ദീപികയോട് ഒരവസരംകൂടി തരണമെന്ന് രണ്‍ബീര്‍ യാചിച്ചു, ചതി പിന്നെയും ആവര്‍ത്തിച്ചു

സിനിമയില്‍ ദീപിക പദുകോണും റണ്‍ബീര്‍ കപൂറും
സിനിമയില്‍ ദീപിക പദുകോണും റണ്‍ബീര്‍ കപൂറും

ദീപിക പദുകോണ്‍-രണ്‍ബീര്‍ കപൂര്‍ പ്രണയമവസാനിച്ചത് ബോളിവുഡിലെ ഏറ്റവും കടുപ്പമേറിയ പ്രണയത്തകര്‍ച്ചകളിലൊന്നായിരുന്നു. പവര്‍ കപ്പിളായി വര്‍ഷങ്ങളോളം ആരാധകര്‍ക്കിടയില്‍ നിറഞ്ഞുനിന്ന താരങ്ങള്‍ പെട്ടെന്ന് വേര്‍പിരിഞ്ഞത് എല്ലാവരെയും ഞെട്ടിച്ചു. ചതിക്കപ്പെട്ടുവെന്ന് ദീപിക തിരിച്ചറിഞ്ഞതായിരുന്നു ബന്ധമവസാനിക്കാന്‍ കാരണമെന്ന് പിന്നീട് തുറന്നുപറച്ചിലുകളുണ്ടായി. ഒരേസമയത്ത് ഒന്നിലേറെ പ്രണയങ്ങള്‍ കൊണ്ടുനടന്നുവെന്ന ആരോപണം എക്കാലത്തും രണ്‍ബീറിനൊപ്പമുണ്ട്. ഒപ്പം കാസനോവയെന്ന വിളിപ്പേരും. ദീപികയുമായി പ്രണയത്തിലായിരുന്നപ്പോള്‍ തന്നെ കത്രീന കൈഫുമായി രണ്‍ബീറിന് അടുപ്പമുണ്ടായിരുന്നു. ഇത് കൈയോടെ ദീപികയ്ക്ക് പിടികൂടേണ്ടിവന്നു. മാത്രവുമല്ല, ദീപികയും കത്രീനയും തമ്മില്‍ നല്ല ബന്ധമായിരുന്നില്ല ആ സമയത്തേതെന്നതും ദീപികയ്ക്ക് സാഹചര്യങ്ങള്‍ കഠിനമാക്കി.

'കോസ്മോപൊളിറ്റന്' നല്‍കിയ ഒരു പഴയ അഭിമുഖത്തില്‍, രണ്‍ബീര്‍ തന്നെ ഒന്നിലധികം തവണ വഞ്ചിച്ചുവെന്ന് ദീപിക വെളിപ്പെടുത്തിയിരുന്നു. 'നിരന്തരം വിഡ്ഢിയാകാന്‍ പോവുകയാണെങ്കില്‍ പിന്നെ ഞാനെന്തിന് ഒരു ബന്ധത്തില്‍ ഏര്‍പ്പെടണം, സിംഗിളായിരിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നതാണ് നല്ലത്. പക്ഷേ എല്ലാവരും അങ്ങനെ ചിന്തിക്കണമെന്നില്ല. ഒരുപക്ഷേ അതുകൊണ്ടാണ് ഞാന്‍ മുമ്പ് വേദനിച്ചിട്ടുള്ളത്.'-ദീപിക പറഞ്ഞു.

തന്റെ ചുറ്റുമുള്ള എല്ലാവരും അവന്റെ പോക്കിനെപ്പറ്റി മുന്നറിയിപ്പു തന്നിരുന്നുവെന്നും ദീപിക പറഞ്ഞു. 'രണ്‍ബീര്‍ യാചിക്കുകയും അപേക്ഷിക്കുകയും ചെയ്തതിനാല്‍ രണ്ടാമതൊരു അവസരം നല്‍കി, അത് മണ്ടത്തരമായിരുന്നു. എല്ലാവരും മുന്നറിയിപ്പ് നല്‍കിയിട്ടും, അങ്ങനെ ചെയ്തത് മണ്ടത്തരമാണ്. എന്നോട് യാചിച്ചതിനുശേഷവും രണ്‍ബീര്‍ എന്നെ വഞ്ചിച്ചു, വഞ്ചന കൈയോടെ പിടികൂടി. ഇതില്‍നിന്നെല്ലാം പുറത്തുകടക്കാന്‍ എനിക്ക് കുറച്ച് സമയമെടുത്തു.'

ആദ്യമായി വഞ്ചന നേരിട്ടപ്പോള്‍ ആ ബന്ധത്തിലോ അല്ലെങ്കില്‍ തനിക്കോ എന്തോ കുഴപ്പമുണ്ടെന്നാണ് തോന്നിയതെന്നും ദീപിക പറഞ്ഞു. 'എന്നാല്‍ പിന്നീട് ഒരാള്‍ അത് ശീലമാക്കുമ്പോള്‍, പ്രശ്‌നം എന്നിലല്ലെന്ന് മനസ്സിലാക്കി. ബന്ധങ്ങളില്‍ തിരിച്ചുപ്രതീക്ഷിക്കാതെ അധികമായി നല്‍കുന്നയാളാണ് ഞാന്‍. പക്ഷേ വിശ്വാസം തെറ്റിക്കുന്നത് ഡീല്‍ ബ്രേക്കിങ് ആണ്. അത് വന്നുകഴിഞ്ഞാല്‍, ബഹുമാനമില്ലാതാകും. വിശ്വാസം ഇല്ലാതാകും, ഇവയാണല്ലോ ഒരു ബന്ധത്തിന്റെ തൂണുകള്‍, നിങ്ങള്‍ക്ക് പിന്നെ മുന്നോട്ട് പോകാന്‍ കഴിയില്ല. വേര്‍പിരിയലിനുശേഷം ഒരുപാട് കരഞ്ഞിരുന്നു. പക്ഷേ ഒടുവില്‍ ഒരു മികച്ച വ്യക്തിയായി. അങ്ങനെയൊരു ആഘാതം നല്‍കിയതിന് രണ്‍ബീറിനോട് നന്ദി പറയുന്നു'വെന്നും ദീപിക പറഞ്ഞു.
 

Content Highlights: ranbir kapoor once begged deepika padukone for another chance