പ്രിയ സച്ച്ദേവിന്റെ ആദ്യത്തെ മകളും സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശി, 26 രാജ്യങ്ങളിൽ നിന്ന് അതിഥികൾ പങ്കെടുത്ത വിവാഹം

അന്തരിച്ച വ്യവസായി സഞ്ജയ് കപുറിൻ്റെ സ്വത്തുക്കളുടെ പിന്തുടർച്ചാവകാശം സംബന്ധിച്ച തർക്കങ്ങൾ മുറുകുകയാണ്. മൂന്നാംഭാര്യ പ്രിയ സച്ച്ദേവ് വ്യാജവിൽപ്പത്രം തയ്യാറാക്കി മക്കളെയും കുടുംബാംഗങ്ങളെയും സ്വത്തവകാശത്തിൽ നിന്ന് പുറത്താക്കിയെന്നതാണ് പ്രധാന ആരോപണം. സഞ്ജയ്ക്ക് മുൻഭാര്യ കരിഷ്മ കപൂറിൽ പിറന്ന മക്കൾ സ്വത്തിൽ തങ്ങളുടെ അവകാശം നേടാനായി കോടതിയെ സമീപിക്കുകയും ചെയ്തു. സ്വത്തുതർക്കത്തിനൊപ്പം തന്നെ പ്രിയ സച്ച്ദേവിന്റെ ഭൂതകാലവും ചർച്ചയാവുകയാണ്.
ഇൻവെസ്റ്റ്മെൻ്റ് ബാങ്കറായ പ്രിയ സച്ച്ദേവ് പ്രശസ്ത ഹോട്ടലുടമയും ഇന്ത്യൻ-അമേരിക്കൻ നടനുമായ വിക്രം ചത്വാലിനെയാണ് ആദ്യം വിവാഹം കഴിച്ചിരുന്നത്. ഹണിമൂൺ ട്രാവൽസ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ സിനിമകളിൽ വിക്രം അഭിനയിച്ചിട്ടുണ്ട്. വോഗ് മാഗസിനിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ സിഖ് മോഡൽ കൂടിയായിരുന്നു അദ്ദേഹം.
രണ്ട് വർഷത്തെ പ്രണയത്തിന് ശേഷം 2004-ൽ വിക്രം പ്രിയയോട് വിവാഹാഭ്യർഥന നടത്തി. തുടർന്ന് 2006-ൽ വിവാഹം. മൂന്ന് നഗരങ്ങളിലായി പത്ത് ദിവസം നീണ്ടുനിന്ന ഡെസ്റ്റിനേഷൻ വെഡ്ഡിങ് ആയിരുന്നു അവരുടേത്. മുംബൈ, ഉദയ്പൂർ, ഡൽഹി എന്നിവിടങ്ങളിൽ നടന്ന ആഘോഷങ്ങളിൽ 26 രാജ്യങ്ങളിൽ നിന്നുള്ള 600-ഓളം അതിഥികൾ സ്വകാര്യ ജെറ്റുകളിൽ വിവാഹ ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തി.
യുഎസ് പ്രസിഡൻ്റായിരുന്ന ബിൽ ക്ലിൻ്റൺ, നവോമി കാംബെൽ, ലക്ഷ്മി മിത്തൽ, ഗ്രീസിലെ നിക്കോളാസ് രാജകുമാരൻ, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് തുടങ്ങിയ പ്രമുഖർ ഡൽഹിയിൽ നടന്ന ചടങ്ങിൽ അതിഥികളായെത്തി.
2011 ആയപ്പോഴേക്കും പ്രിയയും വിക്രമും തമ്മിലുള്ള അസ്വാരസ്യങ്ങളെക്കുറിച്ച് റിപ്പോർട്ടുകൾ വന്നുതുടങ്ങി. മകൾ സഫീറയുടെ ജനനത്തിന് തൊട്ടുപിന്നാലെ, അവർ വേർപിരിയുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. പൊരുത്തക്കേടുകളും പ്രിയക്ക് താൻ വിലമതിക്കപ്പെടുന്നില്ലെന്ന് തോന്നിയതും അഭിരുചികൾ വ്യത്യസ്തമായിരുന്നതെല്ലാം വിവാഹമോചനത്തിന് കാരണമായെന്ന് പറയപ്പെടുന്നു.
അഞ്ച് വർഷം മാത്രം നീണ്ട വിവാഹബന്ധം വേർപെടുത്തിയശേഷം ദമ്പതികൾ തങ്ങളുടെ മകളുടെ സംരക്ഷണാവകാശത്തിനായി നീണ്ട നിയമപോരാട്ടം നടത്തിയിരുന്നു. ഒടുവിൽ സഫീറയുടെ സംരക്ഷണാവകാശം പ്രിയയ്ക്ക് ലഭിച്ചു. 2017-ൽ പ്രിയ സഞ്ജയ് കപുറുമായി പ്രണയത്തിലായി. പിന്നാലെ വിവാഹിതരാവുകയും സഫീറയെ അദ്ദേഹം ഔദ്യോഗികമായി ദത്തെടുക്കുകയും ചെയ്തു. പ്രിയയുടെ മുൻ വിവാഹത്തിലുള്ള മകളും സഞ്ജയ് കപൂറിൻ്റെ 30,000 കോടി രൂപയുടെ സ്വത്തിന് നിയമപരമായ അവകാശിയാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Priya Sachdev, third wife of late businessman Sanjay Kapoor, faces allegations of forging a will to exclude his children and family from inheritance.