ആലിയ ഭട്ടിന്റെ ജര്‍മന്‍കാരിയായ മുത്തശ്ശി; ഹിറ്റ്ലറിനെ പേടിച്ച് രാജ്യം വിടേണ്ടിവന്ന കുടുംബം

തന്റെ സിനിമകള്‍ ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുമ്പോഴെല്ലാം ആലിയ ഭട്ട്, തന്റെ ജര്‍മന്‍ ബന്ധത്തെക്കുറിച്ച് വാചാലയാകാറുണ്ട്. ''എനിക്ക് വൈകാരികമായി ഏറെ ബന്ധമുള്ള സ്ഥലമാണ് ബര്‍ലിന്‍''. ജര്‍മന്‍കാരിയാണ് ആലിയയുടെ മുത്തശ്ശി ജെര്‍ട്രൂഡ് ഹേല്സര്. ''എന്റെ അമ്മയുടെ കുടുംബം ജര്‍മനിയിലായിരുന്നു. കിഴക്കന്‍ ബര്‍ലിനിലാണ് അവര്‍ ജീവിച്ചത്. ഹിറ്റ്ലര്‍ അധികാരത്തില്‍ വരുന്നതുവരെ അവര്‍ അവിടെയാണ് താമസിച്ചതും''.
ജെര്‍ട്രൂഡിന്റെ പിതാവ് കാള്‍ ഹേല്സര് കടുത്ത നാസിവിരുദ്ധനായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുമുമ്പ് ഹിറ്റ്ലറിനെതിരെ രഹസ്യമായി ഒരു പത്രവും അദ്ദേഹവും പുറത്തിറക്കിയിരുന്നുവത്രെ. തുടര്‍ച്ചയായി ഹിറ്റ്ലര്‍ വിരുദ്ധ ആശയങ്ങളാണ് അദ്ദേഹം പത്രത്തിലൂടെ പങ്കുവെച്ചിരുന്നത്. അധികം വൈകാതെ പത്രത്തിനുപിന്നില് കാള്‍ ആണെന്ന് ഹിറ്റ്ലറിന്റെ സംഘം തിരിച്ചറിഞ്ഞു. പിടിച്ചുകൊണ്ടുപോയി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലേക്ക് മാറ്റി.
വര്‍ഷങ്ങളോളം അവിടെത്തന്നെയായിരുന്നു കാള്‍. അതിനുശേഷവും ബര്‍ലിനില്‍ തന്നെയായിരുന്നു ജെര്‍ട്രൂഡും മാതാവും. രണ്ടാം ലോകമഹായുദ്ധത്തിനു തൊട്ടുമുമ്പാണ് ആ അമ്മയും മകളും അഭയാര്‍ഥികളായി ഇംഗ്ലണ്ടിലേക്ക് കടക്കുന്നത്. പിന്നെ ജീവിച്ചത് അവിടെയായിരുന്നു.
വര്‍ഷങ്ങള്‍ക്കുശേഷം ആര്‍ക്കിടെക്ചര്‍ പഠിക്കാനായി ഇംഗ്ലണ്ടിലെത്തിയതാണ് കശ്മീരി പണ്ഡിറ്റ് നരേന്ദ്ര നാഥ് റസ്ദാന്. ജെര്‍ട്രൂഡും നരേന്ദ്രയും കണ്ടുമുട്ടി, പ്രണയത്തിലുമായി. വിവാഹം കഴിച്ച് കുറച്ചുകാലം അവര്‍ ജീവിച്ചതും അവിടെത്തന്നെ. ബെര്‍മിങ്ഹാമിലാണ് ആലിയയുടെ അമ്മ സോണിയുടെ ജനനം. പിന്നീട് അവര്‍ മുംബൈയിലേക്ക് മാറി. അവിടെയാണ് സോണി വളര്‍ന്നതെല്ലാം.
25-ാം വയസ്സിലാണ് സോണി റസ്ദാന് ബോളിവുഡിലെത്തുന്നത്. 1984-ല്‍ 'സാരാംശ്' എന്ന സിനിമയുടെ ലൊക്കേഷനില്‍വെച്ചാണ് മഹേഷും സോണിയും കൂടുതല്‍ അടുക്കുന്നത്. സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു മഹേഷ്. രണ്ടുവര്‍ഷത്തെ പ്രണയത്തിനുശേഷം അവര്‍ വിവാഹിതരാവാന്‍ തീരുമാനിച്ചു. അന്ന് മഹേഷ് ഭട്ട് വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായിരുന്നു. അതിനൊപ്പം സോണിയെ വിവാഹം കഴിക്കുന്നതിനായി രണ്ടുപേരും ഇസ്ലാംമതത്തിലേക്ക് മാറി. 1986-ലായിരുന്നു വിവാഹം.
Content Highlights: alia bhatt's grandmother was from germany and they fled to england