സുശീല എന്നായിരുന്നു സൽമാന്റെ അമ്മയുടെ പേര്, സലീം ഖാനുമായുള്ള വിവാഹത്തെ കുടുംബം എതിർത്തുവെന്ന് താരം

സലീം ഖാൻ, സൽമാൻ ഖാൻ / AFP
സലീം ഖാൻ, സൽമാൻ ഖാൻ / AFP

തന്റെ വ്യക്തിജീവിതത്തെപ്പറ്റിയും ജീവിതാനുഭവങ്ങളെപ്പറ്റിയുമെല്ലാം ബിഗ് ബോസിൽ പങ്കുവക്കുന്ന ശീലമുണ്ട് ബോളിവുഡ് താരം സൽമാൻ ഖാന്. പുതിയ എപ്പിസോഡിൽ മത്സരാർഥികളോട് സംസാരിക്കവേ, തന്റെ മാതാപിതാക്കളുടെ വിവാഹത്തെക്കുറിച്ച് സൽമാൻ ചില പരാമർശങ്ങൾ നടത്തി.

തന്റെ അമ്മയെ പിതാവ് സലീം ഖാൻ വിവാഹം കഴിച്ചതിൽ അമ്മയുടെ അച്ഛൻ ഏറെ അസ്വസ്ഥനായിരുന്നുവെന്നാണ് സൽമാൻ പറഞ്ഞത്. എന്നാലതിൽ മതപരമായ കാരണങ്ങളൊന്നുമില്ലെന്നും, തന്റെ മകൾ സിനിമാമേഖലയിലെ ഒരാളെ വിവാഹം കഴിക്കുന്നതിലെ ആശങ്കകളായിരുന്നു മുത്തശ്ശന്റെ എതിർപ്പിന് കാരണമെന്നും നടൻ വ്യക്തമാക്കി.

“എന്റെ മാതാപിതാക്കൾ വിവാഹിതരായപ്പോൾ, അതിൽ മതപരമായ യാതൊരു പ്രശ്നവുമില്ലായിരുന്നു എന്ന് ഞാൻ പറയട്ടെ. എന്റെ അമ്മ ഒരു നടനാകാൻ ആഗ്രഹിക്കുന്ന, സുന്ദരനായ ഒരാളെ വിവാഹം കഴിക്കുന്നതിൽ മുത്തശ്ശൻ മാത്രമായിരുന്നു അസ്വസ്ഥൻ. സിനിമാമേഖലയിലുള്ള ഒരാളെ വിവാഹം കഴിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ എതിർപ്പ്. അമ്മയുടെ സഹോദരങ്ങൾക്ക് എതിർപ്പുണ്ടായിരുന്നില്ല. അവരെന്റെ പിതാവിനെ ഇഷ്ടപ്പെട്ടിരുന്നു, എന്നാൽ തന്റെ മകൾ ആ അന്തരീക്ഷത്തിൽ എങ്ങനെ ജീവിക്കുമെന്ന് മുത്തശ്ശൻ ചിന്തിച്ചു.”-അദ്ദേഹം പറഞ്ഞു.

മുത്തശ്ശൻ 5 വർഷത്തോളം സലീം ഖാനോട് സംസാരിച്ചില്ല

“അദ്ദേഹം അഞ്ചുകൊല്ലത്തോളം എന്റെ പിതാവിനോട് സംസാരിച്ചില്ല. സൊഹൈൽ ജനിച്ചപ്പോൾ, നാന (മുത്തശ്ശൻ) മഹിമയിൽ നിന്ന് ബാന്ദ്രയിലേക്ക് മിഠായികളുമായി വന്നു. തന്റെ മനസ്സിൽ ചില ചിന്തകൾ ഉണ്ടായിരുന്നതുകൊണ്ട്, മക്കളുടെ വളർച്ച കാണാൻ കഴിയാതെ പോയതിലും എക്കാലത്തെയും മികച്ച വ്യക്തിയോട് സംസാരിക്കാൻ കഴിയാതെ പോയതിലും അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. അവസാന ശ്വാസം വരെ അദ്ദേഹത്തിന് ഈ ഖേദമുണ്ടായിരുന്നു. ഒന്നോ രണ്ടോ തവണ, അമ്മയും അച്ഛനും വഴക്കുണ്ടാക്കുകയും അമ്മ സ്വന്തം വീട്ടിലേക്ക് പോവുകയും ചെയ്തപ്പോൾ, എന്റെ നാന അവരെ അകത്തേക്ക് കയറ്റിയില്ല. അദ്ദേഹം പറഞ്ഞത്, ‘നിന്റെ വീട്ടിലേക്ക് തിരിച്ചുപോകൂ, നിനക്ക് എപ്പോൾ വേണമെങ്കിലും വരാം, പക്ഷേ വഴക്കിട്ടതിന് ശേഷം നീ ഇവിടെ വരരുത്.’ എന്നാണ്”-സൽമാൻ പറഞ്ഞു.

 സലീം ഖാന്റെയും സൽമയുടെയും പ്രണയകഥ

സുശീല ചരക് എന്നായിരുന്നു സൽമയുടെ ആദ്യപേര്. ഇരുവരും എതിർവശത്തുള്ള അപ്പാർട്ട്മെന്റുകളിലാണ് താമസിച്ചിരുന്നത്. അവിടെ നിന്നാണ് പ്രണയം തുടങ്ങുന്നത്. 1964-ൽ വിവാഹിതരാവുകയും ചെയ്തു. വിവാഹശേഷം സുശീല 'സൽമ' എന്ന പേര് സ്വീകരിച്ചു.

സൽമയുമായി വിവാഹിതയായിരിക്കെ തന്നെ, നടിയും നർത്തകിയുമായ ഹെലനുമായി സലീം ഖാൻ പ്രണയത്തിലായി. ഇരുവരും 1981-ൽ വിവാഹിതരുമായി. ഈ തീരുമാനം തുടക്കത്തിൽ തന്റെ കുടുംബത്തിന് ബുദ്ധിമുട്ടായിരുന്നുവെന്ന് സലീം തുറന്നുസമ്മതിച്ചിട്ടുണ്ട്. ഹെലനെ കുടുംബത്തിന്റെ ഭാഗമായി അംഗീകരിക്കാൻ തങ്ങൾക്കും സഹോദരങ്ങൾക്കും സമയമെടുത്തിരുന്നു എന്ന് സൽമാനും പറഞ്ഞിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാ പ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Salman Khan revealed on Bigg Boss that his maternal grandfather opposed Salim Khan's marriage to Salma Khan.