‘20-കൾ തൊട്ട് പിടിഎ മീറ്റിങ്ങിൽ പങ്കെടുക്കുന്നു, അധ്യാപകർ മാറിയെങ്കിലും ഞാൻ മാറിയിട്ടില്ല’-സെയ്ഫ് അലി ഖാൻ

ബോളിവുഡ് താരദമ്പതികളായ സെയ്ഫ് അലി ഖാനും കരീന കപൂറുമാണ് 'ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ'യുടെ പുതിയ എപ്പിസോഡിലെ അതിഥികൾ. ഷോയിൽ സെയ്ഫ് നടത്തിയ രസകരമായ തുറന്നുപറച്ചിൽ വലിയ ചർച്ചയാവുകയാണ്. ദശാബ്ദങ്ങളായി താൻ പിടിഎ യോഗങ്ങളിൽ പങ്കെടുത്തു വരുന്ന അനുഭവമാണ് സെയ്ഫ് പങ്കുവെച്ചത്. ഒരു യുവ പിതാവായി തുടങ്ങി 55-ാം വയസ്സിലും സ്‌കൂൾ യോഗങ്ങളിൽ പങ്കെടുക്കുന്ന തന്റെ ജീവിത യാത്രയെപറ്റി അദ്ദേഹം പറഞ്ഞത് കാണികളിൽ കൗതുകമുണർത്തി.
തന്റെ നാല് മക്കളും വിവിധ ഘട്ടങ്ങളിൽ ഒരേ സ്കൂളിലാണ് പഠിച്ചതെന്നും പിടിഎ യോഗങ്ങളുമായുള്ള തന്റെ ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. പിടിഎ മീറ്റിങ്ങിന് പോകുന്നത് സെയ്ഫോ അതോ കരീനയോ എന്ന് ചോദിച്ചപ്പോൾ, വ്യത്യസ്ത സമയങ്ങളിലായി ആ സ്കൂളിൽ തന്റെ നാല് മക്കൾ പഠിച്ച കാര്യം സെയ്ഫ് എടുത്തുപറഞ്ഞു. ഞാൻ 20-കളിലുള്ളപ്പോഴാണ് എന്റെ ആദ്യത്തെ പിടിഎ മീറ്റിങ് നടന്നത്. പിന്നെ എനിക്ക് 30 വയസ്സായി. എന്റെ 55-ാം വയസ്സിലും ഞാൻ അതേ സ്കൂളിൽ നിൽക്കുന്നു. ഇപ്പോൾ, അവിടുത്തെ അധ്യാപകർ മാറി. ഞാൻ അതുപോലെ തന്നെ നിൽക്കുന്നു-സെയ്ഫ് പറഞ്ഞു.
1991-ൽ അമൃത സിങ്ങിനെ വിവാഹം കഴിക്കുമ്പോൾ സൈഫിന് 21 വയസ്സായിരുന്നു പ്രായം. സാറാ അലി ഖാനും ഇബ്രാഹിം അലി ഖാനുമാണ് ആദ്യവിവാഹത്തിലെ മക്കൾ. 13 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2004-ൽ ഇരുവരും വേർപിരിഞ്ഞു. പിന്നീട് 2012-ൽ കരീന കപൂറിനെ സെയ്ഫ് വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ തൈമൂർ അലി ഖാൻ, ജഹാംഗീർ അലി ഖാൻ എന്നീ രണ്ട് ആൺമക്കളുമുണ്ട്. 2016-ലാണ് മൂത്ത മകൻ തൈമൂർ ജനിക്കുന്നത്. 2021-ൽ രണ്ടാമത്തെ മകനും പിറന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Saif Ali Khan joked about attending school PTA meetings since he was 20 years old on The Great Indian Kapil Show