'മുഖ്യമന്ത്രിയെ ഡാർലിങ് എന്നു വിളിക്കുന്നത് എത്ര മനോഹരമായ കാര്യം, ആ ബന്ധത്തിൽ മാറ്റമില്ല'

താരങ്ങളാവുന്നതിനുമുമ്പേ തന്നെ വളരെ അടുപ്പമുള്ളവരാണ് വിശാലും വിജയ്‌യും. ചെന്നൈ ലൊയോള കോളേജിൽ പഠിക്കുമ്പോഴേ അവർ തമ്മിൽ വളരെ അടുപ്പത്തിലായിരുന്നു. പിന്നീട് സിനിമയിലെത്തിയപ്പോഴും ആ ബന്ധത്തിൽ മാറ്റങ്ങളൊന്നുമുണ്ടായില്ല. എങ്കിലും ഇരുവരും ഒരു സിനിമയിൽ പോലും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. രണ്ടുവർഷം മുമ്പ് വിജയ്‌യെ ഒരു സിനിമയിൽ അഭിനയിപ്പിക്കണമെന്ന് വിശാൽ ആഗ്രഹിച്ചു. അതിനായി വിജയ്‌യെ കണ്ടുവെങ്കിലും ആ സിനിമ നടന്നില്ല. ഇപ്പോഴിതാ വിജയ്‌യുമായുള്ള ബന്ധത്തെക്കുറിച്ചും അന്നത്തെ കൂടിക്കാഴ്ചയെക്കുറിച്ചും മുഖ്യമന്ത്രിയായശേഷം അദ്ദേഹത്തെ കണ്ടതിനെക്കുറിച്ചുമെല്ലാം സംസാരിക്കുകയാണ് വിശാൽ. 'മകുടം' എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
''രണ്ടുവർഷം മുമ്പ് ഞാൻ കണ്ട അതേ വിജയ് തന്നെയാണ് അദ്ദേഹം ഇപ്പോഴും. അന്നൊരു കഥ പറയാനായാണ് ഞാൻ ഇതേ സ്ഥലത്ത് അദ്ദേഹത്തെ കാണാൻ വന്നത്. 'വിജയ്' എന്നാണ് ഞാൻ അദ്ദേഹത്തെ വിളിക്കാറുള്ളത്-ഇപ്പോൾ അദ്ദേഹം മുഖ്യമന്ത്രിയാണെങ്കിലും. ഞാൻ അദ്ദേഹത്തോട് ചോദിച്ചു, 'ഒരു കഥ പറയാൻ സമയം ചോദിച്ച് ഞാൻ അവസാനമായി വന്നത് ഓർമ്മയുണ്ടോ?' അദ്ദേഹം പറഞ്ഞു, 'ഉണ്ട്, എനിക്ക് ഓർമ്മയുണ്ട്.' അപ്പോൾ ഞാൻ പറഞ്ഞു, 'നിങ്ങൾ ഇപ്പോൾ സിനിമയിലില്ലാത്തതുകൊണ്ട്, ഞാൻ നിങ്ങളുടെ പേര് ഉപയോഗിക്കാൻ പോവുകയാണ്.' അതുകേട്ട് വിജയ് ചിരിച്ചു''.
വിജയ്‌യുമായി തനിക്ക് 30 വർഷത്തെ ബന്ധമാണെന്നും വിശാൽ വ്യക്തമാക്കി. ''അദ്ദേഹത്തിന്റെ ആദ്യ സിനിമ മുതൽ, കഴിഞ്ഞ 30 വർഷമായി എനിക്ക് അദ്ദേഹത്തെ അറിയാം. കോളേജിൽ എന്റെ സഹോദരന്റെ കൂടെയായിരുന്നു അദ്ദേഹം പഠിച്ചത്, അന്നു മുതൽ ഞാൻ അദ്ദേഹത്തെ കാണാറുണ്ട്. മുഖ്യമന്ത്രിയായ ശേഷവും അദ്ദേഹത്തെ കാണാൻ ചെന്നപ്പോൾ അദ്ദേഹത്തിൽ യാതൊരു മാറ്റവും കണ്ടില്ല; അതേ വ്യക്തിത്വം, അതേ പെരുമാറ്റരീതി, അതേ നല്ല ഗുണങ്ങൾ... പദവിയിൽ മാത്രമേ മാറ്റം വന്നിട്ടുള്ളൂ'', വിശാൽ പറയുന്നു.
''വിജയ്‌യോട് സംസാരിക്കുന്നതിനിടയിൽ ഞാൻ 'സോറി, ഡാർലിങ്' എന്നുപറഞ്ഞു. ഒരു മുഖ്യമന്ത്രിയെ 'ഡാർലിങ്' എന്ന് വിളിക്കുന്നത് എത്ര മനോഹരമായ കാര്യമാണെന്ന് ചിന്തിച്ചുനോക്കൂ. ഒരു സുഹൃത്തിനോട് സംസാരിക്കുന്നതുപോലെയാണ് അപ്പോൾ തോന്നിയത്, ആ അന്തരീക്ഷം വളരെ മനോഹരമായിരുന്നു'', വിശാൽ കൂട്ടിച്ചേർത്തു.
വിശാൽ തന്നെയാണ് മകുടം സംവിധാനം ചെയ്യുന്നതും. അദ്ദേഹം മൂന്ന് വ്യത്യസ്തവേഷങ്ങളിൽ സിനിമയിൽ അഭിനയിക്കുകയും ചെയ്യുന്നു. ദുഷാരാ വിജയനാണ് നായിക. ഓഗസ്റ്റ് 14-നാണ് റിലീസ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Vishal talks about his 30-year-long friendship with Vijay from their college days. Vishal shares his experience meeting Vijay after he became Chief Minister