കരയാൻ തോന്നിയാൽ കരയണമെന്ന് മക്കളോട് പറയാറുണ്ടെന്ന് കരീന കപൂർ

കരീന കപൂർ/ AFP
കരീന കപൂർ/ AFP

പ്രശസ്ത സിനിമാ കുടുംബത്തിലെ അംഗങ്ങളെന്ന നിലയിലും മികച്ച അഭിനേതാക്കളെന്ന നിലയിലും പേരെടുത്തവരാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. രണ്ട് ആൺമക്കളുണ്ട് ദമ്പതിമാർക്ക്, തൈമൂർ അലി ഖാനും ജേ അലി ഖാനും. തന്റെ വരാനിരിക്കുന്ന ചിത്രമായ 'ദായ്ര'യുടെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ സംവിധായിക മേഘ്ന ഗുൽസാറുമായുള്ള അനുഭവങ്ങളെക്കുറിച്ച് കരീന സംസാരിച്ചിരുന്നു.

മക്കൾക്ക് അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ (embrace their feelings) താൻ എങ്ങനെയാണ് പ്രചോദനം നൽകുന്നതെന്നും ഇതിനിടെ കരീന തുറന്നുപറ‍ഞ്ഞു. കരയാൻ തോന്നുമ്പോൾ കരയുന്നത് തികച്ചും സ്വാഭാവികമാണെന്നാണ് താൻ മക്കളോട് പറയാറുള്ളതെന്ന് അവർ വ്യക്തമാക്കി.

"എല്ലാത്തിനുമപ്പുറം ഞാൻ രണ്ട് ആൺമക്കളുടെ അമ്മയാണ്, തീർച്ചയായും എനിക്ക് പേടിയുണ്ട്. കാരണം ഒരു അമ്മയെന്ന നിലയിൽ നിങ്ങൾ നിങ്ങളുടെ ഏറ്റവും മികച്ചത് നൽകാൻ ആഗ്രഹിക്കുന്നു, അവരെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നു, ഉത്തരവാദിത്തമുള്ളവരായി അവരെ മാറ്റാൻ ആഗ്രഹിക്കുന്നു. അതിനാൽ ഞാൻ എപ്പോഴും പ്രാർത്ഥിക്കുന്നത് ദയയ്ക്കുവേണ്ടിയാണ്. പുരുഷന്മാർ കൂടുതൽ ദയയുള്ളവരായിരിക്കണം, ആൺകുട്ടികൾ കൂടുതൽ ദയയുള്ളവരായിരിക്കണം" അവർ പറഞ്ഞു.

"പെൺകുട്ടികളാണ് വളരെ സെൻസിറ്റീവെന്ന ചിന്ത എപ്പോഴുമുണ്ട്, എന്നാൽ അത് ശരിയല്ല. ഇന്നത്തെ പുരുഷന്മാരിലും ആൺകുട്ടികളിലും സെൻസിറ്റീവ് ആയിരിക്കുന്നതിലോ ഒരു പെൺകുട്ടിയുടെയോ അമ്മയുടെയോ മുന്നിലോ കരയുന്നതിലോ പേടിയില്ലെന്നാണ് ഞാൻ കരുതുന്നത്. എന്റെ മകന് കരയാൻ തോന്നിയാൽ അവൻ കരയണമെന്ന് ഞാനെപ്പോഴും പറയാറുണ്ട്. കാരണം അവന് ആ അനുഭവമുണ്ടാകണം. അവനത് അറിയണം"- കരീന കൂട്ടിച്ചേർത്തു.

ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സെലിബ്രിറ്റി കിഡുകളിലൊരാളാണ് 11-കാരനായ തൈമൂർ അലി ഖാൻ. സ്കൂളിലേക്ക് പോകുമ്പോഴും വരുമ്പോഴും പാപ്പരാസികളെ നോക്കി സന്തോഷത്തോടെ കൈവീശുന്ന തൈമൂർ പ്രശസ്തനാണ്.

അതേസമയം, രാജ്യത്തെ നടുക്കിയ ഒരു കുറ്റകൃത്യത്തിന് ശേഷമുള്ള സംഭവവികാസങ്ങളാണ് 'ദായ്ര' പറയുന്നത്. കരീനയും പൃഥ്വിരാജ് സുകുമാരനുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം സെപ്റ്റംബർ 18-ന് തിയേറ്ററുകളിലെത്തും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Kareena Kapoor encourages her sons Taimur and Jeh to embrace emotions and cry if needed., The actress emphasizes kindness and breaking stereotypes about male sensitivity., Kareena stars alongside Prithviraj Sukumaran in the upcoming crime drama Daayra., Daayra, directed by Meghna Gulzar, releases in theatres on September 18.