'ഭർത്താവ് എല്ലാ സ്വത്തുക്കളും ഭാര്യക്ക് നൽകുന്നത് ആരോഗ്യകരമായ പാരമ്പര്യം'- പ്രിയ സച്ച്ദേവ്

സഞ്ജയ് കപുർ, പ്രിയ സച്ച്ദേവ്
സഞ്ജയ് കപുർ, പ്രിയ സച്ച്ദേവ്

അന്തരിച്ച വ്യവസായി സഞ്ജയ് കപുറിൻ്റെ സ്വത്തുക്കളെച്ചൊല്ലി നടക്കുന്ന നിയമയുദ്ധത്തിനിടെ, ഭാര്യ പ്രിയ സച്ച്ദേവ് കോടതിയിൽ നടത്തിയ പ്രസ്താവന ചർച്ചയാവുന്നു. ഭർത്താവ് തൻ്റെ എല്ലാ സ്വത്തുക്കളും ഭാര്യക്ക് നൽകുന്നത് ആരോഗ്യകരമായ പാരമ്പര്യമാണെന്ന് വ്യാഴാഴ്ച പ്രിയയുടെ പ്രതിനിധി ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.

ഭർതൃപിതാവ് (സഞ്ജയ് കപുറിൻ്റെ അച്ഛൻ) തൻ്റെ വിൽപത്രത്തിൽ എല്ലാം ഭാര്യ റാണി കപുറിന് നൽകിയപ്പോഴും ഇതേ പാരമ്പര്യമാണ് നിലനിന്നിരുന്നതെന്ന് പ്രിയയെ പ്രതിനിധീകരിക്കുന്ന സീനിയർ അഭിഭാഷകൻ രാജീവ് നയ്യാർ പ്രസ്താവിച്ചു. "ഭർത്താവ് തൻ്റെ സ്വത്തുക്കളെല്ലാം ഭാര്യക്ക് നൽകുന്നതിൽ സംശയാസ്പദമായി ഒന്നുമില്ല. എൻ്റെ ഭർതൃപിതാവിൻ്റെ വിൽപത്രത്തിലും എല്ലാം ഭാര്യക്കാണ് നൽകിയത്. അത് ഒരുപക്ഷേ നിലനിർത്തിപ്പോന്ന ആരോഗ്യകരമായ ഒരു പാരമ്പര്യമാണ്"- അഭിഭാഷകൻ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.

സ്വത്തുക്കളെച്ചൊല്ലി വലിയൊരു നിയമയുദ്ധത്തിലാണ് പ്രിയ ഇപ്പോൾ. അച്ഛന്റെ സ്വത്തുക്കൾ പൂർണമായും രണ്ടാനമ്മ കൈക്കലാക്കാൻ ശ്രമിക്കുന്നുവെന്ന് കാട്ടി സഞ്ജയ്ക്ക് മുൻഭാര്യ കരിഷ്മ കപൂറിൽ പിറന്ന മക്കളായ സമൈറയും കിയാനുമാണ് കോടതിയെ സമീപിച്ചത്. സഞ്ജയിൻ്റെ അമ്മയ്ക്കും സഹോദരിക്കുമൊപ്പം ഇവരും വിൽപത്രത്തിൻ്റെ ആധികാരികതയിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

അതേസമയം, 2025 ഫെബ്രുവരി10-ന് വിൽപത്രത്തിൻ്റെ പ്രിന്റൗട്ട് സഞ്ജയ് കപൂറിനെ കാണിച്ചിരുന്നുവെന്നും അഭിഭാഷകൻ നയ്യാർ പറയുന്നു. അതിൻ്റെ കരടിൽ വരുത്തേണ്ട ചില മാറ്റങ്ങൾ നിർദ്ദേശിച്ചത് സഞ്ജയ് ആയിരുന്നു. അതിനുശേഷം, 2025 മാർച്ച് 17-ന് അതേ കരടിൽ അവസാനത്തെ മാറ്റങ്ങൾ വരുത്തി. സഞ്ജയ് ഗോവയിലായിരിക്കുമ്പോഴാണ് ഈ മാറ്റം വരുത്തിയത്. പ്രിയയുടെ വിൽപത്രവും സഞ്ജയിൻ്റെ വിൽപത്രവും ഒരേ ദിവസം ഒന്നിച്ചാണ് തയ്യാറാക്കിയതെന്നും, ഇത് ഭാര്യാഭർത്താക്കന്മാർക്കിടയിൽ പതിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാഹന ഭാഗങ്ങൾ നിർമ്മിക്കുന്ന പ്രമുഖകമ്പനിയായ സോന കോംസ്റ്റാറിൻ്റെ ചെയർമാനായിരുന്നു സഞ്ജയ് കപൂർ. ലണ്ടനിൽ പോളോ മത്സരം കളിക്കുന്നതിനിടെ ജൂണിലാണ് അദ്ദേഹം അന്തരിച്ചത്. 2003 മുതൽ 2016 വരെ സഞ്ജയുടെ ഭാര്യയായിരുന്നു കരിഷ്മ. 2017-ലാണ് അദ്ദേഹം പ്രിയയെ വിവാഹം ചെയ്തത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Priya Kapur`s lawyer tells Delhi High Court that a husband transferring all assets to his wife is a `healthy tradition,` citing past family precedent. Learn more.