'ഇന്‍സ്റ്റഗ്രാം മെസേജ് എന്റെ ടീമിനും കാണാം, ഫോണില്‍ മെസേജ് ചെയ്യൂ', പ്രിയങ്ക നിക്കിനോട് പറഞ്ഞു

നിക് ജൊനാസും പ്രിയങ്ക ചോപ്രയും / ഫോട്ടോ: AP
നിക് ജൊനാസും പ്രിയങ്ക ചോപ്രയും / ഫോട്ടോ: AP

''ആറുവര്‍ഷങ്ങള്‍ക്കുമുമ്പ് ഈയൊരു ദിവസമാണ് ലോകത്തിലെ ഏറ്റവും നല്ല സ്ത്രീയോട് എന്നെ കല്യാണം കഴിക്കാമോ എന്ന് ഞാന്‍ ചോദിച്ചത്. സമ്മതം മൂളിയതിന് നന്ദി'', പ്രിയങ്ക ചോപ്രയെ ടാഗ് ചെയ്തുകൊണ്ട് ഭര്‍ത്താവ് നിക് ജൊനാസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

2018 ജൂലായിലാണ് നിക് പ്രിയങ്കയെ പ്രൊപ്പോസ് ചെയ്തത്. ജൂലായ് ആദ്യവാരം തന്നെ നിക് ടിഫാനിയുടെ ന്യൂയോര്‍ക്ക് സ്റ്റോറിലെത്തി. ഭംഗിയുള്ളൊരു മോതിരം തിരഞ്ഞെടുക്കുകയും ചെയ്തു. നിക്കിന്റെ ആവശ്യപ്രകാരം എല്ലാം രഹസ്യമാക്കിവെക്കാനായി അന്ന് ടിഫാനിയുടെ സ്റ്റോര്‍ പൂര്‍ണമായും അടച്ചിട്ടു. അതുകൊണ്ട് ആരും അറിഞ്ഞതുമില്ല. അത്തവണത്തെ പ്രിയങ്കയുടെ പിറന്നാള്‍ കഴിഞ്ഞ് രണ്ടാമത്തെ ദിവസം. നിക് പ്രിയങ്കയോട് ചോദിച്ചു, ''വില്‍ യൂ മാരി മീ?''

പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ഓഗസ്റ്റില്‍ ഇന്‍സ്റ്റഗ്രാമിലൂടെ തങ്ങള്‍ വിവാഹിതരാകാന്‍ പോകുന്നുവെന്ന കാര്യം അവര്‍ അറിയിച്ചു. 2018 ഡിസംബര്‍ ഒന്നിന് ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍വെച്ചാണ് അവര്‍ വിവാഹിതരായത്. ഇന്ത്യന്‍-ക്രിസ്ത്യന്‍ രീതിയിലുള്ള വിവാഹാഘോഷങ്ങള്‍. രണ്ടുവയസ്സുള്ള മകള്‍ മാള്‍ട്ടി മേരിക്കൊപ്പം ന്യൂയോര്‍ക്കിലാണ് ഇവരിപ്പോള്‍. 

നിക് ജൊനാസും പ്രിയങ്ക ചോപ്രയും മകള്‍ മാള്‍ട്ടി മേരിയോടൊപ്പം

ആദ്യമായി കണ്ടത്...
കുറേ പൊതുസുഹൃത്തുകള്‍ വഴിയാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും പരിചയപ്പെടുന്നത്. പ്രിയങ്കയെക്കുറിച്ച് അറിഞ്ഞ നിക് ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയച്ചു. അന്നുതന്നെ പ്രിയങ്ക മറുപടി നല്‍കി, ''എന്റെ ടീമിനും നിങ്ങള്‍ അയക്കുന്ന മെസേജുകള്‍ കാണാന്‍പറ്റും. അതുകൊണ്ട് എനിക്ക് ഫോണില്‍ മെസേജ് ചെയ്യൂ'' എന്ന് മറുപടിയും നല്‍കി. ആ മെസേജുകള്‍ നീണ്ടുപോയി. അധികം വൈകാതെ ഇരുവരും പരസ്പരം കണ്ടു. നിക്കിനെ സംബന്ധിച്ചിടത്തോളം അത് ലവ് അറ്റ് ഫസ്റ്റ് സൈറ്റായിരുന്നു. 

പിന്നീട് 2017-ലെ മെറ്റ് ഗാലയില്‍ നിക്കും പ്രിയങ്കയും ഒരുമിച്ച് പങ്കെടുത്തു. റാല്‍ഫ് ലോറന്റെ ഒരു ട്രഞ്ച് കോട്ട് ഡ്രസ്സാണ് അന്ന് പ്രിയങ്ക ധരിച്ചത്. അന്ന് പ്രണയത്തെക്കുറിച്ച് മീഡിയ ചോദിച്ചപ്പോള്‍ പ്രിയങ്ക ഇങ്ങനെ ഉത്തരം പറഞ്ഞു, ''ഇതുവരെ അതിനുള്ള സമയം കിട്ടിയിട്ടില്ല''. പിന്നെ പ്രിയങ്ക ചിരിച്ചു. ആ ചിരിയിലുണ്ടായിരുന്നു അതിനുള്ള ഉത്തരം. 


 

Content Highlights: nick jonas proposed priyanka chopra on this day