ലഹരിയുടെ ലോകത്തുമുങ്ങി ജീവിതം കൈവിട്ടുപോയ നാളുകള്‍, സങ്കടകാലത്തെ അതിജീവിച്ച കഥപറഞ്ഞ് ഗോപിയാശാന്‍

#ദീപാ ദാസ്
കലാമണ്ഡലം ഗോപി
കലാമണ്ഡലം ഗോപി

വീടിന്റെ പുറംചുമരില്‍ നിരനിരയായി വിവിധ ചിത്രങ്ങള്‍ : കഥകളി മുദ്രകള്‍, ഭാവങ്ങള്‍, നവരസചിത്രങ്ങള്‍, മോഹന്‍ലാലിനൊപ്പം മുദ്രയിട്ടുനില്‍ക്കുന്ന ചിത്രം...കഥകളിയരങ്ങിലെ നിത്യഹരിതനായകന്‍ കലാമണ്ഡലം ഗോപിയുടെ വീട് സ്വാഗതം ചെയ്യുന്നത് മേല്‍പ്പറഞ്ഞ ചിത്രങ്ങളുടെയും പുരസ്‌കാരങ്ങളുടെ അകമ്പടിയോടെയാണ്. മുറിക്കുള്ളിലെ കാഴ്ചകള്‍ കണ്ട് അദ്ഭുതപ്പെട്ടുനില്‍ക്കെ, പിന്നില്‍നിന്ന് ഗാംഭീര്യം നിറഞ്ഞ ശബ്ദം: ''നമസ്‌കാരം...'' കൈകള്‍ കൂപ്പി സാക്ഷാല്‍ കലാമണ്ഡലം ഗോപി മുന്നില്‍. ''ഇന്നലെ, പാലക്കാട് പല്ലാവൂര്‍ ശിവക്ഷേത്രത്തിലായിരുന്നു കളി. കുചേലനായി. പുലര്‍ച്ചെ, രണ്ടരയായി തിരിച്ചെത്തിയപ്പോള്‍. അതോണ്ട്, രാവിലെ എണീക്കാന്‍ അല്പം വൈകി. അവരും(ഭാര്യ ചന്ദ്രിക) വന്നിരുന്നു, ഇപ്പോള്‍ വരൂട്ടോ...'', സൗഹൃദം നിറഞ്ഞ ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞു. കലാകാരിയല്ല, കഥകളിയെക്കുറിച്ച് അത്രയൊന്നുമറിയില്ല. എന്നാല്‍, ചന്ദ്രികയുടെ ജീവിതത്തിലേക്ക് കയറിവന്നത് ഒരു കഥകളകലാകാരന്‍. പതിനേഴാം വയസ്സില്‍ കലാമണ്ഡലം ഗോപി, ചന്ദ്രികയുടെ ഭര്‍ത്താവായി. പഴയ  ഓര്‍മകളിലേക്ക് ചന്ദ്രിക ഒഴുകിത്തുടങ്ങി...

യാത്രയ്ക്കിടയിലെ കത്തും മടങ്ങിവരവും

എനിക്ക് അന്ന് പ്രായം ഇരുപത്താറോ ഇരുപത്തേഴോ,'' ഗോപിയാശാന്‍ പറഞ്ഞു. പതിഞ്ഞ ശബ്ദത്തില്‍ അടുത്തിരുന്ന് ചന്ദ്രിക തിരുത്തി: ''അല്ല, മുപ്പതായിട്ട്ണ്ട്. എന്നെക്കാള്‍, പത്തുവയസ്സില്‍ കൂടുതല്‍ മൂത്തതാണ്... ചെറിയൊരു ചടങ്ങായിരുന്നു. വീട്ടില്‍വെച്ച്. അന്നൊക്കെ ആര്‍ഭാടം അത്രയേ ഉള്ളൂ...ചെറുതുരുത്തിയിലെ വാടകവീട്ടിലായിരുന്നു അന്ന് താമസം. എന്റെ അച്ഛന്‍ കുറച്ചുകാലം കൂട്ടായി ഒപ്പമുണ്ടായിരുന്നു. അയല്‍പക്കത്തുള്ളവരോടെല്ലാം വലിയ അടുപ്പമുണ്ടായിരുന്നു. യാത്രയ്ക്കിടെ എനിക്കൊരു കത്തയച്ചത് ഓര്‍ക്കുന്നു. അതെന്റെ അരികിലെത്താന്‍തന്നെ മാസമൊന്നെടുത്തു. കത്ത് കിട്ടി വൈകാതെ, അദ്ദേഹം തിരിച്ചെത്തുകയും ചെയ്തു.
 

''മൂത്തമകനെ പ്രസവിക്കുന്നതിന് മാസങ്ങള്‍മുന്‍പേ, എന്റെ വീട്ടിലേക്ക് പോയിരുന്നു. കുന്നംകുളത്തെ ജോസ് ഡോക്ടറെയാണ് കണ്ടിരുന്നത്...'' മകന്‍ ജയരാജന്‍ പിറന്ന കാലത്തെപ്പറ്റിയുള്ള ചന്ദ്രികയുടെ ഓര്‍മകള്‍ക്ക് ഗോപിയാശാന്‍ തുടര്‍ച്ച നല്‍കി. ''എനിക്കെപ്പോഴും യാത്രയായിരുന്നു. ഇടയ്ക്ക് വീട്ടിലെത്തും. പരിശോധനയ്ക്കായി വീട്ടിലെത്തിയ ജോസ് ഡോക്ടര്‍ അദ്ദേഹത്തിന്റെ കാറിലാണ് ചന്ദ്രികയെ ക്ലിനിക്കിലേക്ക് കൊണ്ടുപോയത്. ഡോക്ടര്‍ക്ക് എന്നെ അറിയാമായിരുന്നു. എന്റെ കൂട്ടുകാര്‍ സഹായവുമായി ഒപ്പം നിന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചന്ദ്രികയുടെ തലയിണച്ചോട്ടില്‍ പണംവെച്ചാണ് ഞാന്‍ പോയത്.'' എട്ടുവര്‍ഷത്തിനുശേഷം ഇരുവര്‍ക്കും  രണ്ടാമത്തെ മകന്‍ രഘുരാജന്‍ ജനിച്ചു.
 
അകലെയെങ്കിലും അരികിലെപ്പോഴും

''ഒന്നിച്ചുള്ള ആദ്യയാത്ര കൊല്‍ക്കത്തയിലേക്കായിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം വാങ്ങാനുള്ള യാത്രയില്‍ എന്നെയും മക്കളെയും കൂടെക്കൂട്ടി. അന്ന്അവിടെ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസു ഞങ്ങള്‍ക്ക് വിരുന്ന് നല്‍കി. പ്രസിഡന്റ് വെങ്കിട്ടരാമനാണ് പുരസ്‌കാരം സമ്മാനിച്ചത്.'' പിന്നീട് സിങ്കപ്പൂര്‍, മലേഷ്യ, ദുബായ് തുടങ്ങി വിദേശരാജ്യങ്ങളിലൊക്കെ ഒന്നിച്ചുപോയി. എങ്കിലും ആ കൊല്‍ക്കത്തായാത്ര ചന്ദ്രിക ഇന്നും മറന്നിട്ടില്ല. 
 
''കലാമണ്ഡലം ക്വാര്‍ട്ടേഴ്‌സില്‍ പലപ്പോഴും ഞാനും മക്കളും ഒറ്റയ്ക്കായിരുന്നു. അദ്ദേഹം യാത്രയിലും. പക്ഷേ, ഒരിക്കലും ഒറ്റയ്ക്കാണെന്ന തോന്നലുണ്ടായിട്ടില്ല. തൊട്ടടുത്തായിരുന്നു വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍. അവരെന്തിനും ഓടിയെത്തും. കൂട്ടുകിടക്കും. മക്കളെ എടുത്തുകൊണ്ട് നടക്കും. അത്രയും കരുതലായിരുന്നു എന്നോടും മക്കളോടും. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ശിഷ്യന്മാരായ കലാമണ്ഡലം കൃഷ്ണകുമാറും കലാമണ്ഡലം വിജയകുമാറും  അദ്ദേഹത്തിന്റെ ഭാര്യയും ചുട്ടികലാകാരിയുമായ ബാര്‍ബറയും അതേ സ്‌നേഹബന്ധം ഇന്നും പിന്തുടരുന്നു. നാട്ടിലെത്തിയാല്‍ ഞങ്ങളുടെ അടുത്തെത്തും...''   

ഒരു സങ്കടകാലത്തിന്റെ ഓര്‍മ
 
''എന്റെ ജീവിതത്തില്‍ അശാന്തിയുടെ കാലമുണ്ട്. അതിനെക്കുറിച്ച് പറയാന്‍ ചന്ദ്രിക മടിക്കും. അതുകൂടിയായാലേ, ഞങ്ങളുടെ ജീവിതകഥ മുഴുവനാകൂ... ജീവിതം കൈവിട്ടുപോയെന്ന് കരുതിയ കാലമായിരുന്നു അത്. അസുഖങ്ങള്‍ അലട്ടി. അരക്കെട്ടിന് ശസ്ത്രക്രിയ വേണ്ടിവന്നു. ഒപ്പം ലഹരിയുടെ ലോകത്താണ്ടുമുങ്ങി. ഇവര്‍ അന്ന് ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്,'' ഭാര്യയുടെ മുഖത്തേക്ക് ഗോപിയാശാന്‍ കണ്ണോടിച്ചു. 

കടന്നുപോയ സങ്കടകാലത്തിന്റെ ഓര്‍മയില്‍ ചന്ദ്രിക ചെറുപുഞ്ചിരിയേകി. ആശാന്‍ കഥ തുടര്‍ന്നു.
''ഒടുവില്‍ മഞ്ഞപ്പിത്തം അധികമായി എറണാകുളത്തെ അമൃത ആശുപത്രിയിലെത്തിയപ്പോള്‍, അവിടുത്തെ ഒരു ഡോക്ടര്‍ എന്നോട് പറഞ്ഞു: 'അങ്ങേയ്ക്കല്ല നഷ്ടം. ഈ ലോകത്തിന് നല്ലൊരു കലാകാരനെ നഷ്ടമാകും. ഇനി മദ്യം തൊടരുത്.' ആ വാക്കുകള്‍ എന്റെ ഹൃദയത്തില്‍ തൊട്ടു. തീരുമാനം നടപ്പിലാക്കാന്‍ ഏറെ ബുദ്ധിമുട്ടി. ഇരുപതുവര്‍ഷമായി മദ്യം തൊട്ടിട്ടില്ല. ചന്ദ്രികയുടെ താങ്ങ് ഞാനേറെയറിഞ്ഞ കാലം. എന്റെ ഒപ്പം അവര്‍ നിന്നു.'' ഗോപിയാശാന്‍ പറഞ്ഞുനിര്‍ത്തിയിടത്തുനിന്ന് ചന്ദ്രിക തുടങ്ങി: ''വലിയ ശുണ്ഠിയായിരുന്നു ആ ദിവസങ്ങളില്‍. തൊട്ടതിനെല്ലാം ദേഷ്യപ്പെട്ടു. വയ്യായ്കകളുമുണ്ടായിരുന്നു. ഞാനും ഇളയമകനും ഒപ്പം നിന്നു. പക്ഷേ, തിരിച്ച് വീട്ടിലേക്കെത്തിയത് പുതിയൊരാളായാണ്.''

കഥകളിയെക്കുറിച്ച് അധികമൊന്നുമറിയാത്ത പതിനേഴുകാരിയില്‍നിന്ന് ചന്ദ്രികയേറെ മുന്നോട്ട് പോയി. കലാമണ്ഡലം ഗോപിയുള്ള ഏതു വേദിയിലും മുന്‍നിരയില്‍ അവരുണ്ടാകും. ''അദ്ദേഹം ആദ്യം പോകും. പിന്നാലെ ഞാനും ചെല്ലും. കഴിഞ്ഞദിവസം പല്ലാവൂര്‍ക്ക് പോയിരുന്നു. എന്നെ കഥകളിയാസ്വദിക്കാന്‍ പഠിപ്പിച്ചതും അദ്ദേഹംതന്നെ. നളചരിതം രണ്ടാംദിവസത്തിലെ നളനും രൗദ്രഭീമനുമായി അരങ്ങിലെത്തുമ്പോള്‍, കണ്ണ് നിറയും,'' ചന്ദ്രികയുടെ മുഖത്ത് തെളിഞ്ഞ ചിരി നിറഞ്ഞു.

Content Highlights: kalamandalam gopi and wife chandrika life