ഇന്ത്യയുടെ മര്‍ലിന്‍ മണ്‍റോ;സുള്‍ഫിക്കര്‍ അലി ഭൂട്ടോയും മധുബാലയും തമ്മിലുള്ള ബന്ധം ഇന്നും നിഗൂഢം

ഇന്ത്യന്‍ സിനിമയുടെ സ്വന്തം മധുബാല. ഏറ്റവും ആഘോഷിക്കപ്പെട്ട, 1950-കളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്ന നടി. മുഗള്‍-ഇ-അസം, ഹൗറ ബ്രിഡ്ജ്, ബര്‍സാത് കി പാനി, മഹല്‍, മിസ്റ്റര്‍ ആന്റ് മിസിസ് '55... രണ്ടു പതിറ്റാണ്ട് നീളുന്ന അഭിനയജീവിതത്തിനിടയില്‍ 70-ഓളം സിനിമകളിലാണ് അവര്‍ അഭിനയിച്ചത്.
മധുബാല മരിച്ച് കുറേ വര്‍ഷങ്ങള്‍ക്കുശേഷം 'ന്യൂയോര്‍ക്ക് ടൈംസ്' അവരെക്കുറിച്ച് ഒരു ലേഖനം തയ്യാറാക്കി. അതില്‍ മധുബാലയെ വിശേഷിപ്പിക്കുന്നത് 'ഇന്ത്യയുടെ മര്‍ലിന്‍ മണ്‍റോ' എന്നാണ്. മര്‍ലിന്‍ മണ്‍റോയുടെ ജീവിതം പോലെ തന്നെയായിരുന്നു മധുബാലയുടേതും. കഷ്ടപ്പാടുകള്‍ നിറഞ്ഞ കുട്ടിക്കാലത്തുനിന്ന് സിനിമയില്‍ ഉയരങ്ങളിലേക്ക് പടവുകള്‍ കയറിയവര്‍. വെള്ളിവെളിച്ചത്തില്‍ തിളങ്ങിനില്‍ക്കുമ്പോഴും പ്രണയവും സ്‌നേഹവും കൊതിച്ച രണ്ട് മനസ്സുകള്‍. പ്രണയതിരസ്‌കാരങ്ങളും ബന്ധങ്ങളിലെ അകല്‍ച്ചയും തകര്‍ത്തവര്‍. ജീവിതത്തില്‍ പകുതിഭാഗം പോലും കഴിയുന്നതിനുമുമ്പേ മരണത്തിനു കീഴടങ്ങി ഇരുവരും. അതും ഒരേ പ്രായത്തില്‍, 36-ാം വയസ്സിലാണ് രണ്ടുപേരും മരിക്കുന്നത്. അസുഖം ബാധിച്ചുള്ള മരണമാണ് മധുബാലയുടേതെങ്കില്‍, മര്‍ലിന്റേത് ആത്മഹത്യ.
ഹൃദയത്തിന് ഗുരുതരപ്രശ്‌നങ്ങളുമായി ജീവിച്ചയാളാണ് മധുബാല. അതിനൊപ്പം ഒറ്റപ്പെടലും പ്രണയപരാജയങ്ങളും അവരെ മാനസികമായി തളര്‍ത്തി. അവസാനത്തെ 9 വര്‍ഷം അവര്‍ പൂര്‍ണമായും കിടപ്പിലായിരുന്നു.
ഭാഗ്യം തേടി മഹാനഗരത്തില്‍
കഷ്ടപ്പാടുകള്‍ നിറഞ്ഞ കുട്ടിക്കാലമായിരുന്നു അവരുടേത്. മുംതാസ് ജഹാന്‍ എന്നായിരുന്നു ആദ്യത്തെ പേര്. അച്ഛന് ജോലി നഷ്ടപ്പെട്ടപ്പോള്‍ കുടുംബം പട്ടിണിയിലായി. കലകളില്‍ താത്പര്യമുള്ള അച്ഛന്‍ മകളെയും കൊണ്ട് സിനിമാ സ്റ്റുഡിയോകള്‍ പലതും കയറിയിറങ്ങി. സിനിമയില്‍ എന്തെങ്കിലും അവസരം കിട്ടിയാലോ? ഒമ്പതാമത്തെ വയസ്സില്‍ ആദ്യമായി സിനിമയില്‍ അവസരം കിട്ടി. പതിനാലാമത്തെ വയസ്സില്‍ നായികയായി. മധുബാല എന്ന് പേരിടുന്നത് അന്നത്തെ മറ്റൊരു പ്രശസ്തനടി ദേവികാ റാണിയും.
അവരുടെ മനോഹരമായ പുഞ്ചിരിക്കും ആ അഭൗമസൗന്ദര്യത്തിനും സൗഹൃദത്തിനും ആരാധകരേറെയായിരുന്നു. ബാല്യകാലസുഹൃത്തായ ലത്തീഫ് മുതല്‍ ഇന്ത്യന്‍സിനിമയുടെ അഭിനയസാമ്രാട്ട് ദിലീപ് കുമാര്‍ വരെ നീളുന്ന നിര. ആറുതവണ മധുബാല പ്രണയത്തില്‍ മുങ്ങി. പക്ഷേ, മരണത്തിലേക്ക് അടുക്കുമ്പോള്‍ അവര്‍ ഒറ്റയ്ക്കായിരുന്നു. 'The Mystery and Mystique of Madhubala' എന്ന മധുബാലയുടെ ജീവചരിത്രത്തില്‍ എഴുത്തുകാരന്‍ മോഹന്‍ ദീപ് എഴുതുന്നു, ''അവര്‍ പലരെയും പ്രണയിച്ചു, അവരെയെല്ലാം നഷ്ടപ്പെടുകയും ചെയ്തു. ലത്തീഫ്, കമല്‍ അംരോഹി, പ്രേംനാഥ്, സുല്‍ഫിക്കര്‍ അലി ഭൂട്ടോ, ദിലീപ് കുമാര്‍, കിഷോര്‍ കുമാര്‍...''
ബാല്യകാലസുഹൃത്തായിരുന്നു ലത്തീഫ്. ഡല്‍ഹിയില്‍ അവര്‍ ഒരുമിച്ച് വളര്‍ന്നു. പിന്നീട് ഭാഗ്യം തേടി മധുബാലയുടെ കുടുംബം മുംബൈയിലേക്ക് പോവാന്‍ തീരുമാനിച്ചു. യാത്രയ്ക്ക് മുമ്പ് മധുബാല ഒരു ചുവന്ന റോസാപ്പൂവ് ലത്തീഫിന് നീട്ടി, തങ്ങളുടെ സൗഹൃദത്തിന്റെ ഓര്‍മയ്ക്കായി. അതായിരുന്നു അവസാനകൂടിക്കാഴ്ച. കാലക്രമേണ കരിഞ്ഞുണങ്ങിയ റോസാപ്പൂവ് പോലെ തന്റെ സുഹൃത്തിന്റെ ഓര്‍മകള്‍ ലത്തീഫിനെ വിട്ടുപോയില്ല. അതുകൊണ്ടാവാം ആ റോസാപ്പൂവും അദ്ദേഹം നിധിപോലെ സൂക്ഷിച്ചു, മധുബാലയുടെ മരണം വരെ. ഒടുവില്‍ അവരുടെ ശവകുടീരത്തില്‍ ആ റോസാപ്പൂവും ചേര്‍ത്തുവെച്ചു.
മുംബൈയിലെത്തി ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ മധുബാല നായികയായി. അവരുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായിരുന്നു 'മഹല്‍'. അത് സംവിധാനം ചെയ്തത് കമല്‍ അംരോഹിയും. ആദ്യനോട്ടത്തില്‍ തന്നെ ഇരുവരും പ്രണയത്തിലായി. അന്ന് വിവാഹിതനായിരുന്നു കമല്‍. ഇന്ത്യന്‍സിനിമയിലെ 'ദുരന്തനായിക' എന്നറിയപ്പെടുന്ന മീനാകുമാരിയുടെ ഭര്‍ത്താവ്. എങ്കിലും മധുബാലയും കമലും വിവാഹം കഴിക്കുന്നതില്‍ മധുബാലയുടെ പിതാവ് അത്താവുള്ള ഖാന് എതിര്‍പ്പില്ലായിരുന്നു. അതുതന്നെയാണ് മധുബാലയും ആഗ്രഹിച്ചത്. എന്നാല്‍, രണ്ടാം ഭാര്യയായി മധുബാലയെ ജീവിതത്തിലേക്ക് കൊണ്ടുവരാനായിരുന്നു കമലിന് താത്പര്യം. അത് മധുബാലയ്ക്ക് ഇഷ്ടപ്പെട്ടില്ല. അങ്ങനെ ആ ബന്ധം അവസാനിച്ചു.
1951-ല്‍ 'ബാദല്‍' എന്ന സിനിമയിലൂടെയാണ് അടുത്ത പ്രണയം അവരുടെ ജീവിതത്തിലേക്ക് എത്തുന്നത്. വില്ലന്‍ റോളുകളിലൂടെ ശ്രദ്ധേയനായ പ്രേംനാഥ് ആയിരുന്നു സിനിമയിലെ നായകന്‍. ഒരുദിവസം മധുബാല നേരെ പ്രേംനാഥിന്റെ മേക്കപ്പ് റൂമിലേക്ക് കയറിച്ചെന്നു. കൈയില്‍ ഒരു റോസാപ്പൂവും കത്തും. അതുരണ്ടും പ്രേംനാഥിന് നല്‍കി, മധുബാല ഒന്നും പറയാതെ തിരിച്ചിറങ്ങി. 'എന്നെ ഇഷ്ടമാണെങ്കില്‍, ഈ പൂവ് സ്വീകരിക്കണം. ഇല്ലെങ്കില്‍ തിരിച്ചുതരണം', ഇതാണ് കുറിപ്പിലുണ്ടായിരുന്നത്. പ്രേംനാഥിന് ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ഓക്കെ പറഞ്ഞു. എന്നാല്‍, ആ ബന്ധം ആറുമാസമേ നീണ്ടുനിന്നുള്ളൂ. മതത്തിന്റെ പേരിലാണ് ആ ബന്ധം തകര്‍ന്നതെന്ന് മധുബാലയുടെ സഹോദരി മധുര്‍ ഭൂഷണ്‍ പിന്നീട് പറഞ്ഞു. മധുബാല മതം മാറണമെന്നായിരുന്നു പ്രേംനാഥിന്റെ ആഗ്രഹം. എന്നാല്‍, മധുബാല അത് നിരസിച്ചു.
ദുരന്തമായി ആ പ്രണയം
അതുകഴിഞ്ഞയുടനെയാണ് മധുബാലയുടെ ജീവിതത്തിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട പ്രണയം സംഭവിക്കുന്നത്. ദിലീപ് കുമാറുമായുള്ള പ്രണയം. നേരത്തെ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും, 'തരനാ' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ഇവര്‍ പ്രണയത്തിലാവുന്നത്. ആ ബന്ധത്തില്‍ ഇരുവരും ഒരുപാട് സന്തോഷം കണ്ടെത്തി, സിനിമാത്തിരക്കുകള്‍ക്കിടയിലും പരസ്പരം ഒരുപാട് സമയം മാറ്റിവെച്ചു. മധുബാലയുടെ പിതാവിന്റെ ഇടപെടലുകളാണ് ആ ബന്ധത്തിന്റെ ഭാവി മാറ്റിയതെന്ന് പറയപ്പെടുന്നു.
ദിലീപുമായുള്ള ബന്ധത്തില്‍ പിതാവിന് തീരെ താത്പര്യമില്ലായിരുന്നു. ഒരുവശത്ത് പിതാവിന്റെ അനിഷ്ടം, മറുവശത്ത് ദിലീപിനോടുള്ള പ്രണയം. ആകെ ആടിയുടലഞ്ഞ നാളുകളായിരുന്നു അത്. പ്രതിബന്ധങ്ങള്‍ ഒന്നിനുപിറകെ ഒന്നായി വന്നുകൊണ്ടേയിരുന്നു. എങ്കിലും അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല നാളുകളും അതുതന്നെയായിരുന്നുവെന്ന് മധുബാല സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്. പിതാവിനെക്കൊണ്ട് എങ്ങനെയെങ്കിലും വിവാഹത്തിന് സമ്മതിപ്പിക്കുക എന്നതായിരുന്നു അന്നത്തെ അവരുടെ ഏറ്റവും വലിയ ദൗത്യം.
അതിനിടയിലാണ് 'നയാ ദൗര്‍' എന്ന സിനിമയിലേക്ക് മധുബാലയെ ക്ഷണിക്കുന്നത്. നായകന്‍ ദിലീപ് കുമാറും. അതിനുള്ള അഡ്വാന്‍സും വാങ്ങിക്കഴിഞ്ഞപ്പോഴാണ് ഔട്ട്‌ഡോര്‍ ഷൂട്ടിങ്ങിനായി ഭോപ്പാലില്‍ പോവണമെന്നറിയുന്നത്. അത്രയും ദൂരേയ്ക്ക് ഷൂട്ടിങ്ങിന് അയക്കാന്‍ മധുബാലയുടെ പിതാവ് തയ്യാറായില്ല. ദിലീപ് ഉളളതുതന്നെയായിരുന്നു കാരണം. മധുബാല ചിത്രീകരണത്തിന് എത്താതിരുന്നതോടെ സിനിമ കുറേ ദിവസം വൈകി. ഒടുവില്‍ വൈജയന്തിമാലയെ നായികയാക്കുകയും ചെയ്തു. തൊട്ടുപിറകെ നിര്‍മാതാക്കള്‍ മധുബാലയ്‌ക്കെതിരെ കേസ് കൊടുത്തു. അവര്‍ക്ക് കോടതി കയറിയിറങ്ങേണ്ടിവന്നു. കേസ് കോടതിയിലെത്തിയപ്പോള്‍ ദിലീപ് കുമാര്‍ മധുബാലയ്ക്കും പിതാവിനുമെതിരെ മൊഴി നല്‍കി. കേസ് അവര്‍ തോല്‍ക്കുകയും ചെയ്തു.
ഇത് പിതാവിനെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു. വിവാഹം നടക്കണമെങ്കില്‍ തന്റെ പിതാവിനോട് ദിലീപ് കുമാര്‍ മാപ്പ് പറയണമെന്ന് മധുബാല പറഞ്ഞു. അതിന് അദ്ദേഹം തയ്യാറായില്ല. അന്ന് പലപ്പോഴും കരഞ്ഞുകൊണ്ട് ദിലീപ് കുമാറിനോട് സംസാരിച്ചിരുന്ന മധുബാലയെ സുഹൃത്തുക്കള്‍ പലരും പിന്നീട് ഓര്‍ത്തെടുത്തു. മധുബാലയുടെ പിതാവിന്റെ ഇടപെടലുകളാണ് ആ പ്രണയത്തകര്‍ച്ചയിലേക്ക് നയിച്ചതെന്ന് ദിലീപ് കുമാര്‍ തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. മധുബാലയുടെ വരുമാനം കൊണ്ടാണ് കുടുംബം ജീവിച്ചിരുന്നത്. ദിലീപുമായുള്ള വിവാഹത്തോടെ അത് നിലയ്ക്കുമോ എന്നവര്‍ക്ക് പേടിയുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.
അതേ സമയത്തുതന്നെയാണ് ഇരുവരുടെയും കരിയറിലെ ഏറ്റവും വലിയ സിനിമയായ 'മുഗള്‍-ഇ-അസം' ഷൂട്ട് ചെയ്യുന്നത്. ഏഴുവര്‍ഷം കൊണ്ടാണ് ആ സിനിമ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. ആദ്യനാളുകളിലെ ഷൂട്ടിങ് സമയത്ത് കടുത്ത പ്രണയത്തിലായിരുന്നു മധുബാലയും ദിലീപ് കുമാറും. എന്നാല്‍ അടുത്ത ഷെഡ്യൂള്‍ ആയപ്പോഴേക്കും സ്ഥിതി മാറി. ഒരിക്കലും അടുക്കാന്‍ കഴിയാത്തത്ര അകന്നിരുന്നു ഇരുവരും. കണ്ടാല്‍ മുഖംതിരിക്കുന്ന സമയത്താണ്, സിനിമയിലെ റൊമാന്റിക് സീനുകള്‍ ചിത്രീകരിക്കുന്നത്. ബന്ധം താറുമാറായിട്ടും ക്യാമറയ്ക്കുമുന്നില്‍ മധുബാലയും ദിലീപ് കുമാറും അഭിനയിച്ചു, കണ്ണുകളിലും ഭാവങ്ങളിലും പ്രണയം നിറച്ചു.
മരണത്തിനുമുമ്പേ വിവാഹം
'മുഗള്‍-ഇ-അസം' ഷൂട്ടിങ്ങിന്റെ സമയത്ത് കുറേ അതിഥികള്‍ സെറ്റിലെത്തുമായിരുന്നു. അതില്‍ മുടങ്ങാതെ എത്തിയിരുന്നത് ഒരേയൊരാള്‍, പില്‍ക്കാലത്ത് പാകിസ്താന്‍ പ്രസിഡന്റും രാഷ്ട്രപതിയുമായ സുല്‍ഫിക്കര്‍ അലി ഭൂട്ടോ. ബോംബെയില്‍ അദ്ദേഹത്തിന് ഒരുപാട് സ്വത്തുണ്ടായിരുന്നു അക്കാലത്ത്. അതുകൊണ്ട് ഇടയ്ക്കിടെ വന്നുപോവും. സിനിമയുടെ ഷൂട്ടിങ് കാണാന്‍ മിക്കവാറും എല്ലാ ദിവസവും അദ്ദേഹം ബോംബെയിലെ സ്റ്റുഡിയോയിലെത്തി. പ്രത്യേകിച്ച് ഗാനചിത്രീകരണം. ആ വരവിന് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, മധുബാലയെ കാണുക. പലപ്പോഴും മധുബാലയ്‌ക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ഉച്ചഭക്ഷണം. ദിവസങ്ങളോളം ഈ പതിവ് തുടര്‍ന്നു ഭൂട്ടോ. എന്നാല്‍, ഇരുവരും തമ്മിലുള്ള ബന്ധം എന്തായിരുന്നുവെന്നത് ഇന്നും നിഗൂഢതയായി തുടരുന്നു.
'മുഗള്‍-ഇ-അസം' കഴിഞ്ഞപ്പോഴേക്കും തന്നെ മധുബാലയുടെ ആരോഗ്യം ഏറെക്കുറെ മോശമായിരുന്നു. അന്നവര്‍ക്ക് 28 വയസ്സേയുള്ളൂ. താന്‍ മരണത്തിന്റെ വക്കിലാണെന്നും അവര്‍ മനസ്സിലുറപ്പിച്ചു. മരണം തേടിയെത്തുന്നതിനുമുമ്പ് ഒരു ഭാര്യയാവണമെന്ന് അവര്‍ക്ക് തോന്നി. അങ്ങനെയാണ് ഒരിക്കല്‍ തന്നോട് പ്രണയം പറഞ്ഞ പ്രശസ്തഗായകനും നടനുമായ കിഷോര്‍ കുമാറിനോട് വിവാഹാഭ്യര്‍ഥന നടത്തുന്നത്. കിഷോര്‍ കുമാര്‍ അപ്പോഴേക്കും വിവാഹമോചിതനായിരുന്നു. നല്ലൊരു കുടുംബജീവിതം ഉണ്ടാവില്ലെന്നറിഞ്ഞിട്ടും, കിഷോര്‍ കുമാര്‍ സമ്മതിച്ചു. ദിലീപ് കുമാറിനോടുള്ള ദേഷ്യമാണ് വിവാഹമെന്ന തീരുമാനത്തിലെത്തിച്ചതെന്നും പറയപ്പെടുന്നു.
വിവാഹം കഴിഞ്ഞ് കിഷോര്‍ കുമാര്‍ മധുബാലയെ നേരെ ലണ്ടനില്‍ ചികിത്സയ്ക്ക് കൊണ്ടുപോയി. പക്ഷേ ഏറിവന്നാല്‍ രണ്ടുവര്‍ഷമേ ജീവിക്കുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തിരിച്ച് വീണ്ടും നാട്ടിലേക്ക്. എന്നാല്‍, കിഷോര്‍ കുമാറിന്റെ കുടുംബത്തിന് മധുബാലയെ അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അവിടെ പ്രശ്‌നങ്ങള്‍ കൂടിക്കൂടി വന്നു. ഒടുവില്‍ അത് മാനസികനിലയെ ബാധിക്കുമെന്ന അവസ്ഥ വന്നപ്പോള്‍, മധുബാല ആ വീടുവിട്ടിറങ്ങി. താന്‍ വാങ്ങിയ വീട്ടിലേക്ക് മാറി. അവിടെ അവര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും കിഷോര്‍ കുമാര്‍ ഏര്‍പ്പാടാക്കി. അവരെ നോക്കാന്‍ ഒരു നഴ്‌സിനെയും. പക്ഷേ, തിരക്കുകള്‍ കാരണം മധുബാലയെ എപ്പോഴും സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ വരുമ്പോഴെല്ലാം അവരെ ചിരിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്, ''ഞാന്‍ അവള്‍ക്കൊപ്പം ചിരിച്ചു, അവള്‍ക്കൊപ്പം കരഞ്ഞു. എപ്പോഴും അവളോട് നര്‍മത്തോടെ സംസാരിക്കണമെന്നാണ് ഡോക്ടര്‍ പറഞ്ഞിരുന്നത്. അതുതന്നെ ചെയ്തു. എന്റെ കണ്‍മുന്നിലൂടെയാണ് അവള്‍ പോയത്'', കിഷോര്‍ കുമാര്‍ പിന്നീട് ഓര്‍ത്തു.
പ്രണയത്തിനായി ദാഹിച്ചുവലഞ്ഞ മധുബാല, ഒടുവില്‍ ആരോരുമില്ലാതെയാണ് മരണത്തെ പുല്‍കിയത്. പെട്ടെന്ന് വന്ന ഹൃദയാഘാതം അവരെ കൊണ്ടുപോകുമ്പോഴും വീട്ടില്‍ ആരുമില്ലായിരുന്നു.
Content Highlights: madhubala was madly in love in with dilip kumar