ശ്രീദേവിയോടുള്ള പ്രണയം രജനികാന്ത് പറയുമായിരുന്നു, പക്ഷേ 'ദുശ്ശകുനം' കണ്ടു

ഡസനിലേറെ ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചവരാണ് സൂപ്പർസ്റ്റാർ രജനികാന്തും അന്തരിച്ച നടി ശ്രീദേവിയും. ഇന്ത്യൻ സിനിമകളിൽ ഏറ്റവുമധികം ആരാധകരുണ്ടായിരുന്ന ജോഡികൾകൂടിയായിരുന്നു അവർ. ഓൺസ്ക്രീനിലെ മിന്നും പ്രകടനങ്ങൾക്കും സൗഹൃദത്തിനുമപ്പുറം അധികമാരും അറിയാത്ത മറ്റൊരു കഥകൂടിയുണ്ട് ഇരുവർക്കും. തുറന്നുപറയാതെ പോയ ഒരു പ്രണയകഥ.
ഒന്നിച്ച് അഭിനയിക്കാൻ തുടങ്ങിയ കാലത്ത് രജനികാന്തിന് ശ്രീദേവിയോട് കടുത്ത പ്രണയമായിരുന്നെന്ന് പറയപ്പെടുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ അവർ പ്രണയജോഡികളായി വെള്ളിത്തിരയിൽ തിളങ്ങിനിൽക്കുന്ന സമയമാണത്. എന്നാൽ രജനികാന്ത് ശ്രീദേവിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു എന്ന കാര്യം വളരെ കുറച്ചുപേർക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ. ഇരുവരുടെയും കരിയർ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച സംവിധായകൻ കെ. ബാലചന്ദർ ഒരിക്കൽ ഇക്കാര്യം പങ്കുവെച്ചു. പ്രണയം തുറന്നുപറയാൻ മനസ്സിലുറപ്പിച്ചാണത്രേ രജനികാന്ത് ശ്രീദേവിയുടെ വീടിന്റെ പാലുകാച്ചൽ ചടങ്ങിന് പോയത്. അവിടെ എത്തിയതും പെട്ടെന്നു കറന്റുപോയി, വീട് പൂർണ്ണമായും ഇരുട്ടിലായി. കടുത്ത അന്ധവിശ്വാസിയായ രജനികാന്ത് അതൊരു ദുശ്ശകുനമായി കണക്കാക്കി നിശ്ശബ്ദമായി അവിടെ നിന്ന് ഇറങ്ങിപ്പോയി. അതിനുശേഷം അദ്ദേഹം ഒരിക്കലും തന്റെ പ്രണയത്തെക്കുറിച്ച് സംസാരിച്ചില്ല. 1996-ൽ ശ്രീദേവി നിർമ്മാതാവായ ബോണി കപൂറിനെ വിവാഹം കഴിക്കുകയും ചെയ്തു.
1976-ൽ കെ. ബാലചന്ദർ തന്നെ സംവിധാനം ചെയ്ത 'മൂൻട്രു മുടിച്ച്' എന്ന തമിഴ് സിനിമയിലൂടെയാണ് രജനികാന്തും ശ്രീദേവിയും ആദ്യമായി ഒന്നിക്കുന്നത്. അന്ന് ശ്രീദേവിക്ക് 13 വയസ്സേയുള്ളൂ. ഇരുവരുടെയും കരിയറിൽ ചിത്രം നാഴികക്കല്ലായി. ശ്രീദേവിയുടെ ആദ്യ നായികാവേഷവും തമിഴിൽ രജനികാന്തിന് വഴിത്തിരിവ് നൽകിയ പ്രകടനവുമായിരുന്നു അത്. ശ്രീദേവിയുടെ കുടുംബവുമായി, പ്രത്യേകിച്ച് അമ്മയുമായി രജനികാന്ത് അടുപ്പം സൂക്ഷിച്ചിരുന്നു. കുടുംബങ്ങൾ തമ്മിൽ പതിറ്റാണ്ടുകളോളം ബന്ധം പുലർത്തി. 'റാണ' സിനിമയുടെ ചിത്രീകരണത്തിനിടെ രജനികാന്തിന് രോഗം ബാധിച്ച് ഗുരുതരമായപ്പോൾ ശ്രീദേവി അദ്ദേഹത്തിന്റെ രോഗശാന്തിക്കായി ഏഴുദിവസം വ്രതമെടുത്തിരുന്നുവെന്ന് പറയപ്പെടുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi