സല്മാന് ഖാന്റെ ശല്യം സഹിക്കാനാവാതെ പിരിഞ്ഞ ഐശ്വര്യ;ചതിച്ചുവെന്ന് പറഞ്ഞ് സംഗീതയും സോമിയും

സല്മാന് ഖാന് 58 വയസ്സായി. എങ്കിലും ഇന്നും ബോളിവുഡിലെ മോസ്റ്റ് എലിജിബിള് ബാച്ചിലര്മാരിലൊരാളാണ് ആരാധകരുടെ പ്രിയപ്പെട്ട സല്ലു. പലപ്പോഴും പല വേദികളിലും സല്മാന് ഏറ്റവും കൂടുതല് നേരിട്ട ചോദ്യവും വിവാഹത്തെക്കുറിച്ചാണ്. അതിനെല്ലാം തമാശരൂപത്തിലുള്ള മറുപടികള് കൊടുക്കാറുമുണ്ട്.
ഏറ്റവുമൊടുവിലായി ഇക്കഴിഞ്ഞയാഴ്ച ഒരു അവാര്ഡ് ഷോയില്വെച്ച് ഷാരൂഖ് ഖാനും ഇക്കാര്യം സല്മാനോട് ചോദിച്ചു. സല്മാന്റെ മറുപടി എല്ലാവരെയുമൊന്ന് ഞെട്ടിച്ചു. തന്റെ പങ്കാളിയുമായി വിവാഹം കഴിഞ്ഞുവെന്നും എന്നാലത് എല്ലാവരില്നിന്നും മറച്ചുവെച്ചതാണെന്നുമാണ് സല്മാന് പറഞ്ഞത്. എവിടെവെച്ചായിരുന്നുവെന്ന ചോദ്യത്തിന്, സ്വപ്നത്തിലാണെന്ന സല്മാന്റെ മറുപടി എല്ലാവരെയും ചിരിപ്പിച്ചു. സല്മാന് ഖാന് വിവാഹം വരെയെത്തിയ കുറേ ബന്ധങ്ങളുണ്ടായിരുന്നു. പക്ഷേ, അവയെല്ലാം പാതിവഴിയില് അവസാനിക്കുകയായിരുന്നു.
അതിനിടെ സല്മാന്റെ പിതാവ് സലീം ഖാന്റെ ഒരു പഴയ അഭിമുഖവും ഇതിനിടയ്ക്ക് ചര്ച്ചയായി. സല്മാന്റെ അമ്മയെ പോലെ ഒരു പെണ്കുട്ടിയെ ഇതുവരെ കണ്ടെത്താത്തതുകൊണ്ടാണ് വിവാഹം കഴിക്കാത്തതെന്നാണ് സലീം ഖാന് പറഞ്ഞത്. ''അവന് കുറേ ബന്ധങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ അതൊന്നും വിവാഹത്തിലെത്തിയില്ല. അവന്റെ അമ്മയെ പോലെ കുടുംബത്തെ നന്നായി നോക്കുന്ന ഒരു പെണ്കുട്ടിയെയാണ് അവനാഗ്രഹിച്ചത്. ഭര്ത്താവിന്റെയും കുഞ്ഞുങ്ങളുടെയും കാര്യമെല്ലാം നന്നായി ശ്രദ്ധിക്കുന്ന, കുഞ്ഞുങ്ങള്ക്ക് ഭക്ഷണമുണ്ടാക്കി കൊടുത്ത് അവരുടെ കാര്യങ്ങളെല്ലാം നോക്കുന്ന ഒരു ഭാര്യ. അങ്ങനൊരു പെണ്കുട്ടിയെ ഇതുവരെ കണ്ടെത്തിയിട്ടുണ്ടാവില്ല. ഇന്നത്തെ കാലത്ത് അങ്ങനെയുള്ള കുട്ടികളൊന്നുമുണ്ടാവില്ല''.
മുമ്പൊരു അഭിമുഖത്തില് അച്ഛനാവാനുള്ള ആഗ്രഹത്തെക്കുറിച്ച് സല്മാന് തുറന്നുപറഞ്ഞിരുന്നു. ''വിവാഹം കഴിക്കാന് താത്പര്യമില്ലെങ്കിലും, കുഞ്ഞുങ്ങളുണ്ടാവണമെന്ന് മോഹമുണ്ട്'', എന്നാണ് സല്മാന് പറഞ്ഞത്.
ആപ് കി അദാലത്ത് എന്ന ടി.വി.പരിപാടിയില് താന് ആറില് കൂടുതല് പേരെ ഡേറ്റ് ചെയ്തിട്ടുണ്ടെന്നും എന്നാല് അതൊന്നും വിജയിച്ചില്ലെന്നും സല്മാന് പറഞ്ഞിട്ടുണ്ട്. ഷഹീന് ജഫ്രി, സംഗീത ബിജ്ലാനി, സോമി അലി, ഐശ്വര്യ റായ്, കത്രീന കൈഫ്...അങ്ങനെ ഒരുപാട് മുന്നിരതാരങ്ങളുമായി പ്രണയത്തിലായിരുന്നു സല്മാന്.
ഷഹീന് ജഫ്രിയും സല്മാനുമായുള്ള ബന്ധത്തെക്കുറിച്ച് ഈയടുത്ത് തുറന്നുപറഞ്ഞത് ബോളിവുഡ് അഭിനേത്രി കിയാര അദ്വാനിയാണ്. കിയാരയുടെ ആന്റിയാണ് ഷഹീന്. ഷഹീനാണ് സല്മാന്റെ ആദ്യപ്രണയമെന്നും അക്കാലത്ത് സല്മാന് തങ്ങളുടെ കുടുംബം പോലെയായിരുന്നുവെന്നും കിയാര വെളിപ്പെടുത്തി. എന്നാല്, എവിടെയോ വെച്ച് ഇരുവരും പിരിഞ്ഞു.
പിന്നീട് സല്മാന്റെ ജീവിതത്തിലേക്ക് വന്നത് അഭിനേത്രിയും മുന് മിസ് ഇന്ത്യയുമായ സംഗീത ബിജ്ലാനിയാണ്. 1990-കളിലായിരുന്നു സംഗീത ബിജ്ലാനിയുമായുള്ള പ്രണയം. ബോളിവുഡിലെ ഒരു പാര്ട്ടിക്കിടയിലാണ് ഇരുവരും പരിചയപ്പെടുന്നത്. ഒറ്റനോട്ടത്തില് ഇഷ്ടം തോന്നി. അത് വിവാഹത്തില് വരെ എത്തിയിരുന്നുവെന്നാണ് പറയപ്പെടുന്നത്. വിവാഹത്തിനുള്ള ക്ഷണക്കത്തുകള് പോലും തയ്യാറാക്കിയിരുന്നുവെങ്കിലും, ഒടുവില് സംഗീത വിവാഹത്തില്നിന്ന് പിന്മാറുകയായിരുന്നുവത്രേ. സല്മാന് വഞ്ചിച്ചുവെന്നാണ് അന്ന് സംഗീത പറഞ്ഞത്. സല്മാന് ഒരിക്കലും ഒരു നല്ല ഭര്ത്താവോ കാമുകനോ ആവാന് കഴിയുമെന്ന് തോന്നുന്നില്ലെന്നും അവര് കൂട്ടിച്ചേര്ത്തു. പ്രണയം മാഞ്ഞുപോയെങ്കിലും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ് ഇരുവരും.
പാകിസ്താനില്നിന്നുള്ള സോമി അലി, മോഡലിങ് ലക്ഷ്യവുമായാണ് ഇന്ത്യയിലെത്തിയത്. ഒപ്പം ടീനേജ് കാലം മുതലേയുള്ള ക്രഷായ സല്മാനെ കാണുകയും വേണം. അധികം വൈകാതെ സോമി സല്മാന്റെ നായികയായി, ഇരുവരും പ്രണയത്തിലാവുകയും ചെയ്തു. ആറുവര്ഷമാണ് ആ ബന്ധം നീണ്ടുനിന്നത്. അത് തകരാനുള്ള കാരണം സല്മാന്റെ അമിത മദ്യപാനവും വിടാതെ പിന്തുടരുന്ന സ്വഭാവവുമാണെന്ന് പറയപ്പെടുന്നു. ബന്ധം പരാജയപ്പെട്ടതോടെ ഉന്നതപഠനത്തിനായി സോമി അമേരിക്കയിലേക്ക് പോയി. അതിനുശേഷവും പരസ്പരം കുറ്റപ്പെടുത്താതെ, നല്ല ബഹുമാനത്തോടെയേ ഇരുവരും മറ്റേയാളെക്കുറിച്ച് സംസാരിച്ചിട്ടുള്ളൂ. പക്ഷേ 2021-ലെ ഒരഭിമുഖത്തില് സല്മാന് തന്നെ വഞ്ചിച്ചതുകൊണ്ടാണ് ബന്ധം അവസാനിപ്പിച്ചതെന്ന് സോമി വെളിപ്പെടുത്തി.
സല്മാന്റെ ജീവിതത്തിലെ ഏറ്റവും സംഭവബഹുലമായ പ്രണയം ഐശ്വര്യ റായുമായിട്ടുള്ളതാണ്. ഒരുകാലത്ത് മാധ്യമങ്ങളിലെ ഗോസിപ്പ് കോളങ്ങളില് ഏറ്റവും കൂടുതലിടം പിടിച്ച വാര്ത്ത. 'ഹം ദില് ദേ ചുകേ സനം' എന്ന സിനിമയുടെ സെറ്റില്വെച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. രണ്ടുവര്ഷത്തോളം നീണ്ടുനിന്ന പ്രണയം വളരെ മോശം സാഹചര്യത്തിലാണ് അവസാനിച്ചത്. ഐശ്വര്യയെ അന്വേഷിച്ച് അന്നൊക്കെ എപ്പോഴും അവരുടെ സെറ്റുകളിലെത്തുമായിരുന്നു സല്മാന്. ആരോടും അടുക്കാന് സമ്മതിക്കാതെ എപ്പോഴും പിന്തുടരുമായിരുന്നുവെന്നും പറയപ്പെടുന്നു.
ഒരിക്കല് അമിതമായി മദ്യപിച്ച സല്മാന് അര്ധരാത്രി ഐശ്വര്യയുടെ ഫ്ളാറ്റിലെത്തി. തുടര്ച്ചയായി വാതിലില് മുട്ടാനും കോളിങ് ബെല് അടിക്കാനും തുടങ്ങി. വാതില് തുറന്നില്ലെങ്കില് ആത്മഹത്യ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ഐശ്വര്യ വാതില് തുറക്കുന്നതുവരെ സല്മാന് ഇത് തുടര്ന്നു. ഇത് ബോളിവുഡിലെ പ്രധാനവാര്ത്തയാവുകയും ചെയ്തു. തന്റെ ജോലിയുമായി ബന്ധപ്പെട്ടുള്ളതിനേക്കാള് കൂടുതല് താന് വാര്ത്തകളില് നിറയുന്നത് സല്മാനുള്ള ബന്ധത്തിന്റെ പേരിലാണെന്ന് മനസ്സിലായതോടെ ഐശ്വര്യ ഗുഡ് ബൈ പറഞ്ഞു. പക്ഷേ സല്മാന് അതിനു തയ്യാറായില്ല. അതിനുശേഷവും ഐശ്വര്യ പോവുന്നിടത്തെല്ലാം സല്മാനും എത്തി. ഒടുവില് ഐശ്വര്യയുടെ മാതാപിതാക്കള് സല്മാനെതിരെ പരാതി കൊടുക്കുന്നതുവരെ എത്തി കാര്യങ്ങള്. അതിനുപിന്നാലെ ഐശ്വര്യ ഒരു പ്രസ്താവനയിറക്കുകയും ചെയ്തു, ''സല്മാന് അധ്യായം എന്റെ ജീവിതത്തിലെ കറുത്ത അധ്യായമാണ്. അതുകഴിഞ്ഞു. എന്റെയും കുടുംബത്തിന്റെയും നല്ലതിനും സന്തോഷത്തിനും വേണ്ടി ഞാന് പറയുന്നു, ഇനിയൊരിക്കലും സല്മാന് ഖാനുമൊത്ത് അഭിനയിക്കില്ല''. തന്നെ സല്മാന് മര്ദിച്ചിരുന്നുവെന്നും അവര് വെളിപ്പെടുത്തി. അതോടെ ഓണ്സ്ക്രീനിലെ ബന്ധത്തിനും തിരശ്ശീല വീണു.
പിന്നീട് ഐശ്വര്യ, വിവേക് ഒബ്റോയിയുമായി പ്രണയത്തിലായപ്പോള് വിവേകിനെ സല്മാന് ഭീഷണിപ്പെടുത്തി. 41 തവണയെങ്കിലും വിവേകിനെ വിളിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിവേക് അന്ന് തുറന്നുപറഞ്ഞു. കുറേ വര്ഷങ്ങള്ക്കുശേഷം ഒരഭിമുഖത്തില് സല്മാന് ഇത് തുറന്നുസമ്മതിച്ചു. ഐശ്വര്യയുടെ മാതാപിതാക്കളോടുള്ള തന്റെ മോശം സ്വഭാവത്തെക്കുറിച്ച് പറഞ്ഞ സല്മാന്, അവരോട് ക്ഷമാപണം നടത്തുകയും ചെയ്തു.
സല്മാനുമായി എന്നും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ് കത്രീന കൈഫ്. ബോളിവുഡിലെത്തിയ കത്രീനയ്ക്ക് ആദ്യകാലത്ത് സഹായമായി നിന്നത് സല്മാനാണ്. അതുപതുക്കെ പ്രണയത്തിലേക്ക് മാറിയെങ്കിലും, ഇരുവരും ഒരിക്കലും അത് തുറന്നുസമ്മതിച്ചില്ല. 2010-ല് ഇരുവരും പിരിഞ്ഞു. സല്മാന്റെ സഹോദരി അര്പ്പിതയുടെ വിവാഹത്തില് കത്രീനയും പങ്കെടുത്തിരുന്നു. അന്ന് റണ്ബീര് കപൂറുമായി പ്രണയത്തിലാണ് കത്രീന. മൈക്കിലൂടെ കത്രീന കൈഫ് കപൂര് എന്നു വിശേഷിപ്പിച്ച സല്മാന്, കത്രീന കൈഫ് ഖാന് ആവാനുള്ള ചാന്സ് കളഞ്ഞുവെന്നും പറഞ്ഞു. വര്ഷങ്ങള്ക്കുശേഷം ഒരഭിമുഖത്തില്, സല്മാനുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് കത്രീന വെളിപ്പെടുത്തി.
ഇപ്പോള് റൊമാനിയന് മോഡല് ലുലിയ വാന്ടറുമായി പ്രണയത്തിലാണ് സല്മാന് എന്ന് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു. 2010-ല് ബോഡിഗാര്ഡ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ഡബ്ലിനിലെത്തിയപ്പോഴാണ് ഇരുവരും ആദ്യമായി കാണുന്നത്. അതിനുശേഷം പലപ്പോഴും ലുലിയ ഇന്ത്യയിലെത്തി. ചില ബോളിവുഡ് സിനിമകളില് അഭിനയിച്ചിട്ടുമുണ്ട് ലുലിയ. 'ഒ തെരി' എന്ന സിനിമയിലെ ഒരു പാട്ടുസീനിലും ലുലിയയെ കാണാം. കഴിഞ്ഞമാസം നടന്ന സല്മാന്റെ സഹോദരിയുടെ പിറന്നാളാഘോഷത്തിലും സല്മാന്റെ സഹോദരന് അര്ബാസ് ഖാന്റെ വിവാഹച്ചടങ്ങിലും ലുലിയയുമുണ്ടായിരുന്നു. സല്മാന്റെ മുംബൈയിലെ ഫാം ഹൗസില്വെച്ച് നടന്ന ലുലിയയുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും വൈറലായി. ഇത് വിവാഹത്തിലെത്തുമോ എന്നാണ് സല്ലുവിന്റെ ആരാധകര് ഉറ്റുനോക്കുന്നത്.
Content Highlights: salman khan's love life