവിദ്യയുടെ മകുടോദാഹരണമായ ഈ ക്ഷേത്രം 2021 ജൂലൈയില്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ചു.
പടികള്‍ കയറി ക്ഷേത്രത്തിനുള്ളിലേക്ക് കയറുമ്പോള്‍ അതിശയിപ്പിക്കുന്ന കൊത്തുപണികളാണ് കാണാനാവുക. കറുത്ത പാറകള്‍ പാകിയ തണുപ്പ് നിറഞ്ഞ തറകള്‍ക്ക് ചുറ്റിലുമുള്ള തൂണുകളില്‍ ദേവതകളും രാമായണ കഥാപാത്രങ്ങളും അഷ്ടദിഗ്പാലകരെയുമെല്ലാം കൊത്തിവെച്ചിരിക്കുന്ന സുന്ദരകാഴ്ച കാണാനാകും. കല്ലില്‍ പാകിയ ചെറിയ കൊത്തുപണികള്‍ക്കിടയില്‍ ചെറിയ സുഷിരങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത് അമ്പരിപ്പിക്കുന്ന കാഴ്ചയാണ്. തൂണുകളിലൊന്നില്‍ കൃഷ്ണപ്രതിമയാണ് കൊത്തിവെച്ചിരിക്കുന്നത്. അതിശയമെന്ന് പറയട്ടെ കൃഷ്ണപ്രതിമയുടെ പലഭാഗങ്ങളിലായി തട്ടിയാല്‍ സംഗീതസാന്ദ്രമായ ശബ്ദം മുഴങ്ങും. ഒരുവശത്ത് കറുത്ത നിറത്തിലുള്ള ഒരു ശിവലിംഗം പ്രതിഷ്ഠിച്ചിട്ടുണ്ട്. പൂജയും വഴിപാടുകളും ഒരു വശത്തായി നടക്കുന്നുമുണ്ട്. എന്നാല്‍, ഭക്തരെക്കാള്‍ കൂടുതലായി ക്ഷേത്രത്തിന്റെ നിര്‍മ്മിതിയും വാസ്തുവിദ്യയും കാണാനെത്തുന്നവരായിരുന്നു അധികവും. ഗര്‍ഭഗൃഹ, അന്തരാള, മഹാമണ്ഡപ എന്നിങ്ങനെ ക്ഷേത്രത്തിനു മൂന്ന് വാതിലുകള്‍ മൂന്ന് ഭാഗത്തായുണ്ട്.
പുറത്തേക്കിറങ്ങുമ്പോള്‍ ശിവലിംഗത്തിന് അഭിമുഖമായി നന്ദികേശനെയും പ്രതിഷ്ഠിച്ചിരിക്കുന്നത് കാണാം. രാമപ്പ ക്ഷേത്രത്തിന്റെ വാസ്തുവിദ്യാവൈഭവത്തില്‍ എടുത്തുപറയേണ്ടത് പുറത്തെ മതില്‍ക്കെട്ടുകളില്‍ കൊത്തിവെച്ചിട്ടുള്ള ആനകളുടെ രൂപങ്ങളാണ്. നടന്നുനീങ്ങുന്ന ആനകളുടെ ശില്പങ്ങളാണ് നാലുവശത്തും കാണാനാവുക. ആനകള്‍ നടക്കുന്ന ദിശ നോക്കി മുന്നോട്ടുപോയാല്‍ ക്ഷേത്രത്തില്‍ പ്രദക്ഷിണം വയ്ക്കുന്ന രീതി മനസ്സിലാക്കാന്‍ കഴിയുമത്രേ. സൂക്ഷിച്ചു നോക്കിയപ്പോള്‍ ശരിയാണെന്ന് തോന്നി. മുന്നോട്ട് നടക്കുന്ന ആനകളുടെ ശില്പം ഇടയ്ക്കിടെ ചില ദൈവരൂപങ്ങളെ നോക്കി തൊഴുന്ന ചിത്രങ്ങളും കാണാം. തിരിച്ചിറങ്ങിയത് രാമപ്പ ക്ഷേത്രത്തിന്റെ മുന്‍വാതിലിലൂടെയായിരുന്നു. നടപ്പാതകള്‍ക്ക് ഇരുവശങ്ങളിലും തണല്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ക്ഷേത്രവും പരിസരവും വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. 800 വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും കോട്ടം തട്ടാതെ നില്‍ക്കുന്ന രാമപ്പ ക്ഷേത്രം ആധുനിക എന്‍ജിനീയറിങ്ങോ ഹൈടെക് സാങ്കേതിക വിദ്യയോ ഇല്ലാത്ത കാലത്ത് പടുത്തുയര്‍ത്തിയ മഹാനിര്‍മ്മിതിയാണ്. കാകതീയ രുദ്രേശ്വര ക്ഷേത്രത്തിന് രാമപ്പ എന്ന ശില്പിയുടെ പേരല്ലാതെ മറ്റെന്താണ് നല്‍കാനാവുക.
Content Highlights: a journey to ramappa temple in telengana