സീസർ ചിക്കന്‍ വിത്ത് ഗ്രീൻസ്, പ്രോട്ടീന്‍ റിച്ച് ഫിഷ് പ്ലാറ്റര്‍, പിസിഒഡി ഉള്ളവർക്ക് ചിക്കനും മീനും ഇങ്ങനെ പാകംചെയ്യാം

ഒട്ടുമിക്ക സ്ത്രീകളിലും ഇന്ന് കൂടുതലായി കണ്ടുവരുന്ന രോഗങ്ങളാണ് പിസിഒഡിയും പിസിഒഎസും. ഇത്തരം ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതില്‍ നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ശരീരഭാരം നിയന്ത്രിക്കാനും ഹോര്‍മോണ്‍, ഇന്‍സുലിന്‍ എന്നിവയുടെ അളവ് ക്രമീകരിക്കാനും അണ്‍പ്രൊസസ്ഡ് ആയ ഭക്ഷണങ്ങള്‍ മാത്രം ശീലമാക്കണം.
നാരുകള്‍ അടങ്ങിയ, ഉയര്‍ന്ന തോതില്‍ പ്രോട്ടീന്‍ ഉള്ള (ലീന്‍ പ്രോട്ടീന്‍), നല്ല കൊഴുപ്പ് (ഹെല്‍ത്തി ഫാറ്റ്) ഉള്ള, ഗ്ലൈസമിക് ഇന്‍ഡക്‌സ് കുറഞ്ഞ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. ചീര, ബ്രൊക്കോളി പോലുള്ള ഇലവര്‍ഗങ്ങളും കോളിഫ്‌ളവര്‍, ബീന്‍സ്, കാരറ്റ്, തക്കാളി പോലുള്ള പച്ചക്കറികളും കഴിക്കാം. തവിടുള്ള ചോറും ഗോതമ്പും ക്വിനോവ പോലുള്ള ധാന്യങ്ങളും കഴിക്കുന്നത് നല്ലതാണ്.
ചിക്കന്‍, മീന്‍, മുട്ട, ടോഫു, പനീര്‍, പരിപ്പ്, വെള്ളക്കടല പോലുള്ള ഭക്ഷണങ്ങളും കഴിക്കാം. ഇത്തരം ആഹാരപദാര്‍ഥങ്ങള്‍ കൊണ്ടുള്ള ഭക്ഷണം പാകം ചെയ്യുന്നവിധത്തിലും ശ്രദ്ധവേണം. ചിക്കനും മീനും കൊണ്ടുള്ള അഞ്ച് റെസിപ്പികള്‍ ഇതാ. പ്രോട്ടീന്‍, ഫൈബര്‍, നല്ല കൊഴുപ്പ് എന്നിവ അടങ്ങിയതിനാല്‍ ഈ റെസിപ്പികള്‍ പിസിഒഡി ഉള്ളവര്‍ക്ക് അനുയോജ്യമായിരിക്കും.
സീസര്‍ ചിക്കന്‍ വിത്ത് ഗ്രീന്‍സ്
ചേരുവകള്‍
ചിക്കന്‍ : 50 ഗ്രാം
കൊഴുപ്പ് കുറഞ്ഞ പനീര്‍: 20 ഗ്രാം
ലെറ്റിയൂസ്, പാഴ്സ്ലി, പുതിന, സവാള എന്നിവ അരിഞ്ഞത്
ഒലിവ് ഓയില്‍: രണ്ട് ടീസ്പൂണ്‍
ഫ്‌ളാക് സീഡ്: ഒരു ടീസ്പൂണ്‍
വാള്‍നട്ട്
നാരങ്ങാനീര്
ഉപ്പ്, കുരുമുളക്, ഒറിഗാനോ: (പാകത്തിന്)
തയ്യാറാക്കുന്ന വിധം
ചിക്കനും പനീറും കഷണങ്ങളാക്കുക, പച്ചക്കറികള്‍ അരിയുക, ഒരു പാനില്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് ചൂടാകുമ്പോള്‍ ബാക്കി എല്ലാ ചേരുവകളും ചേര്‍ത്ത് ഇളക്കി വേവിക്കുക. ചൂടോടെ വിളമ്പുക.
ഹെല്‍ത്തി ചിക്കന്‍ സൂപ്പ്
ചേരുവകള്‍
ചിക്കന്‍: 50 ഗ്രാം
തവിട് കളയാത്ത അരി: 15 ഗ്രാം
കാരറ്റ്, സെലറി, സവാള എന്നിവ അരിഞ്ഞത്: കാല്‍ കപ്പ് വീതം
സ്വീറ്റ് കോണ്‍: കാല്‍ കപ്പ്
ഉപ്പ്, കുരുമുളക്: പാകത്തിന്
തയ്യാറാക്കുന്ന വിധം
ചിക്കന്‍ വെള്ളത്തില്‍ വേവിച്ച ശേഷം തണുക്കാന്‍ മാറ്റിവെക്കുക. അതേ വെള്ളത്തില്‍ പച്ചക്കറികളും അരിയും വേവിക്കുക. ഇനി അതിലേക്ക് വേവിച്ച ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്ത്, പാകത്തിന് ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് ചൂടോടെ വിളമ്പുക.
ബേക്ക്ഡ് ഫിഷ് ഫിംഗേഴ്‌സ്
ചേരുവകൾ
മീന്‍ കഷണങ്ങള്‍ (അധികം കനമില്ലാത്തത്): 100 ഗ്രാം
ഗോതമ്പുപൊടി: 15 ഗ്രാം
ഓട്‌സ് പൊടിച്ചത്: 10 ഗ്രാം
മുട്ട: ഒരെണ്ണം
നാരങ്ങ നീര്: ഒരു നാരങ്ങയുടേത്
മല്ലിപ്പൊടി, കുരുമുളകുപൊടി, കാശ്മീരി മുളകുപൊടി: കാല്‍ ടീസ്പൂണ്‍
ഒറിഗാനോ, വെളുത്തുള്ളിപ്പൊടി: ഒരു നുള്ള്
ഉപ്പ്: പാകത്തിന്
വെജിറ്റബിള്‍ ഓയില്‍
തയ്യാറാക്കുന്ന വിധം
മീനില്‍ നാരങ്ങാനീരും മസാലകളും പുരട്ടിവെക്കുക. ശേഷം ഗോതമ്പുപൊടി, മുട്ട, ഓട്‌സ് എന്നിവ ഓരോന്നും ഓരോ ബൗളുകളിലായി എടുക്കുക. ശേഷം മീന്‍ കഷണങ്ങള്‍ ഓരോന്നും ഗോതമ്പുപൊടി, മുട്ട, ഓട്‌സ് എന്നിവയിൽ മുക്കിയെടുക്കുക. ഇനി ചെറുതായി എണ്ണ പുരട്ടിയ പാനില്‍ നിരത്തി, 240°F ല്‍ ഏകദേശം 15 മിനിറ്റ്, ഗോള്‍ഡന്‍ നിറമാകുന്നതുവരെ ബേക്ക് ചെയ്യുക.
പ്രോട്ടീന്‍ റിച്ച് ഫിഷ് പ്ലാറ്റര്‍
ചേരുവകള്‍
ആവോലി മീന്‍: 100 ഗ്രാം
മല്ലിയില, പുതിന: രണ്ട് തണ്ട്
സവാള: അര മുറി
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി: ഒരു നുള്ള്
ഉപ്പ്: പാകത്തിന്
നാരങ്ങാനീര്
തയ്യാറാക്കുന്ന വിധം
വൃത്തിയാക്കി വരഞ്ഞ മീനില്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും നാരങ്ങാനീരും പുരട്ടി വെക്കുക. മല്ലിയില, പുതിന, സവാള എന്നിവ അരിഞ്ഞതും വെളുത്തുള്ളി-ഇഞ്ചി പേസ്റ്റും മീനിനുള്ളില്‍ നിറയ്ക്കുക. ഇനി മീന്‍ വാഴയിലയില്‍ പൊതിഞ്ഞ് ആവിയില്‍ പുഴുങ്ങിയെടുക്കുക.
സ്ലോ കുക്കര്‍ ചിക്കന്‍ & ചിക്ക്പീ സൂപ്പ്
ചേരുവകള്‍
കടല (ചിക്ക്പീ): മുക്കാല്‍ കപ്പ് കുതിര്‍ത്തത്
വെള്ളം: രണ്ട് കപ്പ്
സവാള: ഒരെണ്ണം ചെറുതായി അരിഞ്ഞത്
നോണ്‍സാള്‍ട്ടഡ് ടൊമാറ്റോ ഡൈസ്ഡ്: ഒരു കാന്‍
തക്കാളി പേസ്റ്റ്: രണ്ട് ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി: നാല് അല്ലി ചെറുതായി അരിഞ്ഞത്
വയനയില: ഒരെണ്ണം
ചെറിയ ജീരകം പൊടിച്ചത്: നാല് ടീസ്പൂണ്‍
പപ്രിക പൗഡര്‍: നാല് ടീസ്പൂണ്‍
മുളകുപൊടി: കാല്‍ ടീസ്പൂണ്‍
കുരുമുളകുപൊടി: കാല്‍ ടീസ്പൂണ്‍
ചിക്കന്‍ തൈസ്: ഒരു കിലോ
ആര്‍ട്ടിചോക്ക് ഹാര്‍ട്ട്‌സ്, വെള്ളം ഊറ്റിക്കളഞ്ഞ് നാലായി ഭാഗിച്ചത്: ഒരു ടിന്‍
ഓയില്‍ കര്‍ഡ് ഒലിവ്‌സ്: കുറച്ച്
ഉപ്പ്: പാകത്തിന്
പാഴ്സ്ലി/മല്ലിയില: അരിഞ്ഞത്
തയ്യാറാക്കുന്ന വിധം
സ്ലോ കുക്കറിലേക്ക് കുതിര്‍ത്തുവെച്ച കടല, ആവശ്യത്തിന് വെള്ളം, സവാള, നോണ്‍സാള്‍ട്ടഡ് ടൊമാറ്റോ ഡൈസ്ഡ്, തക്കാളി പേസ്റ്റ്, വെളുത്തുള്ളി, വയനയില, ജീരകപ്പൊടി, പപ്രിക, മുളകുപൊടി, കുരുമുളകുപൊടി എന്നിവ ചേര്‍ക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി ചിക്കന്‍ ചേര്‍ക്കുക. അടച്ചുവെച്ച്, ചെറിയ തീയില്‍ എട്ട് മണിക്കൂര്‍ സ്ലോ കുക്ക് ചെയ്യുക. അല്ലെങ്കില്‍ തീ കൂട്ടിവെച്ച് നാല് മണിക്കൂര്‍ വേവിക്കുകയും ചെയ്യാം.
ഇനി കുക്കറില്‍നിന്നും ചിക്കന്‍ മാറ്റി ചൂടാറാന്‍ വെക്കുക. വയനയിലയും എടുത്തുമാറ്റുക. ഇനി കുക്കറിലേക്ക് ആര്‍ട്ടിചോക്ക്, ഒലിവ്, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ചൂടാറിയ ചിക്കന്‍ എല്ലുകള്‍ കളഞ്ഞ് ചെറിയ കഷണങ്ങളായി പിച്ചിയെടുക്കുക. ശേഷം സൂപ്പില്‍ ചിക്കന്‍ ചേര്‍ത്ത് ഇളക്കുക. മുകളില്‍ മല്ലിയിലയോ പാഴ്സ്ലിയോ വിതറി വിളമ്പാം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Manage PCOD with these 5 delicious and healthy chicken and fish recipes. Packed with protein, fiber, and healthy fats, these meals are perfect for a balanced PCOD diet.