ശോഭിത ധൂലിപാലയിൽ ആകൃഷ്ടയാവാനുള്ള കാരണങ്ങൾ നിരത്തി നാഗചൈതന്യ

അഭിനേതാക്കളായ നാഗ ചൈതന്യയും ശോഭിത ധൂലിപാലയും തമ്മിലുള്ള പ്രണയവും വിവാഹവും വലിയ ചർച്ചയായിരുന്നു ഒരുസമയത്ത്. നടി സാമന്ത റൂത്ത് പ്രഭുവും നാഗചൈതന്യയും വിവാഹബന്ധം വേർപെടുത്താനുള്ള കാരണം ശോഭിതയാണെന്ന തരത്തിലാണ് ചർച്ചകൾ നീണ്ടത്. തന്റെ വരാനിരിക്കുന്ന ചിത്രമായ 'വൃഷകർമ്മ'യുടെ പ്രൊമോഷന്റെ ഭാഗമായി സംസാരിക്കവെ, ശോഭിതയിൽ തനിക്കിഷ്ടപ്പെട്ട കാര്യങ്ങൾ തുറന്നുപറയുകയാണ് നാഗചൈതന്യ ഇപ്പോൾ. അക്കിനേനി കുടുംബ പാരമ്പര്യം മുതൽ താൻ ചെയ്യാൻ ആഗ്രഹിക്കുന്ന വേഷങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ വരെ അദ്ദേഹം പങ്കുവെച്ചു. തന്റെ കുടുംബത്തെക്കുറിച്ചും സംസാരിച്ച അദ്ദേഹം, ശോഭിതയെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ വരുന്ന ഒരേയൊരു വാക്ക് 'സ്നേഹം' ആണെന്നും വ്യക്തമാക്കി.
'ഹോണസ്റ്റ് ടൗൺഹാൾ' പരിപാടിക്കിടെ ശോഭിതയിൽ ഏറ്റവും കൂടുതൽ അഭിനന്ദിക്കുന്ന ഒരു ഗുണം എന്താണെന്ന് ഒരു ആരാധകൻ ചോദിച്ചു. "ശോഭിതയിൽ ധാരാളം ഗുണങ്ങളുണ്ട്. എങ്കിലും എടുത്തുപറയേണ്ട ഒന്ന് അവരുടെ ചലനാത്മകമായ സ്വഭാവമാണ്. സംസ്കാരവും ആധുനിക കാഴ്ചപ്പാടുകളും തമ്മിലുള്ള മനോഹരമായ സംയോജനമാണ് അവരുടേത്. ഈ രണ്ട് ലോകങ്ങളുടെയും മനോഹരമായ ഒരു മിശ്രിതമാണ് അവൾ. പുതിയ കാര്യങ്ങൾ കണ്ടെത്താൻ അവളെപ്പോഴും തയ്യാറാണ്. ഉദാഹരണത്തിന്, ഞങ്ങളൊരു അവധിക്കാല യാത്ര പോകുമ്പോൾ എന്റെ പക്കൽ കൃത്യമായ പ്ലാനുണ്ടാകും. അത് നടക്കാതെ വന്നാൽ ഞാൻ സ്തംഭിച്ചുപോകും. എന്നാലവൾ പെട്ടെന്ന് മുൻകൈയെടുത്ത് മുന്നോട്ട് പോകാനുള്ള വഴി കണ്ടെത്തും. അവളുടെ ഈ സ്വഭാവത്തിലൂടെ ഞാൻ പുതിയ കാര്യങ്ങൾ കണ്ടെത്തി. കാര്യങ്ങൾ പെട്ടെന്ന് തീരുമാനിക്കാൻ പഠിച്ചു, അതെനിക്ക് ഒരുപാട് പുതിയ അറിവുകൾ തന്നു. അവളുടെ ഡൈനാമിക്കായ, ചുറുചുറുക്കും കൗതുകവുമുള്ള സ്വഭാവം എനിക്കൊരുപാട് ഇഷ്ടമാണ്."
റാപ്പിഡ് ഫയർ റൗണ്ടിൽ, ഭാര്യയെ ഒരു വാക്കിൽ വിശേഷിപ്പിക്കാനാവശ്യപ്പെട്ടപ്പോൾ 'സ്നേഹം' എന്നായിരുന്നു നാഗചൈതന്യയുടെ മറുപടി.
നാഗ ചൈതന്യ-ശോഭിത പ്രണയം
ഒരിക്കൽ നാഗചൈതന്യയുടെ അച്ഛനും നടനുമായ നാഗാർജുനയെ കാണാൻ ശോഭിത എത്തിയപ്പോഴാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. തുടർന്നവർ രഹസ്യമായി ഡേറ്റിങ് തുടങ്ങി. കുടുംബം തകർത്തവളെന്ന ആരോപണം വൈകാതെ ശോഭിതയ്ക്കു നേരെയുണ്ടായി. ഇത്തരം അഭ്യൂഹങ്ങളെ പ്രതിരോധിച്ചുകൊണ്ട് ഒരിക്കൽ നാഗചൈതന്യ പറഞ്ഞതിങ്ങനെയാണ്- "എന്നെക്കാൾ കൂടുതൽ എനിക്ക് വിഷമം തോന്നുന്നത് അവളെയോർത്താണ്. അവളിത് കേൾക്കേണ്ടവളല്ല. ഇതിലവളുടെ ഭാഗത്ത് യാതൊരു തെറ്റുമില്ല. വളരെ സ്വാഭാവികവും മനോഹരവുമായിട്ടാണ് അവളെന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. ഞങ്ങൾ സോഷ്യൽ മീഡിയയിൽ ചാറ്റ് ചെയ്തു, യാദൃശ്ചികമായി കണ്ടുമുട്ടി സുഹൃത്തുക്കളായി, അവിടെ നിന്നാണ് ആ ബന്ധം വളർന്നത്. എന്റെ ഭൂതകാലവുമായി അതിന് യാതൊരു ബന്ധവുമില്ല. ആളുകൾ അവളെപ്പറ്റി മോശമായി സംസാരിക്കുമ്പോൾ എനിക്ക് വിഷമം തോന്നും. അവളെ ഇതിലേക്ക് വലിച്ചിഴക്കുന്നത് തെറ്റാണ്."
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Naga Chaitanya admires Sobhita Dhulipala's dynamic nature and cultural blend., He shared that she taught him how to be more impromptu during travels., Chaitanya described Sobhita in one word as 'love' during a rapid-fire round.